2019, ജൂലൈ 18, വ്യാഴാഴ്‌ച
ആഗോള ജല ദൗർല്ലഭ്യം (World Water Crisis)- ചില ചിന്തകൾ
ആഗോള ജലദൗർല്ലഭ്യം - മാർച്ച് 22 ലോക ജലദിനം - ചില ചിന്തകൾ
....................................................................................
''സമ്പത്ത് കാലത്ത് തൈ പത്തു വെച്ചാൽ ആപത്ത് കാലത്ത് കാ പത്തു തിന്നാം".
ലോകത്താകമാനമുള്ള 750 കോടി ജനങ്ങളിൽ 84.4 കോടി ജനങ്ങൾ ശുദ്ധജല ദൗർലഭ്യം അനുഭവിക്കുന്നുണ്ടെന്നാണ് യുണൈറ്റഡ് നേഷൻസിന്റെ പഠനങ്ങൾ പറയുന്നത്. ഭൂഗോളത്തിന്റെ 71% ഉപരിതലവും ജലത്താൽ ചുറ്റപ്പെട്ടിട്ടും മനുഷ്യർ ഇക്കാലത്ത് ശുദ്ധജലത്തിനായി നെട്ടോട്ടമാണ്. മാർച്ച് 22 ലോക ജലദിനമാണ്. ശുദ്ധജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സുസ്ഥിര മനേജ്മെന്റിനെക്കുറിച്ചും ജനങ്ങളെ ബോധവന്മാരാക്കുന്നതിന് വേണ്ടിയാണ് ലോക ജലദിനം ആചരിക്കുന്നത്. ആഗോള താപനം, കാലാവസ്ഥ വ്യതിയാനം, വരൾച്ച, വെള്ളപ്പൊക്കം, ജനസംഖ്യാ വർദ്ധനവ്, ഉയർന്ന ജലമലിനീകരണം, മനുഷ്യന്റെ അധികജല ഉപഭോഗം തുടങ്ങിയവയാണ് കുടിവെള്ള ക്ഷാമത്തിന്റെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
എണ്ണമറ്റ ജല സ്രോതസ്സുകളും തണ്ണീർതടങ്ങളുമുള്ള നാടായിട്ടും കേരളീയർക്ക് കുടിവെള്ളമെന്നത് കിട്ടാക്കനിയായി മാറുകയാണ്. 44 നദികൾ, അവയുടെ 900 കൈവഴികൾ, പ്രതിവർഷം 3000 മില്ലീമീറ്ററിലേറെ മഴ, കിണറുകൾ, ജലതടാകങ്ങൾ, കായലുകൾ, കോൾനിലങ്ങൾ, നിത്യഹരിത വനസമ്പത്ത്, പശ്ചിമഘട്ട പർവ്വതനിരകൾ, എന്നിട്ടുമെന്തേ കേരളം ഇത്ര ശുദ്ധജല ക്ഷാമം അനുഭവിക്കുന്നു.?
ഇന്നു നാം നേരിടുന്ന ജലദൗർലഭ്യത്തിനു കാരണം നാം നടപ്പാക്കുന്ന തെറ്റായ വികസന രൂപങ്ങളാണ് എന്ന് പറയേണ്ടിയിരിക്കുന്നു. മനുഷ്യന്റെ അവിവേകപൂർണ്ണമായ (വിവേകമില്ലാത്ത) പ്രവൃത്തികൾ ജലദൗർലഭ്യത്തിന് പ്രധാന കാരണമാണ്.
ദേശീയ ശരാശരിയേക്കാൾ കൂടുതൽ മഴയാണ് കേരളത്തിൽ ലഭിച്ചുകൊണ്ടിരുന്നത്. പക്ഷെ, എന്നിട്ടും ജലദൗർലഭ്യം അനുഭവിക്കുന്നു. വന വിസ്തൃതി മനുഷ്യരുടെ പ്രവർത്തികൾകൊണ്ട് ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുന്നു. തണ്ണീർതടങ്ങളും ജലസ്രോതസ്സുകളും നികത്തപ്പെട്ടുകൊണ്ടിരിക്കുന്നു, വറ്റി വരളുന്നു. നിറഞ്ഞൊഴുകിയിരുന്ന പുഴകളെല്ലാം വരണ്ടുണങ്ങുന്നു. പുഴകളിലെ മണൽതിട്ടകൾ അനിയന്ത്രിതമായി മനുഷ്യൻ കൈവശപ്പെടുത്തുന്നു. ഭൂഗർഭ ജലവിനിയോഗം പോലും യാതൊരു നിയന്ത്രണവുമില്ലാതെ തുടരുകയാണ്. ഭൂമാഫിയകൾ ചെങ്കൽ കുന്നിടിച്ചുതാഴ്ത്തുന്നു, പാറകൾ തുരന്നെടുക്കുന്നു, ജലത്തിന്റെ സുസ്ഥിര വിനിയോഗവും നമ്മുടെ ജലസ്രോതസ്സുകളുടെ സംരക്ഷണവും പുഴകളിൽ തടയണ നിർമ്മാണവും അധികാരികൾ പ്രോത്സാഹിപ്പിക്കണം. മഴക്കുഴി നിർമ്മാണവും മഴവെള്ള ശേഖരണവും നാം ശീലമാക്കേണ്ടിയിരിക്കുന്നു.
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് നാം കൂടുതൽ ബോധവന്മാരാകേണ്ടിയിരിക്കുന്നു. ഭാവി തലമുറക്കായി വെള്ളം സംരക്ഷിക്കാനും മിതമായി ഉപയോഗിക്കാനും നമുക്ക് സാധിക്കട്ടെ. മഴക്കാലത്ത് സാധിക്കുന്നത്ര ജലം ശേഖരിച്ചു കൊണ്ട് കുടിവെള്ള ക്ഷാമത്തിൽ നിന്ന് നമ്മേയും അതോടൊപ്പം രാജ്യത്തേയും സംരക്ഷിക്കാം. " സമ്പത്ത് കാലത്ത് തൈ പത്തുവെച്ചാൽ ആപത്ത് കാലത്ത് കാ പത്തുതിന്നാം" , "സൂക്ഷിച്ചാൽ ദുഖിക്കേണ്ട '' തുടങ്ങിയ "പഴഞ്ചൊല്ലുകളിൽ പതിരില്ല'' എന്നു നാം മനസ്സിലാക്കണം.
2019, ജൂലൈ 14, ഞായറാഴ്ച
2019, ജൂലൈ 13, ശനിയാഴ്ച
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)