.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2020, നവംബർ 13, വെള്ളിയാഴ്‌ച

നവംബർ 14. നാടകാചാര്യൻ ശ്രീ എൻ.എൻ. പിള്ളയുടെ ചരമ ദിനം


 

നവംബർ 14. എൻ.എൻ.പിള്ളയുടെ ചരമദിനം

എൻ.എൻ. പിള്ളയെക്കുറിച്ച് ഓർക്കുമ്പോൾ 'ഗോഡ്ഫാദർ' എന്ന സിനിമയിൽ എൻ.എൻ.പിള്ള അവതരിപ്പിച്ച അഞ്ഞൂറാൻ എന്ന കഥാപാത്രത്തിൻ്റെ ഒരു ഡയലോഗാണ് ഓർമ്മ വരുന്നത്.
 "മറക്കണോ..? കഴിഞ്ഞതൊക്കെ ഞാന്‍ മറക്കണോ? എന്തൊക്കെയാടോ ഞാന്‍ മറക്കണ്ടേ? എന്റെ ലക്ഷ്മി... ഈ വീടിന്റെ മഹാലക്ഷ്മി. എന്റെ കണ്‍മുമ്പിലാ വെട്ട് കൊണ്ട് വീണത്. ഈ കൈകളില്‍ കിടന്നാ അവസാനം അവള്‍ പിടഞ്ഞു പിടഞ്ഞു മരിച്ചത്. അത് ഞാന്‍ മറക്കണോ? പിന്നെ ഞാന്‍ പതിനാലു കൊല്ലം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കരിങ്കല്ലുടച്ചത് മറക്കണോ? മറക്കണോ? മറക്കണോന്ന്. ഇതൊന്നും ഈ അഞ്ഞൂറാന്‍ മറക്കുകേലെടോ.. മറക്കുകേല.. ആ തള്ളേം മക്കളേം നശിപ്പിച്ചേ ഈ അഞ്ഞൂറാന്റെ ശവം ചാമ്പലാവൂ".

അഞ്ഞൂറാനും ആനപ്പാറ അച്ചമ്മയും തമ്മിലുള്ള കുടിപ്പകയുടെ കഥയാണ് 'ഗോഡ്ഫാദർ '.

  നാടകാചാര്യൻ ശ്രീ എൻ.എൻ.പിള്ള 1918 ൽ കോട്ടയം ജില്ലയിലെ വൈക്കത്ത് ജനിച്ചു. വില്ലേജ് ഓഫീസർ ആയിരുന്ന ഉള്ളീലക്കുപറമ്പിൽ  നാരായണപിള്ളയും തെക്കേതിൽ പാവക്കുട്ടിയമ്മയുമായിരുന്നു മാതാപിതാക്കൾ. അഛൻ്റെ സ്ഥലം മാറ്റം കാരണം കേരളത്തിലെ പല സ്ഥലങ്ങളിലായിരുന്നു സ്കൂൾ പഠനം. കോട്ടയം സി.എം.എസ്. കോളെജിൽ പഠിച്ചു. ഇൻ്റർമീഡിയറ്റ് പാസാകുന്നതിനും മുൻപ് ജോലിയന്വേഷിച്ച് മലയയിലേക്ക് പോയി. രണ്ടാം ലോകയുദ്ധകാലത്ത് ഐ.എൻ.എ യുടെ പ്രചാരണവിഭാഗത്തിൽ പ്രവർത്തിച്ചു. ആ സമയത്താണ് അദ്ദേഹം തൻ്റെ ആദ്യ നാടകമായ 'താന്തിയ തോപ്പി' എഴുതിയത്. 1945-ൽ നാട്ടിൽ തിരിച്ചെത്തി. രണ്ടു വർഷം കഴിഞ്ഞ് കുടുംബസമേതം മലയയിലേക്കു പോയി. മൂന്നരവർഷം കഴിഞ്ഞ് തിരിച്ചുവന്ന് കോട്ടയത്ത് ഒളശ്ശയിൽ താമസമാക്കി. 1952-ൽ വിശ്വകേരള കലാസമിതി എന്ന നാടകട്രൂപ്പ് സ്ഥാപിച്ചു. വിശ്വകേരളാ സമിതിയിലൂടെ തൻ്റെ നാടകങ്ങൾ അരങ്ങിലെത്തിക്കുകയും ചെയ്തു. ഭാര്യ ചിന്നമ്മയും നടിയായിരുന്നു. മക്കൾ - സുലോചന, രേണുക, വിജയരാഘവൻ. മകൻ വിജയരാഘവൻ നാടക-ചലച്ചിത്രനടനാണ്.  1995 നവംബർ 14-ന് എൻ.എൻ. പിള്ള അന്തരിച്ചു.

ജനപ്രീതി നേടിയ പല നാടകങ്ങളും എഴുതി അരങ്ങേറി. 28 നാടകങ്ങളും 21 ഏകാങ്കനാടകങ്ങളും, രണ്ട് നാടക പഠനങ്ങളും എഴുതിയിട്ടുണ്ട്. കാപാലിക, ഈശ്വരൻ അറസ്റ്റിൽ, ക്രോസ്ബെൽറ്റ് തുടങ്ങിയ പ്രശസ്ത നാടകങ്ങൾ, നാടകദർപ്പണം, കർട്ടൻ എന്നീ പഠനഗ്രന്ഥങ്ങൾ. 'ഞാൻ' എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രേതലോകം എന്ന നാടകത്തിന് 1966-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു. 1991ൽ സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത ഗോഡ്‌ഫാദർ എന്ന സിനിമയിൽ അഞ്ഞൂറാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന് നാടോടി എന്ന ചിത്രത്തിലും അഭിനയിച്ചു. അദ്ദേഹത്തിൻ്റെ സഹോദരി ഓമന നാടകങ്ങളിൽ അഭിനയിച്ചിരുന്നു.

സുപ്രസിദ്ധ നാടകമായ കാപാലിക സിനിമയാക്കിയപ്പോൾ അതിലെ എൻ. എൻ. പിള്ള എഴുതിയ ഗാനവും പ്രസിദ്ധമായി.
 'കപിലവസ്തുവിലെ കര്‍മ്മയോഗിയില്‍ പോലും
കാമദേവനെ കാണും...കാമിനീ കാപാലികേ
ഇടിമിന്നലില്‍ ഇന്ദ്രകാര്‍മുഖമാല്യം ചാര്‍ത്താന്‍
പഴുതേ മോഹിക്കും നിന്‍ മുഗ്ദ്ധഭാവനകളില്‍
അമൃതപയോധിയും ആകാശതടിനിയും...
പ്രമദ വനികയും പൊള്ളുന്ന മരുഭൂമിയും
കുളിര്‍ തെന്നലും കൊടുങ്കാറ്റും
ഒന്നായി കൂടിക്കുഴയും..
സത്യത്തിന്റെ വിശ്വരൂപം ഞാന്‍ കാണ്മൂ ...'.

 കാപാലിക പോലുള്ള നാടകങ്ങള്‍ തീര്‍ത്ത തീപ്പൊരികള്‍ ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. സമൂഹത്തിലെ ജീര്‍ണ്ണതകളോടുള്ള പോരാട്ടം കൂടിയായിരുന്നു എന്‍.എന്‍ പിള്ളയുടെ നാടകങ്ങള്‍. മരണം വരെ നാടകത്തെ സ്നേഹിച്ച അതുല്യ പ്രതിഭയായിരുന്നു എന്‍.എന്‍ പിള്ള. അരങ്ങിലും പുറത്തും അടിയുറച്ച നിലപാടുകളിലൂടെ തന്‍റെ അഭിപ്രായങ്ങള്‍ തുറന്നു പറയാനും പിള്ള മടി കാണിച്ചില്ല. മലയാള നാടകവേദിയിലെ സമാനതകളില്ലാത്ത ഒറ്റയാനായിരുന്നു ശ്രീ എൻ.എൻ. പിള്ള.

' നില്‍ക്കാനൊരു തറ, പിന്നിലൊരു മറ, എന്റെയുള്ളില്‍ ഒരു നാടകം എന്റെ മുന്നില്‍ നിങ്ങളും' - ഉള്ളുനീറുന്ന നാടകക്കാലത്തെക്കുറിച്ച് എന്‍.എന്‍. പിള്ള ഒരിക്കൽ എഴുതി.

അതെ,  നാടകത്തിന് വേണ്ടി തൻ്റെ ജീവിതം സമർപ്പിച്ച നാടകാചാര്യൻ ശ്രീ എൻ.എൻ. പിള്ളയുടെ ഓർമ്മകൾക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.