.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2021, ജൂൺ 12, ശനിയാഴ്‌ച

കലാകാരന് കിടപ്പാടമൊരുക്കി ഡി.വൈ.എഫ്.ഐ.

കലാകാരന് കാരുണ്യത്തിൻ്റെ കരസ്പർശവുമായി ഡി.വൈ.എഫ്.ഐ. പ്രവർത്തകർ "സത്യനായകാ മുക്തി ദായകാ പുല്‍ തൊഴുത്തിന്‍ പുളകമായ സ്നേഹ ഗായകാ ശ്രീ യേശുനായകാ (സത്യ നായകാ..)" 1979ൽ പുറത്തിറങ്ങിയ 'ജീവിതം ഒരു ഗാനം ' എന്ന സിനിമയിൽ ഗാനഗന്ധർവ്വൻ യേശുദാസ് പാടിയ മനോഹരമായ ഈ ഗാനം ഇടവക പള്ളിയിലെ ധ്യാനത്തിനൊടുവിൽ പുറകിലിരുന്ന അത്മായരിലൊരാൾ പാടിയപ്പോൾ അറിയാതെ കൈ കൂപ്പിപോയി. "കാൽവരിയിൽ പൂത്തുലഞ്ഞ രക്തപുഷ്പമേ കാലത്തിന്റെ കവിതയായ കനകതാരമേ (കാൽവരിയിൽ..) നിന്നൊളി കണ്ടുണർന്നിടാത്ത കണ്ണു കണ്ണാണോ? നിന്റെ കീർത്തി കേട്ടിടാത്ത കാതു കാതാണോ? (സത്യ നായകാ ..)". അന്വേഷിച്ചപ്പോൾ മനസിലായി, ആ ഗായകൻ നിരവധി സ്റ്റേജുകളിലും ധ്യാനകേന്ദ്രങ്ങളിലും ഗാനങ്ങൾ ആലപിച്ചിട്ടുള്ള ശ്രീ ജോൺസൺ  ആണെന്ന്.   പിന്നീട് അദ്ദേഹത്തിന്റെ പാട്ട് കേൾക്കുന്നത് തിരുമുടിക്കുന്ന് ഫാസ്ക് സംഘടിപ്പിച്ച ഒരു കലാസന്ധ്യയിലാണ്. അന്ന് നിരവധിയാളുകൾ വന്ന് അദ്ദേഹത്തെ അഭിനന്ദിക്കുന്നത് കാണാനിടയായി. പാട്ടിനോടുള്ള അഭിനിവേശം കെടാതെ സൂക്ഷിക്കുന്ന ജോൺസൻ1971 മുതൽ 3 വർഷം കൊച്ചിൻ കലാഭവന്റെ ഗായകനായിരുന്നു. കലാസദൻ ഉൾപ്പെടെയുള്ള നിരവധി സംഘങ്ങളിൽ വർഷങ്ങളുടെ അനുഭവ സമ്പത്ത്. തമിഴ്, ഹിന്ദി ഹിറ്റ് ഗാനങ്ങൾ മനോഹരമായി പാടും. ജീവിത യാത്രയിൽ മറ്റ് പലരേയും പോലെ അദ്ദേഹത്തിന്റെ ജീവിതവും ട്രാക്ക് മാറി ഓടേണ്ടിവന്നു. പാട്ടിന്റെ ലോകത്ത് നിന്ന് ക്വിന്റൽ ചാക്കിന്റെ ലോകത്തേക്ക്. എഫ്.സി.ഐയിൽ ലോഡിംഗ് വിഭാഗത്തിൽ. ഒടുവിൽ അസുഖ ബാധിതനായി, ഗതകാലസ്മരണകളുമായി, സ്വന്തം കിടപ്പാടം നന്നാക്കുവാൻപോലും സാധിക്കാതെ നിസഹായനായി ജീവിക്കുമ്പോഴാണ് സുമനസുകൾ അദ്ദേഹത്തെ സഹായിക്കാൻ എത്തുന്നത്. ഭാര്യ:ഫിലോമിന. മകൾ:ഡിമ്പിൾ ജോൺസൺ നല്ലൊരു ഗായികയാണ്. തിരുമുടിക്കുന്ന് മുടപ്പുഴയിൽ പുറമ്പോക്കിലെ സ്ഥലത്ത് താമസിക്കുന്ന ശ്രീ ജോൺസന്റെ അവസ്ഥകണ്ട് മുടപ്പുഴയിലെ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കൊരട്ടി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ ലിജൊജോസിന്റെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹായത്തോടെ വീട് പുനർനിർമ്മിച്ച് നൽകിയിരിക്കുകയാണ്. ഇതാണ് രാഷ്ട്രീയ പ്രവർത്തനം. രാഷ്ട്രീയമെന്നത് രാഷ്ട്രത്തെ സംബന്ധിച്ചത് എന്നും രാഷ്ട്ര സേവനമെന്നും നാം മനസിലാക്കുമ്പോൾ കരുണയും കരുതലുംകൂടിയാണ് രാഷ്ട്രീയ പ്രവർത്തനമെന്ന് കാണിച്ചുതരുകയാണ് മുടപ്പുഴയിലെ ഡി.വൈ.എഫ്‌.ഐ. പ്രവർത്തകർ. കാലത്തിന്റെ കുത്തൊഴുക്കിൽ പ്രളയങ്ങളേയും കോവിഡിനേയും അതിജീവിക്കാനാകാതെ ജോൺസന്റെ കുടുംബം ജീവിതത്തിനുമുൻപിൽ പകച്ചുനിൽക്കുമ്പോൾ കൈത്തങ്ങാവുകയാണ് അവർ ചെയ്തത്. പൊട്ടിപൊളിഞ്ഞ്, മിക്കവാറും ഓടുകൾ കാറ്റിൽ നിലംപതിച്ച ജോൺസന്റെ വീട് പുനരുദ്ധരിച്ച് വാസയോഗ്യമാക്കി. കക്ഷിരാഷ്ട്രീയത്തിന്റെ കൈകളിൽമാത്രം ഒതുങ്ങിനിൽക്കാതെ പാവപ്പെട്ടവരെ സഹായിക്കുവാനുള്ള ഇവരുടെ താല്പര്യം അഭിനന്ദനാർഹമാണ്. എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ പഞ്ചായത്ത്മെമ്പർ ശ്രീ ലിജോജോസിനും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.