.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2022, ഏപ്രിൽ 7, വ്യാഴാഴ്‌ച

ഗോവയിലേക്കുള്ള തീർത്ഥാടനത്തോടൊപ്പം പര്യടനവും

വടക്കൻ ഗോവയിലുള്ള തിവിം റെയിൽവേ സ്റ്റേഷനിൽ ട്രെയിനിറങ്ങി. ആദ്യത്തെ ദിവസം വടക്കൻ ഗോവയിലെ കല്ലൻഗ്യൂട്ട്,ബാഗ തുടങ്ങിയ ബീച്ചുകൾ, അടുത്ത ദിവസം ഓൾഡ് ഗോവയിലെ വ്യാകുലമാത പള്ളി, മിരാമർ ബീച്ച്,ഡോനപോള ബീച്ച്, ബാലജി അമ്പലം, ശ്രീമൻഗ്യുഷ് ദേവസ്ഥാൻ, ബോംജീസസ് കത്തീഡ്രൽ, ക്രൂയിസ് യാത്ര. അടുത്ത ദിവസം വടക്കൻ ഗോവയിലെ അക്വഡ ഫോർട്ട്, അൻജുന ബീച്ച് തുടങ്ങിയവ. തിരിച്ച് തിവിം റെയിൽവേ സ്റ്റേഷനിൽനിന്ന് നാട്ടിലേക്ക്. പ്രകൃതി രമണീയമായ ഗോവയിലെ കാഴ്ചകൾ മനോഹരങ്ങളാണ്.

ഗോവയിലേക്ക് ഒരു തീർത്ഥാടനം

ഗോവ വി. ഫ്രാൻസീസ് സേവ്യറുടെ കബറിടത്തിലേക്ക് തീർത്ഥാടനം ഗോവയിലെ ബോം ജീസസ് ഭദ്രാസന പള്ളിയിലാണ് 'കിഴക്കിൻ്റെ അപ്പസ്തോലൻ' എന്നറിയപ്പെടുന്ന വി. ഫ്രാൻസീസ് സേവ്യറിൻ്റെ തിരുശേഷിപ്പുകൾ 1637 മുതൽ സൂക്ഷിച്ചിട്ടുള്ളത്. സ്പെയിനിൽ 7-4-1506ൽ ഒരു പ്രഭു കുടുംബത്തിലാണ് വിശുദ്ധൻ ജനിച്ചത്. 3-12-1552ൽ ചൈനയുടെ തീരത്തുള്ള സാൻസിയാൻ ദ്വീപിൽവച്ച് മരിച്ചു. 1622 മാർച്ച് 12 ന് ഗ്രിഗറി പതിമൂന്നാമൻ മാർപ്പാപ്പ വിശുദ്ധനായി പ്രഖ്യാപിച്ചു. വി. ഇഗ്‌നേഷ്യസ് ലയോളയുടെ അനുയായി ആയിരുന്ന അദ്ദേഹം പിന്നീട് ഏഴ് ജെസ്യൂട്ടകളിൽ ഒരാളായി മാറി. 1537ൽ വൈദികനായി.1540 ലാണ് അദ്ദേഹം സുവിശേഷ പ്രഘോഷണത്തിനായി ഗോവയിലെത്തിയത്.

2021, ഒക്‌ടോബർ 31, ഞായറാഴ്‌ച

നവംബര്‍ 1. കേരള പിറവി ദിനം, മലയാള ഭാഷ ദിനം

                                      `` വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ മാതാവിനെ
                                          വന്ദിപ്പിന്‍ വരേണ്യയെ വന്ദിപ്പിന്‍ വരദയെ
                                          എത്രയും തപശ്ശക്തി പൂണ്ടാജാമാതാജ്ഞനു
                                          സത്രജിത്തിനു പണ്ട് സഹസ്ര കരം പോലെ
                                          പശ്ചിമ രത്നാകരം പ്രീതിയാല്‍ ദാനം ചെയ്ത
                                          വിശ്വൈക മഹാ രത്നമല്ലീ നമ്മുടെ രാജ്യം (വന്ദിപ്പിന്‍ ........)
                                                                          പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തല വച്ചും
                                                                          സ്വച്ഛാബ്ധി മണല്‍ത്തിട്ടാം പാദോപധാനം പൂണ്ടും
                                                                          പള്ളികൊണ്ടീടുന്ന നിന്‍ പാര്‍ശ്വ യുഗ്മത്തെ കാത്തു
                                                                          കൊള്ളുന്നു കുമാരിയും ഗോകര്‍ണ്ണേശനുമമ്മേ (വന്ദിപ്പിന്‍ ......)

മഹാ കവി വള്ളത്തോള്‍ നാരായണ മേനോന്റെ പ്രസിദ്ധമായ കവിതയിലെ ആദ്യ വരികളാണ് മേല്‍ കൊടുത്തിട്ടുള്ളത്. സ്വന്തം നാടിനെ ഇതില്‍ കൂടുതല്‍ ഭംഗിയായി എങ്ങനെയാണ് ഒരാള്‍ക്ക് വര്‍ണ്ണിക്കാനാവുക? 1956 നവംബര്‍ 1ന് ആണ് കേരള സംസ്ഥാനം നിലവില്‍ വന്നത് . ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം സംസ്ഥാനങ്ങള്‍ രൂപീകരിച്ചതിനെ തുടര്‍ന്ന് 1949ല്‍ തിരു - കൊച്ചി സംസ്ഥാനം നിലവില്‍ വന്നെങ്കിലും അപ്പോഴും മലബാര്‍ , മദ്രാസിന്റെ കീഴിലായിരുന്നു. ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിച്ചതിനെ തുടര്‍ന്ന് തിരു-കൊച്ചി, മലബാര്‍ മേഖലകളെ കൂട്ടിചേര്‍ത്ത് 1956 നവംബര്‍ 1ന് കേരളം നിലവില്‍ വന്നു. പണ്ട് മുതലേ തമിഴ് സംസാരിച്ചിരുന്ന ചേര രാജ്യവംശത്തിനു കീഴിലായിരുന്നു കേരളം. പശ്ചിമഘട്ട പര്‍വ്വത നിരകള്‍ക്കിരുവശവുമുള്ള തമിഴ്നാട്ടിലേയും കേരളത്തിലേയും ജനങ്ങള്‍  രണ്ടു സംസ്കാരം ഉള്ളവരായിരുന്നു. തമിഴില്‍ നിന്നും വേറിട്ട് മലയാള ഭാഷ ഉത്ഭവിച്ചതോടെയാണ് കേരളത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. കൃസ്തുവിന് മുന്‍പ് തന്നെ അറബി രാജ്യങ്ങളുമായി വ്യാപാര ബന്ധം ഉണ്ടായിരുന്നു. കൃസ്തുവിന് ശേഷം ആദ്യ നൂറ്റാണ്ടുകളിലെ ഗ്രീക്ക്, റോമന്‍, ചൈനീസ് യാത്രാരേഖകളില്‍ കേരളത്തെപ്പറ്റി പരാമര്‍ശമുണ്ട്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം വിവിധ രാജ കുടുംബങ്ങളുടെ കീഴിലായിരുന്ന നാട്ടുരാജ്യങ്ങളെ യോജിപ്പിച്ച് ഭാഷയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങള്‍ രൂപീകരിച്ചത്. 

                                                   1999 നവംബര്‍ മാസത്തിലാണ് യുനെസ്കൊയുടെ പൊതുസഭ വിശ്വ മാതൃഭാഷ ദിനം പ്രഖ്യാപിച്ചത്. രണ്ടായിരാമാണ്ടു മുതല്‍ ഫെബ്രുവരി 21 ആണ് വിശ്വ മാതൃഭാഷ ദിനം . കേരള  സര്‍ക്കാര്‍ തലത്തില്‍ മലയാള ഭാഷ ദിനമായി നവംബര്‍ 1ന് ആഘോഷിക്കുന്നു. കേരളപ്പിറവി ദിനം തന്നെ മലയാള ഭാഷ ദിനമായി തിരഞ്ഞെടുത്തത് ഉചിതം തന്നെ . ദേശവും ഭാഷയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കാന്‍ മലയാള ഭാഷ ദിനവും കേരളപ്പിറവി ദിനവും ഒരേ ദിവസം ആഘോഷിക്കുന്നത് നല്ലതാണ്. ഭാഷ നിലനില്‍ക്കുന്നത് ദേശമായി ബന്ധപ്പെട്ടുകൊണ്ടും, ദേശം അവിടത്തെ ജനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടുമായതുകൊണ്ട്  ഭാഷയുടെ വളര്‍ച്ചയും നിലനില്‍പ്പും അവിടത്തെ ജനങ്ങളുടെ ജീവിതം തന്നെയാണ്. എന്നാല്‍ ഒരു വിഭാഗം ജനങ്ങള്‍ , മലയാളികളുടെ പുതുവത്സര ദിനമായ ചിങ്ങം 1 മലയാള ഭാഷ ദിനമായി ആഘോഷിക്കുന്നുണ്ട് .
                                         
                                                   എല്ലാവര്‍ക്കും കേരളപ്പിറവി ദിനത്തിന്റേയും മലയാള ഭാഷ ദിനത്തിന്റേയും മംഗളങ്ങള്‍ ആശംസിക്കുന്നു . മഹാ കവി വള്ളത്തോളിന്റെ തന്നെ ` ദിവാസ്വപ്നം ' എന്ന കവിതയിലെ ചില വരികള്‍ ഇതാ.

                                      `` ഭാരതമെന്നു കേട്ടാലഭിമാന -
                                          പൂരിതമാവണം അന്തരംഗം
                                          കേരളമെന്നു കേട്ടലോ തിളയ്ക്കണം
                                          ചോര നമുക്ക് ഞരമ്പുകളില്‍ ''
                                

2021, ഓഗസ്റ്റ് 18, ബുധനാഴ്‌ച

സമ്മിശ്ര കൃഷിയുമായി നമ്മുടെ സ്വന്തം ജോസുട്ടൻ

സമ്മിശ്ര കൃഷിയുമായി നമ്മുടെ സ്വന്തം ജോസുട്ടൻ പൊതുജനങ്ങക്ക് മാതൃകയാവുന്നു. സമ്മിശ്ര കൃഷിയുടെ ആത്മാവറിഞ്ഞ് യുവ കർഷകൻ ശ്രീ ജോസ് സ്റ്റീഫൻ പള്ളിപ്പാടൻ. കമ്പ്യൂട്ടറിന്റേയും വൈറ്റ് കോളർ ജോലിയുടേയും പുറകെ യുവജനങ്ങൾ ഓടുമ്പോൾ കൃഷി ഒരു കലയാണെന്നും വരുമാനമാർഗ്ഗമാണെന്നും കാട്ടിതരുന്ന യുവ കർഷകൻ ശ്രദ്ധേയനാവുന്നു. കൊരട്ടി ഗ്രാമപഞ്ചായത്തിന്റെ 2021- 22ലെ മികച്ച സമ്മിശ്ര കർഷകനുള്ള ആദരവ് ലഭിച്ച ജോസ് സ്റ്റീഫൻ തിരുമുടിക്കുന്ന് മുടപ്പുഴയിലുള്ള സ്വന്തം പുരയിടത്തിൽ കൃഷി ചെയ്താണ് ചിങ്ങം ഒന്ന് കർഷക ദിനത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ലീലാസുബ്രഹ്മണ്യനിൽനിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയത്. നെല്ല്, വാഴ, പച്ചക്കറികൾ കൂൺകൃഷി എന്നീ കൃഷികൾക്ക് പുറമെ കോഴി, താറാവ്, കാട, വിവിധതരം മീനുകൾ എന്നിവയേയും വളർത്തുന്നു. തെങ്ങും ജാതിയും കവുങ്ങും നിരവധിയുണ്ട്. മണ്ണിനും മനസിനും ഉണർവു തരുന്ന സമ്മിശ്രകൃഷിക്ക്  പ്രചാരമേറുകയാണ്. നാളേക്കായി പ്രകൃതിയുടെ വിഭവങ്ങൾ കാത്തുവക്കുന്ന ഈ കൃഷിരീതി മണ്ണും വെള്ളവും സംരക്ഷിക്കുകയും മനുഷ്യനെ പ്രകൃതിയുമായി ചേർത്തു നിർത്തുകയും ചെയ്യുന്നു. കോഴിവളം, ചാണകം, ചാരം, എല്ലുപൊടി, മത്തി ശർക്കര മിശ്രിതം എന്നീ ജൈവ വളങ്ങളോടൊപ്പം രാസവളങ്ങളും ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. കീടങ്ങളെ തുരത്താൻ സ്യൂഡോമോണോസ് , വേപ്പെണ്ണ ലായനി, കെണികൾ എന്നീ ജൈവ മാർഗങ്ങളാണ് സാധാരണയായി സ്വീകരിക്കുക. വർഷം മുഴുവൻ പച്ചക്കറി ലഭിക്കുക എന്ന ലക്ഷ്യത്തോടെ പത്ത് ഇനം പച്ചക്കറികൾ പല സമയത്തായാണ് കൃഷി ചെയ്യുന്നത്. വെണ്ട,  പച്ചമുളക്, വഴുതന, പടവലം, പാവൽ, പീച്ചിൽ വെള്ളരി, കുമ്പളം, തക്കാളി, ചീര, മത്തൻ തുടങ്ങി എല്ലാം ജോസ് സ്റ്റീഫന്റെ കൃഷിയിടത്തിൽ ഇടതടവില്ലാതെ കൃഷി ചെയ്യുന്നു, വിളവെടുക്കുന്നു. മത്സ്യം വളർത്തലും വളർത്തു പക്ഷികളായ കോഴി, താറാവ്, കാടക്കോഴി തുടങ്ങിയവയുടെ പരിപാലനവും ക'ണ്ണിന് കൗതുകമുണ്ടാക്കുന്നവയാണ്. വിവിധ കുളങ്ങളിലായി വാള, കാരി, രോഹു, കട്ല , ചെമ്പല്ലി, തിലോപ്പി എന്നീ മീനുകളും വളർത്തുന്നു. ഇതിനുപുറമെ പടുതാകുളവുമുണ്ട്. കഴിഞ്ഞ വർഷമുണ്ടായ ചുഴലിക്കാറ്റിൽ ആയിരക്കണക്കിന് രൂപയുടെ കൃഷിനാശമുണ്ടായപ്പോഴും കൃഷി ഒരു അഭിനിവേശമായ ജോസ് സ്റ്റീഫൻ വമ്പിച്ച തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. കേരള ഫിഷറീസ് ഡിപ്പാർട്ട്മെന്റ് മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാൻ നടത്തുന്ന രണ്ടു സെന്റ് പടുതാകുളം ഓൺലൈൻ ക്ലാസുകളിൽ ഇദ്ദേഹത്തിന്റെ പടുതാകുളം പൊതുജന ശ്രദ്ധ നേടിയിട്ടുണ്ട്. കൃഷി വരുമാനമാർഗ്ഗം മാത്രമല്ല മാനസിക ഉല്ലാസം കൂടിയാണെന്ന് ഈ യുവ കർഷകൻ പറയുന്നു. പിതാവ് കിഡ്നി രോഗിയും ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ശ്രീഎസ്തപ്പാനോസ്, മാതാവ് ശ്രീമതി ലിസി
.ഭാര്യ ടിറ്റിജോസ് കൃഷിയിൽ സജീവമാണ്. മക്കൾ ആദിത്ത്, അദ്വൈ .