.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2018, ഡിസംബർ 29, ശനിയാഴ്‌ച

തിരുമുടിക്കുന്ന് പള്ളിയിൽ തിരുക്കുടുംബത്തിന്റെ തിരുനാൾ

തിരുമുടിക്കുന്ന് പള്ളിയിൽ തിരുക്കുടുംബത്തിന്റെ തിരുനാൾ ആഘോഷിച്ചു .
തിരുമുടിക്കുന്ന് ദേവാലയത്തിൽ തിരുക്കുടുംബത്തിന്റെ തിരുനാൾ കുടുബ യൂണിറ്റ് കേന്ദ്ര സമിതിയുടെ നേതൃത്വത്തിൽ വിപുലമായ പരിപാടികളോടെ ആഘോ
ഷിച്ചു. രാവിലെ 6-30ന് ഇടവകയിലെ ദമ്പതികൾ കത്തിച്ചമെഴുകുതിരികളുമായി അണിനിരന്ന പ്രദക്ഷിണത്തിനു ശേഷം വികാരി ഫാ.പോൾ ചുള്ളിയുടെ കാർമ്മികത്വത്തിൽ ആഘോഷമായ പാട്ടുകുർബ്ബാന നടന്നു. വി. കുർബ്ബാനക്കിടയിൽ ദമ്പതികൾ വിവാഹ വാഗ്ദാന ഉടമ്പടി പുതുക്കി. പിന്നീട്, ചേർന്ന യോഗത്തിൽ വികാരി ഫാ.പോൾ ചുള്ളി അദ്ധ്യക്ഷനായി. കൈക്കാരന്മാരായ ജോയി ജോൺ, ബിനു മഞ്ഞളി തുടങ്ങിയവർ ദമ്പതികൾക്ക് ആശംസകൾ നേർന്ന് പ്രസംഗിച്ചു. കുടുബ യൂണിറ്റ് കേന്ദ്രസമിതി വൈസ് ചെയർമാൻ ഷോജി അഗസ്റ്റിൻ നന്ദി പറഞ്ഞു. യോഗത്തിനു ശേഷം സ്നേഹവിരുന്ന് ഉണ്ടായിരുന്നു. കുടുബയൂണിറ്റ് ഭാരവാഹികൾ പരിപാടികൾക്ക് നേതൃത്വം കൊടുത്തു.


2018, ഡിസംബർ 23, ഞായറാഴ്‌ച

റവ.ഫാ.പോൾ ചുള്ളിയുടെ പൗരോഹിത്യ സ്വീകരണത്തിന്റെ സിൽവർ ജൂബിലി സമാപനം 2019 ഫെബ്രുവരി 24 ന് തിരുമുടിക്കുന്ന് പള്ളിയിൽ.



റവ.ഫാ.പോൾ ചുള്ളിയുടെ പൗരോഹിത്യ സ്വീകരണത്തിന്റെ സിൽവർ ജൂബിലി സമാപനം തിരുമുടിക്കുന്ന് പള്ളിയിൽ 2019 ഫെബ്രുവരി 24 ന് ആഘോഷിക്കുന്നു. അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ മാർ ജേക്കബ്ബ് മനത്തോടത്ത് പിതാവിനോടും ഇടവകയിൽനിന്നുള്ള എല്ലാ വൈദികരോടുമൊപ്പം ജുബിലേറിയൻ കൃതജ്ഞതാബലിയർപ്പിക്കുന്നു. "you are my beloved son, with you, I am well pleased.(Mark 1-11)

 സമര്‍പ്പിത ജീവിതത്തിന്റെ കാല്‍നൂറ്റാണ്ട് പിന്നിട്ട റവ. ഫാ. പോള്‍ ചുള്ളി ദൈവ മഹത്വത്തിനായി സേവനംചെയ്യുവാന്‍ മനസ്സിലുറപ്പിച്ചുകൊണ്ട് 1994 ഏപ്രില്‍ 11ന് മാര്‍ ജേക്കബ്ബ് മനത്തോടത്ത് പിതാവില്‍നിന്ന് കൈവയ്പ് ശുശ്രൂഷയിലൂടെ വൈദികപട്ടം സ്വീകരിച്ച റവ. ഫാ. പോള്‍ ചുള്ളി സമര്‍പ്പിത ജീവിതത്തിന്‍റെ കാല്‍നൂറ്റാണ്ട് പിന്നിട്ട് പൗരോഹിത്യത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കുകയാണ്. വി. ലൂക്കയുടെ സുവിശേഷം 2- 49 ഇത്തരുണത്തില്‍ ഓര്‍മ്മ വരികയാണ്. ജറൂസെലം ദേവാലയത്തില്‍ പെസഹാതിരുനാളിന് പോയ യൗസേപ്പിതാവും കുടുംബവും തിരിച്ചുപോരുമ്പോള്‍ യേശുവിനെ കാണാതായപ്പോള്‍ മാതാവ് ആകുലപ്പെട്ട് യേശുവിനോട് പറഞ്ഞു- നിന്‍റെ പിതാവും ഞാനും ഉത്ഘണ്ടയോടെ നിന്നെ തിരയുകയായിരുന്നു. അതിന് യേശു പറഞ്ഞ മറുപടി ശ്രദ്ധേയമാണ്. Why were you searching for me, Did you not know that I must be in my Father's house? അങ്ങ് എന്തിനാണ് എന്നെ അന്വേഷിക്കുന്നത്, ഞാന്‍ എന്‍റെ പിതാവിന്‍റെ ഭവനത്തില്‍ ആയിരിക്കേണ്ടതാണെന്ന് അങ്ങേക്ക് അറിയില്ലേ? പിതാവിന്‍റെ കാര്യങ്ങളില്‍ വ്യാപ്റ്തനായിരിക്കേണ്ടതാണെന്ന് അങ്ങേക്കറിയില്ലേയെന്ന്. ദൈവീക കാര്യങ്ങളില്‍ വ്യാപ്റ്തനായി ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ട ചുള്ളി അച്ചന് ജൂബിലിയുടെ എല്ലാവിധ മംഗളങ്ങളും ആശംസിക്കുന്നു.സമരങ്ങള്‍ക്കൊപ്പം സാധുജന സേവനങ്ങള്‍ക്കും മുന്‍പിലാണ് ചുള്ളിയച്ചന്‍. എറണാകുളം ജില്ലയിലെ വല്ലം ഇടവകയില്‍ ശ്രീ  ബോണിഫസിന്‍റേയും പരേതയായ ശ്രീമതി റോസിയുടേയും ഏഴ് മക്കളില്‍ അഞ്ചാമനായി 1965 ഒക് . 30ന് ജനിച്ച ഫാ. പോള്‍ ചുള്ളിയുടെ സഹോദരിമാരായ സി. സ്റ്റെല്ലാഗ്രേസ്, സി. ജോസഫൈന്‍ എന്നിവര്‍ ഹോളിഫാമിലി കോണ്‍ഗ്രിഗേഷനില്‍ സേവനംചെയ്യുന്നു. ഒക്കല്‍ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം കാലടി ശ്രീശങ്കരാ കോളേജില്‍നിന്ന് ഡിഗ്രി പാസ്സായശേഷമാണ് വൈദിക പഠനത്തിനു പോയത്. സെമിനാരിയില്‍ റവ. ഡോക്ടര്‍ അഗസ്റ്റിന്‍ വല്ലൂരാന്‍ ചുള്ളിയച്ചന്‍റെ അദ്ധ്യാപകനായി ഉണ്ടായിരുന്നുവെന്ന് ചുള്ളിയച്ചന്‍ ഓര്‍മ്മിക്കാറുള്ളത് തിരുമുടിക്കുന്നുകാര്‍ക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. ഫാ. പോള്‍ ചുള്ളി കുടവെച്ചൂര്‍, മഞ്ഞപ്ര പള്ളികളില്‍ സഹവികാരിയായും തവളപ്പാറ, ജോസ്പുരം, നടുവട്ടം പള്ളികളില്‍ വികാരിയായും സേവനംചെയ്തിട്ടുണ്ട്. എറണാകുളം - അങ്കമാലി അതിരൂപത മദ്യവിരുദ്ധസമിതി ഡയറക്ടറായും, അതിരൂപത ആന്‍റിആല്‍ക്കഹോളിക് മൂവ്മെന്‍റ് ഡയറക്ടറായും സേവനംചെയ്തിട്ടുണ്ട്. ഇപ്പോള്‍ തിരുമുടിക്കുന്ന് ഇടവക വികാരിയായ അച്ചന്‍ കൊരട്ടി ഫൊറോന ദീപിക ഫ്രണ്ട്സ് ക്ലബ്ബ് കൊ-ഓര്‍ഡിനേറ്ററായും കെ.സി.വൈ.എം. ഫൊറോന ഡയറക്ടറായും സേവനംചെയ്യുന്നു. കഴിഞ്ഞ ആറുവര്‍ഷമായി നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തിരുമുടിക്കുന്ന് ഇടവകയില്‍ ചുള്ളിയച്ചന്‍റെ നേതൃത്വത്തില്‍ ചെയ്തുകഴിഞ്ഞു. ഇടവകയിലെ ചിറങ്ങര മുടപ്പുഴയില്‍ വി. അല്‍ഫോന്‍സാമ്മയുടെ നാമധേയത്തില്‍ ഒരു പള്ളി പണിതുകൊണ്ടിരിക്കുന്നു. തിരുമുടിക്കുന്ന് പള്ളിയോട് ചേര്‍ന്നുള്ള ഹൈസ്കൂള്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളായി ഉയര്‍ത്തപ്പെട്ടതും ഏറ്റവും മനോഹരമായി സ്മാര്‍ട്ട് റൂമുകളടക്കം പണികഴിപ്പിച്ച് ജില്ലയിലെതന്നെ മികവുറ്റ ഹയര്‍ സെക്കന്‍ഡറി സ്കൂളാക്കിയതും പ്രധാന നേട്ടങ്ങളാണ്. പള്ളിയുടെ സിമിത്തേരി പുതുക്കിപണിതു, പള്ളിയുടെ മുറ്റം മുഴുവന്‍ ടൈല്‍സ് വിരിച്ച് മനോഹരമാക്കിയതും, പള്ളിയില്‍ ഉപയോഗിക്കുന്നതിനായി വലിയ ജനറേറ്റര്‍ വാങ്ങിയതും, മനോഹരമായ പൂന്തോട്ടം നിര്‍മ്മിച്ചതും, പാരീഷ്ഹാള്‍ നവീകരിച്ചതും, മരണാനന്തര ചടങ്ങുകള്‍ക്കുശേഷം ചായസല്‍ക്കാരത്തിനായി പിയാത്തെഹാള്‍ നിര്‍മ്മിച്ചതും എടുത്തുപറയേണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ്. ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങളും സാമുഹ്യസേവനവും സമന്വയിപ്പിച്ചുകൊണ്ടുള്ള ജീവിതശൈലിയാണ് ഫാ. പോള്‍ ചുള്ളിയുടേത്. മദ്യവര്‍ജ്ജനപ്രസ്ഥാനത്തിനുവേണ്ടി നിരവധി സമരങ്ങള്‍ സംഘടിപ്പിക്കുകയും ജാഥകള്‍ നയിക്കുകയും ചെയ്തിട്ടുണ്ട്. മഞ്ഞപ്ര, തവളപ്പാറ, ജോസ്പുരം, നടുവട്ടം പള്ളികളില്‍ സേവനംചെയ്യുമ്പോള്‍ മദ്യത്തിനെതിരെ പോരാടുവാന്‍ യുവജനങ്ങളെ സംഘടിപ്പിച്ച് വീട് വീടാന്തരം കയറിയിറങ്ങി ബോധവല്‍ക്കരണം നടത്തിയിട്ടുണ്ട്. അങ്കമാലി ടൗണില്‍ മദ്യവിമോചന റാലി സംഘടിപ്പിച്ചതും അച്ചന്‍ ടൗണില്‍ സത്യാഗ്രഹം ഇരുന്നതും പൊതുജന ശ്രദ്ധ നേടുകയുണ്ടായി. തിരുമുടിക്കുന്നില്‍വച്ചും മദ്യത്തിനെതിരെ ബോധവല്‍ക്കരണ സെമിനാറുകള്‍ സംഘടിപ്പിക്കുകയും മാറിമാറിവരുന്ന സര്‍ക്കാരുകളുടെ മദ്യപ്രീണന നയങ്ങള്‍ക്കെതിരെ സമരങ്ങള്‍ നടത്തുകയും ജാഥകള്‍ നയിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കെ.സി.ബി.സി. മദ്യവിരുദ്ധസമിതിയുടെ ആഭിമുഖ്യത്തില്‍ സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ നടന്ന കേരളയാത്രയില്‍ അങ്കമാലിയിലെ സ്വീകരണയോഗത്തില്‍ അച്ചന്‍ പ്രസംഗിച്ചത് മാധ്യമ ശ്രദ്ധ പിടിച്ചുപറ്റി. പൗരോഹിത്യത്തിന്റെ സിൽവർ ജൂബിലി ആഘോഷിക്കുന്ന റവ.ഫാ.പോൾ ചുള്ളിക്ക് എല്ലാവിധ പ്രാർത്ഥനാശംസകളും നേരുന്നു.

2018, ഡിസംബർ 21, വെള്ളിയാഴ്‌ച

തിരുമുടിക്കുന്ന് ഗാന്ധിഗ്രാം ആശുപത്രിയിൽ എസ്.എഫ്.ഒ.യുടെ കരോൾ

ആശുപത്രി അന്തേവാസികളോടൊപ്പം അതിരൂപത എസ്.എഫ്.ഒ. ക്രിസ്മസ് കരോൾ ആഘോഷിച്ചു .

എറണാകുളം-അങ്കമാലി അതിരൂപത സെക്കുലർ ഫ്രാൻസിസ്കൻ ഓർഡർ(ഫ്രാൻസീസ്കൻ മൂന്നാം സഭ) ക്രിസ്മസ് കരോൾ ആഘോഷം കൊരട്ടി റീജിയണിന്റെ ആഭിമുഖ്യത്തിൽ തിരുമുടിക്കുന്ന് ഗാന്ധിഗ്രാം ത്വക്ക് രോഗ ആശുപത്രിയിലെ അന്തേവാസികളോടൊപ്പം വിപുലമായ പരിപാടികളോടെ നടത്തി. അഭിവന്ദ്യ സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ മുഖ്യ അതിഥിയായിരുന്നു. രാവിലെ 9.30ന് അംഗങ്ങളുടെ രജിസ്ട്രേഷനു ശേഷം അഭിവന്ദ്യമെത്രാന്റെ മുഖ്യ കാർമ്മികത്വത്തിൽ ഗാന്ധിഗ്രാം സെന്റ് മേരീസ് ചാപ്പലിൽ നടന്ന ആഘോഷമായ പാട്ടുകുർബ്ബാനക്ക് തിരുമുടിക്കുന്ന് പള്ളി വികാരി ഫാ.പോൾ ചുള്ളി, എസ്.എഫ്.ഒ. അതിരൂപത സ്പിരിച്ച്വൽ ഡയറക്ടർ ഫാ.ജോസ് മുണ്ടാടൻ , ഫാ.സേവ്യർ തേലേക്കാട്ട് എന്നിവർ സഹകാർമ്മികരായിരുന്നു. തുടർന്ന് ഫാ.പോൾ ചുള്ളിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മാർ ജോസ് പുത്തൻവീട്ടിൽ കരോൾ ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഒ. അതിരൂപത സെക്രട്ടറി ബ്രദർ പീറ്റർ കുന്നപ്പിള്ളി, ആനിമേറ്റർ ആശാനികേതൻ മദർ സുപ്പീരിയർ സിസ്റ്റർ സെജിമരിയ, സിസ്റ്റർ റാണി പോൾ, തിരുമുടിക്കുന്ന് എസ്.എഫ്.ഒ. യൂണിറ്റ് പ്രസിഡന്റ് ജെസിപാറേക്കാടൻ എന്നിവർ തുടങ്ങിയവർ ആശംസകൾ നേർന്ന് പ്രസംഗിച്ചു. അതിരുപത പ്രസിഡന്റ് ബ്രദർ ജോയ് അക്കര നന്ദി പറഞ്ഞു. പിന്നീട് വാദ്യമേളങ്ങളോടെ മെത്രാനോടൊപ്പം ആഘോഷമായി വാർഡുകളിലേക്ക് കരോൾ നടക്കുകയും രോഗികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് തിരുമുടിക്കുന്ന് പാരീഷ് ഹാളിൽ സ്നേഹവിരുന്നും ഉണ്ടായിരുന്നു. തിരുമുടിക്കുന്ന്പള്ളി സഹവികാരി ഫാ.മാത്യു വരിക്കാട്ടുപാടം, കൈക്കാരമാരായ ജോയിജോൺ, ബിനു മഞ്ഞളി, വൈസ് ചെയർമാൻ ഷോജി അഗസ്റ്റിൻ, എസ്.എഫ്.ഒ.ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വംകൊടുത്തു.

2018, ഡിസംബർ 19, ബുധനാഴ്‌ച

തിരുമുടിക്കുന്ന് പി.എസ്.എച്ച്.എസ്.എസിലെ എൻ.എസ്.എസിന്റെ സപ്തദിന ക്യാമ്പ്

എൻ.എസ്.എസ്. സപ്തദിന സഹവാസ ക്യാമ്പ് പൊങ്ങം നൈപുണ്യയിൽ ശനിയാഴ്ച മുതൽ .
തിരുമുടിക്കുന്ന് പി.എസ്.ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം പൊങ്ങം നൈപുണ്യ കോളേജിൽ 'മഴവില്ല്' സപ്തദിന സഹവാസ ക്യാമ്പ് ശനിയാഴ്ച മുതൽ ഏഴുദിവസം വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു. 2018 ഡിസംബർ 22ന് രാവിലെ രജിസ്ട്രേഷൻ, ഉച്ചതിരിഞ്ഞ് 1ന് വിളംബരറാലി, 3ന് പതാക ഉയർത്തൽ, പിന്നീട് മാനേജർ ഫാ.പോൾ ചുള്ളിയുടെ അധ്യക്ഷതയിൽ ചേരുന്ന പ്രാരംഭ സമ്മേളനം കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരിബാലൻ ഉദ്ഘാടനം ചെയ്യുന്നു. കൊരട്ടി ഇൻസ്പെക്ടർ ഓഫ് പോലീസ് പി.ടി.വർഗ്ഗീസ് മുഖ്യ അതിഥി ആയിരിക്കും. വാർഡ് മെമ്പർ ബിസിജോസ്, പഞ്ചായത്ത്മെമ്പർമാരായ രജനീരാജു, ഡെയ്സിഡേവീസ്, നൈപുണ്യ കോളേജ് ഡയറക്ടർ ഫാ.സജിപീറ്റർ, പ്രിൻസിപ്പാൾ ടി.ജെ.സിജൊ, ഹെഡ്മാസ്റ്റർ ബെന്നിവർഗ്ഗീസ്, പി.ടി.എ.പ്രസിഡന്റ് എ.എ. ബിജു, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ജോസ്മാത്യു, ടി.പി.ജോർജ് തുടങ്ങിയവർ ആശംസകൾനേരുന്നു. പിന്നീട് ഫിസിക്കൽ ഇൻട്രക്റ്റർ സാബുസിപടയാട്ടിൽ എൻ.എസ്.എസ്. കേഡറ്റുകൾക്കായി നടത്തുന്ന വ്യായാമ പരിപാടി, നൈപുണ്യ കോളേജ് ഡയറക്ടർ ഫാ.സജിപീറ്റർ നയിക്കുന്ന 'വിദ്യാഭ്യാസവും തൊഴിൽ സംസ്കാരവും ' എന്ന വിഷയത്തിൽ ചർച്ച എന്നിവ ഉണ്ടായിരിക്കും. 23ന് ആലുവ യു സി കോളേജിലെ മുൻ എൻ.എസ്.എസ്.അംഗങ്ങൾ ' എൻ.എസ്.എസിന്റെ ആത്മാവിലേക്ക് ' എന്ന പരിപാടി അവതരിപ്പിക്കുന്നു. 24ന് ഉച്ചതിരിഞ്ഞ് 2ന് 'മാധ്യമ സാക്ഷരത ' എന്ന വിഷയത്തിൽ സത്യദീപം എഡിറ്റർ ഷിജു ആച്ചാണ്ടി ക്ലാസെടുക്കുന്നു. തുടർന്ന് ഹെൽത്ത് ഇൻസ്പെക്റ്റർ രാധാകൃഷ്ണൻ നയിക്കുന്ന സെമിനാർ 'മാലിന്യവും സമൂഹവും'. 25ന് കാഴ്ചയുടെ പരിമിതികളെ അതിജീവിച്ച് പി.എസ്.സി.പരീക്ഷയിൽ ഉന്നത വിജയംനേടിയ കെ.സി.വേലായുധന്റെ 'സമദർശൻ' എന്ന പരിപാടി, പഞ്ചായത്ത് കർഷക അവാർഡ് ജേതാവ് ജോസ് മൈനാട്ടിപറമ്പിൽ അവതരിപ്പിക്കുന്ന 'കൃഷി ഒരു സംസ്കാരം' എന്ന വിഷയത്തിൽ ചർച്ച, അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രി നേത്ര ബാങ്ക് കൺവീനർ വിൻസെന്റ് വെട്ടിയാടൻ അവതരിപ്പിക്കുന്ന'പുനർജനി ' എന്നീ പരിപാടികൾ നടത്തുന്നു. അക്കാദമി പരീക്ഷകളിൽ വേലായുധനോടൊപ്പം സ്ക്രൈബ് ആയി സഹയാത്ര ചെയ്ത തിരുമുടിക്കുന്ന് സ്കൂളിലെ വിദ്യാർത്ഥി ആന്റണിജോയിയെ ആദരിക്കുന്നു. 26ന് ടി.ജി. സെൽ പ്രൊജക്ട് ഓഫീസർ ശ്യാമഎസ്പ്രഭ നയിക്കുന്ന 'സമദർശൻ ' പരിപാടിയും നൈപുണ്യ കോളേജ് ഹോട്ടൽ മാനേജ്മെന്റ് ലാബിൽ ഷെഫ് ആനന്ദ് നയിക്കുന്ന 'കൾനറി സ്കിൽ ഡവലപ്പ്മെന്റ് ' എന്ന വിഷയത്തിൽ ഡമോൺസ്ട്രേഷനും നടത്തുന്നു. 27ന് തൃശൂർ റൂറൽ വനിത സെൽ പോലീസ് ഇൻസ്പെക്ടർ പ്രസന്നഅമ്പുരത്ത് 'നിർഭയ' എന്ന സോഷ്യൽ സെക്യൂരിറ്റി പ്രോഗ്രാം അവതരിപ്പിക്കുന്നു. കൊരട്ടി പോലീസ് സ്റ്റേഷൻ പി.ആർ.ഒ. പി.ആർ.ഡേവീസ് 'സൈബർ കുറ്റകൃത്യങ്ങളും കൗമാരവും' എന്ന വിഷയത്തിലും ചാലക്കുടി കെ.എസ്.ഇ.ബി.അസിസ്റ്റന്റ് എഞ്ചിനിയർ കെ. കെ. ഷാജു 'ഊർജ്ജ സംരക്ഷണം ' എന്ന വിഷയത്തിലും ക്ലാസ്സെടുക്കുന്നു. എല്ലാ ദിവസവും യോഗ, വ്യായാമം എന്നിവ ഏകലവ്യ സകൂൾ അക്കാഡമി ട്രെയിനർ പ്രണവ് മനോഹരൻ പരിശീലിപ്പിക്കുന്നു. 28ന് രാവിലെ 9മുതൽ എൻ.എസ്.എസ്.കേഡറ്റുകൾ തുറന്ന വായനശാലക്കുവേണ്ടി സമീപ പ്രദേശങ്ങളിൽനിന്ന് പുസ്തക ശേഖരണം നടത്തുന്നു. പിന്നീട് പി.ടി.എ.പ്രസിഡന്റ് എ.എ. ബിജുവിന്റെ അധ്യക്ഷതയിൽചേരുന്ന സമാപന സമ്മേളനം തിരുമുടിക്കുന്ന് പള്ളി വികാരിയും സ്കൂൾ മാനേജരുമായ ഫാ.പോൾ ചുള്ളി ഉദ്ഘാടനംചെയ്യുന്നു. എൻ.എസ്.എസ്.ലീഡർ മൃദുലഎമനുമോഹൻ, മാത്റ് സംഘം പ്രസിഡന്റ് ഷൈജി പോളി, എബിൻ പോൾ എന്നിവർ ആശംസകൾ അർപ്പിക്കുന്നു. വൈകിട്ട് 2ന് പരിസര ശുചീകരണം, പതാക താഴ്ത്തൽ എന്നിവയോടെ ക്യാമ്പ് സമാപിക്കുന്നു. ജില്ലാ കൺവീനർ സി.കെ.ബേബി, പി.എ.സി. മെമ്പർ സി.ഡി.ജിന്നി, എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ ജോസ്മാത്യു, അസി. പ്രോഗ്രാം ഓഫീസർ അനിതാജോർജ്, ജിജിലൂവീസ്, പ്രീതിവർഗ്ഗീസ്, ലമജോസ്, സിനിആന്റണി, നിമ്മിറോസ്ബേബി, സി.വി.ധന്യ, നിഷ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ നേതൃത്വംകൊടുക്കുന്നു.

2018, ഡിസംബർ 16, ഞായറാഴ്‌ച

ചാണ്ടി പാലം- ചീനി കനാൽ ബണ്ട് റോഡ് തിരുമുടിക്കുന്നിന് മറ്റൊരു നേട്ടം

ചാണ്ടിപ്പാലം-ചീനി കനാൽബണ്ട് റോഡ് യാഥാർത്ഥ്യമായി
പന്തക്കൽ, ചാണ്ടിപ്പാലം, ചീനി, കറുകുറ്റി തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളുടെ ചിരകാല അഭിലാഷമായിരുന്ന ചാണ്ടിപ്പാലം- ചീനി കനാൽബണ്ട് റോഡ് യാഥാർത്ഥ്യമായി. ചാലക്കുടി എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 37 ലക്ഷം രൂപ ചിലവഴിച്ചാണ് 1350 മീറ്റർ നീളത്തിൽ റോഡ് നിർമ്മിച്ച് ടാറിങ്ങ് നടത്തി സഞ്ചാരയോഗ്യമാക്കിയത്. തൃശൂർ ജില്ലയിലെ കൊരട്ടി ഗ്രാമപഞ്ചായത്തിനേയും എറണാകുളം ജില്ലയിലെ കറുകുറ്റി പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന റോഡാണിത്. എം.എൽ.എ. ബി.ഡി.ദേവസി റോഡ് തുറന്നുകൊടുത്ത് ഉദ്ഘാടനം ചെയ്തു. കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുമാരിബാലൻ, തിരുമുടിക്കുന്ന് പള്ളി വികാരി ഫാ.പോൾ ചുള്ളി, തൃശൂർ ജില്ലാപഞ്ചായത്ത് മെമ്പർ കെ.ആർ.സുമേഷ്, വാർഡ്മെമ്പർ ഡെയ്സിഡേവീസ്, കറുകുറ്റി ഗ്രാമപഞ്ചായത്ത് മെമ്പർ ഗ്രേസി സെബാസ്റ്റ്യൻ, പന്തക്കൽ പള്ളിവികാരി ഫാ. സെബാസ്റ്റ്യൻ പൊട്ടോളി, കറുകുറ്റി പഞ്ചായത്ത് മുൻപ്രസിഡന്റ് സ്കറിയ പാറയ്ക്ക, ലിജൊജോസ്, കുര്യാക്കോസ് സി.ഡി, തുടങ്ങിയവർ ആശംസകൾനേർന്ന് പ്രസംഗിച്ചു.

2018, ഡിസംബർ 14, വെള്ളിയാഴ്‌ച

ക്രിസ്മസ് കരോളിന് മാർ ജോസ് പുത്തൻവീട്ടിൽ പിതാവ് എത്തുന്നു

അതിരൂപത എസ്.എഫ്.ഒ. ക്രിസ്മസ് കരോൾ ആഘോഷം ആശുപത്രി അന്തേവാസികളോടൊപ്പം
എറണാകുളം-അങ്കമാലി അതിരൂപത സെക്കുലർ ഫ്രാൻസിസ്കൻ ഓർഡർ(ഫ്രാൻസീസ്കൻ മൂന്നാം സഭ) ഈ വർഷത്തെ ക്രിസ്മസ് കരോൾ ആഘോഷം 21 ന് തിരുമുടിക്കുന്ന് ഗാന്ധിഗ്രാം ത്വക്ക് രോഗ ആശുപത്രിയിലെ അന്തേവാസികളോടൊപ്പം കൊരട്ടി റീജിയണിന്റെ ആഭിമുഖ്യത്തിൽ വിപുലമായ പരിപാടികളോടെ നടത്തുന്നു. അഭിവന്ദ്യ സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ മുഖ്യ അതിഥിയായിരിക്കും. രാവിലെ 9.30ന് അംഗങ്ങളുടെ രജിസ്ട്രേഷനു ശേഷം മാർ ജോസ് പുത്തൻവീട്ടിൽ കരോൾ ഉദ്ഘാടനം ചെയ്യും. തുടർന്ന് വാർഡുകളിലേക്ക് കരോൾ. കരോൾ സമാപനത്തിനു ശേഷം അഭിവന്ദ്യമെത്രാന്റെ മുഖ്യ കാർമ്മികത്വത്തിൽ ഗാന്ധിഗ്രാം സെന്റ് മേരീസ് ചാപ്പലിൽ ആഘോഷമായ പാട്ടുകുർബ്ബാന. തിരുമുടിക്കുന്ന് പള്ളി വികാരി ഫാ.പോൾ ചുള്ളി, സഹവികാരി ഫാ.മാത്യുവാരിക്കാട്ടുപാടം എസ്.എഫ്.ഒ. അതിരൂപത സ്പിരിച്ച്വൽ ഡയറക്ടർ ഫാ.ജോസ് മുണ്ടാടൻ എന്നിവർ ദിവ്യബലിക്ക് സഹകാർമ്മികരായിരിക്കും. പിന്നീട് സ്നേഹ വിരുന്നോടെ കരോൾ ആഘോഷ പരിപാടികൾ സമാപിക്കുമെന്ന് എസ്.എഫ്.ഒ. അതിരൂപത പ്രസിഡന്റ് ബ്രദർ ജോയ് അക്കര, സെക്രട്ടറി ബ്ര. പീറ്റർ കുന്നപ്പിള്ളി, ആനിമേറ്റർ ആശാനികേതൻ മദർ സുപ്പീരിയർ സിസ്റ്റർ സെജിമരിയ എഫ്.സി.സി., തിരുമുടിക്കുന്ന് എസ്.എഫ്.ഒ. യൂണിറ്റ് പ്രസിഡന്റ് ജെസിപാറേക്കാടൻ എന്നിവർ അറിയിച്ചു.

2018, ഡിസംബർ 3, തിങ്കളാഴ്‌ച

തിരുമുടിക്കുന്ന് പി.എസ്.ഹയർ സെക്കൻഡറി സ്കൂളിൽ ഭിന്നശേഷി ദിനാചരണം

തിരുമുടിക്കുന്ന് പി.എസ്.ഹയർ സെക്കൻഡറി സ്കൂളിൽ ഭിന്നശേഷി ദിനാചരണം 

 തിരുമുടിക്കുന്ന് - പി.എസ്.ഹയർ സെക്കൻഡറി സ്കൂളിൽ നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ബ്ലൈന്റ് വാക്ക് നടത്തി. കാഴ്ചയില്ലാത്തവരുടെ ബുദ്ധിമുട്ട് അറിയുക, നേത്രദാനത്തെ പ്രോത്സാഹിപ്പിക്കുക എന്നീ ഉദ്ദേശങ്ങളോടെ എൻ.എസ്.എസ്. വൊളന്റിയർമാർ നടത്തിയ കണ്ണുമൂടിക്കെട്ടിയുള്ള ഈ പദയാത്ര കാണികളിൽ കൗതുകമുണർത്തി. പ്രിൻസിപ്പാൾ സിജൊ ടി.ജെ., എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ ജോസ് മാത്യു, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ അനിതാ ജോർജ്, വിദ്യാർത്ഥികളായ ജുവൽ, അലൻ, കെവിൻ, ഫെർണാണ്ടൊ തുടങ്ങിയവർ നേതൃത്വം നൽകി.

തിരുമുടിക്കുന്നിൽ സമീക്ഷയുടെ നാടക രാവുകൾ

നാടകപ്രേമികളുടെ തട്ടകത്ത് ത്റ്ശൂര്‍ ജില്ലാപഞ്ചായത്തും തിരുമുടിക്കുന്ന് സമീക്ഷ കള്‍ച്ചറല്‍ & സോഷ്യല്‍ ഓര്‍ഗനൈസേഷനും സംയുക്തമായി സംഘടിപ്പിച്ച ഫ്രൊഫഷണല്‍ നാടകോത്സവം തിരുമുടിക്കുന്നിൽ സമാപിച്ചു. 2018 ഡിസംബർ 1ന് ശനിയാഴ്ച കൊട്ടാരക്കര ആശ്രയ ' നല്ലവരുടെ താഴ്വര' അവതരിപ്പിച്ചു. രചന- മുഹാദ് വെമ്പായം, സംവിധാനം- രാജീവന്‍ മമ്മിളി. ജിവിതത്തിൽ മൂല്യച്യുതി സംഭവിച്ചിട്ടില്ലാത്ത ഒരു സർക്കാരുദ്യോഗസ്ഥൻറേയും (വില്ലേജ് ഓഫീസർ) കുടുംബത്തിന്റേയും കഥയിലൂടെ നാടകം ആരംഭിക്കുന്നു. വയൽ നികത്തി കമ്പനി സ്ഥാപിക്കുകയെന്ന ഉദ്ദേശത്തോടെ അതിന് എൻ.ഒ.സി.ക്കായി ധനാഢ്യനായ ഒരു മുതലാളി വലിയ കൈക്കൂലി ഓഫറുമായി വില്ലേജ് ഓഫീസറെ സമീപിക്കുന്നു. പക്ഷെ സത്യസന്ധനായ വില്ലേജ് ഓഫീസർ പരിസ്ഥിതി ആഘാതമുണ്ടാക്കുന്ന ആ കമ്പനിക്ക് എൻ.ഒ.സി. നിഷേധിച്ച് നിലം നികത്തലിനെതിരായി സർക്കാരിലേക്ക് റിപ്പോർട്ട് കൊടുക്കുന്നു. മുതലാളി വില്ലേജ് ഓഫീസറുടെ കുടുംബം നശിപ്പിക്കാൻ എടുക്കുന്ന പ്രവർത്തനങ്ങളിലൂടെ നാടകം പുരോഗമിക്കുന്നു. വില്ലേജ് ഓഫീസറുടെ മകനേയും മുതലാളിയുടെ മകളേയും രാത്രി ഒരുമിച്ച് ബസ്‌ സ്റ്റോപ്പിൽ കാണുന്ന നാട്ടുകാർ സദാചാര പോലീസിങ്ങ് ചമഞ്ഞ് അവരെ പോലീസിൽ ഏൽപ്പിക്കുന്നതും അവിടെ നിന്ന് ജാമ്യത്തിൽ ഇറങ്ങുന്ന അവർ പിന്നീട് പ്രേമിക്കുന്നതും വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിക്കുന്നതും ഭാര്യയായി സ്വീകരിച്ച കാമുകിവഴി വീട്ടിൽ സ്വസ്ഥത നഷ്ടപ്പെടുന്നതും തുടങ്ങിയ സംഭവങ്ങൾ. ജീവിതകാലം മുഴുവൻ സത്യസന്ധത പുലർത്തി ജീവിച്ച സർക്കാർ ഉദ്യോഗസ്ഥന്റെ കഥ വളരെ നന്നായി ആവിഷ്കരിച്ചിരിച്ചിരിക്കുന്നു. അഭിനയക്കുന്ന എല്ലാവരും കഥാപാത്രങ്ങളോട് നീതി പുലർത്തിയിട്ടുണ്ട്. മുതലാളിയായി അഭിനയിച്ച കലാശാലമുരളിയാണ് മികച്ച് നിൽക്കുന്നത്. നാടകം മൊത്തത്തിൽ നന്നായെന്ന് പറയാമെങ്കിലും നാടകത്തിന്റെ സസ്പെൻസ് കാത്ത് സൂക്ഷിക്കാൻ കഥക്ക് കഴിയുന്നില്ല. തുടക്കത്തിൽ തന്നെ പ്രാവിന്റെയും കാക്കയുടേയും സംസാരത്തിലൂടെ പ്രേക്ഷകൻ കഥ മനസ്സിലാക്കുകയാണ്. കേട്ട് മടുത്തൊരു പ്രമേയം. എങ്കിലും അവതരണം നന്നായിയെന്ന് പറയാം. 

പിറ്റേദിവസം ഞായറാഴ്ച കായംകുളം സപര്യയുടെ 'ദൈവത്തിന്‍റെ പുസ്തകം'അരങ്ങേറി. രചന- കെ.സി. ജോര്‍ജ്ജ് കട്ടപ്പന, സംവിധാനം - സുരേഷ്ദിവാകരന്‍. നിയമങ്ങൾ മനുഷ്യന് വേണ്ടി ഉണ്ടാക്കപ്പെട്ടതാണ്.മനുഷ്യൻ നിയമങ്ങൾക്ക് വേണ്ടിയുള്ളതല്ല. 'പോക്സൊ ' നിയമത്തെ(കുട്ടികളെ ലൈംഗീകചൂഷണം ചെയ്യുന്നതിന് എതിരെയുള്ള നിയമം ) തെറ്റായി വ്യാഖ്യാനിച്ച് ഒരു കുടുംബത്തെ നശിപ്പിക്കുന്ന കഥ വളരെ നന്നായി അവതരിപ്പിക്കുന്ന നാടകമാണ് 'ദൈവത്തിന്റെ പുസ്തകം'. സ്റ്റുഡൻസ് പ്രൊട്ടക്ഷൻ കൗൺസിൽ എന്ന ഒരു അംഗീകൃതമല്ലാത്ത സംഘടന സ്കൂളിൽ വന്ന് അധികൃതരുടെ അനുവാദത്തോടെ മനശാസ്ത്ര ക്ലാസ്സെടുക്കാൻ ഏജൻസിയെ ഏർപ്പെടുത്തുന്നതും തെറ്റായ കാര്യങ്ങൾ ചോദിച്ച് കുട്ടികൾ മനസ്സിൽപോലും വിചാരിക്കാത്ത കാര്യങ്ങൾ കുട്ടികളെക്കൊണ്ട് പറയിപ്പിക്കുന്നതും പറഞ്ഞ കാര്യങ്ങൾ പോലീസിൽ കൊടുത്ത് കുട്ടിയുടെ അഛനെതിരെ കേസെടുത്ത് വിചാരണക്കായി അഛനെ ജയിലിൽ അടക്കുന്നതും പിന്നീട് സത്യം തെളിഞ്ഞ് അഛൻ ജയിൽ മോചിതനാകുന്നതുമാണ് ഇതിവൃത്തം. പുതുമയുള്ള കഥ. മകളെ ജീവനു തുല്യം സ്നേഹിക്കുന്ന, ലാളിക്കുന്ന ഒരന്റെ കഥ, സംതൃപ്തമായ ഒരു കുടുംബത്തിന്റെ കഥ. ഉദ്വേഗജനകമായ രംഗങ്ങൾ. ഭാര്യഭർത്താക്കന്മാർ തമ്മിൽ പൊരുത്തക്കേടുള്ള, പരസ്പരം കലഹിക്കുന്ന മറ്റൊരു കുടുംബത്തേയും അവതരിപ്പിക്കുന്നുണ്ട് ഈ നാടകത്തിൽ. നടീനടന്മാർ എല്ലാവരും കഥാപാത്രങ്ങളോട് നീതി പുലർത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ അഛനായി വേഷമിട്ട കരുമം സുരേഷാണ് മികച്ചുനിൽക്കുന്നത്. ശബ്ദ നിയന്ത്രണം കൊണ്ടും മികച്ച ഭാവാഭിനയംകൊണ്ടും കഥാപാത്രത്തെ പൂർണ്ണമായി ഉൾക്കൊണ്ടു അദ്ദേഹം. കഥാപാത്രമായി ജീവിക്കുകയായിരുന്നു എന്നു പറയാം. ഈ വർഷം ഇറങ്ങിയ ഒരു നല്ല നാടകമാണ് കായംകുളം സപര്യയുടെ 'ദൈവത്തിന്റെ പുസ്തകം.' ഇതിനകം നിരവധി അവാർഡുകൾ കരസ്ഥമാക്കി 'ദൈവത്തിന്റെ പുസ്തകം'. ചേർത്തല നെഹ്റു ഫൗണ്ടേഷൻ കരുമം സുരേഷിന് മികച്ച നടനുള്ള അവാർഡ് കൊടുത്തു. പാലാരിവട്ടം പി.ഒ.സി.യിൽ നടന്ന നാടക മത്സരത്തിൽ കെ.സി.ബി.സി.യുടെ മൂന്ന് അവാർഡുകൾ. ഗുരുവായൂർ സി.സി.സി.യുടെ നാടക മത്സരത്തിൽ ഏഴ് അവാർഡുകൾ. 
                                നാടകങ്ങൾ പ്രേക്ഷകരിലെത്തിക്കാനുള്ള സമീക്ഷയുടെ താല്പര്യത്തിന് പ്രത്യേകം നന്ദി പറയുന്നു. ജീവിത യാഥാർത്ഥ്യ ങ്ങൾക്ക് മൂല്യച്ചുതി സംഭവിക്കുമ്പോൾ, സത്യവും സ്വാതന്ത്യവും നിഷേധിക്കപ്പെടുമ്പോൾ നാടകങ്ങൾ മനുഷ്യ മനസിനെ ഊതി ഉണർത്തുന്നു.അതു കൊണ്ടു തന്നെ നാടകം എന്ന കലാരൂപം എക്കാലവും നിലനിൽക്കാൻ കലാ സ്നേഹികൾ നിതാന്ത ജാഗ്രത പുലർത്തണം.

2018, ഡിസംബർ 1, ശനിയാഴ്‌ച

തിരുമുടിക്കുന്ന് പള്ളിയില്‍ ജൂബിലേറിയന്‍മാരേയും നവദമ്പതികളേയും ആദരിച്ചു

ജൂബിലേറിയന്‍മാരേയും നവദമ്പതികളേയും ആദരിച്ചു .
തിരുമുടിക്കുന്ന് - ചെറുപുഷ്പം പള്ളിയില്‍ ഗ്രേസ് റിപ്പിള്‍സിന്‍റേയും ട്രിനിറ്റി കപ്പിള്‍സ് മിനിസ്റ്ററിയുടേയും ആഭിമുഖ്യത്തില്‍ വിവാഹത്തിന്‍റെ ഇരുപത്തിയഞ്ചും അന്‍പതും വര്‍ഷങ്ങള്‍ പിന്നിട്ട ജൂബിലേറിയന്‍മാരേയും നവദമ്പതികളേയും ആദരിച്ചു. ഇന്നലെ രാവിലെ 6- 45ന് നടന്ന ആഘോഷമായ പാട്ടുകുര്‍ബ്ബാനക്ക് വികാരി ഫാ. പോള്‍ ചുള്ളി കാര്‍മ്മികത്വംവഹിച്ചു. പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കുശേഷം പാരീഷ്ഹാളില്‍ വികാരിയച്ചന്‍റെ അദ്ധ്യക്ഷതയില്‍ അനുമോദനയോഗംചേര്‍ന്നു. ചെറ്റാനിയില്‍ ജോസ്- തങ്കം ദമ്പതികള്‍ സ്വാഗതം പറഞ്ഞു. കൊരട്ടി ഫൊറോന പ്രൊമോട്ടര്‍ പെരുമായന്‍ ബേബി- ഡാലി ദമ്പതികള്‍ ഗ്രേസ് റിപ്പിള്‍സ് ദമ്പതി കോണ്‍ഫ്രന്‍സിനെക്കുറിച്ച് വിശദീകരിച്ചു. പള്ളിപ്പാടന്‍ ജോസ്- എല്‍സി ദമ്പതികള്‍ ജൂബിലേറിയന്‍മാരേയും നവദമ്പതികളേയും അനുമോദിച്ചു. പെരേപ്പാടന്‍ ബിജോയ്- ജോഷ്മ, പാറേക്കാടന്‍ ജോയ്- ജിജി ദമ്പതികള്‍ എന്നിവര്‍ മറുപടി പ്രസംഗം പറഞ്ഞു. എറണാകുളം- അങ്കമാലി അതിരൂപത ട്രിനിറ്റി കപ്പിള്‍സ് മിനിസ്റ്ററി സെക്രട്ടറി അവരാച്ചന്‍ തച്ചില്‍, ആനിമേറ്റര്‍ സിസ്റ്റര്‍ സില്‍വെസ്റ്റര്‍, കൈക്കാരന്മാരായ ബിനു മഞ്ഞളി, ജോയിജോണ്‍, വൈസ്ചെയര്‍മാന്‍ ഷോജിഅഗസ്റ്റിന്‍, അപ്രേം കല്ലേലി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. ജൂബിലേറിയന്‍മാര്‍ക്കും നവദമ്പതികള്‍ക്കും വികാരി സമ്മാനങ്ങള്‍ നല്‍കി. യോഗത്തിനുശേഷം സ്നേഹവിരുന്നും ഉണ്ടായിരുന്നു.

2018, നവംബർ 30, വെള്ളിയാഴ്‌ച

സപ്തതി പ്രഭയില്‍ റവ. ഡോ. അഗസ്റ്റിന്‍ വല്ലൂരാന്‍. V C

                   സപ്തതി പ്രഭയില്‍ റവ. ഡോ. അഗസ്റ്റിന്‍ വല്ലൂരാന്‍ VC

 പ്രഗത്ഭനായ വാഗ്മി, പണ്ഡിതനായ സുവിശേഷ പ്രഘോഷകന്‍, മികച്ച സംഘാടകന്‍ തുടങ്ങിയ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച റവ. ഡോ. അഗസ്റ്റിന്‍ വല്ലൂരാന് ഇത് സപ്തതിയുടെ നാളുകള്‍. 1949 ജനുവരി 4ന് ത്റ്ശൂര്‍ ജില്ലയില്‍ തിരുമുടിക്കുന്നില്‍ വല്ലൂരാന്‍ പൗലോസ് ദേവസിയുടേയും റോസിയുടേയും ഇളയമകനായി അദ്ദേഹം ജനിച്ചു. എറണാകുളം- അങ്കമാലി അതിരൂപതയിലെ കൊരട്ടി ഫൊറോനയുടെ കീഴിലുള്ള തിരുമുടിക്കുന്ന് ചെറുപുഷ്പം പള്ളിയാണ് ഇടവകപള്ളി. വാലുങ്ങാമുറി എച്ച്.എം.എല്‍.പി.സ്കുള്‍, തിരുമുടിക്കുന്ന് പി.എസ്.യു.പി.എസ്, കൊരട്ടി എം.എ.എം.ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. മാതാപിതാക്കളില്‍നിന്നും ലഭിച്ച ആത്മീയതയുടെ ദൈവീക ഭാവങ്ങള്‍ ഹ്റ്ദയത്തില്‍ സൂക്ഷിച്ച് അള്‍ത്താര ബാലനായും വിവിധ ഭക്തസംഘടനകളില്‍ പ്രവര്‍ത്തിച്ചും, പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞപ്പോള്‍, വൈദിക പഠനത്തിനായി സെമിനാരിയില്‍ ചേര്‍ന്നു. പരസ്നേഹ പ്രവര്‍ത്തനങ്ങളുടെ മദ്ധ്യസ്ഥനായ വി. വിന്‍സെന്‍റ് ഡീപോളിന്‍റെ പ്രേഷിത ചൈതന്യത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട്, പാവപ്പെട്ടവരുടേയും കഷ്ടതകള്‍ അനുഭവിക്കുന്നവരുടേയും ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക, ക്രിസ്തുവിന്‍റെ സുവിശേഷം ലോകമെമ്പാടും അറിയിക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടെ സ്ഥാപിതമായ വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷനിലാണ് വൈദിക പഠനത്തിനായി ചേര്‍ന്നത്. മംഗലപ്പുഴ സെമിനാരിയിലും പൂനയിലെ സെമിനാരിയിലുമായി വൈദിക പഠനം പൂര്‍ത്തിയാക്കി. 1974ല്‍ അഭിവന്ദ്യ സെബാസ്റ്റ്യന്‍ മങ്കുഴിക്കരി പിതാവില്‍നിന്നും വൈദികപട്ടം സ്വീകരിച്ചു. ഫാ. സെബാസ്റ്റ്യന്‍ ശങ്കുരിക്കല്‍ ആയിരുന്നു അന്ന് തിരുമുടിക്കുന്ന് പള്ളി വികാരി. പിന്നീട് ഉപരിപഠനങ്ങള്‍ക്കായി സഭാധികാരികള്‍ അദ്ദേഹത്തെ റോമിലേക്കയച്ചു. റോമില്‍നിന്ന് ദൈവശാസ്ത്രത്തില്‍ ഗോള്‍ഡ്മെഡലോടെ ഡോക്ടറേറ്റ് നേടി. ഭാരതീയ ചിന്താധാരകളെ കൈസ്തവ ദര്‍ശനങ്ങളിലൂടെ നോക്കിക്കണ്ടുകൊണ്ട് രൂപപ്പെടുത്തിയതായിരുന്നു അദ്ദേഹം സമര്‍പ്പിച്ച തീസിസ്സ്. അന്നത്തെ ഇന്ത്യന്‍ പ്രസിഡന്‍റ് ആയിരുന്ന ഡോ. ശങ്കര്‍ ദയാല്‍ ശര്‍മ്മയുമായി തീസിസ്സ് വിഷയങ്ങള്‍ പങ്കുവച്ചപ്പോള്‍ പ്രസിഡന്‍റ് റവ. ഡോ. അഗസ്റ്റിന്‍ വല്ലൂരാനെ പ്രത്യേകം അഭിനന്ദിച്ചിട്ടുണ്ട്. കേരളത്തില്‍ തിരിച്ചുവന്ന അദ്ദേഹം മംഗലപ്പുഴ സെമിനാരിയില്‍ വൈദിക വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുകയും അതോടൊപ്പം മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുകയും ചെയ്തു. ഇന്ന് കേരളത്തിലും വിദേശത്തുമുള്ള പ്രഗത്ഭരായ വൈദികര്‍ അദ്ദേഹത്തിന്‍റെ ശിഷ്യരായുണ്ട്. ദീപിക ദിനപത്രത്തിന്‍റെ ഇപ്പോഴത്തെ ചീഫ് എഡിറ്റര്‍ റവ. ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍, തിരുമുടിക്കുന്ന് പള്ളിവികാരി റവ. ഫാ.പോള്‍ ചുള്ളി തുടങ്ങിയവര്‍ അദ്ദേഹത്തിന്‍റെ ശിഷ്യരില്‍ ചിലരാണ്. വാര്‍ത്താമാധ്യമരംഗത്തെ കുതിച്ചുചാട്ടത്തെ മുന്നില്‍കണ്ട് ഡിവൈന്‍ വിഷന്‍ എന്ന ദ്റ്ശ്യമാധ്യമം സ്ഥാപിക്കുകയും കൈസ്തവ മൂല്യങ്ങളിലൂന്നിനിന്നുകൊണ്ട് വാര്‍ത്തകള്‍ പ്രക്ഷേപണം ചെയ്യുകയും ചെയ്തുവന്നു. ഇപ്പോള്‍ വിപുലീകരിച്ച് ' ഗുഡ്നെസ്സ് 'എന്ന പേരില്‍ ടെലിവിഷന്‍ ചാനല്‍ പ്രവര്‍ത്തിപ്പിക്കുകയും അദ്ദേഹം അതിന്‍റെ മാനേജിങ്ങ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. എല്ലാ ദിവസവും ഗുഡ്നെസ്സ് ടി.വിയില്‍ 'Living Water' എന്ന പരിപാടിയില്‍ വചനപ്രഘോഷണം നടത്തുന്നു. ഇതിനുപുറമെ, തുടര്‍ച്ചയായി ഇന്‍ഡ്യയുടെ വിവിധ ഭാഗത്തും വിദേശത്ത് വിവിധ രാജ്യങ്ങളിലും വചനപ്രഘോഷണം ചെയ്തുകൊണ്ടിരിക്കുന്നു. സപ്തതിയുടെ നിറവില്‍ ആയിരിക്കുന്ന റവ. ഡോ. അഗസ്റ്റിന്‍ വല്ലൂരാന് എല്ലാവിധ മംഗളങ്ങളും ആശംസിക്കുന്നു. ദീര്‍ഘായുസ്സും ദൈവാനുഗ്രഹവും ഉണ്ടാകട്ടെയെന്ന് സര്‍വ്വശക്തനായ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. റവ. ഡോ. അഗസ്റ്റിന്‍ വല്ലൂരാന്‍റെ ഷഷ്ടിപൂര്‍ത്തിയും റവ. ഫാ. അഗസ്റ്റിന്‍ വല്ലൂരാന്‍ സീനിയറിന്‍റെ സപ്തതിയും റവ. സിസ്റ്റര്‍ ഒസ്വാള്‍ഡിന്‍റെ സഭാവസ്ത്ര സ്വീകരണത്തിന്‍റെ ഗോള്‍ഡണ്‍ ജൂബിലിയും ആഘോഷവേളയില്‍നിന്ന് ചില കാഴ്ചകള്‍...... https://www.youtube.com/watch?v=-Xm3I5iHVJAhttps://youtu.be/6RVKBKzNv_Y

2018, നവംബർ 29, വ്യാഴാഴ്‌ച

തിരുമുടിക്കുന്ന് പള്ളിയില്‍ ശ്രാദ്ധതിരുനാള്‍ 2018 നവംബര്‍ 30ന്


തിരുമുടിക്കുന്ന് പള്ളിയില്‍ ശ്രാദ്ധതിരുനാള്‍ 30ന് .
തിരുമുടിക്കുന്ന് - ചെറുപുഷ്പം പള്ളിയില്‍ മരിച്ചവര്‍ക്കായുള്ള ശ്രാദ്ധതിരുനാള്‍ വരുന്ന 30ന് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. വെള്ളിയാഴ്ച വൈകിട്ട് 6ന് നടക്കുന്ന ആഘോഷമായ റാസകുര്‍ബ്ബാനക്ക് വികാരി ഫാ. പോള്‍ ചുള്ളി മുഖ്യ കാര്‍മ്മികത്വം വഹിക്കും. പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കുശേഷം പാരീഷ്ഹാളില്‍ ശ്രാദ്ധഉൗട്ട് ഉണ്ടായിരിക്കുന്നതാണ്. ശ്രാദ്ധതിരുനാളിന്‍റെ മുഴുവന്‍ കര്‍മ്മങ്ങളിലും പങ്കെടുക്കുവാനും മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാനും വികാരി പോള്‍ ചുള്ളി അഭ്യര്‍ത്ഥിച്ചു. ശ്രാദ്ധതിരുനാളിന്‍റെ ഉൗട്ടുപുരയില്‍നിന്ന്....

പി.എസ്.ഹയര്‍ സെക്കന്‍ഡറി സ്കുള്‍ വാര്‍ഷികം 2018- 2019

പി.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ വാര്‍ഷികവും അധ്യാപക- രക്ഷാകര്‍ത്റ് ദിനവും ആഘോഷിച്ചു.
തിരുമുടിക്കുന്ന് - പി.എസ്. ഹയര്‍ സെക്കന്‍ഡറി സ്കുള്‍ വാര്‍ഷികവും അധ്യാപക- രക്ഷാകര്‍ത്റ് ദിനവും സമുചിതമായി ആഘോഷിച്ചു. ദീര്‍ഘകാലത്തെ സേവനത്തിനുശേഷം സര്‍വ്വീസില്‍നിന്ന് വിരമിച്ച ഹൈസ്കൂള്‍ അധ്യാപകരായ കെ.എ.പൗലോസ്, കെ.ആര്‍.ലിസി എന്നിവര്‍ക്ക് യാത്രയയപ്പ് നല്‍കി. സ്കൂള്‍ മാനേജരും തിരുമുടിക്കുന്ന് പള്ളിവികാരിയുമായ ഫാ.പോള്‍ ചുള്ളിയുടെ അധ്യക്ഷതയില്‍കൂടിയ പൊതുയോഗം കൊരട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കുമാരിബാലന്‍ ഉദ്ഘാടനംചെയ്തു. പ്രിന്‍സിപ്പാള്‍ ടി.ജെ.സിജൊ സ്വാഗതം പറയുകയും ഹെഡ്മാസ്റ്റര്‍ ബെന്നിവര്‍ഗ്ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിക്കുകയുംചെയ്തു. കോര്‍പ്പറേറ്റ് മാനേജര്‍ റവ.ഡോ.പോള്‍ ചിറ്റിനപ്പിള്ളി മുഖ്യ പ്രഭാഷണംനടത്തി. വാര്‍ഡ്മെമ്പര്‍ രജനീരാജു വിരമിച്ച അധ്യാപകരുടെ ഫോട്ടൊകള്‍ അനാച്ഛാദനംചെയ്തു. ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഡെയ്സിഡേവീസ് എന്‍ഡോവ്മെന്‍റുകള്‍ വിതരണംചെയ്തു. പി.ടി.എ.പ്രസിഡന്‍റ് എ.എ.ബിജു, പള്ളി ട്രസ്റ്റി ജോയി കണ്ടംകുളത്തി, അധ്യാപകരായ ജിജിലൂയിസ്, രാഖിജോസ്, എം.വി.മോളി, എം.ഡി. ഷാജി, മദര്‍ പി.ടി.എ.പ്രസിഡന്‍റ് ഷിജിപോളി, വിദ്യാര്‍ത്ഥികളായ ജിഫ്റ്റൊ പി ജിന്നി, ഡെല്‍വിന്‍ഡെന്‍സന്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സര്‍വ്വീസില്‍നിന്ന് വിരമിച്ച അധ്യാപകരായ കെ.എ. പൗലോസ്, കെ.ആര്‍.ലിസി മറുപടി പ്രസംഗംനടത്തി. യോഗാനന്തരം വിദ്യാര്‍ത്ഥികളുടെ കലാവിരുന്നും ഉണ്ടായിരുന്നു.