.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2019, മാർച്ച് 6, ബുധനാഴ്‌ച

തിരുമുടിക്കുന്ന് മുടപ്പുഴ ഡാം

മുടപ്പുഴ ഡാം പുനരുദ്ധരിക്കാൻ ആലോചനായോഗം ചേർന്നു.

കൊരട്ടി തിരുമുടിക്കുന്ന് മുടപ്പുഴ ഡാം പുനരുദ്ധരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ കൊരട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.തോമസിന്റെ അദ്ധ്യക്ഷതയിൽ ഡാം പരിസരത്തുള്ള അംഗൻവാടി കോമ്പൗണ്ടിൽ യോഗംചേർന്നു. പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കാർഷിക മേഖലക്ക് ഊന്നൽ നൽകുകയെന്ന ലക്ഷ്യംവച്ച് 1955 ൽ പണികഴിപ്പിച്ച മുടപ്പുഴ ഡാം ഇപ്പോൾ പായലും പാഴ്വസ്തുക്കളും നിറഞ്ഞ് ഉപയോഗശൂന്യമായിരിക്കുകയാണ്. പതിനാറ് അടി താഴ്ചയുണ്ടായിരുന്ന ഈ ഡാം മിക്കവാറും മൂടപ്പെട്ടിരിക്കുന്ന അവസ്ഥയിലാണ്. ലിഫ്റ്റ് ഇറിഗേഷൻ വഴി സുഗതി ജംഗ്ഷൻ, പെരുമ്പി ഭാഗത്തേക്ക് ജലം എത്തിക്കുന്നതിനോടൊപ്പം സമീപ പ്രദേശങ്ങളിലെ കിണറുകളിൽ വെള്ളം നിലനിർത്തുകയും ചെയ്യുന്ന വലിയൊരു ജലസംഭരണിയായിരുന്ന ഈ ഡാം പുനരുദ്ധരിക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ചാലക്കുടിപ്പുഴയിലെ തുമ്പൂർമുഴി റിവർഡൈവേർഷൻ സ്കീമിന്റെ ഇടതുകര കനാൽവഴി പോകുന്ന വെള്ളം മുടപ്പുഴ ഡാമിനെ ജലസമ്പുഷ്ടമാക്കുന്നു. പക്ഷെ, കാലാകാലങ്ങളിൽ അറ്റകുറ്റപണിയും ശുചീകരണവും നടക്കാത്തതുകൊണ്ട് പഞ്ചായത്തിലെ 8, ഒമ്പത്, പത്ത് വാർഡുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ സാധിക്കുമായിരുന്ന ഈ ഡാം ഇപ്പോൾ നശിച്ചു കൊണ്ടിരിക്കുകയാണ്. സെന്റ് മേരീസ് ഈസ്റ്റ്, സെന്റ് മേരീസ് വെസ്റ്റ്, പെരുമ്പി, സുഗതി ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലെ കിണറുകൾ മിക്കവാറും വററി തുടങ്ങി.  വൈസ് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഡാം പുനരുദ്ധാരണ അലോചനായോഗത്തിൽ പത്താം വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ ബിസിജോസ്, തിരുമുടിക്കുന്ന് പള്ളി വികാരി ഫാ.പോൾ ചുള്ളി, തങ്കച്ചൻ വിതയത്തിൽ, ലിജൊജോസ് തുടങ്ങിയവർ പ്രസംഗിച്ചു. നൂറോളംപേർ യോഗത്തിൽ പങ്കെടുത്തു. നാട്ടുകാരുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് ഡാം പുനരുദ്ധാരണത്തിന് ഉടൻ നടപടികളെടുക്കുമെന്ന് വൈസ്പ്രസിഡന്റ് കെ.പി.തോമസ് പറഞ്ഞു.


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ