.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2020, ജനുവരി 19, ഞായറാഴ്‌ച

ജനുവരി 20. വിശുദ്ധ സെബസ്ത്യാനോസിന്‍റെ ഓര്‍മ്മത്തിരുനാള്‍

ജനുവരി 20. വിശുദ്ധ സെബസ്ത്യാനോസിന്‍റെ ഓര്‍മ്മ തിരുനാള്‍ 
....................................

വി. സെബസ്ത്യാനോസ്
എ.ഡി. 225നോടടുത്ത് ഫ്രാന്‍സിലെ നര്‍ബോന്‍ പട്ടണത്തില്‍ വി. സെബസ്ത്യാനോസ് ജനിച്ചു എന്നാണ് പാരമ്പര്യ വിശ്വാസം . സാമ്പത്തിക ശേഷിയുള്ള കുടുംബത്തില്‍ ജനിച്ച അദ്ദേഹം റോമില്‍ പോയി സൈന്യത്തില്‍ ചേര്‍ന്നു. ജൂപിറ്റര്‍ ദേവന്റെ പിന്‍ഗാമികളാണ് തങ്ങളെന്ന് സ്വയം വിചാരിച്ചിരുന്ന റോമ ചക്രവര്‍ത്തിമാരെ ജനങ്ങളും പട്ടാളക്കാരും ആരാധിക്കണമെന്നായിരുന്നു നിയമം. അത് അംഗീകരിക്കാന്‍ സെബസ്ത്യാനോസിന് കഴിഞ്ഞില്ല. കൃസ്തുവിലുള്ള തന്റെ അടിയുറച്ച വിശ്വാസം രഹസൃമായി സൂക്ഷിച്ചുകൊണ്ട് പട്ടാളത്തിന്റെ ഇടയിലും ജയിലില്‍ കഴിഞ്ഞിരുന്നവരുടെ ഇടയിലും അദ്ദേഹം മിഷന്‍ പ്രവര്‍ത്തനം നടത്തി. സെബസ്ത്യാനോസ് കൃസ്ത്യാനിയാണെന്ന് ഒരു രഹസ്യ ദൂതന്‍ വഴി മനസ്സിലാക്കിയ ചക്രവര്‍ത്തി അദ്ദേഹത്തെ വിളിച്ച് കാരൃം ആരാഞ്ഞു. താന്‍ രാജൃത്തോടും ചക്രവര്‍ത്തിയോടും ഔദ്യോഗിക ചുമതലകളോടും അവിശ്വസ്തത കാണിച്ചിട്ടില്ലെന്നും , എന്നാല്‍ , തന്റെ പവിത്രമായ മതവിശ്വാസം ആരുടെ മുന്‍പിലും അടിയറ വെയ്ക്കാന്‍ സാധിക്കുകയില്ലെന്നും സെബസ്ത്യാനോസ്  ധൈരൃസമേതം ചക്രവര്‍ത്തിയോടു പറഞ്ഞു. കുപിതനായ ചക്രവര്‍ത്തി തീയില്‍ ദഹിപ്പിക്കുമെന്ന്  ഭീഷണിപ്പെടുത്തി. വഴങ്ങാതെ വന്നപ്പോള്‍ , സെബസ്ത്യാനോസിനെ മരത്തില്‍ ചേര്‍ത്ത് ബന്ധിച്ച് അമ്പെയ്ത് കൊല്ലാന്‍ ചക്രവര്‍ത്തി വിധിച്ചു. പടയാളികള്‍ ശിക്ഷ നടപ്പിലാക്കിയെങ്കിലും അദ്ദേഹം മരിച്ചിരുന്നില്ല. മരിക്കാറായ അദ്ദേഹത്തെ കൃസ്ത്യാനികള്‍ രഹസ്യമായി കൊണ്ടുപോയി ശുശ്രൂഷിച്ചു സുഖമാക്കി. വീണ്ടും അദ്ദേഹം കൊട്ടാരത്തില്‍ പോയി. കൊട്ടാരത്തില്‍ സെബസ്ത്യാനോസിനെ കണ്ട ചക്രവര്‍ത്തി , അദ്ദേഹത്തെ ഗദ കൊണ്ട് അടിച്ചുകൊല്ലാന്‍ കല്പിക്കുകയും പട്ടാളക്കാര്‍ ആ ക്രൂര കൃത്യം നടപ്പിലാക്കുകയും ചെയ്തു. അങ്ങനെ സെബസ്ത്യാനോസ് യേശുവിന് വേണ്ടി രക്തസാക്ഷിയായി. വിശുദ്ധ സെബസ്ത്യാനോസ് വഴിയായി നിരവധി അത്ഭുതങ്ങള്‍  നടക്കുന്നതായും രോഗശാന്തി ലഭിക്കുന്നതായും വിശ്വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു . ജനുവരി 20 ആണ് വിശുദ്ധ സെബസ്ത്യാനോസിന്റെ ഓര്‍മ്മതിരുനാള്‍ ( Feast ).   തിരുനാള്‍ മംഗളാശംസകള്‍ നേരുന്നു.   

2020, ജനുവരി 1, ബുധനാഴ്‌ച

2020 പുതുവത്സര ആഘോഷം ആന്ധ്രപ്രദേശില്‍


പുതുവത്സര ആഘോഷം ആന്ധ്രപ്രദേശിലെ  ബിമഡോളു ഗ്രാമത്തില്‍
................................................................
2020 പുതുവത്സരം ആന്ധ്രപ്രദേശിലെ ബിമഡോളു ഗ്രാമത്തില്‍ ഗ്രാമവാസികളോടും വിന്‍സെന്‍ഷ്യന്‍ കോണ്‍ഗ്രിഗേഷനിലെ വൈദികരോടും തിരുമുടിക്കുന്ന് ഇടവക വികാരി ഫാ. പോള്‍ ചുള്ളിയോടും വിശ്വാസ പരിശീലന അധ്യാപകരോടുമൊപ്പമാണ് ആഘോഷിച്ചത്.
തിരുമുടിക്കുന്ന് ചെറുപുഷ്പം ഇടവകയില്‍ മിഷന്‍ ഞായര്‍ ആചരണത്തിന്‍റെ ഭാഗമായി ഇടവകയില്‍നിന്ന് സംഭരിച്ച തുക ആന്ധ്രപ്രദേശിലെ ബിമഡോളു എന്ന മിഷന്‍ ഗ്രാമത്തിന് നേരിട്ട്  നല്‍കിക്കൊണ്ട്  കാരുണ്യത്തിന്‍റെ മഹനീയ സന്ദേശം നല്‍കിയിരിക്കുകയാണ് ഇടവകക്കാര്‍. കുടിക്കാന്‍ ശുദ്ധജലമോ, പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാന്‍ സൗകര്യമോ ഇല്ലാത്ത ഗ്രാമമാണ് ബിമഡോളു. അവിടെ കുടിവെള്ള ശുദ്ധീകരണ പദ്ധതിക്കുവേണ്ട ഉപകരണങ്ങള്‍ സ്ഥാപിച്ച് കുടിവെള്ളം ലഭ്യമാക്കി. വിശ്വാസ പരിശീലന പ്രധാന അധ്യാപകന്‍ ഫിജൊ പയ്യപ്പിള്ളിയുടെ നേതൃത്വത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും ഇടവകയിലെ വീടുകള്‍ കയറിയിറങ്ങിയാണ് തുക സംഭരിച്ചത്.  പ്രവൃത്തികൂടാത്ത വിശ്വാസം നിര്‍ജ്ജീവമാണെന്ന് ഇടവകക്കാര്‍ക്ക് ബോദ്ധ്യപ്പട്ടതുകൊണ്ടാണ് അവര്‍  പാവപ്പെട്ടവരെ സഹായിക്കാന്‍ തീരുമാനിച്ചതെന്ന്  വികാരി ഫാ. പോള്‍ ചുള്ളി പറഞ്ഞു. ഇപ്പോള്‍ ആന്ധ്ര മിഷനില്‍ സേവനംചെയ്യുന്ന തിരുമുടിക്കുന്ന് ഇടവക മുന്‍ അസിസ്റ്റന്‍റ് വികാരി ഫാ. ജോസഫ് കേളംപറമ്പില്‍ വി.സി. മുഖേനയാണ് ബിമഡോളു ഗ്രാമത്തില്‍ ശുദ്ധീകരണ പദ്ധതി നടപ്പാക്കിയത്.  വികാരി ഫാ. പോള്‍ ചുള്ളിക്കും അസിസ്റ്റന്‍റ് വികാരി ഫാ. ജിന്‍റൊ പടയാട്ടിനും വിശ്വാസ പരിശീലന അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇടവകക്കാര്‍ക്കും ഫാ. ജോസഫ് കേളംപറമ്പില്‍ നന്ദി പറഞ്ഞു.
എല്ലാവര്‍ക്കും പുതുവത്സര ആശംസകള്‍ നേരുന്നു.
.