.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2021 ജനുവരി 22, വെള്ളിയാഴ്‌ച

പുളിയനം പൗലോസ് - അഭിനയ രംഗത്തെ റിയലിസ്റ്റിക് നടൻ








 പുളിയനം പൗലോസ് അഭിനയം അനുഭവിക്കുന്ന നടൻ


 കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം, സാംസ്കാരിക വകുപ്പിൻ്റെ കീഴിലുള്ള നരേന്ദ്രപ്രസാദ് നാടക പഠന കേന്ദ്രത്തിൻ്റെ അഭിനയ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള പുളിയനം പൗലോസിനെ അമ്പലപ്പുഴ ആർട്ടിസ്റ്റ് കേശവൻ ഫൗണ്ടേഷൻ ആദരിക്കുന്നു. 2021ഫെബ്രുവരി10ന് ശ്രീ സി. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന യോഗം പൊതുമരാമത്ത്- രജിസ്ട്രേഷൻ മന്ത്രി ശ്രീ ജി. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ശ്രീ പി. തിലോത്തമൻ തുടങ്ങി രാഷട്രീയ കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. മലയാള നാടക രംഗത്തെ റിയലിസ്റ്റിക് നടന്മാരിൽ പ്രമുഖനാണ് ശ്രീ പുളിയനം പൗലോസ്. നടൻ, സംവിധായകൻ, നാടകകൃത്ത്, സംഘാടകൻ തുടങ്ങി അരങ്ങത്തും അണിയറയിലും നാടകത്തെ ഹൃദയത്തോട് ചേർത്തുപിടിച്ച പുളിയനം പൗലോസ്, അങ്കമാലി പൗർണ്ണമി എന്നപേരിൽ രൂപംകൊടുത്ത നാടകട്രൂപ്പിലൂടെയാണ് പ്രൊഫഷണൽ നാടക രംഗത്തേക്ക് വരുന്നത്. ശരറാന്തൽ, അഭിമുഖം, അരക്കില്ലം, തീർത്ഥാടനം, കൊടിമരം, കോവിലകം, ചിത്തിരത്തോണി, വരം, ദേവതാരു, ടൂറിസ്റ്റ് ഹോം, ഏകലവ്യൻ, സൂര്യദേശം, വഴിവിളക്ക്, മണിക്കിരീടം, എന്നീ നാടകങ്ങൾ പൗർണ്ണമിയിലൂടെ അദ്ദേഹം അവതരിപ്പിച്ചു..

ശരറാന്തലിലെ ഡോ. ജയന്‍, ഏകലവ്യനിലെ ദ്രോണാചാര്യര്‍, കൊടിമരത്തിലെ സുല്‍ത്താന്‍, മണിക്കിരീടത്തിലെ ആനക്കാരന്‍ എന്നിവയാണ് ശ്രദ്ധേയമായ വേഷങ്ങള്‍. കൊടിമരം മുതല്‍ പൗര്‍ണ്ണമിയുടെ എല്ലാ നാടകങ്ങളും സംവിധാനം ചെയ്തത് ശ്രീ പൗലോസാണ്. പൊന്‍കുന്നം വര്‍ക്കി, എ.എന്‍ ഗണേഷ്, ശ്രീമൂലനഗരം മോഹന്‍, അഡ്വ. മണിലാല്‍, ബാബു പള്ളാശ്ശേരി, ജോണ്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവരുടെ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വര്‍ഗ്ഗീസ് കാട്ടിപറമ്പന്‍, എന്‍.എഫ്.വര്‍ഗ്ഗീസ്, എം.കെ. വാര്യര്‍, ടി.എം.അബ്രഹാം, ജി.എ.ജോസ്, ജോര്‍ജ്ജ് വട്ടോലി, ജോസ് അമ്പൂക്കന്‍, കാഞ്ഞൂര്‍ മത്തായി തുടങ്ങിയവരുമായി വേദി പങ്കിട്ടിട്ടുണ്ട്.

അങ്കമാലി പൗര്‍ണ്ണമിയുടെ കൊടിമരം നാടകത്തില്‍ Iam David perera, പെരേര സായിപ്പിന്‍റെ കൊച്ചുമോന്‍ എന്ന് ഔസേപ്പന്‍ പറയുന്ന ഡയലോഗ് ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു. 
 സിനിമ - സീരിയൽ രംഗത്തും അഭിനയിച്ചുകൊണ്ടിരിക്കുന്നു. ബ്ലെസി സംവിധാനംചെയ്ത കാഴ്ച, ലാൽ ജോസിൻ്റെ വെളിപാടിൻ്റെ പുസ്തകം, തട്ടുംപുറത്ത് അച്ചുതൻ, സത്യൻ അന്തിക്കാടിൻ്റെ വിനോദയാത്ര തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയ രംഗത്ത് നാൽപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ട പുളിയനം പൗലോസ്, വിശ്രമമില്ലാതെ  തുടരുകയാണ്. ഭാര്യ സുശീല. മക്കൾ സുമി, സുധി, സുജി.

2021 ജനുവരി 21, വ്യാഴാഴ്‌ച

തുമ്പൂർമുഴിയുടെ മനോഹാരിത








 തുമ്പൂർമുഴി ജലസേചന പദ്ധതി സന്ദർശനം.


തുമ്പൂർമുഴിയുടെ മനോഹാരിത നിരവധി വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിലാണ് തുമ്പൂർമുഴി ഗ്രാമം. ചാലക്കുടി ജലസേചനപദ്ധതിയുടെ ഭാഗമായി ചാലക്കുടി പുഴയിൽ ചാലക്കുടിക്കും അതിരപ്പള്ളിയ്ക്കും ഇടയിൽ തുമ്പൂർമുഴി എന്ന ഗ്രാമത്തിൽ നിർമ്മിച്ചിരിക്കുന്ന തടയണയാണ് ഈ ഗ്രാമത്തിന്റെ പ്രധാന ആകർഷണകേന്ദ്രം. കനാൽ വഴിയുള്ള ജനസേചനപദ്ധതിക്കായി 1949 ൽ നിർമ്മാണം തുടങ്ങി 1959 പണിതീർത്തു. തുമ്പൂർമുഴിയെ ഏഴാറ്റുമുഖവുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലം നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. വിനോദസഞ്ചാരികൾക്ക് തുമ്പൂർമുഴിയിൽ നിന്ന് തൂക്കുപാലം വഴി ഏഴാറ്റുമുഖവും സന്ദർശിക്കാം.


തുമ്പൂർമുഴി തടയണയോട് ചേർന്ന് ഒരു പൂന്തോട്ടവും കുട്ടികൾക്കായി കളിസ്ഥലവും ഉണ്ട്. ശലഭങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് യോജിച്ചതാണ് ഈ പ്രദേശം. അതിനാൽ തന്നെ ഇവിടെ ധാരാളം ശലഭങ്ങളെ കാണുവാൻ സാധിക്കും. ശലഭങ്ങളുടെ പടം പിടിക്കാൻ താല്പര്യപ്പെടുന്നവരും ഇവിടെ സന്ദർശിക്കാറുണ്ട്.

2021 ജനുവരി 16, ശനിയാഴ്‌ച

ചാനൽ ചർച്ച


                               ചാനൽ ചർച്ച

കേരളത്തിലെ ചാനൽ ചർച്ചകളിൽ സ്ഥിരം കാണുന്ന സംഭവം. (ഫേസ്ബുക്ക് പോസ്റ്റിനോട് കടപ്പാട്)

 ടീച്ചർ ക്ലാസ് തുടർന്നുകൊണ്ടിരിക്കുകയാണ്: ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത് നിത്യജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന ചില സാധനങ്ങളുടെ ഇംഗ്ലീഷ് വാക്കുകളെക്കുറിച്ചാണ്.

ടീച്ചര്‍ :- കുട്ടി പറയൂ ; മാങ്ങയുടെ ഇംഗ്ലീഷ് വാക്ക് എന്താണ് ??'

കുട്ടി: ഈ വിഷയം ഇന്ന് പഠിപ്പിക്കുമെന്ന് ടീച്ചർ ഇന്നലെ പറഞ്ഞില്ല.  മാത്രമല്ലാ, ഇതേ കാര്യം ടീച്ചർ പല പ്രാവശ്യം ക്ലാസ്സെടുത്തിട്ടുള്ളതാണ്. വിഷയ ദാരിദ്യം ഉള്ളതുകൊണ്ടാണോ ഒരേ കാര്യം വീണ്ടും വീണ്ടും എടുക്കുന്നത്. സാരമില്ലാ, എങ്കിലും ഞാൻ ഉത്തരം പറയുകയാണ് .
ടീച്ചര്‍ എന്നോട് ചോദിച്ചത് വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. അതിന് എനിക്ക്  ഉത്തരം പറയാന്‍ കുറച്ച് സമയം തരണം.

ടീച്ചര്‍ :- പറയൂ.. മറ്റെല്ലാ കുട്ടികള്‍ക്കും ഒരു മിനിട്ട് സമയമാണ് കൊടുത്തത്, കുട്ടിക്കും അത്രയും സമയം തരാം'.

കുട്ടി :-  പിന്നെ,  ടീച്ചര്‍  ഒരുകാര്യം.. ഞാന്‍ പറയുമ്പോള്‍, ടീച്ചർ ഇടയ്ക്ക് കയറി തടസ്സപ്പെടുത്തരുത്'.

  ടീച്ചര്‍ :- ഇല്ല, കുട്ടി ഉത്തരം പറയൂ.. മാങ്ങയുടെ ഇംഗ്ലീഷ് വാക്ക് എന്താണ് ???'

കുട്ടി :- ശരി..ശരി.. പറയാം.. അതിന് മുന്‍പ് എന്‍റെ രണ്ട് സുഹൃത്തുക്കള്‍ പറഞ്ഞ കാര്യങ്ങളേക്കുറിച്ച്  ഒരു വാക്ക് പറഞ്ഞുകൊളളട്ടെ,  ആഫ്രിക്കന്‍ കാടുകളില്‍ കാണപ്പെടുന്ന ഒരു വൃക്ഷമാണ് ചക്ക ഉണ്ടാകുന്ന മരം.. അതവിടെ വളരാനുളള സാഹചര്യം എന്താണെന്ന് നമുക്ക്  നോക്കാം.. അതുപോലെ.....'

ടീച്ചര്‍ :- കുട്ടീ, സമയം കളയാതെ ഉത്തരം  അറിയാമെങ്കില്‍ പറയൂ'.

കുട്ടി :- ടീച്ചർ,‍ ഇടയ്ക്ക് കയറി തടസ്സപ്പെടുത്തല്ലേ.. ടീച്ചര്‍ ചോദിച്ച ചോദ്യത്തിന്‍റെ ഉത്തരത്തിലേക്കാണ് ഞാന്‍  വരുന്നത്, അതു  കേള്‍ക്കാനുളള സഹിഷ്ണുത ടീച്ചർ കാണിയ്ക്കണം. 

ടീച്ചര്‍ :- എങ്കില്‍  വേഗം പറയൂ....

കുട്ടി :- ഞാൻ അതിലേക്ക് തന്നെയാണ് വരുന്നത്..  എന്താണ് തേങ്ങ?? കേരളത്തിന്‍റെ കല്പവൃക്ഷ ഫലമല്ലേ ??? തേങ്ങയില്ലാതെ നമുക്ക് ചക്ക പാകം ചെയ്ത് കഴിക്കാന്‍ പറ്റുമോ ??  ടീച്ചര്‍ മറ്റ് രണ്ട് കുട്ടികളോടും ചോദിച്ചപ്പോള്‍ അവരെന്താണ് പറഞ്ഞത് ???

ടീച്ചര്‍ :- കുട്ടി.. ഞാന്‍ മറ്റ് രണ്ടു  പേരോടും ചക്കയുടെയും തേങ്ങയുടെയും ഇംഗ്ലീഷ് വാക്കുകൾ ആണ് ചോദിച്ചത്. അവരിലൊരാൾ jackfruit എന്നും മറ്റെയാൾ coconut എന്നും ഉത്തരം പറയുകയുണ്ടായി, അതിന്  ശേഷമാണ്  താങ്കളോട്  ചോദിച്ചത് മാങ്ങയുടെ ഇംഗ്ലീഷ് വാക്ക് എന്താണെന്ന്. താങ്കള്‍ക്ക് അതിനുളള ഉത്തരം അറിയാമെങ്കില്‍ പറയൂ.. എനിക്ക്  മറ്റ് കുട്ടികളോടും ‍ ചോദിക്കാനുളളതാണ്..

കുട്ടി :-  ഇതാണ് ഞാന്‍ പറഞ്ഞത്.. ടീച്ചര്‍ക്ക് ഇക്കാര്യത്തിൽ ഒരു അജണ്ട ഉണ്ടെന്ന്. ടീച്ചര്‍ ഉദ്ദേശിക്കുന്ന ഉത്തരം എന്നില്‍ നിന്ന് കിട്ടണം എന്ന്  വാശി പിടിക്കരുത്. ടീച്ചർ ആഗ്രഹിക്കുന്ന ഉത്തരം പറയാനല്ല ഞാൻ ഇവിടെ വന്നിരിക്കുന്നത് .

ടീച്ചർ: ശരി. താങ്കൾ ഉത്തരം പറയൂ. മാങ്ങയുടെ ഇഗ്ലീഷ് വാക്ക് എന്താണ്.?

കുട്ടി: മാങ്ങ എന്നത് മാവിൻ്റെ ഫലമാണല്ലോ? ഇത് ആർക്കാണ് അറിഞ്ഞുകൂടാത്തത്? പിന്നെ, ടീച്ചർ എന്തുകൊണ്ടാണ് ഈ ചോദ്യം എന്നോട് മാത്രം ചോദിച്ചത് എന്ന് എല്ലാവർക്കും അറിയാം. പ്രേക്ഷകർ എല്ലാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ.

ടീച്ചർ: ഉത്തരം പറയുന്നില്ലെങ്കിൽ താങ്കൾക്ക് അറിയില്ല എന്ന് കരുതട്ടെ!

കുട്ടി: ഇതാണ് ഞാൻ പറഞ്ഞത്. ടീച്ചർക്ക് ഒരു അജണ്ടയുണ്ടെന്ന്. ഈ ചോദ്യം ടീച്ചർ എങ്ങോട്ടാണ് കൊണ്ടു പോകുന്നതെന്ന് എല്ലാവർക്കുമറിയാം. കേരളത്തിലുള്ളവർ അരിയാഹാരമാണ് കഴിക്കുന്നത്.

ടീച്ചർ: അരിയാഹാരമല്ല കഴിക്കുന്നത് എന്ന് ഞാൻ പറഞ്ഞില്ലല്ലോ. അറിയാമെങ്കിൽ പറയൂ. മാങ്ങയുടെ ഇംഗ്ലീഷ് വാക്ക് എന്താണ്?

കുട്ടി: എത്രയെത്ര സാധനങ്ങളാണ് നാം നിത്യജീവിതത്തിൽ ഉപയോഗിക്കുന്നത്? എന്നിട്ട് എന്തുകൊണ്ട് മാങ്ങയുടെ മാത്രം ഇംഗ്ലീഷ് വാക്ക് എന്നോട് ചോദിക്കുന്നു. ഈ അടവ് എൻ്റെ അടുത്ത് എടുക്കാമെന്ന് വിചാരിക്കരുത്. ഇതിലപ്പുറം കണ്ടവരാണ് ഞങ്ങൾ! തീയ്യിൽ കുരുത്തത് വെയിലത്ത് വാടുകയില്ല. എത്ര മധുരമുള്ളതാണ് മാങ്ങ ? എത്ര പോഷകഗുണമുള്ളതാണ്.? ഈ നാട്ടിലെ സാധാരണക്കാരൻ്റേയും പാവപ്പെട്ടവൻ്റേയും ഭക്ഷണ പദാർത്ഥമാണ് മാങ്ങ. ഇതൊന്നും അറിയാത്തതല്ലല്ലോ ടീച്ചർക്ക്. ടീച്ചർ മനപ്പൂർവ്വം ചർച്ച വഴിതിരിച്ച് വിടുകയാണ്.

ടീച്ചർ: അപ്പോഴും മാങ്ങയുടെ ഇംഗ്ലീഷ് വാക്ക് അറിയില്ലായെന്ന് സമ്മതിക്കില്ല??

കുട്ടി: ഇവിടെ സമ്മതത്തിൻ്റേയും വിസമ്മതത്തിൻ്റേയും പ്രശ്നമൊന്നുമില്ല. മാങ്ങയുടെ മധുരം അറിയണമെങ്കിൽ പാവപ്പെട്ടവനോട് ചോദിക്കണം. എ. സി. മുറിയിലിരുന്ന് ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് അത് മനസ്സിലാവില്ല. ഇങ്ങനെയെങ്കിൽ ക്ലാസ് ഉപേക്ഷിക്കേണ്ടിവരും.

ടീച്ചർ: അവസാനമായി ഒന്നുകൂടി ചോദിക്കട്ടെ, മാങ്ങയുടെ ഇംഗ്ലീഷ് വാക്ക് എന്താണ്?......