ചാനൽ ചർച്ച
കേരളത്തിലെ ചാനൽ ചർച്ചകളിൽ സ്ഥിരം കാണുന്ന സംഭവം. (ഫേസ്ബുക്ക് പോസ്റ്റിനോട് കടപ്പാട്)
ടീച്ചർ ക്ലാസ് തുടർന്നുകൊണ്ടിരിക്കുകയാണ്: ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത് നിത്യജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന ചില സാധനങ്ങളുടെ ഇംഗ്ലീഷ് വാക്കുകളെക്കുറിച്ചാണ്.
ടീച്ചര്‍ :- കുട്ടി പറയൂ ; മാങ്ങയുടെ ഇംഗ്ലീഷ് വാക്ക് എന്താണ് ??'
കുട്ടി: ഈ വിഷയം ഇന്ന് പഠിപ്പിക്കുമെന്ന് ടീച്ചർ ഇന്നലെ പറഞ്ഞില്ല. മാത്രമല്ലാ, ഇതേ കാര്യം ടീച്ചർ പല പ്രാവശ്യം ക്ലാസ്സെടുത്തിട്ടുള്ളതാണ്. വിഷയ ദാരിദ്യം ഉള്ളതുകൊണ്ടാണോ ഒരേ കാര്യം വീണ്ടും വീണ്ടും എടുക്കുന്നത്. സാരമില്ലാ, എങ്കിലും ഞാൻ ഉത്തരം പറയുകയാണ് .
ടീച്ചര്‍ എന്നോട് ചോദിച്ചത് വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. അതിന് എനിക്ക് ഉത്തരം പറയാന്‍ കുറച്ച് സമയം തരണം.
ടീച്ചര്‍ :- പറയൂ.. മറ്റെല്ലാ കുട്ടികള്‍ക്കും ഒരു മിനിട്ട് സമയമാണ് കൊടുത്തത്, കുട്ടിക്കും അത്രയും സമയം തരാം'.
കുട്ടി :- പിന്നെ, ടീച്ചര്‍ ഒരുകാര്യം.. ഞാന്‍ പറയുമ്പോള്‍, ടീച്ചർ ഇടയ്ക്ക് കയറി തടസ്സപ്പെടുത്തരുത്'.
ടീച്ചര്‍ :- ഇല്ല, കുട്ടി ഉത്തരം പറയൂ.. മാങ്ങയുടെ ഇംഗ്ലീഷ് വാക്ക് എന്താണ് ???'
കുട്ടി :- ശരി..ശരി.. പറയാം.. അതിന് മുന്‍പ് എന്‍റെ രണ്ട് സുഹൃത്തുക്കള്‍ പറഞ്ഞ കാര്യങ്ങളേക്കുറിച്ച് ഒരു വാക്ക് പറഞ്ഞുകൊളളട്ടെ, ആഫ്രിക്കന്‍ കാടുകളില്‍ കാണപ്പെടുന്ന ഒരു വൃക്ഷമാണ് ചക്ക ഉണ്ടാകുന്ന മരം.. അതവിടെ വളരാനുളള സാഹചര്യം എന്താണെന്ന് നമുക്ക് നോക്കാം.. അതുപോലെ.....'
ടീച്ചര്‍ :- കുട്ടീ, സമയം കളയാതെ ഉത്തരം അറിയാമെങ്കില്‍ പറയൂ'.
കുട്ടി :- ടീച്ചർ, ഇടയ്ക്ക് കയറി തടസ്സപ്പെടുത്തല്ലേ.. ടീച്ചര്‍ ചോദിച്ച ചോദ്യത്തിന്‍റെ ഉത്തരത്തിലേക്കാണ് ഞാന്‍ വരുന്നത്, അതു കേള്‍ക്കാനുളള സഹിഷ്ണുത ടീച്ചർ കാണിയ്ക്കണം.
ടീച്ചര്‍ :- എങ്കില്‍ വേഗം പറയൂ....
കുട്ടി :- ഞാൻ അതിലേക്ക് തന്നെയാണ് വരുന്നത്.. എന്താണ് തേങ്ങ?? കേരളത്തിന്‍റെ കല്പവൃക്ഷ ഫലമല്ലേ ??? തേങ്ങയില്ലാതെ നമുക്ക് ചക്ക പാകം ചെയ്ത് കഴിക്കാന്‍ പറ്റുമോ ?? ടീച്ചര്‍ മറ്റ് രണ്ട് കുട്ടികളോടും ചോദിച്ചപ്പോള്‍ അവരെന്താണ് പറഞ്ഞത് ???
ടീച്ചര്‍ :- കുട്ടി.. ഞാന്‍ മറ്റ് രണ്ടു പേരോടും ചക്കയുടെയും തേങ്ങയുടെയും ഇംഗ്ലീഷ് വാക്കുകൾ ആണ് ചോദിച്ചത്. അവരിലൊരാൾ jackfruit എന്നും മറ്റെയാൾ coconut എന്നും ഉത്തരം പറയുകയുണ്ടായി, അതിന് ശേഷമാണ് താങ്കളോട് ചോദിച്ചത് മാങ്ങയുടെ ഇംഗ്ലീഷ് വാക്ക് എന്താണെന്ന്. താങ്കള്‍ക്ക് അതിനുളള ഉത്തരം അറിയാമെങ്കില്‍ പറയൂ.. എനിക്ക് മറ്റ് കുട്ടികളോടും ചോദിക്കാനുളളതാണ്..
കുട്ടി :- ഇതാണ് ഞാന്‍ പറഞ്ഞത്.. ടീച്ചര്‍ക്ക് ഇക്കാര്യത്തിൽ ഒരു അജണ്ട ഉണ്ടെന്ന്. ടീച്ചര്‍ ഉദ്ദേശിക്കുന്ന ഉത്തരം എന്നില്‍ നിന്ന് കിട്ടണം എന്ന് വാശി പിടിക്കരുത്. ടീച്ചർ ആഗ്രഹിക്കുന്ന ഉത്തരം പറയാനല്ല ഞാൻ ഇവിടെ വന്നിരിക്കുന്നത് .
ടീച്ചർ: ശരി. താങ്കൾ ഉത്തരം പറയൂ. മാങ്ങയുടെ ഇഗ്ലീഷ് വാക്ക് എന്താണ്.?
കുട്ടി: മാങ്ങ എന്നത് മാവിൻ്റെ ഫലമാണല്ലോ? ഇത് ആർക്കാണ് അറിഞ്ഞുകൂടാത്തത്? പിന്നെ, ടീച്ചർ എന്തുകൊണ്ടാണ് ഈ ചോദ്യം എന്നോട് മാത്രം ചോദിച്ചത് എന്ന് എല്ലാവർക്കും അറിയാം. പ്രേക്ഷകർ എല്ലാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ.
ടീച്ചർ: ഉത്തരം പറയുന്നില്ലെങ്കിൽ താങ്കൾക്ക് അറിയില്ല എന്ന് കരുതട്ടെ!
കുട്ടി: ഇതാണ് ഞാൻ പറഞ്ഞത്. ടീച്ചർക്ക് ഒരു അജണ്ടയുണ്ടെന്ന്. ഈ ചോദ്യം ടീച്ചർ എങ്ങോട്ടാണ് കൊണ്ടു പോകുന്നതെന്ന് എല്ലാവർക്കുമറിയാം. കേരളത്തിലുള്ളവർ അരിയാഹാരമാണ് കഴിക്കുന്നത്.
ടീച്ചർ: അരിയാഹാരമല്ല കഴിക്കുന്നത് എന്ന് ഞാൻ പറഞ്ഞില്ലല്ലോ. അറിയാമെങ്കിൽ പറയൂ. മാങ്ങയുടെ ഇംഗ്ലീഷ് വാക്ക് എന്താണ്?
കുട്ടി: എത്രയെത്ര സാധനങ്ങളാണ് നാം നിത്യജീവിതത്തിൽ ഉപയോഗിക്കുന്നത്? എന്നിട്ട് എന്തുകൊണ്ട് മാങ്ങയുടെ മാത്രം ഇംഗ്ലീഷ് വാക്ക് എന്നോട് ചോദിക്കുന്നു. ഈ അടവ് എൻ്റെ അടുത്ത് എടുക്കാമെന്ന് വിചാരിക്കരുത്. ഇതിലപ്പുറം കണ്ടവരാണ് ഞങ്ങൾ! തീയ്യിൽ കുരുത്തത് വെയിലത്ത് വാടുകയില്ല. എത്ര മധുരമുള്ളതാണ് മാങ്ങ ? എത്ര പോഷകഗുണമുള്ളതാണ്.? ഈ നാട്ടിലെ സാധാരണക്കാരൻ്റേയും പാവപ്പെട്ടവൻ്റേയും ഭക്ഷണ പദാർത്ഥമാണ് മാങ്ങ. ഇതൊന്നും അറിയാത്തതല്ലല്ലോ ടീച്ചർക്ക്. ടീച്ചർ മനപ്പൂർവ്വം ചർച്ച വഴിതിരിച്ച് വിടുകയാണ്.
ടീച്ചർ: അപ്പോഴും മാങ്ങയുടെ ഇംഗ്ലീഷ് വാക്ക് അറിയില്ലായെന്ന് സമ്മതിക്കില്ല??
കുട്ടി: ഇവിടെ സമ്മതത്തിൻ്റേയും വിസമ്മതത്തിൻ്റേയും പ്രശ്നമൊന്നുമില്ല. മാങ്ങയുടെ മധുരം അറിയണമെങ്കിൽ പാവപ്പെട്ടവനോട് ചോദിക്കണം. എ. സി. മുറിയിലിരുന്ന് ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് അത് മനസ്സിലാവില്ല. ഇങ്ങനെയെങ്കിൽ ക്ലാസ് ഉപേക്ഷിക്കേണ്ടിവരും.
ടീച്ചർ: അവസാനമായി ഒന്നുകൂടി ചോദിക്കട്ടെ, മാങ്ങയുടെ ഇംഗ്ലീഷ് വാക്ക് എന്താണ്?......
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ