.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2022, ഓഗസ്റ്റ് 31, ബുധനാഴ്‌ച

കൊരട്ടിക്ക് മറക്കാനാവാത്ത സെപ്റ്റംബർ

 

കൊരട്ടിയുടെ തലവര മാറ്റിയ ജെ&പി കോട്ട്സിലെ 1969 സെപ്റ്റംബറിലെ വെടിവയ്പ്പ്.

മറക്കാൻ കഴിയുകയില്ലൊരിക്കിലും 1969 സെപ്റ്റംബർ മാസത്തെ ആ സംഭവത്തെ. കൊരട്ടി പ്രദേശത്തിന്റെ തലവര മാറ്റിയ കൊരട്ടി ജെ ആന്റ് പി കോട്ട്സിലെ തൊഴിൽ സമരത്തെ തുടർന്നുണ്ടായ വെടിവയ്പിനെ !.
1952ൽ സർക്കാർ 99 വർഷത്തെ പാട്ടത്തിന് നൽകിയ 98 ഏക്കർ ഭൂമിയിലാണ് ജുമ്‌ന ത്രെഡ് മിൽസ് സ്ഥാപിതമായതും പിന്നീട് ജെ&പി കോട്ട്‌സ് ലിമിറ്റഡായി മാറിയതും. തുടർന്ന് 1980ൽ മധുരാകോട്ട്സ് ആവുകയും പിന്നീട് 1996-ൽ വൈഗ ത്രെഡിന് കൈമാറുകയുംചെയ്തു.
തൊഴിൽ തർക്കത്തെത്തുടർന്ന് 2013 ജനുവരി 23 മുതൽ അടഞ്ഞുകിടന്ന കൊരട്ടിയിലെ വൈഗൈ ത്രെഡ്‌സ് കമ്പനിയും അതിനോട് ചേർന്നുള്ള സ്വത്തുക്കളും ഏറ്റെടുക്കാൻ കർണാടക ഹൈക്കോടതി ഒരു ലിക്വിഡേറ്ററെ നിയമിച്ചു. 
തൊഴിൽ തർക്കത്തെത്തുടർന്ന് 2013 ജനുവരി മുതൽ അടഞ്ഞുകിടന്ന കൊരട്ടിയിലെ വൈഗ ത്രെഡ് പ്രോസസേഴ്‌സ് ലിമിറ്റഡ് ഏറ്റെടുക്കാൻ 2013 ജൂലൈ 4-ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു. സർക്കാർ തീരുമാനമനുസരിച്ച്  ഇപ്പോൾ തൃശൂർ ഇൻഫോപാർക്ക് ആയി പ്രവർത്തിക്കുന്നു.
1968- 1971 കാലഘട്ടത്തിലാണ് ഞാൻ എം.എ.എം. ഹൈസ്‌കൂളിൽ പഠിച്ചത്. കണ്ടംകുളത്തി ഔസേപ്പച്ചൻ, വി.കെ.വർഗീസ്, എടക്കുന്നിൽ നിന്നുളള വർഗ്ഗീസ്, പോൾസെബാസ്റ്റ്യൻ, ചാക്കപ്പൻചേട്ടൻ തുടങ്ങിവരൊരുമിച്ച് നടന്നാണ് കൊരട്ടിയിലേക്ക് പോയിക്കൊണ്ടിരുന്നത്. പിന്നീട് വേഴപ്പറമ്പൻ ജോയി, പാപ്പുട്ടിയെന്ന വർഗീസ്, പള്ളിപ്പാടൻ ജോസ് തുടങ്ങിയവർ കൂട്ടിനുണ്ടായി. 1970ആയപ്പോഴേക്കും തൃശൂർ- നാലുകെട്ട് പീച്ചി ട്രാൻസ്‌പോർട്ട് എന്ന ബസും ഓടിത്തുടങ്ങിയിരുന്നു. തിരുമുടിക്കുന്ന് പള്ളി നടയിൽനിന്ന് പിന്നീട് കെ.ബിഎസ്, തുടർന്ന് ചോറ്റാനിക്കര അമ്മ എന്നീ ബസുകളും ഓടിതുടങ്ങിയിരുന്നു. എന്റെ അപ്പൻ അക്കാലത്ത് ജെ&പി കോട്സിൽ ജീവനക്കാരനായിരുന്നു. പി.ഡി.ജോസഫ് ചേട്ടൻ, പ്ലാശ്ശേരി ദേവസിചേട്ടൻ, വേഴപ്പറമ്പൻ ദേവസിക്കുട്ടിചേട്ടൻ, മേലാപ്പിള്ളി വറുതുണ്ണിഅപ്പൂപ്പൻ, വല്ലൂരാൻ റോസി ഇളയമ്മ, തിരുമുടിക്കുന്ന് പള്ളി അങ്ങാടിയിലെ ഹോമിയോ ഡോക്ടറുടെ മകൻ പ്രേമൻ, വാലുങ്ങാമുറിയിലെ ചൂരക്കൽ പൗലോസ് മാസ്റ്ററുടെ ഭാര്യ, പറോക്കാരൻ(മണ്ടി) ഇട്ടൂപ്പ് ചേട്ടന്റെ ഭാര്യ, ഗാന്ധിഗ്രാം ആശുപത്രിയുടെ അടുത്തുള്ള ആലുക്ക പത്രോസ് ഭാര്യ ഏല്യ, വെളിയത്തുപറമ്പൻ ചാക്കുചേട്ടൻ തുടങ്ങിയവർ സഹ പ്രവർത്തകരായിരുന്നു. മഞ്ഞളി പോളച്ചൻ ചേട്ടൻ, കല്ലുങ്കൽ ആന്റണി ചേട്ടൻ, കിഴക്കുമ്പുറം മാത്തുചേട്ടൻ, പി.ടി.വർക്കിചേട്ടൻ, വല്ലൂരാൻ കൊച്ചുപൗലൊ ഇളയപ്പൻ, തച്ചിൽ ജോസേട്ടൻ, വി.ഡി. ജോയി, മൈനാട്ടിപറമ്പിൽ വർഗ്ഗീസ്(കുട്ടപ്പൻ) ചേട്ടന്റെ ഭാര്യ, എം.വി.ജോസ്, വല്ലൂരാൻ പൗലോസ്, പഞ്ഞിക്കാരൻ ദേവസിയുടെ( കുട്ടപ്പൻ)അമ്മ, ദേവസി(കുട്ടപ്പൻ) തുടങ്ങിയവർ അവിടത്തെ ജീവനക്കാരായിരുന്നു. രണ്ടായിരത്തിലധികം ജീവനക്കാരുണ്ടായിരുന്ന കമ്പനിയായിരുന്നുവെന്നാണ് മനസ്സിലാക്കുന്നത്.
ജെ&പി.കോട്ട്സിൽ തൊഴിൽ തർക്കത്തെ തുടർന്ന്  സമരങ്ങളും ലാത്തിചാർജ്ജും പിന്നീട് വെടിവയ്പിൽ കലാശിക്കുകയാണുണ്ടായത്. അൻപത്തിമൂന്ന് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. 1969 സെപ്റ്റംബറിൽ നടന്ന വെടിവെയ്പ്പിന്റെ ശബ്ദം അന്ന് എം.എ.എം.എച്ച്. എസിലെ ഞാൻ പഠിച്ചിരുന്ന ക്ലാസ് റൂമിൽ കേൾക്കാമായിരുന്നു. സെപ്റ്റംബർ ആദ്യ വാരത്തിൽ അതായത് സെപ്റ്റംബർ മൂന്നിനോ നാലിനോ ആണ് വെടിവയ്പ് ഉണ്ടായത് എന്നാണ് ഓർമ്മ. ശബ്ദം കേട്ടത് ഇപ്പോഴും ഓർമ്മിക്കുന്നു. വെടിവയ്പ് ആണെന്ന് പിന്നീടാണ് മനസ്സിലായത്. അതോടെ പ്രശസ്തമായ ഈ നൂൽകമ്പനിയുടെ പതനവും ആരംഭിച്ചുവെന്ന് പറയാം. കൊരട്ടിയിലേയും സമീപ പ്രദേശങ്ങളിലേയും ഏറ്റവും പ്രധാനപ്പെട്ട ധനസ്രോതസ്സായിരുന്നു ജെ&പി കോട്ട്സ്. ബോണസ് ലഭിക്കുന്ന  ദിവസങ്ങളിൽ കൊരട്ടി തിരുനാളിനേപ്പോലെ വഴിവാണിഭക്കാർ നിറയുമായിരുന്നു. നാഷണൽ ഹൈവേയുടെ ഇരുവശത്തും കച്ചവടക്കാർ നിറയും. പിന്നീട് എല്ലാം കുറഞ്ഞു വന്നു. തൊഴിലാളികൾ കുറഞ്ഞു. ആ കമ്പനിയെക്കൊണ്ട് ജീവിച്ചിരുന്ന കൊരട്ടിയിലും സമീപ പ്രദേശങ്ങളിലുമുള്ള പതിനായിരക്കണക്കിന് ജനങ്ങൾ വലഞ്ഞു.

ഇപ്പോൾ ഈ കോമ്പൗണ്ടിൽ ഇൻഫോപാർക്ക് പ്രവർത്തിക്കുന്നു. ടെക്നോക്രാറ്റുകളുടെ ഒരു പുതിയ തലമുറ രൂപംകൊള്ളുകയാണ്. യുവജനങ്ങൾക്കും തൊഴിൽ സംരംഭകർക്കും ആശ്വാസമാണ് ഈ മേഖലയിപ്പോൾ.

(വിവരങ്ങൾ ആധികാരികമാകണമെന്നില്ല, ഓർമ്മയിൽനിന്ന് എഴുതിയത് ).

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ