.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2023, ജൂൺ 26, തിങ്കളാഴ്‌ച

എന്റെ വിശുദ്ധ നാട് തീർത്ഥയാത്ര

 എന്റെ വിശുദ്ധനാട് തീർത്ഥയാത്ര                            

മുരിങ്ങൂർ സെന്റ്‌ സെബാസ്റ്റ്യൻ പള്ളി വികാരി റവ. ഡോ. പോൾ വെള്ളറക്കലിന്റെ  നേതൃത്വത്തിൽ വിശുദ്ധ നാടുകളിലേക്ക് ആത്മീയ യാത്രാ സംഘം 2023 ഏപ്രിൽ 30ന് യാത്ര ആരംഭിച്ചു. ഒരു മാസം മുൻപ് മുതൽ പ്രാർത്ഥിച്ച് ഒരുങ്ങിയാണ് യാത്ര ആരംഭിച്ചത്. ഒന്നാം ദിവസം  ഉച്ചയ്ക്ക് പന്ത്രണ്ടിന് മുരിങ്ങൂർ സെന്റ്‌ സെബാസ്റ്റ്യൻ പള്ളിയിൽനിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക്. വൈകിട്ട് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന്  പുറപ്പെട്ട തീർത്ഥാടന യാത്ര മസ്കറ്റ് വഴി ജോർദാന്റെ തലസ്ഥാനമായ അമ്മാനിൽ എത്തി. എല്ലാ ദിവസവും പള്ളികളിലും ഹോട്ടലിലുകളിലുമായി അച്ചന്റെ കാർമ്മികത്വത്തിൽ ദിവ്യബലി ഉണ്ടായിരുന്നു.  

വിശുദ്ധ നാട് തീർത്ഥാടനം രണ്ടാം ദിവസം മൊസൈക്കുകളുടെ നഗരം എന്നറിയപ്പെടുന്ന മദബ സന്ദർശിച്ചു. അവിടത്തെ സെന്റ്‌ജോർജ് ഓർത്തഡോക്സ് പള്ളി, ആർക്കീയോളജിക്കൽ പാർക്ക് തുടങ്ങിയവ ചരിത്ര പ്രസിദ്ധമാണ്. രണ്ടാം ദിവസം പിന്നീട് പോയത് നെബൊ പർവ്വതത്തിലേക്കാണ്. ജോർദാൻ താഴ്വരകൾ. മോസസ് ഉയർത്തിയ പിച്ഛള സർപ്പത്തിന്റെ ഓർമ്മ സ്മാരകം ഇവിടെ കാണാം. തുടർന്ന് പോയത് മക്കാരിയോസ് മലയിലേക്കാണ്. ഹേറോദേസിന്റെ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ, സ്നാപകയോഹന്നാനെ ശിരഛേദം നടത്തിയ സ്ഥലം. സലോമിയുടെ നൃത്തത്തിൽ സംപ്രീതനായ ഹേറോദേസ് സലോമിയോടുള്ള വാഗ്ദാനം പാലിക്കാൻ സ്നാപകയോഹന്നാന്റെ ശിരഛേദം നടത്താൻ ഉത്തരവ് നൽകിയെന്നാണ് പറയപ്പെടുന്നത്.  തുടർന്ന് ചാവുകടൽ(Dead Sea) സന്ദർശിച്ചു. ചാവുകടൽ, മറ്റ് പേരുകളിലും അറിയപ്പെടുന്നു, കിഴക്ക് ജോർദാനും പടിഞ്ഞാറ് വെസ്റ്റ് ബാങ്കും ഇസ്രായേലും അതിർത്തി പങ്കിടുന്ന ഒരു ഉപ്പ് തടാകമാണ്. ജോർദാൻ താഴ്വരയിലാണ് ഇത് സ്ഥിതിചെയ്യുന്നത്, അതിന്റെ പ്രധാന പോഷകനദി ജോർദാൻ നദിയാണ്. കടലിനെ ചാവുകടൽ എന്ന് വിളിക്കുന്നത് അതിന്റെ ഉയർന്ന ലവണാംശമാണ്. മത്സ്യങ്ങൾക്കോ  ​​ജലസസ്യങ്ങൾക്കോ  അതിൽ വസിക്കാൻ കഴിയില്ല. 

മൂന്നാം ദിവസം ജോർദാനിൽനിന്ന് ഇസ്രായേലിലേക്കാണ് യാത്ര.  ഷെയ്ക്ക് ഹുസൈൻ ബ്രിഡ്ജ് കടന്നാണ് ഇസ്രായേലിലേക്ക് പ്രവേശിച്ചത്. ആദ്യം കണ്ടത് മൗണ്ട് താബോർ. രൂപാന്തരീകരണ മല. ഇപ്പോൾ അവിടെ ഫ്രാൻസിസ്കൻ ദേവാലയമുണ്ട്. ജസറിയൻ വാലി കാണാം. യുദ്ധം നടന്ന സ്ഥലങ്ങൾ. മറുരൂപ മല അല്ലെങ്കിൽ താബോ൪ മലയിലാണ് യേശു രൂപാന്തരപ്പെട്ടത് എന്നാണ് വിശ്വാസം.         മെഡിറ്ററേനിയൻ കടലിലെ ഒരു മിഡിൽ ഈസ്റ്റേൺ രാജ്യമായ ഇസ്രായേൽ, യഹൂദരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും വിശുദ്ധ ഭൂമിയായി കണക്കാക്കുന്നു. അതിന്റെ ഏറ്റവും കൂടുതൽ പുണ്യസ്ഥലങ്ങൾ ജറുസലേമിലാണ്. തുടർന്ന് നസ്രത്ത് മല, നസ്രത്ത് നഗരം. കാനായിലെ കല്യാണം നടന്ന സ്ഥലത്തുള്ള പള്ളി എന്നിവ കണ്ടു. വെള്ളം വീഞ്ഞാക്കിയ കൽഭരണി കണ്ടു. മൂന്നാം ദിവസം തുടർന്ന് അറിയിപ്പന്റെ നഗരം, മംഗളവാർത്ത നഗരം എന്നുകൂടി അറിയപ്പെടുന്ന നസ്രത്തിലെ മംഗളവാർത്ത അറിയിച്ച സ്ഥലം കണ്ടു. ഗബ്രിയേൽ ദൈവദൂതൻ മംഗളവാർത്ത അറിയിച്ചത് അന്ന് പരിശുദ്ധ കന്യകാ മറിയം വെള്ളം കോരാൻ വന്ന കിണറിന്റെ അരികിൽ വച്ചാണെന്ന് ഗ്രീക്ക് ഓർത്തഡോക്സ് സഭക്കാർ വിശ്വസിക്കുന്നു. അവിടെയുള്ള പള്ളിയുടെ ഉള്ളിലായി ഉള്ള കിണർ മേരീസ് കിണർ എന്ന് അറിയപ്പെടുന്നു. ഇസ്രയേലിലെ ഒരു പുരാതന പട്ടണവും ചരിത്രപ്രസിദ്ധമായ തീർഥാടനകേന്ദ്രവുമാണ് നസ്രെത്ത്. നസ്രത്തിൽ പരിശുദ്ധ ദൈവമാതാവ് വെള്ളം കോരിയിരുന്ന കിണർ വറ്റാത്ത നീരുറവ ഉള്ളതായി ഇപ്പോഴും കാണപ്പെടുന്നു.   

വിശുദ്ധ നാട് നാലാം ദിവസം നസ്രത്തിലെ പരിശുദ്ധ ദൈവമാതാവിന്റെ വീട്ടിലേക്കാണ് പോയത്. ഇവിടെ കാത്തലിക് പള്ളിയുണ്ട്. മാതാവിന്റെ വീട്ടിൽ വച്ചാണ് ഗബ്രിയേൽ ദൈവദൂതൻ പരിശുദ്ധ മറിയത്തെ മംഗളവാർത്ത അറിയിച്ചതെന്ന് കത്തോലിക്കർ വിശ്വസിക്കുന്നു. ചർച്ച് ഓഫ് അനൗൺസിയേഷൻ പള്ളിയെന്നാണ് പള്ളിയുടെ പേര്. തുടർന്ന് വിശുദ്ധ യൗസേപ്പിതാവിന്റെ പണിശാല, യേശു പ്രാർത്ഥിച്ചിരുന്ന സിനഗോഗ്, പത്രോസിന്റെ അമ്മായിഅമ്മയുടെ വീട്,  യേശു നാഥൻ വിശുദ്ധ പത്രോസിനെ തന്റെ സഭ നയിക്കാൻ ചുമതലപ്പെടുത്തിയ സ്ഥലം എന്നിവ കണ്ടു. വി. പത്രോസിനെ ചുമതലപ്പെടുത്തിയ സ്ഥലത്ത് ഇപ്പോൾ പള്ളിയുണ്ട്. നാലാം ദിവസം തുടർന്നു പോയത് യേശുനാഥൻ അഞ്ച് അപ്പവും രണ്ട് മത്സ്യവും കൊണ്ട് അയ്യായിരം പേരെ തീറ്റി തൃപ്തിപ്പെടുത്തുന്ന അത്ഭുതം നടത്തിയ സ്ഥലത്തേക്കാണ്. അവിടെ ഇപ്പോൾ ഒരു പള്ളിയുണ്ട്. പിന്നീട് തബ്ഗയിലേക്ക് പോയി. ഗലീലി കടൽ തീരത്താണ് തഗ്ബ. അപ്പം വർദ്ധിപ്പിക്കൽ നടത്തിയത് ഈ സ്ഥലത്ത് വച്ചാണെന്ന് വിശ്വാസം. ഉത്ഥിതനായ യേശു ശിഷ്യന്മാർക്ക് പ്രത്യക്ഷപ്പെട്ടത് ഈ സ്ഥലത്ത് വച്ചാണെന്ന് വിശ്വാസിക്കുന്നു. വിശുദ്ധ പത്രോസിന് പരമാധികാരം നൽകിയതും ഇവിടെ (മെൻസാ ക്രിസ്റ്റി)യിൽ വച്ചാണ്. നാലാം ദിവസം തുടർന്ന് പോയത് യേശു നാഥൻ അഷ്ഠ സൗഭാഗ്യങ്ങൾ പഠിപ്പിച്ച സ്ഥലത്തേക്കാണ്. ഇന്ന് അവിടെയുള്ള പള്ളി ഫ്രാൻസിസ്കൻ സിസ്റ്റേഴ്സിന്റെ നിയന്ത്രണത്തിലാണ്. ഗിരിപ്രഭാഷണം നടത്തിയ സ്ഥലം. തുടർന്ന് ഗലീലി തടാകത്തിലൂടെയുള്ള ബോട്ട് യാത്ര. ഇവിടെയാണ്‌ യേശു നാഥൻ കടലിലൂടെ നടന്നതും ശിഷ്യന്മാർ മീൻ പിടിക്കാൻ പോയി വല വീശി മത്സ്യം ലഭിക്കാതിരുന്നപ്പോൾ യേശു  പ്രത്യക്ഷപ്പെട്ടതും. യേശുവിനെ സ്വന്തം നാടായ നസ്രത്തിലെ യഹൂദ ജനത തിരസ്‌കരിച്ചപ്പോൾ കഫർണാം, ഗലീലി തുടങ്ങിയ സ്ഥലങ്ങളിലായി യേശുവിന്റെ പ്രവർത്തന മേഖല. യേശു വളരെയധികം പ്രബോധനങ്ങൾ നടത്തിയതും അത്ഭുതങ്ങൾ നടത്തിയതും ഇവിടെയാണ്. ശിഷ്യന്മാരായ പത്രോസ്  സഹോദരൻ അന്ത്രയോസ് , യാക്കോബ്, സഹോദരൻ, യോഹന്നാൻ എന്നിവരെ കണ്ടുമുട്ടിയതും ഈ കടൽ തീരത്തു വച്ചാണ്. വിശുദ്ധ നാട് തീർത്ഥാടനം നാലാം ദിവസം തുടർന്ന് യാത്ര ചെയ്തത് യേശുവിനെ സ്നാപകയോഹന്നാൻ മാമ്മോദീസ മുക്കിയ ജോർദാൻ നദിയിലെ സ്ഥലം എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലത്തേക്കാണ്. ഇസ്രായേലിലുള്ള നസ്രത്തിൽനിന്ന് യാത്ര ആരംഭിച്ച് വിവിധ പുണ്യ സ്ഥലങ്ങൾ കണ്ട് തലസ്ഥാനമായ ജറുസലേം പട്ടണത്തിലൂടെ യാത്ര ചെയ്ത് പാലസ്തീൻ എത്തി അവിടെ താമസം. 

അഞ്ചാം ദിവസം പാലസ്തീനിലെ സെയ്ന്റ് അന്നയുടേയും ജൊവാക്യത്തിന്റേയും വീടിരുന്ന സ്ഥലത്തുള്ള പള്ളി. മാതാവ് ജനിച്ച സ്ഥലം, ബെസൈതാ കുളം തുടങ്ങിയവയിയവ കണ്ടതിനെ തുടർന്ന്  യേശുവിന്റെ പീഡാനുഭവ ചരിത്രമുറങ്ങുന്ന പീലാത്തോസിന്റെ കൊട്ടാരം  കണ്ടു. യേശുവിനെ കുരിശിൽ തറച്ച് വധിക്കുവാൻ വിധിക്കുന്ന പീലാത്തോസിന്റെ അരമന മുതൽ കുരിശും വഹിച്ചുകൊണ്ടുള്ള യാത്രാവഴി, ഗാഗുൽത്തായിൽ കുരിശിൽ തറയ്ക്കപ്പെടുന്നത്, കബറിടം തുടങ്ങിയവ സന്ദർശിച്ചു. തുടർന്ന്  പോയത് സെഹിയോൻ ഊട്ടുശാല, ദാവീദ് രാജാവിന്റെ കല്ലറ തുടങ്ങിയവ കാണുവാനാണ്. വിശുദ്ധ നാട്ടിൽ അഞ്ചാം ദിവസം തുടർന്ന് കണ്ടത് വി. പത്രോസ് യേശുവിനെ തള്ളി പറഞ്ഞ സ്ഥലമാണ്. അവിടെ ഒരു പള്ളിയുണ്ട്. കയ്യാഫാസിന്റെ അരമന, യേശുവിനെ കൽതുറുങ്കിൽ അടച്ച സ്ഥലം എന്നിവ കണ്ടു. തുടർന്ന് ഒലിവ് മല, ഓസാന വീഥി. യേശു ശിഷ്യന്മാരെ  'സ്വർഗ്ഗസ്ഥനായ പിതാവെ' എന്ന പ്രാർത്ഥന പഠിപ്പിച്ച സ്ഥലം എന്നിവ കണ്ടു. അവിടെ ഒരു പള്ളിയുണ്ട്. കണ്ണുനീർ തുള്ളിയുടെ പള്ളി. തുടർന്ന് കണ്ടത് യേശുവിന്റെ ശിഷ്യന്മാരിൽ ഒരുവനായ  യൂദാസ് അധികാരികൾക്ക് യേശുവിനെ ഒറ്റിക്കൊടുത്ത സ്ഥലമാണ്. പിന്നീട് പോയത് ഗദ്സമേൻ തോട്ടംത്തിലേക്കാണ്. ഇവിടെ ഒരു പള്ളിയുണ്ട്. ബസലിക്ക ഓഫ് ദ അഗോണി എന്നും ചർച്ച് ഓഫ് ഓൾ നേഷൻസ് എന്നും അറിയപ്പെടുന്നു. അഞ്ചാം ദിവസം തുടർന്ന് പോയത് പരിശുദ്ധ ദൈവമാതാവായ കന്യകാമറിയത്തിന്റെ കല്ലറയിലേക്കാണ്. മാതാവ് മരിച്ചതിന് ശേഷം യേശുവിന്റെ ശിഷ്യന്മാർ മൃതദേഹം അടക്കിയ കല്ലറ. ഇവിടെവച്ച് മാലാഖമാരും യേശുവും പ്രത്യക്ഷപ്പെട്ട് മാതാവിനെ സ്വർഗ്ഗത്തിലേക്ക് എടുക്കപ്പെട്ടുവെന്ന് വിശ്വസിക്കുന്നു. അതായത് മാതാവ് സ്വർഗ്ഗാരോപണം ചെയ്ത സ്ഥലം. തുടർന്ന് പോയത് വിലാപ മതിൽ കാണാനാണ്. ജറുസലേം ദേവാലയം നാല് പ്രാവശ്യം തകർക്കപ്പെട്ടു. ഇപ്പോൾ അതിന്റെ അവശിഷ്ടങ്ങൾ മാത്രമേയുള്ളൂ. യഹൂദന്മാരുടെ പ്രധാന ദേവാലയമാണ് ജറുസലേം ദേവാലയം. തകർന്ന ദേവാലയത്തിന്റെ അവശിഷ്ടമായ മതിലിൽ തല മുട്ടിച്ച് കരഞ്ഞ് അവർ ഇപ്പോഴും പ്രാർത്ഥിക്കുന്നു. ജറുസലേമിലെ പുരാതന ദേവാലയത്തിന്റെ പടിഞ്ഞാറെ മതിൽക്കെട്ടിന്റെ ഭാഗമായ വിലാപമതിൽ പടിഞ്ഞാറൻ മതിൽ എന്നും അറിയപ്പെടുന്നു. തുടർന്ന് മോറിയ മല കണ്ടു. എബ്രഹാം ഇസഹാക്കിനെ ബലിയർപ്പിക്കാൻ കൊണ്ടുപോയ മല. ഇപ്പോൾ അവിടെ മുസ്ലിം മതക്കാരുടെ പള്ളിയാണ് സ്ഥിതി ചെയ്യുന്നത്. അവിടേക്ക് മറ്റ് മതസ്ഥർക്ക് പ്രവേശനമില്ല. അതുകൊണ്ടുതന്നെ ഉള്ളിൽ കയറി കാണാൻ സാധിച്ചില്ല.

ആറാം ദിവസം ആദ്യം സന്ദർശിച്ചത് എൻകരീം ആണ്. സ്നാപകയോഹന്നാൻ ജനിച്ചതെന്ന് പറയപ്പെടുന്ന സ്ഥലമാണ് എൻകരീം.    തുടരുന്ന് പോയത് ബഥനിയായിലേക്കാണ്. ലാസറിനെ അടക്കിയ സ്ഥലം. മനോഹരമായ പള്ളി. ഫ്രാൻസിസ് കൻ വൈദികരാണ് പള്ളി കസ്റ്റോഡിയൻ. മർത്തായുടേയും മറിയത്തിന്റെയും ലാസറിന്റേയും ഭവനത്തിനു മുകളിലാണ് പള്ളി പണിതിരിക്കുന്നത്. പള്ളിയുടെ അടിയിലാണ് ലാസറിനെ അടക്കിയിരിക്കുന്നത്. ഒരു ഗുഹ പോലെ തോന്നി. അടിയിലേക്ക് വളരെയധികം സ്റ്റെപ്പുകൾ ഉണ്ട്. 'സഹായിക്കുന്നവൻ' എന്നാണ് ലാസർ എന്ന വാക്കിന്റെ അർത്ഥം. ഇവിടെയാണ് യേശു തന്റെ സ്നേഹിതനായ ലാസറിനെ ഉയിർപ്പിക്കുന്നത്. തുടർന്ന് പോയത് ബെസ്ലെഹത്തേക്കാണ്. മാലാഖമാർ ആട്ടിടയർക്ക് പ്രത്യക്ഷപ്പെട്ട സ്ഥലം. ഇവിടെ ഒരു പള്ളിയുണ്ട്. ഒരു കൂടാരത്തിന്റെ മോഡലിലാണ് പള്ളി. ആട്ടിടയന്മാർ താമസിച്ചിരുന്ന ഗുഹകൾ കാണാം. തുടർന്ന് ഔർ ലേഡി ഓഫ്നേറ്റിവിറ്റി ദേവാലയത്തിൽ പോയി. ബത്ലഹേലേഹത്തിൽ ഉണ്ണിയേശു ജനിച്ച സ്ഥലം. കാലി തൊഴുത്തിൽ പിറന്ന യേശു. പിള്ള കച്ചയിൽ പൊതിഞ്ഞ ഉണ്ണിയേശുവിനെ ആട്ടിടയർക്കാണ് ആദ്യം കാണാൻ സാധിച്ചത്. നിലവിലുള്ള പള്ളിയുടെ അടിയിലാണ് യേശു പിറന്ന സ്ഥലം. വെസ്റ്റ് ബാങ്കിലെ ജറുസലേമിന് തെക്ക് ഒരു പാലസ്തീൻ പട്ടണമാണ് ബെത്‌ലഹേം. ചർച്ച് ഓഫ് നേറ്റിവിറ്റിക്ക് കീഴിലുള്ള ഗ്രോട്ടോയിൽ വെള്ളി നക്ഷത്രം കൊത്തിവെച്ചിരിക്കുന്നു.  ആറാം ദിവസം തുടർന്ന് പോയത് ബത്ലഹേം യേശുവിന് ദൈവമാതാവ് പാൽ കൊടുക്കുന്ന സ്ഥലത്തുള്ള പള്ളിയിലേക്കാണ്. രക്ഷകനും രാജാവാകാൻ സാധ്യതയുമുള്ള ഒരു കുട്ടി ജനിച്ചിട്ടുണ്ടെന്നറിഞ്ഞ ഹേറോദേസ് രാജാവ് രണ്ട് വയസ്സിൽ താഴെ പ്രായമുള്ള എല്ലാ കുട്ടികളേയും വധിക്കാൻ കല്പന പുറപ്പെടുവിച്ചത് സ്വപ്നത്തിൽ ദൈവദൂതൻ മുഖേന അറിഞ്ഞ യൗസേപ്പിതാവും മാതാവും ഉണ്ണിയേശുവിനേയുംകൊണ്ട് അവിടെനിന്നാണ്  ഈജിപ്തിൽ ഒളിച്ചുപോയത്. അന്നുള്ള ഈ സ്ഥലത്തിന് മുകളിലായുള്ള പള്ളിയാണ് Milk Grotto Church. ആറാം ദിവസം തുടർന്ന് പോയത് ജറീക്കൊ സന്ദർശിക്കാനാണ്.  നാൽപത് രാവും നാൽപത് പകലും ഉപവസിച്ച യേശുവിനെ സാത്താൻ പരീക്ഷിച്ച മല. സിക്കമൂർ മരം. പൊക്കം കുറവായ സക്കേവൂസ് കയറിയിരുന്ന് യേശുവിനെ കണ്ട മരം.നല്ല സമരിയക്കാരന്റെ സ്ഥലം.  സക്കേവൂസ് ജീവിച്ചിരുന്ന സ്ഥലം. ലോകത്തിൽ വച്ച് ഏറ്റവും പുരാതനമായ നഗരം.  ജെറിക്കോ വെസ്റ്റ് ബാങ്കിലെ ഒരു പലസ്തീൻ നഗരമാണ്. കിഴക്ക്  ജോർദാൻ നദിയും  പടിഞ്ഞാറ് ജറുസലേമും ഉള്ള  ജോർദാൻ താഴ്‌വരയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.  

തീർത്ഥാടനം ഏഴാം ദിവസം ഇസ്രായേലിൽനിന്ന് ഈജിപ്ത് ബോർഡർ താബയിലേക്ക്. ഇസ്രയേലിനേയും ഈജിപ്തിനേയും ബന്ധിപ്പിക്കുന്ന ബോർഡറാണ് താബ. സൗദി അറേബ്യ, ജോർദാൻ, ഇസ്രായേൽ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ സംഗമസ്ഥാനമാണ് താബ. താബയിൽ എത്തുന്നതിനു മുൻപുള്ള  സിറ്റിയാണ് എലാത്ത് സിറ്റി. ഇസ്രായേലിന്റെ തെക്കെ ബോർഡറാണ്. ചെങ്കടൽ കാണാം. ഏഴാം ദിവസം യാത്ര തുടർന്ന് ചെങ്കടൽ തീരത്തെത്തി.  

തീർത്ഥാടനം എട്ടാം ദിവസം  ഈജിപ്റ്റിലെ സീനായ് മല മുകളിലേക്ക്. മോസസിന് ദൈവം പ്രത്യക്ഷപ്പെട്ട് പത്ത് കല്പനകൾ നൽകിയ സ്ഥലം.അവിടെയുള്ള സെന്റ് കാതറിൻ മൊണാസ്റ്ററി കണ്ടു. മോസസ് മുൾപടർപ്പിൽ തീ കണ്ട സ്ഥലത്താണ് സെന്റ്‌ കാതറിൻ മൊണാസ്റ്ററി സ്ഥിതി ചെയ്യുന്നത്. തീ ജ്വാലകൾ ഉണ്ടായിരുന്നെങ്കിലും മുൾപടർപ്പ് കത്തിയിരുന്നില്ല. അവിടെയുള്ള ഒരു കല്ല് മുറിച്ചു നോക്കിയപ്പോൾ മുറിച്ച കല്ലിനുള്ളിൽ  മുൾപടർപ്പിന്റെ ചിത്രം ഞങ്ങൾ കണ്ടു. തുടർന്ന്  ഈജിപ്തിലെ ഒരു പ്രധാന നഗരമായ ദഹാബ് പട്ടണം കണ്ടു. ഈന്തപ്പന ഫലങ്ങൾക്ക് കീടങ്ങളുടെ ശല്യമില്ലാതിരിക്കാൻ വലയിട്ട് സൂക്ഷിക്കുന്നു. പിന്നീട് പോയത് ഈജിപ്തിലെ ഷറംഏൽഷെയ്ക്കിലുള്ള സെന്റ് മേരീസ് ദേവാലയത്തിലേക്കാണ്. ഞായറാഴ്ച ദിവ്യബലിയിൽ പങ്കെടുത്തു. തുടർന്ന് ഈജിപ്തിലെ ഷറംഏൽഷെയ്ക്കിലുള്ള നാമ ബീച്ചിൽ. അതിമനോഹരമായ ബീച്ചാണിത്. ഈജിപ്തിലെ തെക്കൻ സീനായ്ലാണ് ഈ ബീച്ച്. ഫൈബർഗ്ലാസ് ബോട്ടിൽ കടലിനടിയിലൂടെയുള്ള യാത്ര അത്ഭുതകരമാണ്. വർണ്ണാഭമായ വിവിധയിനം മത്സ്യങ്ങളും പവിഴ പുറ്റുകളും കണ്ടു. 

ഒമ്പതാം ദിവസം  തിങ്കളാഴ്ച  സൂയസ് കനാൽ ടണൽ കടന്ന് കെയ്റൊ ടൗണിലേക്ക്. സൂയസ് കനാൽ ഈജിപ്തിലെ ഒരു കൃത്രിമ സമുദ്രനിരപ്പ് ജലപാതയാണ്, ഇത് മെഡിറ്ററേനിയൻ കടലിനെ ചെങ്കടലുമായി  ബന്ധിപ്പിക്കുകയും ആഫ്രിക്കയെയും ഏഷ്യയെയും വിഭജിക്കുകയും ചെയ്യുന്നു. ഇത് യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിലുള്ള ഒരു ജനപ്രിയ വ്യാപാര പാതയാണ്. കെയ്റൊ ടൗണിലുള്ള എലിസബത്ത് ഫ്രാൻസിസ്കൻ സിസ്റ്റേഴ്സിന്റ കോൺവെന്റിലാണ് ദിവ്യബലിയിൽ പങ്കെടുത്തത്.   

തീർത്ഥാടനം പത്താം ദിവസം ചൊവ്വാഴ്ച പിരമിഡുകൾ കാണാൻ പോയി. ഈജിപ്തിലെ കെയ്റൊയിലുള്ള പിരമിഡുകൾ. കിംഗ് കുഫുവിന്റ പിരമിഡാണ് ഏറ്റവും വലുത്.  ത്രികോണാകൃതിയിലുള്ളതും മുകളിൽ ഒരൊറ്റ പടിയിലേക്ക് ഒത്തുചേരുന്നതുമായ ഒരു ഘടനയാണ്, ഇത് ജ്യാമിതീയ അർത്ഥത്തിൽ ആകൃതിയെ ഏകദേശം ഒരു പിരമിഡാക്കി മാറ്റുന്നു. ഒരു പിരമിഡിന്റെ അടിസ്ഥാനം ത്രികോണമോ ചതുർഭുജമോ അല്ലെങ്കിൽ ഏതെങ്കിലും ബഹുഭുജ രൂപമോ ആകാം. ഏറ്റവും പ്രശസ്തമായ പിരമിഡുകൾ ഈജിപ്ഷ്യൻ പിരമിഡുകളാണ്. പത്താം ദിവസം തുടർന്ന് കണ്ടത് ഈജിപ്തിലെ  കെയിറോയിലെ പുരാതന പള്ളികൾ. ബെത്ലെഹത്തുനിന്നും യൗസേപ്പിതാവും മാതാവും ഉണ്ണിയേശുവിനേയുംകൊണ്ട് ഈജിപ്തിലേക്ക് പാലായനം ചെയ്ത്. ഒളിച്ചു താമസിച്ചിരുന്ന ഗുഹയും അതിനു മുകളിൽ പണിചെയ്ത പള്ളിയും കണ്ടു. പുരാതന പള്ളികൾ. കോപ്റ്റിക് മ്യൂസിയം, ഹാങ്ങിങ്ങ് ചർച്ച് എന്നിവ കണ്ടു.  പത്താം ദിവസം തുടർന്ന് കണ്ടത് സ്ഫിങ്ങ്സ് ആണ്. ഒരു മനുഷ്യന്റെ തലയും സിംഹത്തിന്റെ ശരീരവുമുള്ള ഒരു പുരാണ ജീവിയുടെ രൂപം. പത്താം ദിവസം തുടർന്ന് കണ്ടത് ഈജിപ്ത് പേപ്പിറസ് ഇൻസ്റ്റിറ്റ്യൂട്ട് ആയിരുന്നു. പേപ്പിറസ് ചെടിയുടെ തണ്ട് ഉപയോഗിച്ച് പ്രൊസസ് ചെയ്ത ഷീറ്റുകളിൽ വിവിധങ്ങളായ ചിത്രങ്ങൾ ഉണ്ടാക്കി വിൽക്കാൻ വച്ചിട്ടുള്ള ഒരു വലിയ കടയാണിത്. വളരെ മനോഹരങ്ങളായ ചിത്രങ്ങൾ.  പത്താം ദിവസം തുടർന്ന് സന്ദർശിച്ചത് ഫറവോനിക് വില്ലേജ് ആയിരുന്നു. ഈജിപ്ഷ്യൻ ചരിത്രത്തിന്റെ ജീവനുള്ള മ്യൂസിയം, ഒരു പുരാതന ഗ്രാമത്തിന്റെ പകർപ്പുകൾ ഫറവോനിക് വില്ലേജിന്റെ പ്രത്യേകതയാണ്.  പത്താം ദിവസം അവസാനമായി നൈൽ നദിയിലൂടെയുള്ള കപ്പൽ യാത്ര. രാത്രി കപ്പലിൽ ഭക്ഷണം. വടക്കുകിഴക്കൻ ആഫ്രിക്കയിലെ വടക്കോട്ട് ഒഴുകുന്ന ഒരു പ്രധാന നദിയാണ് നൈൽ. ഇത് മെഡിറ്ററേനിയൻ കടലിലേക്ക് ഒഴുകുന്നു. നൈൽ ആഫ്രിക്കയിലെ ഏറ്റവും നീളമേറിയ നദിയാണ്, ചരിത്രപരമായി ലോകത്തിലെ ഏറ്റവും നീളം കൂടിയ നദിയായി കണക്കാക്കപ്പെടുന്നു.               

തുടർന്ന് കെയ്റൊ വിമാനത്താവളത്തിൽനിന്ന് മസ്ക്കറ്റ് വഴി മടക്കയാത്ര.10- 05 - 2023 വൈകിട്ട്  നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ സുരക്ഷിതമായി തിരിച്ചെത്തി. വിശുദ്ധ നാടുകൾ തീർത്ഥയാത്ര അനുഗ്രഹ ദായകമായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ