.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2024, ജൂലൈ 29, തിങ്കളാഴ്‌ച

ജൂബിലേറിയൻ റവ. ഡോ. അഗസ്റ്റിൻ വല്ലൂരാൻ


 റവ. ഡോ.അഗസ്റ്റിൻ വല്ലൂരാൻ. വി.സി.

പൗരോഹിത്യത്തിൻ്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന അഗസ്റ്റിൻ വല്ലൂരാനച്ചന് ആശംസകൾ നേരുന്നു. കർത്താവിൻ്റെ ആൾത്താരയിൽ ബലിയർപ്പിക്കാൻ തുടങ്ങിയിട്ട് അൻപത് വർഷങ്ങൾ പൂർത്തിയായിരിക്കുന്നു. ഈ അവസരത്തിൽ അച്ചന് ആയുരാരോഗ്യങ്ങളും ദീർഘായുസ്സും ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു. 2024 ജൂലൈ 13ന് ജന്മനാടായ തിരുമുടിക്കുന്നിൽ അച്ചന് ഒരു സ്വീകരണം നൽകിയിരുന്നു. തിരുമുടിക്കുന്ന് പള്ളിയിൽ അച്ചൻ്റെ കൃതജ്ഞതാ ബലിക്ക് ശേഷം പാരീഷ് ഹാളിൽ അനുമോദന യോഗം ഉണ്ടായിരുന്നു. വിശുദ്ധ കുർബ്ബാനക്കിടെയുള്ള പ്രസംഗം വിൻസെൻഷ്യൻ സഭ അങ്കമാലി മേരിമാത പ്രൊവിൻസ് സുപ്പീരിയർ ഫാ. പോൾ പുതുവയായിരുന്നു. പ്രസംഗത്തിൽ എന്നെ ഏറെ സ്പർശിച്ചത് അച്ഛൻ വല്ലൂരാനച്ചനെക്കുറിച്ച് പറഞ്ഞ ചില പരാമർശങ്ങളായിരുന്നു. ആലുവ വിദ്യാഭവനിൽ റെക്ടറായി അദ്ദേഹമടക്കമുള്ള വൈദിക വിദ്യാർത്ഥികളെ വല്ലൂരാനച്ചൻ പഠിപ്പിച്ചുകൊണ്ടിരുന്നപ്പോൾ ചില കാര്യങ്ങൾ പറഞ്ഞു. " വെട്ടിയ വഴികളിലൂടെ നടക്കുകയല്ലാ നിങ്ങൾ വേണ്ടത്, മറിച്ച്, പുതിയ വഴികൾ വെട്ടിത്തെളിച്ച് അതിലൂടെ നടക്കുകയാണ് വേണ്ടത്." വല്ലൂരാനച്ചൻ്റെ ജീവിതത്തിലും അദ്ദേഹം അത് പ്രായോഗികമാക്കുകയായിരുന്നു. വാർത്താ മാധ്യമ രംഗത്തെ കുതിച്ചുചാട്ടം മുന്നിൽ കണ്ട് ഡിവൈൻ വിഷൻ എന്ന ഒരു ദൃശ്യമാധ്യമം സ്ഥാപിക്കുകയും ക്രൈസ്തവമൂല്യങ്ങളിലൂന്നിക്കൊണ്ടുള്ള വാർത്തകൾ പ്രക്ഷേപണം ചെയ്യുകയും ചെയ്തു. പിന്നീടത് ഗുഡ്‌നെസ് ചാനലായി ഇപ്പോൾ പ്രവർത്തിക്കുന്നു.
ജീവിതത്തിൻ്റെ ഭൂരിഭാഗവും സുവിശേഷ പ്രഘോഷണത്തിനായി നീക്കിവയ്ക്കുകയായിരുന്നു വല്ലൂരാനച്ചൻ. മാർക്കോസിൻ്റെ സുവിശേഷം1, 17 ൽ ഗലീലി തടാകത്തിൽ മീൻ പിടിക്കാൻ ഒരുങ്ങുന്ന പത്രോസിനേയും സഹോദരൻ അന്ത്രോസിനേയും യേശുനാഥൻ വിളിക്കുന്ന ഒരു രംഗമുണ്ട്. "എന്നെ അനുഗമിക്കുക, ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും." എന്നെ അനുഗമിക്കുക, ഞാൻ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം. യേശുനാഥൻ്റെ ആഹ്വാനം ശ്രവിച്ചുകൊണ്ട് ലോകമെമ്പാടും പോയി സുവിശേഷം പ്രസംഗിക്കുകയാണ് വല്ലൂരാനച്ചൻ.

ജൂബിലി ഗാനം


കർത്താവ് തന്നുടെ ആൾത്താരയിൽ

ബലിയർപ്പകനായ് നിത്യം സേവ ചെയ്തു

സുവർണ്ണ ജൂബിലി തൻ നിറവിൽ

ശോഭിച്ചിടുന്നു വല്ലൂരാനച്ചൻ.      


അനുഗ്രഹമാരി ചൊരിഞ്ഞിടുന്ന

ദൈവ സന്നിധിയിൽ നന്ദിയേകിടാം

ആയുരാരോഗ്യങ്ങളും ദീർഘായുസ്സും

ജൂബിലേറിയനായി ഞങ്ങളാശംസിപ്പൂ.


പരസ്നേഹ പ്രവർത്തന മധ്യസ്ഥാനം

വിൻസെൻറിപോളിൻ പ്രചോദനത്താൽ

വിൻസെൻഷ്യൻ സഭാ തനയനായി

സന്യസ്തനായി വിരാജിക്കുന്നു


വിശുദ്ധൻ ജീവിത സാക്ഷ്യമായി

ദൈവ വചന പ്രഘോഷകനായ്

ലോകത്തിൻ വിവിധ രാജ്യങ്ങളിൽ 

സുവിശേഷ വേല ചെയ്തിടുന്നു


പ്രാണ നാഥനായ് യേശു നാഥനെ

നെഞ്ചിലേറ്റിയ വന്ദ്യ വൈദികൻ

സഞ്ചരിച്ചതാം വരെയുള്ള പാതകൾ

ക്രിസ്തുവിൻ സാക്ഷ്യം പകർന്നിടുന്നു


ത്രിത്വൈക ദൈവ രഹസ്യ പൊരുൾ

 തേടി അലഞ്ഞൊരാഗസ്തിനോസിൻ

നാമധാരിയാകും പ്രിയ വല്ലൂരാനച്ചൻ

അൻപതാണ്ടുകൾ ബലിവേദി പിന്നിടുന്നു

വരികൾ - ഡേവിസ് വല്ലൂരാൻ


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ