.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2020, ഡിസംബർ 24, വ്യാഴാഴ്‌ച

കോവിഡ് കാലത്തെ (2020ലെ ) ക്രിസ്മസും പുതുവത്സര ആഘോഷവും

 ക്രിസ്മസും പുതുവത്സര ആഘോഷവും

' അല്ലിപ്പാതിര നേരത്ത് പുല്ലിൻമേലൊരു പൊന്നുണ്ണി
അല്ലേലുയ്യാ പാടാം, ആനന്ദം കൊണ്ടാടാം
കട്ടലില്ലാ, മെത്തയില്ലാ ദേശീയാരേ
വെറുമൊരു പൊട്ട വൈക്കോലിന്മേൽ നിദ്ര, ഹല്ലേലുയ്യ."

 ഇത് 1960 കളിൽ ക്രിസ്മസിൻ്റെ തലേന്നാൾ ഉണ്ണീശോയേയും കൊണ്ട് കരോൾകാർ വീട്ടിൽ വരുമ്പോൾ പാടുന്ന ഗാനം. കാലം മാറി. കരോൾ ഗാനങ്ങളും കാലോചിതമായി മാറി. കോവിഡ് കാരണം 2020ൽ കരോൾ ഇല്ല. എല്ലാം നല്ലതിന് എന്ന് സമാധാനിക്കാം!.

വീണ്ടും ഒരിക്കല്‍കൂടി ക്രിസ്തുമസ്സും പുതുവത്സര ദിനവും വന്നെത്തുകയാണ്. ശാന്തിയുടേയും സമാധാനത്തിന്റേയും സന്ദേശം മാനവരാശിക്ക് നല്‍കികൊണ്ട് ഒരു ക്രിസ്തുമസ് കൂടി എത്തിചേരുന്നു. ലോക നന്മക്കായി ദൈവ പുത്രനായ യേശു ഒരു പുല്‍ക്കൂട്ടില്‍ ജനിക്കുന്നു. മനുഷ്യ വര്‍ഗ്ഗത്തിന്റെ മുഴുവന്‍ രക്ഷക്കായി ദൈവം, താന്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം, തന്റെ കരുണയിലും സ്നേഹത്തിലും സ്വന്തം പുത്രനെ ലോകത്തിലേക്ക് അയക്കുന്ന സുദിനം. അതാണ് ക്രിസ്തുമസ്സ്. ക്രിസ്തുവിന്റെ സാന്നിധ്യം ഇന്നും എല്ലായിടത്തും ഉണ്ട് എന്ന യാഥാര്‍ത്ഥ്യം നാം അംഗീകരിക്കുന്നതുകൊണ്ടാണ് ക്രിസ്തുമസ്സ് ഇന്നും എക്കാലവും ആഘോഷിക്കപ്പെടുന്നത്. ലാളിത്യത്തിന്റെ, എളിമയുടെ തിരുനാള്‍ ആണ് ക്രിസ്തുമസ്. ദൈവപുത്രന്‍ പുല്‍ക്കൂട്ടില്‍ ജനിക്കുന്നു എന്നത് അതാണ് സൂചിപ്പിക്കുന്നത്. പക്ഷെ, ഭൗതിക കാരൃങ്ങളുമായി ബന്ധപ്പെടുത്തി ക്രൈസ്തവ വിശ്വാസത്തെ നമ്മില്‍ പലരും കാണുന്നില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കാലിതൊഴുത്തില്‍ പിറന്ന യേശുവിനെ മനുഷ്യകുലത്തിന്റെ രക്ഷകനായി നാം അംഗീകരിച്ചിരുന്നെങ്കില്‍ ഈ  ഭൗതിക നേട്ടങ്ങളുടെ പുറകെ ഞാനടക്കം ഓടുമായിരുന്നോ?. ഭൗതിക നേട്ടങ്ങള്‍ക്കു വേണ്ടി ദൈവവിശ്വാസത്തെ ഉപയോഗിക്കുമായിരുന്നോ?. വ്യക്തിഗതമായ നേട്ടങ്ങള്‍ക്കു വേണ്ടി വിശ്വാസത്തെ പരിഗണിക്കുന്ന സംസ്കാരത്തിലേക്ക് നാം മാറിക്കൊണ്ടിരിക്കുന്നു. നാം ലൗകീകതയുടെ, ആഡംബരങ്ങളുടെ ലോകത്തേക്ക് ആകര്‍ഷിക്കപ്പെടുന്നതിന്‍റെ അര്‍ത്ഥശൂന്യത മനസ്സിലാക്കണം. കമ്പോള  സംസ്ക്കാരത്തിന്‍റെ കരാളഹസ്തങ്ങളില്‍പ്പെട്ട് വ്യക്തികളും സമൂഹവും മതങ്ങള്‍പോലും ഇന്ന് ആഡംബരത്തിലേക്ക്, ധാരാളിത്തത്തിലേക്ക് നയിക്കപ്പെടുകയാണ്.  ഇവിടെയാണ് ക്രിസ്തുമസ് പ്രസക്തമാകുന്നതും ക്രിസ്തുമസ്സിന്‍റെ സന്ദേശം നമ്മുടെ ജീവിതത്തില്‍ പ്രായോഗികമാക്കേണ്ടതും.

ക്രിസ്മസ് കാത്തിരുപ്പിൻ്റെ തിരുനാൾ കൂടിയാണ്. അസംഭവ്യമായത് സംഭവിക്കുന്ന ദിനം. എല്ലാം ഹൃദയത്തിൽ സംഗ്രഹിക്കാൻ പഠിപ്പിക്കുന്ന തിരുനാൾ. മൗനത്തിൻ്റെ ശക്തി മനസ്സിലാക്കി തരുന്നതും ഭയപ്പെടാതെ സംഭവങ്ങളെ  നേരിടാൻ ധൈര്യം തരുന്നതുമായ തിരുനാൾ. യുക്തി കൊണ്ട് മാത്രമുള്ള അന്വേഷണങ്ങൾ ചിലപ്പോൾ തെറ്റായ നിഗമനങ്ങളിലേക്ക് നമ്മെ നയിച്ചെന്നു വരും. പ്രപഞ്ചത്തിൻ്റെ എല്ലാ പൊരുളുകളും മനുഷ്യബുദ്ധിയുടേയും യുക്തിയുടേയും അന്വേഷണ പരിധിയിൽ നിന്നെന്നു വരികയില്ല. എല്ലാം അറിയാമെന്ന് മനുഷ്യൻ വെറുതെ അഹങ്കരിക്കുമ്പോഴും ഒരു കൊച്ചു വൈറസിനെപോലും നിയന്ത്രിക്കാൻ മനുഷ്യൻ പാടുപെടുന്നു!

   ലോകത്തില്‍ വിവിധ കാലഗണനാ സമ്പ്രദായം നിലനില്‍ക്കുന്നുണ്ടെങ്കിലും ക്രിസ്തുവര്‍ഷത്തെ അടിസ്ഥാനപ്പെടുത്തിയാണ് കൂടുതല്‍ ആളുകള്‍ പുതുവത്സരം ആഘോഷിക്കുന്നത്. ജീവിതത്തിനു ഒരു അടുക്കും ചിട്ടയും ഉണ്ടാകുന്നതിന് കാലം അല്ലെങ്കില്‍ സമയം എന്ന സങ്കല്‍പ്പത്തിനു പ്രസക്തിയുണ്ട്. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ആഘോഷങ്ങള്‍ വേണ്ടതുതന്നെയാണ്. എന്നാല്‍, ഇക്കാലത്ത് ആഘോഷങ്ങള്‍ പ്രത്യേകിച്ച്, പുതുവത്സരാഘോഷം അതിരു വിടുന്നുണ്ടോ?. മത പാരമ്പരൃം വളരെയേറെയുള്ള, സംസ്ക്കാര സമ്പന്നരെന്ന് സ്വയം അഹങ്കരിക്കുന്ന, ദൈവത്തിന്റെ സ്വന്തം നാടെന്ന് അഭിമാനിക്കുന്ന നമ്മുടെ കേരളത്തില്‍ പോലും പുതുവത്സരാഘോഷത്തിന്റെ മറവില്‍ എത്രമാത്രം അനിഷ്ട സംഭവങ്ങളാണ് അരങ്ങേറുന്നത്.! എന്നാല്‍, പുതുവത്സരാരംഭത്തില്‍ പുതിയ നല്ല തീരുമാനങ്ങള്‍ എടുക്കുന്നവരും തങ്ങളിലുള്ള ദുഃശ്ശീലങ്ങളെ മാറ്റി പുതിയ മനുഷ്യരാകുന്നതിന് ശ്രമിക്കുന്നവരും ഉണ്ട്. ആയുസില്‍ നിന്ന് ഒരു വര്‍ഷം കൊഴിഞ്ഞു പോകുമ്പോള്‍ മരണത്തോട് ഒരു വര്‍ഷം അടുക്കുന്നു എന്നും നമുക്ക് ചിന്തിക്കാം. ഒരു കണക്കെടുപ്പിന്റെ ദിനം കൂടിയാകണം പുതുവര്‍ഷാരംഭ ദിനം. എന്ത് നേടി, എന്ത് നഷ്ടപ്പെട്ടു എന്ന് നമുക്ക് വിലയിരുത്താം. മരണത്തിലേക്കുള്ള യാത്രയില്‍ പിന്നിടുന്ന സൂചികാഫലകങ്ങളാണ് പുതുവത്സര ദിനങ്ങള്‍. അവിടെ നിന്ന് തിരിഞ്ഞു നോക്കി ചരിത്രം പഠിച്ചാല്‍ പുതിയ ചരിത്രം രചിക്കാം. ഈ ഭൂമിയിലെ ജീവിതത്തില്‍ ഒരു വര്‍ഷം കൂടി തികയ്ക്കാന്‍ ദൈവം ആയുസ്സും ആരോഗ്യവും തന്നതിനെ ഓര്‍ത്ത് നമുക്ക് ദൈവത്തിന് നന്ദി പറയാം. ആയുസ്സിന്റെ കണക്ക് പുസ്തകത്തില്‍ നിന്ന് ഒരു വര്‍ഷം കഴിഞ്ഞുപോയി എന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇന്നലെകളിലെ നമ്മുടെ തെറ്റുകളെ തിരുത്തിക്കൊണ്ട്, നന്മകളെ പരിപോഷിപ്പിച്ചുകൊണ്ട്, വരാനിരിക്കുന്ന നാളെകളില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട്, ഇന്നുകളില്‍ നമുക്ക് ജീവിക്കാം.

    എല്ലാവര്‍ക്കും ക്രിസ്തുമസ്സിന്‍റേയും പുതുവത്സരത്തിന്‍റേയും ആശംസകള്‍ നേരുന്നു.

2020, നവംബർ 13, വെള്ളിയാഴ്‌ച

നവംബർ 14. നാടകാചാര്യൻ ശ്രീ എൻ.എൻ. പിള്ളയുടെ ചരമ ദിനം

നവംബർ 14. എൻ.എൻ.പിള്ളയുടെ ചരമദിനം

എൻ.എൻ. പിള്ളയെക്കുറിച്ച് ഓർക്കുമ്പോൾ 'ഗോഡ്ഫാദർ' എന്ന സിനിമയിൽ എൻ.എൻ.പിള്ള അവതരിപ്പിച്ച അഞ്ഞൂറാൻ എന്ന കഥാപാത്രത്തിൻ്റെ ഒരു ഡയലോഗാണ് ഓർമ്മ വരുന്നത്.
 "മറക്കണോ..? കഴിഞ്ഞതൊക്കെ ഞാന്‍ മറക്കണോ? എന്തൊക്കെയാടോ ഞാന്‍ മറക്കണ്ടേ? എന്റെ ലക്ഷ്മി... ഈ വീടിന്റെ മഹാലക്ഷ്മി. എന്റെ കണ്‍മുമ്പിലാ വെട്ട് കൊണ്ട് വീണത്. ഈ കൈകളില്‍ കിടന്നാ അവസാനം അവള്‍ പിടഞ്ഞു പിടഞ്ഞു മരിച്ചത്. അത് ഞാന്‍ മറക്കണോ? പിന്നെ ഞാന്‍ പതിനാലു കൊല്ലം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കരിങ്കല്ലുടച്ചത് മറക്കണോ? മറക്കണോ? മറക്കണോന്ന്. ഇതൊന്നും ഈ അഞ്ഞൂറാന്‍ മറക്കുകേലെടോ.. മറക്കുകേല.. ആ തള്ളേം മക്കളേം നശിപ്പിച്ചേ ഈ അഞ്ഞൂറാന്റെ ശവം ചാമ്പലാവൂ".

അഞ്ഞൂറാനും ആനപ്പാറ അച്ചമ്മയും തമ്മിലുള്ള കുടിപ്പകയുടെ കഥയാണ് 'ഗോഡ്ഫാദർ '.

  നാടകാചാര്യൻ ശ്രീ എൻ.എൻ.പിള്ള 1918 ൽ കോട്ടയം ജില്ലയിലെ വൈക്കത്ത് ജനിച്ചു. വില്ലേജ് ഓഫീസർ ആയിരുന്ന ഉള്ളീലക്കുപറമ്പിൽ  നാരായണപിള്ളയും തെക്കേതിൽ പാവക്കുട്ടിയമ്മയുമായിരുന്നു മാതാപിതാക്കൾ. അഛൻ്റെ സ്ഥലം മാറ്റം കാരണം കേരളത്തിലെ പല സ്ഥലങ്ങളിലായിരുന്നു സ്കൂൾ പഠനം. കോട്ടയം സി.എം.എസ്. കോളെജിൽ പഠിച്ചു. ഇൻ്റർമീഡിയറ്റ് പാസാകുന്നതിനും മുൻപ് ജോലിയന്വേഷിച്ച് മലയയിലേക്ക് പോയി. രണ്ടാം ലോകയുദ്ധകാലത്ത് ഐ.എൻ.എ യുടെ പ്രചാരണവിഭാഗത്തിൽ പ്രവർത്തിച്ചു. ആ സമയത്താണ് അദ്ദേഹം തൻ്റെ ആദ്യ നാടകമായ 'താന്തിയ തോപ്പി' എഴുതിയത്. 1945-ൽ നാട്ടിൽ തിരിച്ചെത്തി. രണ്ടു വർഷം കഴിഞ്ഞ് കുടുംബസമേതം മലയയിലേക്കു പോയി. മൂന്നരവർഷം കഴിഞ്ഞ് തിരിച്ചുവന്ന് കോട്ടയത്ത് ഒളശ്ശയിൽ താമസമാക്കി. 1952-ൽ വിശ്വകേരള കലാസമിതി എന്ന നാടകട്രൂപ്പ് സ്ഥാപിച്ചു. വിശ്വകേരളാ സമിതിയിലൂടെ തൻ്റെ നാടകങ്ങൾ അരങ്ങിലെത്തിക്കുകയും ചെയ്തു. ഭാര്യ ചിന്നമ്മയും നടിയായിരുന്നു. മക്കൾ - സുലോചന, രേണുക, വിജയരാഘവൻ. മകൻ വിജയരാഘവൻ നാടക-ചലച്ചിത്രനടനാണ്.  1995 നവംബർ 14-ന് എൻ.എൻ. പിള്ള അന്തരിച്ചു.

ജനപ്രീതി നേടിയ പല നാടകങ്ങളും എഴുതി അരങ്ങേറി. 28 നാടകങ്ങളും 21 ഏകാങ്കനാടകങ്ങളും, രണ്ട് നാടക പഠനങ്ങളും എഴുതിയിട്ടുണ്ട്. കാപാലിക, ഈശ്വരൻ അറസ്റ്റിൽ, ക്രോസ്ബെൽറ്റ് തുടങ്ങിയ പ്രശസ്ത നാടകങ്ങൾ, നാടകദർപ്പണം, കർട്ടൻ എന്നീ പഠനഗ്രന്ഥങ്ങൾ. 'ഞാൻ' എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രേതലോകം എന്ന നാടകത്തിന് 1966-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിരുന്നു. 1991ൽ സിദ്ദിഖ്-ലാൽ സംവിധാനം ചെയ്ത ഗോഡ്‌ഫാദർ എന്ന സിനിമയിൽ അഞ്ഞൂറാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ചു. തുടർന്ന് നാടോടി എന്ന ചിത്രത്തിലും അഭിനയിച്ചു. അദ്ദേഹത്തിൻ്റെ സഹോദരി ഓമന നാടകങ്ങളിൽ അഭിനയിച്ചിരുന്നു.

സുപ്രസിദ്ധ നാടകമായ കാപാലിക സിനിമയാക്കിയപ്പോൾ അതിലെ എൻ. എൻ. പിള്ള എഴുതിയ ഗാനവും പ്രസിദ്ധമായി.
 'കപിലവസ്തുവിലെ കര്‍മ്മയോഗിയില്‍ പോലും
കാമദേവനെ കാണും...കാമിനീ കാപാലികേ
ഇടിമിന്നലില്‍ ഇന്ദ്രകാര്‍മുഖമാല്യം ചാര്‍ത്താന്‍
പഴുതേ മോഹിക്കും നിന്‍ മുഗ്ദ്ധഭാവനകളില്‍
അമൃതപയോധിയും ആകാശതടിനിയും...
പ്രമദ വനികയും പൊള്ളുന്ന മരുഭൂമിയും
കുളിര്‍ തെന്നലും കൊടുങ്കാറ്റും
ഒന്നായി കൂടിക്കുഴയും..
സത്യത്തിന്റെ വിശ്വരൂപം ഞാന്‍ കാണ്മൂ ...'.

 കാപാലിക പോലുള്ള നാടകങ്ങള്‍ തീര്‍ത്ത തീപ്പൊരികള്‍ ഇതുവരെയും കെട്ടടങ്ങിയിട്ടില്ല. സമൂഹത്തിലെ ജീര്‍ണ്ണതകളോടുള്ള പോരാട്ടം കൂടിയായിരുന്നു എന്‍.എന്‍ പിള്ളയുടെ നാടകങ്ങള്‍. മരണം വരെ നാടകത്തെ സ്നേഹിച്ച അതുല്യ പ്രതിഭയായിരുന്നു എന്‍.എന്‍ പിള്ള. അരങ്ങിലും പുറത്തും അടിയുറച്ച നിലപാടുകളിലൂടെ തന്‍റെ അഭിപ്രായങ്ങള്‍ തുറന്നു പറയാനും പിള്ള മടി കാണിച്ചില്ല. മലയാള നാടകവേദിയിലെ സമാനതകളില്ലാത്ത ഒറ്റയാനായിരുന്നു ശ്രീ എൻ.എൻ. പിള്ള.

' നില്‍ക്കാനൊരു തറ, പിന്നിലൊരു മറ, എന്റെയുള്ളില്‍ ഒരു നാടകം എന്റെ മുന്നില്‍ നിങ്ങളും' - ഉള്ളുനീറുന്ന നാടകക്കാലത്തെക്കുറിച്ച് എന്‍.എന്‍. പിള്ള ഒരിക്കൽ എഴുതി.

അതെ,  നാടകത്തിന് വേണ്ടി തൻ്റെ ജീവിതം സമർപ്പിച്ച നാടകാചാര്യൻ ശ്രീ എൻ.എൻ. പിള്ളയുടെ ഓർമ്മകൾക്ക് മുൻപിൽ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

2020, ഒക്‌ടോബർ 14, ബുധനാഴ്‌ച

ലോക വിദ്യാർത്ഥി ദിനം. ഒക്ടോബർ 15.

 ഒക്ടോബർ 15. ലോക വിദ്യാർത്ഥി ദിനം

എല്ലാ വർഷവും ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുന്നു. 2010 മുതലാണ് ഐക്യരാഷ്ട്ര സഭ ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി അചരിച്ചു തുടങ്ങിയത്. ഇൻഡ്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ. എ.പി.ജെ. അബ്ദുൾ കലാമിൻ്റെ ജന്മദിനമാണ് ഒക്ടോബർ 15. ഡോ. എ.പി.ജെ.അബ്ദുൾ കലാമിൻ്റെ വാക്കുകൾ ലോക വിദ്യാർത്ഥി ദിനത്തിൽ ഓർക്കുന്നത് ഉചിതമാണ്.

 " ചോദ്യങ്ങൾ ചോദിക്കുക എന്നതാണ് ഒരു നല്ല വിദ്യാർത്ഥിയുടെ ലക്ഷണം. നമ്മുടെ കുട്ടികൾ ചോദിക്കട്ടെ ".

 " ഓരോ കുട്ടിയും വ്യത്യസ്തനാവാൻ ശ്രമിച്ചുകൊണ്ടിരിക്കും. എന്നാൽ ലോകരാവട്ടെ, അവരെ മറ്റുള്ളവരെപോലെ നന്നാക്കിയാലേ അടങ്ങൂ എന്ന് ശഠിക്കുന്നു". 

" നാം ഇന്നത്തേക്ക് കുറച്ച് ത്യാഗങ്ങൾ സഹിച്ചാലേ നമ്മുടെ കുട്ടികൾക്ക് നല്ലൊരു നാളെയെ നൽകാനാവൂ."

 സ്വപ്നങ്ങൾ യാഥാർത്ഥ്യമാകണമെങ്കിൽ ആദ്യം സ്വപ്നങ്ങൾ കാണുക."

" കഷ്ടപ്പാടുകൾ ആവശ്യമാണ്. എങ്കിലേ നേട്ടങ്ങൾ ആസ്വദിക്കാനാവൂ."

പ്രൈമറി ക്ലാസുകളിൽ പഠിച്ച ഒരു കവിത ഓർമ്മ വരുന്നു.

"പഠിക്കണം നാം ഓരോന്നും

ബാല്യം തൊട്ടു നിരന്തരം

പഠിത്തം മതിയാക്കിടാം

പ്രാണൻ മേനി വിടുന്ന നാൾ "'

അറിവ് എന്നുള്ളത് ജീവിതത്തിലെ പ്രധാന ഘടകം തന്നെയാണ്. ജീവിത അവസാനം വരെ പഠനം തുടരണം.

വൈജ്ഞാനിക വികസനം അനുഭവങ്ങളിലൂടേയും അന്വേഷണങ്ങളിലൂടെയുമാണ് നടക്കുന്നതെന്നും ചുറ്റുപാടിൽ നിന്നും ലഭിക്കുന്ന അനുഭവങ്ങളെ മുൻ അനുഭവങ്ങളുമായി ചേർത്ത് പുതിയ അറിവുകളും ധാരണകളും നിർമ്മിക്കുന്ന പ്രക്രിയയാണ് പഠനമെന്നും ഒരു നിർവ്വചനമുണ്ട്.

അന്യൻ്റെ അറിവിൽ നിന്നല്ല, ആത്മബോധത്തിൽ നിന്നുവേണം നമ്മുടെ മുന്നോട്ടുള്ള ചുവട് വയ്പ്. അതിനേക്കാളുപരി അനുഭവങ്ങളെ നാം വിശ്വസിക്കണം. വിദ്യാഭ്യാസം വിജ്ഞാനം നൽകണമെന്നില്ല. വിവരം വിവേകത്തിന് വഴിതെളിക്കണം. ഇല്ലെങ്കിൽ ചുറ്റുപാട്ടം നിന്ന് നമുക്ക് ലഭിക്കുന്ന വിവരങ്ങൾക്കനുസരിച്ച് ആലോചനയില്ലാതെ അബദ്ധങ്ങളിൽ പെട്ടുപോകാൻ സാദ്ധ്യതയുണ്ട്. അറിവും നെറിവും ( സംസ്കാരവും ) ചേരുമ്പോഴേ തിരിച്ചറിവ് ഉണ്ടാവുകയുള്ളു. അതുകൊണ്ട് വിദ്യാഭ്യാസത്തിൽ അറിവിനേപ്പോലെ നെറിവിനും ഊന്നൽ കൊടുക്കണം.

ലോക വിദ്യാർത്ഥി ദിനത്തിൻ്റെ നന്മകൾ എല്ലാവർക്കും നേരുന്നു.

2020, സെപ്റ്റംബർ 21, തിങ്കളാഴ്‌ച

സെപ്റ്റംബർ 22. ലോക റോസ് ദിനം

സെപ്റ്റംബർ 22. ലോക റോസ് ദിനം. റോസ് എന്ന പേരുള്ളവർക്കും റോസപ്പൂക്കളെ സ്നേഹിക്കുന്നവർക്കും ആശംസകൾ. കാൻസർ രോഗികൾക്ക് റോസപ്പൂ നൽകുന്ന ദിനം. അമേരിക്കയിലെ ഒറിഗണിലെ ഒരു റോസപ്പൂ ഗാർഡൻ സന്ദർശിച്ചപ്പോൾ .......

2020, ജൂലൈ 19, ഞായറാഴ്‌ച

കെ.പി.ജോസഫ് മാസ്റ്റർ അനുസ്മരണം

കെ.പി. ജോസഫ് മാസ്റ്റര്‍ അനുസ്മരണം നടത്തി

തിരുമുടിക്കുന്നിലെ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന അന്തരിച്ച കെ.പി. ജോസഫ് മാസ്റ്ററുടെ ഒന്നാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടത്തി. 2019 ജൂലൈ 11 ന് ആയിരുന്നു അദ്ദേഹം അന്തരിച്ചത്. അനുസ്മരണ സമ്മേളനത്തിൽ കൊരട്ടി ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ രജനീരാജു അധ്യക്ഷയായിരുന്നു. വി.ഒ. പോളിമാസ്റ്റര്‍, സോണിജോസഫ്, വി.കെ. വര്‍ഗ്ഗീസ്, വി.വി.പോളി, ജോസ് മഞ്ഞളി, വി.ഒ. ജോണ്‍, കെ.പി. സെബാസ്റ്റ്യന്‍, ഡേവീസ് വല്ലൂരാന്‍  എന്നിവര്‍ പ്രസംഗിച്ചു. എസ്.എസ്‌.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ട്രോഫികള്‍ നല്‍കി. തുടര്‍ന്ന്, വാര്‍ഡ് മെമ്പര്‍ രജനീരാജു, വി.ഒ. പോളിമാസ്റ്റര്‍ എന്നിവര്‍ രക്ഷാധികാരികളായും ജോസ് മഞ്ഞളി ചെയര്‍മാനായും കെ.പി.ജോസഫ് മാസ്റ്റര്‍ അനുസ്മരണ സമിതിക്ക് രൂപംനല്‍കി. കോവിഡ് പ്രതിരോധ മാനദണ്ധങ്ങള്‍ അനുസരിച്ചുകൊണ്ടായിരുന്നു യോഗം നടത്തിയത്.

2020, ജൂലൈ 18, ശനിയാഴ്‌ച

കെ.പി.ജോസഫ് മാസ്റ്റർ ചരമദിനം

ജൂലൈ 11. കെ.പി. ജോസഫ് മാസ്റ്ററുടെ ചരമദിനം.
 2019 ൽ അദ്ദേഹം അന്തരിക്കുമ്പോൾ നിലപാടുകൾക്കു വേണ്ടി നിലകൊണ്ട, സ്വന്തം അഭിപ്രായം ആരുടെ മുൻപിലും അടിയറ വയ്ക്കാത്ത ഒരു രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകനെ നാടിന് നഷ്ടപ്പെടുകയായിരുന്നു. അദ്ദേഹത്തിൻ്റെ ഓർമ്മകൾക്കു മുൻപിൽ ആദരാജ്ഞലികൾ അർപ്പിക്കുകയും ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു.
രാഷ്ട്രീയ പ്രവർത്തനം തുടങ്ങുന്നതു മുതൽ മരണംവരെ ഒരു കേരള കോൺഗ്രസ്കാരനായിരുന്നു ശ്രീ ജോസഫ് മാസ്റ്റർ.
1964ൽ കേരള രാഷ്ട്രീയത്തിൽ ഒരു വഴിത്തിരിവ് ആയിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ യശ്ശശരീരനായ പി.ടി.ചാക്കോയുടെ നേതൃത്വത്തിൽ അസംതൃപ്തരായ ഒരു ഗ്രൂപ്പ് ഉണ്ടാവുകയും അദ്ദേഹത്തിൻ്റെ മരണത്തോടെ
 കോൺഗ്രസിൽ നിന്ന് ശ്രീ കെ.എം. ജോർജിൻ്റെ നേതൃത്വത്തിൽ ഈ ഗ്രൂപ്പ് വിട്ടുപോന്ന് കേരള കോൺഗ്രസ് രൂപീകരിക്കുകയും ചെയ്തു. കേരള കോൺഗ്രസ് സ്ഥാപിതമായപ്പോൾ ശ്രീ ആർ. ബാലകൃഷ്ണപ്പിള്ളയായിരുന്നു കെ.എം.ജോർജിനോടൊപ്പം നിന്നവരിൽ പ്രമുഖൻ. തുടർന്ന് ശ്രീ കെ.എം.മാണി, പി.ജെ.ജോസഫ് തുടങ്ങിയവർ കൂടിചേർന്ന് കേരളാകോൺഗ്രസ്സ് ശക്തിപ്പെടുത്തി. 1976 ഡിസംബറിൽ ശ്രീ കെ.എം. ജോർജ് അന്തരിച്ചു.
 1977 ൽ നേതൃ തർക്കത്തെ തുടർന്ന് ശ്രീ ആർ. ബാലകൃഷ്ണപ്പിള്ള കേരള കോൺഗ്രസ് (ബി) രൂപീകരിക്കുകയും ചെയ്തു. ശ്രീ കെ.എം.മാണി, ശ്രീ പി.ജെ.ജോസഫ് തുടങ്ങിയവർ കേരള കോൺഗ്രസിൽ തുടർന്നു. എന്നാൽ1979ൽ ശ്രീ പി.ജെ.ജോസഫുമായുള്ള നേതൃ തർക്കത്തെ തുടർന്ന് ശ്രീ കെ.എം മാണി കേരള കോൺഗ്രസ് (എം) രൂപീകരിച്ചു. പിന്നീട് പിളർപ്പുകളെ തുടർന്ന് വിവിധ കേരള കോൺഗ്രസുകൾ ഉണ്ടായെങ്കിലും എക്കാലവും ശ്രീ മാണി സാറിൻ്റെ  അനുയായിരുന്ന ജോസഫ് മാസ്റ്റർ മരണം വരെ മാണി ഗ്രൂപ്പിൽ തുടർന്നു.

ജോസഫ് മാസ്റ്ററെക്കുറിച്ച് ഓർക്കുമ്പോൾ എൻ്റെ കുട്ടിക്കാലം ഓർമ്മ വരുന്നു. എനിക്ക് അന്ന് 10 വയസ്. തിരുമുടിക്കുന്നിൽ കേരളാ കോൺഗ്രസ് രൂപീകരിക്കുന്നതിനായി 1966 ൽ എൻ്റെ തറവാട്ടിൽ ( അപ്പൂപ്പൻ വല്ലൂരാൻ ദേവസിയുടെ വീട്ടിൽ) ശ്രീ പി.കെ.ഇട്ടൂപ്പ് വക്കീൽ വരുന്നു. തൊട്ട് പടിഞ്ഞാറെ വീട്ടിലെ കണ്ടംകുളത്തി പൊറിഞ്ചു മാസ്റ്ററുടെ വീട്ടിൽ നിന്ന് മാസ്റ്ററുടെ മൂത്ത മകനായ യുവാവായ ജോസഫിനെ (ജോസഫ് മാസ്റ്ററെ ) വിളിക്കുന്നു. കേരള കോൺഗ്രസ് സംഘടിപ്പിക്കാനുള്ള ചുമതല ഏൽപ്പിക്കുന്നു. അങ്ങനെ കേരള കോൺഗ്രസ് തിരുമുടിക്കുന്നിൽ തുടങ്ങുന്നു.

 ചാലക്കുടിയിലെ പാർട്ടി പ്രമുഖൻ ആയിരുന്ന ശ്രീ. പി. കെ. ഇട്ടൂപ്പ് വക്കീലിനൊപ്പം തോളോടുതോൾ ചേർന്ന് പ്രവർത്തിച്ച യുവനേതാവ്. അക്കാലത്ത് ജില്ലയിലങ്ങോളമിങ്ങോളം തിരഞ്ഞെടുപ്പ് വേദികളിൽ ഓടിനടന്ന് പ്രസംഗിച്ചിരുന്ന തീപ്പൊരി പ്രാസംഗികൻ.  ആശയപരമായി യോജിപ്പുള്ള മാണിസാറിനൊപ്പം തൻ്റെ മരണം വരെ നിന്ന ആദർശധീരൻ.

തിരുമുടിക്കുന്നിന്റെ ചിരകാലസ്വപ്നമായിരുന്ന ഹൈസ്കൂൾ യാഥാർത്ഥ്യമാക്കുന്നതിൽ മുഖ്യപങ്കുവഹിച്ചയാൾ. സ്വന്തം കീശയിൽ നിന്ന് പണം മുടക്കി നാട്ടുകാരുടെ ആവശ്യങ്ങൾ തിരുവനന്തപുരത്തുപോയി നടത്തിക്കൊടുത്തിരുന്നയാൾ.

ഇത്തരത്തിൽ ജോസഫ് മാഷിന് വിശേഷണങ്ങളേറെ. തിരുമുടിക്കുന്ന് പി.എസ്. ഹയർ സെക്കൻ്ററി സ്കൂൾ അധ്യാപകനായിരുന്നു അദ്ദേഹം. അവസാന കാലങ്ങളിൽ മാഷ് എവിടേയും സജ്ജീവമായിരുന്നില്ല.
മാണിസാർ പിന്നീട് എന്നും അധികാരത്തിൽ ഉണ്ടായിരുന്നെങ്കിലും അധികാരത്തിന്റെ ഇടനാഴികളിലെവിടേയും മാഷെ കണ്ടില്ല. ചുരുങ്ങിയ കാലം കൊരട്ടിപഞ്ചായത്തിൽ വാർഡ് മെമ്പറായിരുന്നതൊഴിച്ചാൽ അധികാരരാഷ്ട്രീയത്തിൽ മാഷുണ്ടായിരുന്നില്ല, ഒരുകാലത്തും.

മാഷിന്റെ വേർപാട് തിരുമുടിക്കുന്നിന്റെ ചരിത്രത്തിൽ അടയാളപ്പെടുത്തുന്നത് ഒരു കാലഘട്ടത്തിന്റെ പോരാട്ടസ്മരണകളാണ്.
ഒരിക്കൽക്കൂടി, ശ്രീ ജോസഫ് മാസ്റ്ററുടെ ഓർമ്മകൾക്കു മുൻപിൽ ആദരാജ്ഞലികൾ അർപ്പിക്കുകയും ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു.

2020, ജൂൺ 25, വ്യാഴാഴ്‌ച

ജൂലൈ 3. ദുക്റാന തിരുനാള്‍( തോമാശ്ലീഹയുടെ ഓര്‍മ്മ തിരുനാള്‍ )

ദുക്റാന തിരുനാള്‍( വി. തോമാശ്ലീഹായുടെ ഓര്‍മ്മ തിരുനാള്‍)
.......................................................................
 ജൂലൈ 3. ഭാരതത്തിന്‍റെ അപ്പസ്തോലനായ വി. തോമാശ്ലീഹയുടെ ഓര്‍മ്മ തിരുനാള്‍. ഈശോയുടെ പന്ത്രണ്ട് ശിഷ്യന്മാരില്‍ ഒരുവനായ തോമാശ്ലീഹയെപ്പറ്റി വിശദമായിട്ടൊന്നും വിശുദ്ധ ഗ്രന്ഥമായ ബൈബിളില്‍ പറഞ്ഞിട്ടില്ല. നാല് സന്ദര്‍ഭങ്ങളിലാണ് വിശുദ്ധനെപ്പറ്റി പ്രതിപാദിക്കുന്നത്. അസാമാന്യ ധൈര്യമുള്ളവനായും നന്മ ചെയ്യുന്നതിന് മറ്റുള്ളവരെ പ്രേരിപ്പിക്കുന്നവനായും കാണുന്നുണ്ട് യേശു ലാസറിനെ ഉയിര്‍പ്പിക്കുന്ന സന്ദര്‍ഭത്തില്‍. തന്‍റെ സ്നേഹിതനായ ലാസര്‍ മരിച്ചുവെന്നറിഞ്ഞപ്പോള്‍ യേശു തനിക്ക് ഏറെ ശത്രുക്കളുള്ള, ലാസറിന്‍റെ നാടായ യൂദയായിലേക്ക്  പോകുവാനൊരുങ്ങുമ്പോള്‍ ശിഷ്യര്‍ അദ്ദേഹത്തെ തടയുന്നു. അപ്പോള്‍ `` നമുക്കും അവനോടൊപ്പം പോയി മരിക്കാം'' എന്നുപറഞ്ഞുകൊണ്ട് മറ്റ് ശിഷ്യര്‍ക്ക് ധൈര്യം കൊടുത്തുകൊണ്ട് യൂദയായിലേക്ക് പോകുവാന്‍ പ്രേരിപ്പിക്കുന്ന തോമാശ്ലീഹയെ( യോഹ. 11: 16 )കാണാം.

സ്വര്‍ഗ്ഗസ്ഥനായ പിതാവിലേക്കുള്ള വഴി നിങ്ങള്‍ക്കറിയാമെന്ന് യേശു തന്‍റെ ശിഷ്യരോട് പറയുമ്പോള്‍ വഴിയറിയാതെ നിഷ്കളങ്കതയോടും ബഹുമാനപൂര്‍വ്വവും സംശയിച്ചുനില്‍ക്കുന്ന തോമാശ്ലീഹയോട് വഴിയും സത്യവും ജീവനും താനാണെന്നും തന്നിലൂടെയല്ലാതെ ആരും പിതാവിന്‍റെ അടുക്കലേക്ക് വരുന്നില്ലായെന്നും യേശു പറയുവാന്‍ സാഹചര്യമുണ്ടാക്കുന്ന തോമാശ്ലീഹയെ കാണുന്നു വേറൊരിടത്ത്( യോഹ. 14: 4- 6).

ഉയിര്‍ത്തെഴുന്നേറ്റ യേശുനാഥന്‍ ശിഷ്യര്‍ക്ക് പ്രത്യക്ഷപ്പെട്ട സന്ദര്‍ഭത്തില്‍ അവിടെ ഇല്ലാതിരുന്നതുമൂലം തനിക്കുമാത്രം കാണാന്‍ സാധിക്കാത്തതുകൊണ്ട് വിഷമിച്ച് അതിയായി ആഗ്രഹിക്കുകയും അതിനായി ശാഠ്യം പിടിക്കുകയും യേശുവിനെ കണ്ടപ്പോള്‍ ``എന്‍റെ കര്‍ത്താവെ, എന്‍റെ ദൈവമേ''എന്ന് ഏറ്റുപറയുകയും ചെയ്തുകൊണ്ട് യേശുവിനെ ദൈവമായി അംഗീകരിക്കുവാന്‍ നമ്മെ പഠിപ്പിക്കുന്നു തോമാശ്ലീഹ മറ്റൊരിടത്ത്(യോഹ. 20: 27- 28).

മീന്‍ പിടിക്കാന്‍ പോയി ഒന്നുംകിട്ടാതെ നിരാശപ്പെടുന്ന പത്രോശ്ലീഹയുടെകൂടെ തോമാശ്ലീഹ വഞ്ചിയില്‍ ഇരിക്കുമ്പോള്‍ യേശു പ്രത്യക്ഷപ്പെടുന്നതും യേശു പറഞ്ഞതനുസരിച്ച് വള്ളത്തിന്‍റെ വലതുവശത്ത് വലയെറിയുന്നതും വല നിറയെ മത്സ്യം കിട്ടുന്നതും യേശു അവരുടെ കൂടെ ഭക്ഷണം കഴിക്കുന്നതും പത്രോശ്ലീഹായെ സഭയെ നയിക്കുവാന്‍ നിയോഗിക്കുന്നതുമായ സന്ദര്‍ഭത്തിലും തോമാശ്ലീഹായെക്കുറിച്ച് ബൈബിളില്‍ പ്രതിപാദിക്കുന്നുണ്ട്( യോഹ. 21: 1- 7).

തോമാശ്ലീഹയെക്കുറിച്ച് നാം കൂടുതല്‍ അറിയുന്നത് പരമ്പരാഗതമായ വിശ്വാസങ്ങളിലൂടേയും ഐതിഹ്യങ്ങളിലൂടേയും ചരിത്രകാരന്മാര്‍ പിന്നീട് എഴുതിയതിലൂടെയുമാണ്. യൂദയ രാജ്യത്ത് ഗലീലി എന്ന സ്ഥലത്താണ് അദ്ദേഹം ജനിക്കുന്നത്. അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ യഹൂദരും വളരെ പാവപ്പെട്ടവരുമായിരുന്നു. സല്‍സ്വഭാവിയും സത്യസന്ധനും ദൈവഭക്തനുമായ അദ്ദേഹം യേശുവിന്‍റെ പ്രബോധനങ്ങളിലും പ്രസംഗങ്ങളിലും ആകൃഷ്ടനായി യേശുവിന്‍റെ ശിഷ്യനായിതീര്‍ന്നു. യേശുവിന്‍റെ മരണത്തിനും ഉയിര്‍പ്പിനുംശേഷം പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്താല്‍ സുവിശേഷവേലക്കായി അനേകം മതവിശ്വാസങ്ങള്‍ നിലനിന്നിരുന്ന ഭാരതം ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് നിയോഗിക്കപ്പെടുകയാണ്. ഭാരത യാത്രക്കു മുന്‍പ്തന്നെ അദ്ദേഹം പേര്‍ഷ്യ, മെദിയ തുടങ്ങിയ പല രാജ്യങ്ങളിലും സുവിശേഷവേല നടത്തി ക്രിസ്തു മത വിശ്വാസികളാക്കി.

അറേബ്യന്‍ രാജ്യങ്ങളില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ഹബാന്‍ എന്നു പേരായ ദക്ഷിണ ഭാരതത്തിലെ ചോഴരാജാവിന്‍റെ മന്ത്രിയുമായി പരിചയപ്പെടാന്‍ ഇടയായി. ചോഴരാജാവിന് അതിവിശിഷ്ടമായ അരമന പണിയുന്നതിന് ശില്പകലാകാരന്മാരെ സംഘടിപ്പിക്കുന്നതിനുവേണ്ടിയാണ് ഹബാന്‍ അവിടെ എത്തിയത്. താന്‍ ഒരു ശില്പിയായിരുന്നില്ലെങ്കിലും സുഹൃത്തായിതീര്‍ന്ന ഹബാനോടൊപ്പം കപ്പല്‍ കയറി തോമാശ്ലീഹ ഭാരതത്തിലേക്ക് പുറപ്പെട്ടു. ഇന്നത്തേപ്പോലെ ആധുനിക സജ്ജീകരണങ്ങള്‍ ഇല്ലാതിരുന്ന കപ്പല്‍ പക്ഷെ എത്തിപ്പെടുന്നത് ചേരരാജ്യത്തിന്‍റെ തലസ്ഥാനമായ കൊടുങ്ങല്ലൂരിലായിരുന്നു. എ.ഡി. 52ല്‍ ആയിരുന്നു തോമാശ്ലീഹ അവിടെ എത്തിയത്. ചേരരാജ്യാധിപന്‍ പെരുമാള്‍ അദ്ദേഹത്തെ ആദരിക്കുകയും രാജസന്നിധിയില്‍ സ്വീകരിക്കുകയും ചെയ്തു.

കുറച്ചുനാള്‍ കൊടുങ്ങല്ലൂരില്‍ താമസിച്ച് സുവിശേഷ വേലചെയ്തതിനുശേഷം ശ്ലീഹ ഹബാനോടൊപ്പം ചോഴരാജാവിന്‍റെ സന്നിധിയിലെത്തി. രാജാവ് അദ്ദേഹത്തെ സ്വീകരിച്ച് അരമന പണിയുന്നതിനായി വലിയൊരു തുക അനുവദിച്ചു. പക്ഷെ ആ തുകയത്രയും ശ്ലീഹ പാവപ്പെട്ടവര്‍ക്കായി ചിലവഴിച്ചുവെന്നാണ് ഐതിഹ്യം. ഏതാനുംമാസം ചോഴനാട്ടില്‍ സുവിശേഷ വേലക്കുശേഷം അദ്ദേഹം ഉത്തരേന്ത്യയിലേക്കും അവിടെനിന്ന് ചൈനയിലേക്കും യാത്രചെയ്ത് യേശുവിന്‍റെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് വീണ്ടും ചോഴനാട്ടിലെത്തി. ഈ അവസരത്തില്‍ കൊടുങ്ങല്ലൂര്‍ രാജാവ് തന്‍റെ മരുമകനെ അയച്ച് ശ്ലീഹായെ കൊടുങ്ങല്ലൂര്‍ക്ക് ക്ഷണിക്കുകയും അദ്ദേഹം വീണ്ടും കൊടുങ്ങല്ലൂര്‍ എത്തുകയും ചെയ്തു. സുവിശേഷ പ്രസംഗങ്ങളില്‍ ആകൃഷ്ടനായി പെരുമാള്‍ രാജാവ് കുടുംബസമേതം ക്രിസ്തുമതം സ്വീകരിച്ചു. രാജാവ് അന്ത്രയോസ് എന്ന പേര് സ്വീകരിച്ചു. ഭക്തനും വിവേകിയുമായ രാജാവിന്‍റെ ഒരു  മരുമകന് ശ്ലീഹ പൗരോഹിത്യ പദവി നല്‍കുകയും കേപ്പയെന്ന് നാമകരണം ചെയ്യുകയുംചെയ്തു. അനേകം ആളുകള്‍ ക്രിസ്തുമതം സ്വീകരിക്കുകയും അവര്‍ക്കുവേണ്ടി ശ്ലീഹ വൈദികരെ വാഴിക്കുകയുംചെയ്തു.

കേരളത്തില്‍ ഏഴ് പള്ളികള്‍ ശ്ലീഹ സ്ഥാപിച്ചുവെന്നാണ് പാരമ്പര്യ വിശ്വാസം. കൊടുങ്ങല്ലൂര്‍, കൊല്ലം, നിരണം, ചായല്‍, കോക്കമംഗലം, കൊട്ടക്കാവ്, പാലയൂര്‍ എന്നീ സ്ഥലങ്ങളിലാണ് ആ ഏഴ് പള്ളികള്‍.
 അതിനുപുറമെ കന്യാകുമാരിക്കടുത്ത് തിരുവിതാംകോട് അര പള്ളിയും പണിതതായി വിശ്വാസിക്കപ്പെടുന്നു.
മലമ്പ്രദേശങ്ങളിലൂടെ അദ്ദേഹം യാത്രചെയ്ത് മലയാറ്റൂരില്‍ എത്തിച്ചേര്‍ന്നു. മതവിശ്വാസികള്‍ കൂടുന്നതിനൊപ്പം അദ്ദേഹത്തിന് ശത്രുക്കളും കൂടിവന്നു. തോമാശ്ലീഹ മലയാറ്റൂര്‍ മലമുകളിലെ പാറപ്പുറത്ത് മുട്ടിന്മേല്‍നിന്ന് പ്രാര്‍ത്ഥിക്കുകയും സ്വന്തം കൈവിരല്‍കൊണ്ട് കുരിശടയാളം വരക്കുകയുയുംചെയ്തു. പിന്നീട് ആ സ്ഥലത്ത് സ്വര്‍ണ്ണക്കുരിശ് പ്രത്യക്ഷപ്പെട്ടുവെന്ന് പറയപ്പെടുന്നു. ലക്ഷക്കണക്കിന് വിശ്വാസികള്‍ കൊല്ലംതോറും മലയാറ്റൂര്‍ മല മുത്തപ്പനായ തോമാശ്ലീഹായെ വണങ്ങി പ്രാര്‍ത്ഥിക്കുവാന്‍ മലയാറ്റൂര്‍ എത്തിച്ചേരുന്നു.

കേരളത്തിലെ സുവിശേഷ വേല പൂര്‍ത്തിയാക്കി ശ്ലീഹ പാണ്ടിദേശം എന്നറിയപ്പെടുന്ന ഇന്നത്തെ തമിഴ്നാട്ടിലേക്ക് തിരിച്ചു. അവിടെ മൈലാപ്പൂരിനടുത്തുള്ള ചിന്നമലയില്‍ അദ്ദേഹം സ്ഥാപിച്ച കുരിശിന്‍ ചുവട്ടില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ശത്രുക്കള്‍ കുന്തംകൊണ്ട് കുത്തി അദ്ദേഹത്തെ കൊലപ്പെടുത്തി. എ.ഡി. 72 ജൂലൈ 3ന് ആയിരുന്നു അദ്ദേഹം വധിക്കപ്പെട്ടത്.
തമിഴ്നാട്ടിലെ ചെന്നൈയില്‍നിന്ന് 14കിലോമീറ്റർ അകലെയായി ഗിണ്ടി മേൽപ്പാലത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ദേവാലയമാണ് സെന്‍റ് തോമസ് മൗണ്ട് ദേവാലയം. എ.ഡി. 52-ൽ ഭാരതത്തിലെത്തിയ തോമാശ്ലീഹ എ.ഡി. 72-ൽ ഈ മലയിലാണ് രക്തസാക്ഷിത്വം വരിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ചെങ്കൽപ്പേട്ട് രൂപതയുടെ കീഴിലാണ് ഈ ദേവാലയം സ്ഥിതിചെയ്യുന്നത്. ഇതൊരു ദേശീയ തീർത്ഥാടനകേന്ദ്രവുമാണ്. 2011-ലാണ് സെന്റ് തോമസ് മൗണ്ടിനെ ദേശീയ തീർത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചത്.
പരമ്പരാഗതമായി നമുക്ക് കൈമാറി ലഭിച്ച ദൈവ വിശ്വാസത്തിന്‍േയും ക്രൈസ്തവ സാക്ഷ്യത്തിന്‍റേയും ദീപശിഖ അണയാതെ കാത്തുസൂക്ഷിക്കാനും വരുംതലമുറയിലേക്ക് കൈമാറാനും നമുക്ക് കടമയുണ്ട്. അതിനായി ആത്മാര്‍ത്ഥമായി നമുക്ക് പ്രവര്‍ത്തിക്കാം. എല്ലാവര്‍ക്കും ദുക്റാന തിരുനാളിന്‍റെ മംഗളാശംസകള്‍ നേരുന്നു.