.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2018, സെപ്റ്റംബർ 23, ഞായറാഴ്‌ച

വിന്‍സെന്റ് ഡീപോള്‍ സൊസൈറ്റി ,തിരുമുടിക്കുന്ന്

തിരുമുടിക്കുന്ന് സെന്റ് വിന്‍സെന്റ് ഡീപോള്‍ സൊസൈറ്റി അതിന്‍റെ ഗോള്‍ഡണ്‍ ജൂബിലി വിവിധ പരിപാടികളോടെ ആഘോഷിക്കുകയാണ്. കത്തോലിക്കാ സഭയില്‍ സ്ഥാപിതമായ അത്മായരുടെ ഒരു അന്തര്‍ദേശീയ സംഘടനയാണ് സെന്റ് വിന്‍സെന്റ് ഡീപോള്‍ സൊസൈറ്റി. 1581- 1660 കാലഘട്ടത്തില്‍ ജീവിച്ചിരുന്ന വി. വിന്‍സെന്റ് ഡീപോളിന്റെ ആത്മീയ ചൈതന്യത്തില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഫ്രെഡറിക് ഹൊസെനാമും ഏഴ് സഹപ്രവര്‍ത്തകരുംചേര്‍ന്ന് 1833ല്‍ വിന്‍സെന്റ് ഡീപോള്‍ സൊസൈറ്റിക്ക് രുപംകൊടുത്തു. അംഗങ്ങളുടെ ആത്മീയ പുരോഗതി, സാധുക്കളുടെ ഭൗതിക വളര്‍ച്ച, മറ്റുള്ളവരുടെ ധാര്‍മ്മീക പുരോഗതി എന്നിവയാണ് ലക്ഷ്യങ്ങള്‍. ദരിദ്രരില്‍ ക്രിസ്തുവിനെ ദര്‍ശിക്കുക, സാധുജന സേവനത്തിലുടെ ദൈവസ്നേഹം പ്രകടമാക്കുക, ജീവിത മാത്റ്കവഴി ക്രിസ്തുവിനെ സാക്ഷ്യംവഹിക്കുക എന്നിവയാണ് സംഘടനയുടെ ആദര്‍ശങ്ങള്‍. ബഹുമാനപ്പെട്ട ഫാ. ജോസഫ് തെക്കിനിയേന്‍(Late) വികാരിയായിരുന്ന കാലഘട്ടത്തില്‍ 1968 ജനുവരിയിയിലാണ് തിരുമുടിക്കുന്നില്‍ സെന്റ് വിന്‍സെന്റ് ഡീപോള്‍ സൊസൈറ്റി ആരംഭിച്ചത്. തുടര്‍ന്ന് സ്ഥലം മാറിവന്ന ഫാ. ജോസഫ് നെറ്റിക്കാടന്‍(Late) വികാരിയായിരുന്ന കാലഘട്ടത്തിലാണ് സംഘടന ഉപരികൗണ്‍സിലുകളുമായി ബന്ധപ്പെടുന്നതും 1968 ജൂലൈ 3ന് ഒൗദ്യോഗകമായി അംഗീകരിക്കപ്പെടുന്നതും. ശ്രീ പാലാത്തുരുത്തി പാപ്പു പാപ്പച്ചന്‍ ആയിരുന്നു ആദ്യത്തെ പ്രസിഡന്റ് . അന്നത്തെകാലത്ത് നമ്മുടെ നാട്ടില്‍ സാമ്പത്തികമായി പുറകില്‍നിന്നിരുന്ന കുടുംബങ്ങളുടെ വീടുകള്‍ മേഞ്ഞുകൊടുക്കുക, ചികിത്സാസഹായംചെയ്യുക, കുട്ടികളുടെ വിദ്യാഭ്യാസത്തിനു സഹായിക്കുക എന്നിവയാണ് ചെയ്തുകൊണ്ടിരുന്നത്. 1993ല്‍ ഫാ. ആന്‍റണി കവലക്കാട്ട്(Late) വികാരിയായിരുന്നകാലത്ത് സംഘടനയുടെ സില്‍വര്‍ ജൂബിലി ആഘോഷിച്ചു. അന്ന് ശ്രീ ജോസ് തച്ചില്‍ ആയിരുന്നു പ്രസിഡന്റ്. ജൂബിലിയുടെ സ്മരണക്കായി ഏറ്റവും നിര്‍ദ്ധനരായ, ഓലയും വൈക്കോലുംകൊണ്ട് വീട്മേഞ്ഞിരുന്ന, 10 ഭവനങ്ങള്‍ക്ക് ഓട്മേഞ്ഞ് കൊടുത്തു. പാവപ്പെട്ട കുട്ടികള്‍ക്ക് തൊഴില്‍ പരിശീലനം, വിവാഹ സഹായം തുടങ്ങിയവ അന്നത്തെ കാലഘട്ടത്തില്‍ചെയ്തിരുന്നു. 1995ല്‍ സംഘടനയുടെ വനിതാകൗണ്‍സില്‍ തിരുമുടിക്കുന്നില്‍ രൂപീകരിച്ചു. 2018ല്‍, ഗോള്‍ഡണ്‍ ജൂബിലി വര്‍ഷത്തില്‍, ജൂബിലി സ്മാരകമായി ഒരു പാവപ്പെട്ട കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കുകയും അഞ്ച് നിര്‍ദ്ധനരായ പെണ്‍കുട്ടിള്‍ക്ക് വിവാഹ സഹായം നല്‍കുകയുംചെയ്യുന്നു. കാലാകാലങ്ങളില്‍ ഫൊറോനയുടെ കീഴിലുള്ള ഏരിയകൗണ്‍സിലും അതിരൂപതയുടെ കീഴിലുള്ള സെന്‍ട്രല്‍ കൗണ്‍സിലും സാമ്പത്തിക കാര്യങ്ങള്‍ നിരീക്ഷിക്കുകയും വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ഇടവകയിലെ കിടപ്പുരോഗികള്‍ക്ക് എല്ലാ മാസാദ്യ വെള്ളിയാഴ്ചകളിലും കുമ്പസാരിച്ച് വിശുദ്ധകുര്‍ബ്ബാന സ്വീകരിക്കുന്നതിന് ബഹുമാനപ്പെട്ട വികാരിമാരെ സഹായിക്കുക, വിശ്വാസപരിശീലനത്തിന് കുട്ടികളെ സഹായിക്കുക തുടങ്ങിയവ ആദ്ധ്യാത്മികരംഗത്തും പാവപ്പെട്ട ജനങ്ങള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് അവരെ സാമ്പത്തികമായി സഹായിക്കുക തുടങ്ങിയവ ഭൗതികരംഗത്തും ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നു. അംഗങ്ങളുടെ വരിസംഖ്യയും പൊതുജനങ്ങളുടെ നിര്‍ല്ലോഭമായ സഹായവുമാണ് സാമ്പത്തിക സ്രോതസ്സ്. സ്ഥിരമായി സംഘടനയെ സഹായിച്ചുകൊണ്ടിരിക്കുന്ന നിരവധിപേരുണ്ട്. 2018 സെപ്റ്റംബര്‍ 23നാണ് ഗോള്‍ഡണ്‍ ജൂബിലി സമാപന സമ്മേളനം. പ്രസിഡന്റ് തോമസ് ആലുക്കയുടെ അദ്ധ്യക്ഷതയില്‍കൂടിയ സമ്മേളനം ഇടവക വികാരി ഫാ. പോള്‍ ചുള്ളി ഉദ്ഘാടനംചെയ്തു. ട്രഷറര്‍ പി.ടി.റപ്പായി സ്വാഗതം ആശംസിച്ചു. സെക്രട്ടറി വര്‍ഗ്ഗീസ് കളപ്പറമ്പന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പൗരോഹിത്യത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്ന വികാരി ഫാ. പോള്‍ ചുള്ളിയെ സെന്‍റ് ജോണ്‍പോള്‍ രണ്ടാമന്‍ മൈനര്‍സെമിനാരി റെക്ടര്‍ ഫാ. ലോറന്‍സ് തൈക്കാട്ടില്‍ ആദരിച്ചു. സെന്‍ട്രല്‍ കൗണ്‍സില്‍ സെക്രട്ടറി ശ്രീ ബെന്‍റ്ലി താടിക്കാരന്‍ മുഖ്യ പ്രഭാഷണം നടത്തി . ഏരിയ കൗണ്‍സില്‍ പ്രസിഡന്റ് ശ്രീ ദേവസ്യ പുള്ളോന്തറ ജൂബിലി സ്മാരക ഭവനത്തിന്‍റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു. സംഘടനയുടെ എറണാകുളം - അങ്കമാലി അതിരൂപത സെന്‍ട്രല്‍ കൗണ്‍സില്‍ ആത്മീയ ഉപദേഷ്ടാവ് ഫാ. തോമസ് പെരേപ്പാടന്‍ വിന്‍സെന്‍ഷ്യന്‍ ഗോള്‍ഡണ്‍ ജൂബിലേറിയന്‍ ശ്രീ ജോസ് തച്ചിലിനേയും, ഫാ. പോള്‍ ചുള്ളി മതബോധന ഗോള്‍ഡണ്‍ ജൂബിലേറിയന്‍ ശ്രീ പി.ഒ. ദേവസി(കുട്ടപ്പന്‍മാസ്റ്റര്‍)യേയും, ഇപ്പോഴത്തെ പ്രസിഡന്റ് തോമസ് ആലുക്ക സംഘടനയുടെ ആദ്യത്തെ പ്രസിഡന്റ് ശ്രീ പാലാത്തുരുത്തി പാപ്പു പാപ്പച്ചനേയും ആദരിച്ചു. ആരാധനാമഠം മദര്‍സുപ്പീരിയര്‍ റവ. സിസ്റ്റര്‍ റാണിറ്റ് എസ്.എ.ബി.എസ്., പള്ളി കൈക്കാരന്‍ ജോയിജോണ്‍, ബിനു മഞ്ഞളി, കുടുംബയൂണിറ്റുകളുടെ സെന്‍ട്രല്‍ കമ്മിറ്റി വൈസ്ചെയര്‍മാന്‍ ശ്രീ ഷോജി ചൂരക്കല്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് പ്രസംഗിച്ചു. ശ്രീ ഫ്രാന്‍സിസ് കണ്ടംകുളത്തി നന്ദി രേഖപ്പെടുത്തി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ