നാടകപ്രേമികളുടെ തട്ടകത്ത് ത്റ്ശൂര്‍ ജില്ലാപഞ്ചായത്തും തിരുമുടിക്കുന്ന് സമീക്ഷ കള്‍ച്ചറല്‍ & സോഷ്യല്‍ ഓര്‍ഗനൈസേഷനും സംയുക്തമായി സംഘടിപ്പിച്ച ഫ്രൊഫഷണല്‍ നാടകോത്സവം തിരുമുടിക്കുന്നിൽ സമാപിച്ചു. 2018 ഡിസംബർ 1ന് ശനിയാഴ്ച കൊട്ടാരക്കര ആശ്രയ ' നല്ലവരുടെ താഴ്വര' അവതരിപ്പിച്ചു. രചന- മുഹാദ് വെമ്പായം, സംവിധാനം- രാജീവന്‍ മമ്മിളി. ജിവിതത്തിൽ മൂല്യച്യുതി സംഭവിച്ചിട്ടില്ലാത്ത ഒരു സർക്കാരുദ്യോഗസ്ഥൻറേയും (വില്ലേജ് ഓഫീസർ) കുടുംബത്തിന്റേയും കഥയിലൂടെ നാടകം ആരംഭിക്കുന്നു. വയൽ നികത്തി കമ്പനി സ്ഥാപിക്കുകയെന്ന ഉദ്ദേശത്തോടെ അതിന് എൻ.ഒ.സി.ക്കായി ധനാഢ്യനായ ഒരു മുതലാളി വലിയ കൈക്കൂലി ഓഫറുമായി വില്ലേജ് ഓഫീസറെ സമീപിക്കുന്നു. പക്ഷെ സത്യസന്ധനായ വില്ലേജ് ഓഫീസർ പരിസ്ഥിതി ആഘാതമുണ്ടാക്കുന്ന ആ കമ്പനിക്ക് എൻ.ഒ.സി. നിഷേധിച്ച് നിലം നികത്തലിനെതിരായി സർക്കാരിലേക്ക് റിപ്പോർട്ട് കൊടുക്കുന്നു. മുതലാളി വില്ലേജ് ഓഫീസറുടെ കുടുംബം നശിപ്പിക്കാൻ എടുക്കുന്ന പ്രവർത്തനങ്ങളിലൂടെ നാടകം പുരോഗമിക്കുന്നു. വില്ലേജ് ഓഫീസറുടെ മകനേയും മുതലാളിയുടെ മകളേയും രാത്രി ഒരുമിച്ച് ബസ് സ്റ്റോപ്പിൽ കാണുന്ന നാട്ടുകാർ സദാചാര പോലീസിങ്ങ് ചമഞ്ഞ് അവരെ പോലീസിൽ ഏൽപ്പിക്കുന്നതും അവിടെ നിന്ന് ജാമ്യത്തിൽ ഇറങ്ങുന്ന അവർ പിന്നീട് പ്രേമിക്കുന്നതും വീട്ടിൽ കൊണ്ടുവന്ന് താമസിപ്പിക്കുന്നതും ഭാര്യയായി സ്വീകരിച്ച കാമുകിവഴി വീട്ടിൽ സ്വസ്ഥത നഷ്ടപ്പെടുന്നതും തുടങ്ങിയ സംഭവങ്ങൾ. ജീവിതകാലം മുഴുവൻ സത്യസന്ധത പുലർത്തി ജീവിച്ച സർക്കാർ ഉദ്യോഗസ്ഥന്റെ കഥ വളരെ നന്നായി ആവിഷ്കരിച്ചിരിച്ചിരിക്കുന്നു. അഭിനയക്കുന്ന എല്ലാവരും കഥാപാത്രങ്ങളോട് നീതി പുലർത്തിയിട്ടുണ്ട്. മുതലാളിയായി അഭിനയിച്ച കലാശാലമുരളിയാണ് മികച്ച് നിൽക്കുന്നത്. നാടകം മൊത്തത്തിൽ നന്നായെന്ന് പറയാമെങ്കിലും നാടകത്തിന്റെ സസ്പെൻസ് കാത്ത് സൂക്ഷിക്കാൻ കഥക്ക് കഴിയുന്നില്ല. തുടക്കത്തിൽ തന്നെ പ്രാവിന്റെയും കാക്കയുടേയും സംസാരത്തിലൂടെ പ്രേക്ഷകൻ കഥ മനസ്സിലാക്കുകയാണ്. കേട്ട് മടുത്തൊരു പ്രമേയം. എങ്കിലും അവതരണം നന്നായിയെന്ന് പറയാം.
പിറ്റേദിവസം ഞായറാഴ്ച കായംകുളം സപര്യയുടെ 'ദൈവത്തിന്റെ പുസ്തകം'അരങ്ങേറി. രചന- കെ.സി. ജോര്‍ജ്ജ് കട്ടപ്പന, സംവിധാനം - സുരേഷ്ദിവാകരന്‍. നിയമങ്ങൾ മനുഷ്യന് വേണ്ടി ഉണ്ടാക്കപ്പെട്ടതാണ്.മനുഷ്യൻ നിയമങ്ങൾക്ക് വേണ്ടിയുള്ളതല്ല. 'പോക്സൊ ' നിയമത്തെ(കുട്ടികളെ ലൈംഗീകചൂഷണം ചെയ്യുന്നതിന് എതിരെയുള്ള നിയമം ) തെറ്റായി വ്യാഖ്യാനിച്ച് ഒരു കുടുംബത്തെ നശിപ്പിക്കുന്ന കഥ വളരെ നന്നായി അവതരിപ്പിക്കുന്ന നാടകമാണ് 'ദൈവത്തിന്റെ പുസ്തകം'. സ്റ്റുഡൻസ് പ്രൊട്ടക്ഷൻ കൗൺസിൽ എന്ന ഒരു അംഗീകൃതമല്ലാത്ത സംഘടന സ്കൂളിൽ വന്ന് അധികൃതരുടെ അനുവാദത്തോടെ മനശാസ്ത്ര ക്ലാസ്സെടുക്കാൻ ഏജൻസിയെ ഏർപ്പെടുത്തുന്നതും തെറ്റായ കാര്യങ്ങൾ ചോദിച്ച് കുട്ടികൾ മനസ്സിൽപോലും വിചാരിക്കാത്ത കാര്യങ്ങൾ കുട്ടികളെക്കൊണ്ട് പറയിപ്പിക്കുന്നതും പറഞ്ഞ കാര്യങ്ങൾ പോലീസിൽ കൊടുത്ത് കുട്ടിയുടെ അഛനെതിരെ കേസെടുത്ത് വിചാരണക്കായി അഛനെ ജയിലിൽ അടക്കുന്നതും പിന്നീട് സത്യം തെളിഞ്ഞ് അഛൻ ജയിൽ മോചിതനാകുന്നതുമാണ് ഇതിവൃത്തം. പുതുമയുള്ള കഥ. മകളെ ജീവനു തുല്യം സ്നേഹിക്കുന്ന, ലാളിക്കുന്ന ഒരഛന്റെ കഥ, സംതൃപ്തമായ ഒരു കുടുംബത്തിന്റെ കഥ. ഉദ്വേഗജനകമായ രംഗങ്ങൾ. ഭാര്യഭർത്താക്കന്മാർ തമ്മിൽ പൊരുത്തക്കേടുള്ള, പരസ്പരം കലഹിക്കുന്ന മറ്റൊരു കുടുംബത്തേയും അവതരിപ്പിക്കുന്നുണ്ട് ഈ നാടകത്തിൽ. നടീനടന്മാർ എല്ലാവരും കഥാപാത്രങ്ങളോട് നീതി പുലർത്തിയിട്ടുണ്ട്. പെൺകുട്ടിയുടെ അഛനായി വേഷമിട്ട കരുമം സുരേഷാണ് മികച്ചുനിൽക്കുന്നത്. ശബ്ദ നിയന്ത്രണം കൊണ്ടും മികച്ച ഭാവാഭിനയംകൊണ്ടും കഥാപാത്രത്തെ പൂർണ്ണമായി ഉൾക്കൊണ്ടു അദ്ദേഹം. കഥാപാത്രമായി ജീവിക്കുകയായിരുന്നു എന്നു പറയാം. ഈ വർഷം ഇറങ്ങിയ ഒരു നല്ല നാടകമാണ് കായംകുളം സപര്യയുടെ 'ദൈവത്തിന്റെ പുസ്തകം.' ഇതിനകം നിരവധി അവാർഡുകൾ കരസ്ഥമാക്കി 'ദൈവത്തിന്റെ പുസ്തകം'. ചേർത്തല നെഹ്റു ഫൗണ്ടേഷൻ കരുമം സുരേഷിന് മികച്ച നടനുള്ള അവാർഡ് കൊടുത്തു. പാലാരിവട്ടം പി.ഒ.സി.യിൽ നടന്ന നാടക മത്സരത്തിൽ കെ.സി.ബി.സി.യുടെ മൂന്ന് അവാർഡുകൾ. ഗുരുവായൂർ സി.സി.സി.യുടെ നാടക മത്സരത്തിൽ ഏഴ് അവാർഡുകൾ.
നാടകങ്ങൾ പ്രേക്ഷകരിലെത്തിക്കാനുള്ള സമീക്ഷയുടെ താല്പര്യത്തിന് പ്രത്യേകം നന്ദി പറയുന്നു. ജീവിത യാഥാർത്ഥ്യ ങ്ങൾക്ക് മൂല്യച്ചുതി സംഭവിക്കുമ്പോൾ, സത്യവും സ്വാതന്ത്യവും നിഷേധിക്കപ്പെടുമ്പോൾ നാടകങ്ങൾ മനുഷ്യ മനസിനെ ഊതി ഉണർത്തുന്നു.അതു കൊണ്ടു തന്നെ നാടകം എന്ന കലാരൂപം എക്കാലവും നിലനിൽക്കാൻ കലാ സ്നേഹികൾ നിതാന്ത ജാഗ്രത പുലർത്തണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ