ചൂരക്കൽ ജോർജ് മാസ്റ്റർ, സെലീന ടീച്ചർ- തിരുമുടിക്കുന്നിന്റെ ഭാവി തലമുറയെ വാർത്തെടുത്ത അകാലത്തിൽ പൊലിഞ്ഞു പോയ അദ്ധ്യാപക ദമ്പതികൾ.
അദ്ധ്യാപനത്തിനു പുറമെ പൊതുപ്രവർത്തകൻ, സാമൂഹ്യ സേവകൻ തുടങ്ങിയ നിലകളിൽ നാട്ടുകാർക്ക് പ്രിയപ്പെട്ടവനായിരുന്ന ജോർജ്ജ് മാഷും നല്ലൊരു സംഗീതജ്ഞ, നൃത്ത അദ്ധ്യാപിക എന്ന നിലകളിൽ അറിയപ്പെട്ടിരുന്ന സെലീന ടീച്ചറും. രണ്ടുപേരും നാടിന്റെ അഭിമാനമായിരുന്നു. രണ്ടു പേരുടേയും ഓർമ്മകൾക്കു മുൻപിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു. ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
ജോർജ് മാഷെക്കുറിച്ച് ഓർക്കുമ്പോൾ 28 വർഷം മുൻപുണ്ടായ ഒരു സംഭവത്തിലേക്ക് മനസ്സ് പോകുന്നു. ജോർജ് മാസ്റ്റർ അന്ന് വാലുങ്ങാമുറി എച്ച്.എം.എൽ.പി.സ്കൂളിൽ ഹെഡ്മാസ്റ്ററാണ്, ഞാൻ ചാലക്കുടി പി.ഡബ്ളിയു.ഡി.യിൽ അസിസ്റ്റന്റ് എഞ്ചിനിയറും. മാഷ് ഒരു ദിവസം അതിരാവിലെ എന്റെ വീട്ടിൽ വന്നിട്ട് പറഞ്ഞു, ഡേവീസ് ഒരു ഉപകാരം ചെയ്യണം. നമ്മുടെ സ്കൂളിന്റെ മുൻപിലൂടെ പോകുന്ന റോഡിന്റെ ഇരുഭാഗത്തായി രണ്ടു Sign Board സ്ഥാപിക്കണം. കുട്ടികൾ പോകുമ്പോൾ വാഹനങ്ങൾ വന്ന് അപകടങ്ങൾ ഉണ്ടാകുന്നു. ഞാൻ പറഞ്ഞു, മാഷെ അത് കൈകാര്യം ചെയ്യുന്നത് ഞാനല്ല, പൊതുമരാമത്ത് റോഡ്സ് വിഭാഗമാണ്. മാഷ് പറഞ്ഞു അത് പറഞ്ഞാൽ പറ്റില്ല, ഡേവീസ് അത് ചെയത് തരണം. അന്ന് ഇന്നത്തേപോലെ സാധനങ്ങൾ കൊണ്ടു പോരുന്നതിനും സ്ഥാപിക്കുന്നതിനും സർക്കാർ സംവിധാനങ്ങൾ കുറവാണ്. പക്ഷെ മാഷിന്റെ സ്നേഹപൂർണ്ണമായ സമ്മർദ്ദത്തിനു മുൻപിൽ ഞാൻ ആ ഓഫീസിൽ പോയി പറഞ്ഞ് അനുവാദം വാങ്ങി. മാഷ് സ്വന്തം ചിലവിൽ വണ്ടി വിളിച്ച് സാധനങ്ങൾ കൊണ്ടുപോയി ഓഫീസിന്റെ നിർദ്ദേശാനുസരണം സ്വന്തം ചിലവിൽ ബോർഡുകൾ സ്ഥാപിച്ചു. അദ്ധ്യാപകർക്ക്, ഇന്നത്തേപ്പോലെ വേതന വർദ്ധനവ് ഇല്ലാതിരുന്ന കാലഘട്ടത്തിലാണ് അദ്ദേഹം കയ്യിൽ നിന്ന് പണം മുടക്കി അത് ചെയ്തത്. ഇതുപോലെ
നിരവധി കാര്യങ്ങൾ ഓർമ്മിക്കാനുണ്ട്. ഞാൻ റിട്ടയർ ചെയ്തതിനു ശേഷം കുടുംബ യൂണിറ്റ് പ്രസിഡന്റ് ആയിരുന്നപ്പോൾ ഒരു കുടുംബത്തിനു വീട് വച്ച് നൽകുവാൻ തീരുമാനിച്ചു. പള്ളിയിൽ നിന്ന് തന്ന പണത്തിനു പുറമെ ജനങ്ങളിൽനിന്ന് സാധനങ്ങൾ ശേഖരിച്ചാണ് വീട് പൂർത്തീകരിച്ചത്. ഞാനും വിതയത്തിൽ അന്തപ്പൻ ചേട്ടനുംകൂടി അദ്ദേഹത്ത സമീപിച്ചു സഹായം അഭ്യർത്ഥിച്ചു. അദ്ദേഹം വളരെ സനേഹത്തോടെ പറഞ്ഞു, എന്റെ വീട് പൊളിച്ചതിന്റെ സാധനങ്ങൾ കിടപ്പുണ്ട്, എന്താ വേണ്ടതെന്നുവെച്ചാൽ നല്ലതു നോക്കി നിങ്ങൾക്കാവശ്യമുള്ളത് കൊണ്ടുപോയിക്കൊള്ളു. സാധനങ്ങൾ കൊണ്ടുപോയി വീട് പണി പൂർത്തിയാക്കി. അതാണ് ജോർജ് മാഷ്. മറ്റുള്ളവരെ സഹായിക്കാൻ തല്പരരായ വളരെ നല്ല മനുഷ്യ സ്നേഹികളായിരുന്നു ജോർജ്ജ് മാസ്റ്ററും അദ്ദേഹത്തിന്റെ സഹധർമ്മിണി സെലീന ടീച്ചറും. ജോർജ്ജ് മാസ്റ്ററിൻറേയും സെലീന ടീച്ചറുടേയും ഓർമ്മകൾക്കു മുൻപിൽ ഒരിക്കൽകൂടി പ്രണാമമർപ്പിക്കുന്നു. ആത്മാർക്കൾക്ക് നിത്യശാന്തി ലഭിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ