ക്രിസ്തുമസ്സും പുതുവത്സര ദിനവും- ചില ചിന്തകള്‍......
ക്രിസ്തുമസ്സിന് മുന്നോടിയായി രക്ഷകനായ യേശുക്രിസ്തുവിനെ എതിരേല്കാന്‍ മിക്കവാറും എല്ലാ ക്രിസ്തുമത വിഭാഗങ്ങളും ഒരുങ്ങാറുണ്ട്. കത്തോലിക്കര്‍ ഡിസംബര്‍ 1മുതല്‍ ക്രിസ്തു ജനിച്ച ദിവസം എന്ന് വിശ്വസിക്കപ്പെടുന്ന ഡിസംബര്‍ 25 വരെ 25 ദിവസം നോമ്പ് നോക്കിയാണ് ക്രിസ്തുമസ്സിനായി ഒരുങ്ങുന്നത്. കത്തോലിക്കാ വിശ്വാസികളുടെ ആരാധനാ ക്രമത്തില്‍ ' ആഗമന കാലം' ( Advent Season) എന്നാണ് ഈ കാലഘട്ടം അറിയപ്പെടുന്നത്. കത്തോലിക്കാ സഭയിലെ സീറോമലബാര്‍ റീത്തില്‍ ഈ കാലഘട്ടത്തെ ' മംഗള വാര്‍ത്താ കാലം ' എന്ന് പറയുന്നു. ആരാധനാക്രമം ആരംഭിക്കുന്നത് മംഗള വാര്‍ത്താക്കാലത്തോടുകൂടിയാണ്. യേശുവിന്റെ രക്ഷാകര ചരിത്രത്തിലെ സംഭവങ്ങളെ കേന്ദ്രീകരിച്ചാണ് കത്തോലിക്കാ സഭയിലെ സീറോമലബാര്‍ റീത്തില്‍ ആരാധനാക്രമം ക്രമീകരിച്ചിട്ടുള്ളത്.
പിതാവായ ദൈവം മനുഷ്യവര്‍ഗ്ഗത്തോടുള്ള അനന്ത സ്നേഹത്തിന്റെ അടയാളമായി മനുഷ്യരെ രക്ഷിക്കുന്നതിന് വേണ്ടി തന്റെ ഏകജാതനായ യേശുവിനെ ഈ ലോകത്തിലേക്ക് അയച്ചുവെന്ന് ക്രൈസ്തവര്‍ വിശ്വസിക്കുന്നു. യേശുക്രിസ്തു നല്‍കുന്ന രക്ഷ പാപത്തില്‍ നിന്നുള്ള രക്ഷയാണ്. വിശ്വാസം കൊണ്ട് മാത്രം ആരും രക്ഷപ്പെടുകയില്ല. പ്രവര്‍ത്തിയില്ലാത്ത വിശ്വാസം വിശ്വാസമല്ല. വിശ്വാസവും സ്നേഹപൂര്‍ണ്ണമായ പ്രവര്‍ത്തനവും സമന്വയിപ്പിക്കുമ്പോളാണ് രക്ഷയുടെ സദ് വാര്‍ത്ത അര്‍ത്ഥപൂര്‍ണ്ണമാകുന്നത്.
രക്ഷകനായ യേശുവിനെ പ്രതീക്ഷിച്ചുകൊണ്ടുള്ള ഈ കാലഘട്ടത്തില്‍ ( ഇരുപത്തിയഞ്ച് നോമ്പ് ) ഉപവാസം, ഇഷ്ട വസ്തുക്കള്‍ വര്‍ജ്ജിക്കല്‍, മാംസം വര്‍ജ്ജിക്കല്‍, ആശയടക്കം, ദാനധര്‍മ്മം ചെയ്യല്‍ തുടങ്ങിയവ ചെയ്തുകൊണ്ട് ക്രൈസ്തവര്‍ ക്രിസ്തുവിന്റെ വരവിനായി ഒരുങ്ങുന്നു. ആത്മപരിശോധനക്കുള്ള അവസരമായിട്ടാണ് ക്രൈസ്തവര്‍ ഈ അവസരം ഉപയോഗിക്കുന്നത്.
വീണ്ടും ഒരിക്കല്‍കൂടി ക്രിസ്തുമസ്സും പുതുവത്സര ദിനവും വന്നെത്തുകയാണ്. ശാന്തിയുടേയും സമാധാനത്തിന്റേയും സന്ദേശം മാനവരാശിക്ക് നല്‍കികൊണ്ട് ഒരു ക്രിസ്തുമസ് കൂടി എത്തിചേരുന്നു. ലോക നന്മക്കായി ദൈവ പുത്രനായ യേശു ഒരു പുല്‍ക്കൂട്ടില്‍ ജനിക്കുന്നു. മനുഷ്യ വര്‍ഗ്ഗത്തിന്റെ മുഴുവന്‍ രക്ഷക്കായി ദൈവം, താന്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം, തന്റെ കരുണയിലും സ്നേഹത്തിലും സ്വന്തം പുത്രനെ ലോകത്തിലേക്ക് അയക്കുന്ന സുദിനം. അതാണ് ക്രിസ്തുമസ്സ്. ക്രിസ്തുവിന്റെ സാന്നിധ്യം ഇന്നും എല്ലായിടത്തും ഉണ്ട് എന്ന യാഥാര്‍ത്ഥ്യം നാം അംഗീകരിക്കുന്നതുകൊണ്ടാണ് ക്രിസ്തുമസ്സ് ഇന്നും എക്കാലവും ആഘോഷിക്കപ്പെടുന്നത്. ലാളിത്യത്തിന്റെ, എളിമയുടെ തിരുനാള്‍ ആണ് ക്രിസ്തുമസ്. ദൈവപുത്രന്‍ പുല്‍ക്കൂട്ടില്‍ ജനിക്കുന്നു എന്നത് അതാണ് സൂചിപ്പിക്കുന്നത്. പക്ഷെ, ഭൗതിക കാരൃങ്ങളുമായി ബന്ധപ്പെടുത്തി ക്രൈസ്തവ വിശ്വാസത്തെ നമ്മില്‍ പലരും കാണുന്നില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കാലിതൊഴുത്തില്‍ പിറന്ന യേശുവിനെ മനുഷ്യകുലത്തിന്റെ രക്ഷകനായി നാം അംഗീകരിച്ചിരുന്നെങ്കില്‍ ഈ ഭൗതിക നേട്ടങ്ങളുടെ പുറകെ ഞാനടക്കം ഓടുമായിരുന്നോ?. ഭൗതിക നേട്ടങ്ങള്‍ക്കു വേണ്ടി ദൈവവിശ്വാസത്തെ ഉപയോഗിക്കുമായിരുന്നോ?. വ്യക്തിഗതമായ നേട്ടങ്ങള്‍ക്കു വേണ്ടി വിശ്വാസത്തെ പരിഗണിക്കുന്ന സംസ്കാരത്തിലേക്ക് നാം മാറിക്കൊണ്ടിരിക്കുന്നു. ആത്മീയവാദികളായ നാം ലൗകീകതയുടെ, ആഡംബരങ്ങളുടെ ലോകത്തേക്ക് ആകര്‍ഷിക്കപ്പെടുന്നതിന്‍റെ അര്‍ത്ഥശൂന്യത മനസ്സിലാക്കണം. കമ്പോള സംസ്ക്കാരത്തിന്‍റെ കരാളഹസ്തങ്ങളില്‍പ്പെട്ട് വ്യക്തികളും സമൂഹവും മതങ്ങള്‍പോലും ഇന്ന് ആഡംബരത്തിലേക്ക്, ധാരാളിത്തത്തിലേക്ക് നയിക്കപ്പെടുകയാണ്. ഇവിടെയാണ് ക്രിസ്തുമസ് പ്രസക്തമാകുന്നതും ക്രിസ്തുമസ്സിന്‍റെ സന്ദേശം നമ്മുടെ ജീവിതത്തില്‍ പ്രായോഗികമാക്കേണ്ടതും.
ലോകത്തില്‍ വിവിധ കാലഗണനാ സമ്പ്രദായം നിലനില്‍ക്കുന്നുണ്ടെങ്കിലും ക്രിസ്തുവര്‍ഷത്തെ അടിസ്ഥാനപ്പെടുത്തിയാണ് കൂടുതല്‍ ആളുകള്‍ പുതുവത്സരം ആഘോഷിക്കുന്നത്. ജീവിതത്തിനു ഒരു അടുക്കും ചിട്ടയും ഉണ്ടാകുന്നതിന് കാലം അല്ലെങ്കില്‍ സമയം എന്ന സങ്കല്‍പ്പത്തിനു പ്രസക്തിയുണ്ട്. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ആഘോഷങ്ങള്‍ വേണ്ടതുതന്നെയാണ്. എന്നാല്‍, ഇക്കാലത്ത് ആഘോഷങ്ങള്‍ പ്രത്യേകിച്ച്, പുതുവത്സരാഘോഷം അതിരു വിടുന്നുണ്ടോ?. മത പാരമ്പരൃം വളരെയേറെയുള്ള, സംസ്ക്കാര സമ്പന്നരെന്ന് സ്വയം അഹങ്കരിക്കുന്ന, ദൈവത്തിന്റെ സ്വന്തം നാടെന്ന് അഭിമാനിക്കുന്ന നമ്മുടെ കേരളത്തില്‍ പോലും പുതുവത്സരാഘോഷത്തിന്റെ മറവില്‍ എത്രമാത്രം അനിഷ്ട സംഭവങ്ങളാണ് അരങ്ങേറുന്നത്.! എന്നാല്‍, പുതുവത്സരാരംഭത്തില്‍ പുതിയ നല്ല തീരുമാനങ്ങള്‍ എടുക്കുന്നവരും തങ്ങളിലുള്ള ദുഃശ്ശീലങ്ങളെ മാറ്റി പുതിയ മനുഷ്യരാകുന്നതിന് ശ്രമിക്കുന്നവരും ഉണ്ട്. ആയുസില്‍ നിന്ന് ഒരു വര്‍ഷം കൊഴിഞ്ഞു പോകുമ്പോള്‍ മരണത്തോട് ഒരു വര്‍ഷം അടുക്കുന്നു എന്നും നമുക്ക് ചിന്തിക്കാം. ഒരു കണക്കെടുപ്പിന്റെ ദിനം കൂടിയാകണം പുതുവര്‍ഷാരംഭ ദിനം. എന്ത് നേടി, എന്ത് നഷ്ടപ്പെട്ടു എന്ന് നമുക്ക് വിലയിരുത്താം. മരണത്തിലേക്കുള്ള യാത്രയില്‍ പിന്നിടുന്ന സൂചികാഫലകങ്ങളാണ് പുതുവത്സര ദിനങ്ങള്‍. അവിടെ നിന്ന് തിരിഞ്ഞു നോക്കി ചരിത്രം പഠിച്ചാല്‍ പുതിയ ചരിത്രം രചിക്കാം. ഈ ഭൂമിയിലെ ജീവിതത്തില്‍ ഒരു വര്‍ഷം കൂടി തികയ്ക്കാന്‍ ദൈവം ആയുസ്സും ആരോഗ്യവും തന്നതിനെ ഓര്‍ത്ത് നമുക്ക് ദൈവത്തിന് നന്ദി പറയാം. ആയുസ്സിന്റെ കണക്ക് പുസ്തകത്തില്‍ നിന്ന് ഒരു വര്‍ഷം കഴിഞ്ഞുപോയി എന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇന്നലെകളിലെ നമ്മുടെ തെറ്റുകളെ തിരുത്തിക്കൊണ്ട്, നന്മകളെ പരിപോഷിപ്പിച്ചുകൊണ്ട്, വരാനിരിക്കുന്ന നാളെകളില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട്, ഇന്നുകളില്‍ നമുക്ക് ജീവിക്കാം.
എല്ലാവര്‍ക്കും ക്രിസ്തുമസ്സിന്‍റേയും പുതുവത്സരത്തിന്‍റേയും ആശംസകള്‍ നേരുന്നു. ആഗോള കുടുംബ ദിനം( Global Family Day) കൂടിയാണ് ജനുവരി 1. സമാധാനവും എെശ്വരൃവും എല്ലാവര്‍ക്കും ഉണ്ടാകുവാന്‍ പ്രാര്‍ത്ഥിക്കുന്നു.
★★★★★★★★★★★★★★★★★★★★
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ