ഒക്ടോബർ 15. ലോക വിദ്യാർത്ഥി ദിനം
എല്ലാ വർഷവും ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി ആചരിക്കുന്നു. 2010 മുതലാണ് ഐക്യരാഷ്ട്ര സഭ ഒക്ടോബർ 15 ലോക വിദ്യാർത്ഥി ദിനമായി അചരിച്ചു തുടങ്ങിയത്. ഇൻഡ്യയുടെ മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ. എ.പി.ജെ. അബ്ദുൾ കലാമിൻ്റെ ജന്മദിനമാണ് ഒക്ടോബർ 15. ഡോ. എ.പി.ജെ.അബ്ദുൾ കലാമിൻ്റെ വാക്കുകൾ ലോക വിദ്യാർത്ഥി ദിനത്തിൽ ഓർക്കുന്നത് ഉചിതമാണ്.
" ചോദ്യങ്ങൾ ചോദിക്കുക എന്നതാണ് ഒരു നല്ല വിദ്യാർത്ഥിയുടെ ലക്ഷണം. നമ്മുടെ കുട്ടികൾ ചോദിക്കട്ടെ ".
" ഓരോ കുട്ടിയും വ്യത്യസ്തനാവാൻ ശ്രമിച്ചുകൊണ്ടിരിക്കും. എന്നാൽ ലോകരാവട്ടെ, അവരെ മറ്റുള്ളവരെപോലെ നന്നാക്കിയാലേ അടങ്ങൂ എന്ന് ശഠിക്കുന്നു".
" നാം ഇന്നത്തേക്ക് കുറച്ച് ത്യാഗങ്ങൾ സഹിച്ചാലേ നമ്മുടെ കുട്ടികൾക്ക് നല്ലൊരു നാളെയെ നൽകാനാവൂ."
സ്വപ്നങ്ങൾ യാഥാർത്ഥ്യമാകണമെങ്കിൽ ആദ്യം സ്വപ്നങ്ങൾ കാണുക."
" കഷ്ടപ്പാടുകൾ ആവശ്യമാണ്. എങ്കിലേ നേട്ടങ്ങൾ ആസ്വദിക്കാനാവൂ."
പ്രൈമറി ക്ലാസുകളിൽ പഠിച്ച ഒരു കവിത ഓർമ്മ വരുന്നു.
"പഠിക്കണം നാം ഓരോന്നും
ബാല്യം തൊട്ടു നിരന്തരം
പഠിത്തം മതിയാക്കിടാം
പ്രാണൻ മേനി വിടുന്ന നാൾ "'
അറിവ് എന്നുള്ളത് ജീവിതത്തിലെ പ്രധാന ഘടകം തന്നെയാണ്. ജീവിത അവസാനം വരെ പഠനം തുടരണം.
വൈജ്ഞാനിക വികസനം അനുഭവങ്ങളിലൂടേയും അന്വേഷണങ്ങളിലൂടെയുമാണ് നടക്കുന്നതെന്നും ചുറ്റുപാടിൽ നിന്നും ലഭിക്കുന്ന അനുഭവങ്ങളെ മുൻ അനുഭവങ്ങളുമായി ചേർത്ത് പുതിയ അറിവുകളും ധാരണകളും നിർമ്മിക്കുന്ന പ്രക്രിയയാണ് പഠനമെന്നും ഒരു നിർവ്വചനമുണ്ട്.
അന്യൻ്റെ അറിവിൽ നിന്നല്ല, ആത്മബോധത്തിൽ നിന്നുവേണം നമ്മുടെ മുന്നോട്ടുള്ള ചുവട് വയ്പ്. അതിനേക്കാളുപരി അനുഭവങ്ങളെ നാം വിശ്വസിക്കണം. വിദ്യാഭ്യാസം വിജ്ഞാനം നൽകണമെന്നില്ല. വിവരം വിവേകത്തിന് വഴിതെളിക്കണം. ഇല്ലെങ്കിൽ ചുറ്റുപാട്ടം നിന്ന് നമുക്ക് ലഭിക്കുന്ന വിവരങ്ങൾക്കനുസരിച്ച് ആലോചനയില്ലാതെ അബദ്ധങ്ങളിൽ പെട്ടുപോകാൻ സാദ്ധ്യതയുണ്ട്. അറിവും നെറിവും ( സംസ്കാരവും ) ചേരുമ്പോഴേ തിരിച്ചറിവ് ഉണ്ടാവുകയുള്ളു. അതുകൊണ്ട് വിദ്യാഭ്യാസത്തിൽ അറിവിനേപ്പോലെ നെറിവിനും ഊന്നൽ കൊടുക്കണം.
ലോക വിദ്യാർത്ഥി ദിനത്തിൻ്റെ നന്മകൾ എല്ലാവർക്കും നേരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ