തീർത്ഥടനത്തോടൊപ്പം വിദേശ പര്യടനവും നവംബർ-2024
കൊരട്ടി സെന്റ് മേരീസ്‌പള്ളിയുടെ ( സെന്റ് ആന്റണീസ് തീർത്ഥാടനകേന്ദ്രത്തിന്റെ ) സുവർണ്ണ ജൂബിലിയോടനുബന്ധിച്ച് തീർത്ഥാടനകേന്ദ്രം വികാരി റവ. ഫാ. ബിജു തട്ടാരുശ്ശേരിയുടേയും അസിസ്റ്റന്റ് വികാരി റവ. ഫാ. സുജിത്തിന്റേയും ആത്മീയ നേതൃത്വത്തിൽ സംഘടിപ്പിച്ച യൂറോപ്പ് തീർത്ഥയാത്ര അനുഗ്രഹദായകമായിരുന്നു.
യാത്രകൾ വൈവിധ്യമാർന്ന അനുഭവങ്ങൾ സമ്മാനിക്കുന്നവയാണ്. ഭാവനക്കപ്പുറത്തുള്ളവ കാണാനും നിരീക്ഷിക്കാനും യാത്രകൾ സഹായിക്കുന്നു. ടെലിവിഷൻ ചാനലുകളിൽ നാം വിവിധ രാജ്യങ്ങൾ കണ്ടിട്ടുണ്ടാകാം. പക്ഷെ, ഓരോരൊ രാജ്യങ്ങളിലെ ജനങ്ങളെ നേരിട്ട് കാണാനും വിവിധ സംസ്കാരങ്ങളും ഭാഷകളും മനസ്സിലാക്കാനും യാത്രകൾ ഉപകരിക്കും. യൂറോപ്യൻ രാജ്യങ്ങളിലേക്കാണ് ഇത്തവണത്തെ യാത്ര. ഇറ്റലി, വത്തിക്കാൻ, സ്വിറ്റ്സർലൻഡ്, ജർമ്മനി, ഫ്രാൻസ്, സ്പെയിൻ, പോർച്ചുഗൽ എന്നീ രാജ്യങ്ങൾ ഈ യാത്രയിൽ ഉൾപ്പെട്ടിട്ടുണ്ട്.
നാം വളരെ നിസ്സാരനാണെന്ന കാര്യം നമ്മെത്തന്നെ ബോദ്ധ്യപ്പെടുത്താൻ തീർത്ഥാടനങ്ങൾക്ക് സാധിക്കുന്നു. ആത്മീയവും ഭൗതീകവുമായ നേട്ടങ്ങൾ തീർത്ഥാടനംകൊണ്ട് ലഭിച്ചേക്കാം.
വിശുദ്ധ തീർത്ഥാടന കേന്ദ്രങ്ങളിൽ ഓരോന്നിനും അതിൻ്റേതായ മതപരമായ മൂല്യമുണ്ട്. ജീവിത ശുദ്ധീകരണത്തിനുള്ള അവസരമാണ് തീർത്ഥാടനങ്ങൾ. ചരിത്രാതീത കാലങ്ങൾക്ക് മുമ്പേ തന്നെ തീർത്ഥാടനങ്ങൾ ആത്മീയ അന്വേഷണങ്ങളുടെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായിരുന്നു.
വിശുദ്ധരുടെ തിരുസന്നിധിയിലേക്കുള്ള തീർത്ഥാടനവും കബറിടങ്ങളിൽ വണങ്ങുന്നതും പ്രാർത്ഥിക്കുന്നതും കത്തോലിക്കനെ സംബന്ധിച്ചിടത്തോളം ആനന്ദ നിർവൃതി നൽകുന്ന കാര്യമാണ്.
കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാൻ സന്ദർശിക്കണമെന്നും മാർപ്പാപ്പയെ കാണണമെന്നും അതിയായ ആഗ്രഹമായിരുന്നു. അതോടൊപ്പം ലോക പ്രസിദ്ധ തീർത്ഥാടന കേന്ദ്രങ്ങളായ വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്ക, സിസ്റ്റൈൻ ചാപ്പൽ, റോമിലെ സെന്റ് ജോൺ ലറ്ററൻ ബസലിക്ക( മാർപാപ്പയുടെ താമസ സ്ഥലം), ഇറ്റലിയിലെ സെന്റ് ഫ്രാൻസീസ് അസീസി ബസിലിക്ക, പാദുവായിലെ സെന്റ് ആന്റണി ബസിലിക്ക, ലൂർദ് ബസിലിക്ക, സ്പെയിനിലെ ആവിലായിലെ സെന്റ് തെരേസ പള്ളി, പോർച്ചുഗലിലെ ഫാത്തിമായിലെ ഔർ ലേഡി ഓഫ് ഫാത്തിമ ബസിലിക്ക, തുടങ്ങിയവയും സന്ദർശന പരിപാടിയിലുണ്ട്. വിശുദ്ധ പത്രോസിനെ കുരിശിലേറ്റിയ സ്ഥലവും അദ്ദേഹത്തിൻ്റെ ശവകുടീരവും റോമിലെ ഏഴ് കുന്നുകളിൽ ഒന്നിലാണ്, കൂടുതൽ വ്യക്തമായി പറഞ്ഞാൽ, വത്തിക്കാൻ കുന്നിൽ. ആ കൃത്യമായ സ്ഥലം ഇന്ന് സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ സ്ഥലമായി മാറി.
ഇറ്റലിയുടെ ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഒരു പരമാധികാരരാഷ്ട്രമാണ് വത്തിക്കാൻ നഗരം. കത്തോലിക്കാ സഭയുടെ ആസ്ഥാനമായ വത്തിക്കാൻ നഗരം 44 ഹെക്ടർ വിസ്തീർണ്ണവും 800 പേർ മാത്രം വസിക്കുന്നതുമായ നഗരമാണ്. വിസ്തീർണ്ണത്തിലും ജനസംഖ്യയിലും ലോകത്തിലെ ഏറ്റവും ചെറിയ പരമാധികാരരാഷ്ട്രമാണ്. പതിനൊന്നാം പീയൂസ് മാർപ്പാപ്പയ്ക്കുവേണ്ടി കർദ്ദിനാൾ പിയെത്രോ ഗസ്പാറിയും ഇറ്റലിയിലെ വിക്ടർ ഇമ്മാനുവേൽ മൂന്നാമൻ രാജാവിനുവേണ്ടി പ്രധാനമന്ത്രിയും രാഷ്ട്രത്തലവനുമായ ബെനീറ്റോ മുസ്സോളിനിയും ഒപ്പുവച്ച ലാറ്ററൻ ഉടമ്പടിയിലൂടെ വത്തിക്കാൻ നഗരത്തിന് 1929 മുതൽ സ്വതന്ത്രരാഷ്ട്രപദവിയുണ്ട്. യൂറോപ്പിൽ ഇറ്റലിയുടെ തലസ്ഥാനമായ റോമിലാണ് വത്തിക്കാന്റെ സ്ഥാനം. ഭരണരീതി രാജവാഴ്ചയാണ്. ഭരണകുടത്തിനു് റോമൻ കൂരിയ എന്നാണു് പേരു്. ഭരണാധിപൻ മാർപാപ്പ. 2013 മുതൽ ഫ്രാൻസിസ് മാർപ്പാപ്പയാണ് ഭരണാധിപൻ.
സെൻ്റ് പീറ്റേഴ്‌സ് ബസിലിക്ക, സിസ്റ്റൈൻ ചാപ്പൽ, വത്തിക്കാൻ അപ്പസ്‌തോലിക് ലൈബ്രറി, വത്തിക്കാൻ മ്യൂസിയങ്ങൾ തുടങ്ങിയ മതപരവും സാംസ്‌കാരികവുമായ സ്ഥലങ്ങൾ വത്തിക്കാൻ സിറ്റിയിൽ അടങ്ങിയിരിക്കുന്നു
റോമിലെ സെന്റ് ജോൺ ലറ്ററൻ ബസലിക്ക, ഇറ്റലിയിലെ സെന്റ് ഫ്രാൻസിസ് അസ്സീസി ബസലിക്ക, വടക്കൻ ഇറ്റലിയിലെ സെന്റ് ആന്റണി പാദുവ ബസലിക്ക തുടങ്ങിയവ ഇറ്റലിയിലെ തീർത്ഥാടന കേന്ദ്രങ്ങളാണ്.
ഫ്രാൻസിലെ ലൂർദ് ബസലിക്കയാണ് പ്രധാന തീർത്ഥാടന കേന്ദ്രം
ആവിലായിലെ സെന്റ് തെരേസ പള്ളിയാണ് സ്പെയിനിലെ പ്രധാന തീർത്ഥാടന കേന്ദ്രം.
പോർച്ചുഗലിലെ ഫാത്തിമയിലെ ഔർ ലേഡി ഓഫ് ഫാത്തിമ ബസലിക്ക, സെന്റ് ലൂസിയ താമസിച്ചിരുന്ന വീട് എന്നിവയാണ് പോർച്ചുഗലിലെ പ്രധാന തീർത്ഥാടന കേന്ദ്രങ്ങൾ.
റോമിലെ കൊളോസിയം, വത്തിക്കാൻ മ്യൂസിയം,
സ്വിറ്റ്സർലൻഡിലെ എംഗൽബെർഗ്, ടിറ്റിലിസ് പർവ്വതം, ടിറ്റിസി തടാകം,
ജർമ്മനിയിലെ സ്റ്റുട്ട്ഗാർട്ട് നഗരം, ബെൻസ് മ്യൂസിയം,
ഫ്രാൻസിലെ പാരീസിലെ ചാപ്സ് എലീസി, ആർക്ക് ഡി ട്രയംഫ്, ഈഫൽ ടവർ, സീൻ നദി,
സ്പെയിനിലെ മാഡ്രിഡ് സിറ്റി തുടങ്ങിയവ സന്ദർശനവും ഈ യാത്രയിൽ ഉൾപ്പെടുന്നു.
തീർത്ഥാടനത്തോടൊപ്പം വിദേശത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളും സന്ദർശിക്കാൻ കഴിഞ്ഞുവെന്നത് ഒരു വലിയ ദൈവാനുഗ്രഹമായി തോന്നുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ