.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016 ഒക്‌ടോബർ 20, വ്യാഴാഴ്‌ച

ഒക്ടോബര്‍ 22. പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ശ്രീ കുട്ടിയുടെ ചരമ ദിനം

`ഇന്ത്യയിലെ പ്രശസ്തരായ കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായിരുന്നു പുതുക്കൊടി കൊട്ടുത്തൊടി ശങ്കരന്‍കുട്ടി നായര്‍ എന്ന കുട്ടി. കാര്‍ട്ടൂണ്‍ ഒരു ദ്വിമുഖ ചിത്രീകരണ കലയാണെന്ന് പറയാം . കാലാകാലങ്ങളില്‍ നടക്കുന്ന സംഭവങ്ങളെ ഹാസ്യാത്മകമായി, വിമര്‍ശനാത്മകമായി കാര്‍ട്ടൂണിലൂടെ ചിത്രീകരിക്കുന്നു. രാഷ്ട്രീയ, സാമൂഹ്യ സംഭവങ്ങളുടെ കാണുന്ന വിവരണങ്ങള്‍ [ visual commentaries ] ആണ് കാര്‍ട്ടൂണുകള്‍ . പുതിയ കാലഘട്ടത്തിലേക്ക് വന്നപ്പോള്‍ കാരിക്കേച്ചര്‍, കോമിക്സ്, ആനിമേഷന്‍ തുടങ്ങി പല വകഭേദങ്ങളും കാര്‍ട്ടൂണിനുണ്ടായി.

                                                                   1921 സെപ്റ്റംബര്‍ 4ന് കേരളത്തില്‍ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് കയറത്ത് നാരായണമേനോന്റേയും കൊട്ടുത്തൊടി ലക്ഷ്മിയമ്മയുടേയും മകനായി ശ്രീ. കുട്ടി ജനിച്ചു . ഒറ്റപ്പാലത്തും കോഴിക്കോട് മലബാര്‍ കൃസ്ത്യന്‍ കോളേജിലുമായിരുന്നു വിദ്യാഭ്യാസം. പ്രൊഫസര്‍ എം.ആര്‍.നായരുടെ [സഞ്ജയന്‍ ] `വിശ്വരൂപം' മാസികയിലാണ് അദ്ദേഹത്തിന്റെ ആദ്യത്തെ കാര്‍ട്ടൂണ്‍ അച്ചടിച്ചു വന്നത്. ശ്രീ കുട്ടി വിവാഹിതനായിരുന്നു. ശ്രീമതി ഗൗരിയാണ് ഭാരൃ. നാരായണന്‍ , മായ എന്നിവര്‍ മക്കള്‍. പ്രസിദ്ധനായ കാര്‍ട്ടൂണിസ്റ്റ് ശങ്കറുമായി പരിചയപ്പെട്ട കാര്‍ട്ടൂണിസ്റ്റ് കുട്ടി ` ഹിന്ദുസ്ഥാന്‍ ടൈംസില്‍ ' ട്രെയ്നിയായി ജോലി നേടി. പിന്നീട് , ഇന്ത്യയുടെ പ്രഥമ പ്രധാന മന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റുവിന്റെ ഉടമസ്ഥതയിലുള്ള , ലക്നൗവിലുള്ള , `നാഷണല്‍ ഹെറാള്‍ഡ് ' എന്ന ദിനപത്രത്തില്‍ കാര്‍ട്ടൂണിസ്റ്റ് ആയി ജോലി  ലഭിച്ചു . ഒരു ദിനപത്രത്തില്‍ അദ്ദേഹത്തിന്റെ കാര്‍ട്ടൂണ്‍ ആദ്യമായി അച്ചടിച്ചുവന്നത് `നാഷണല്‍ ഹെറാള്‍ഡി'ലാണ് . ` നാഷണല്‍ ഹെറാള്‍ഡ്' അടച്ചുപൂട്ടിയപ്പോള്‍ തമിഴ്നാട് കേന്ദ്രീകരിച്ച് കാര്‍ട്ടൂണ്‍ വരക്കാന്‍ തുടങ്ങി. `ശങ്കേഴ്സ് വീക്കിലി'യിലും ജോലി നോക്കിയിട്ടുണ്ട് . ശ്രീ ഒ.വി. വിജയന്‍, അബുഎബ്രാഹം എന്നിവരുമായി ചേര്‍ന്നും ജോലി നോക്കിയിട്ടുണ്ട്. അതിനുശേഷം ആനന്ദ്ബസാര്‍ ഗ്രൂപ്പിന്റെ ` ഹിന്ദുസ്ഥാന്‍ സ്റ്റാന്‍ഡേര്‍ഡ് ' , `ഹിന്ദുസ്ഥാന്‍ ടൈംസ് 'എന്നിവയിലും ` ദ ഇന്ത്യന്‍ എക്സ്പ്രസ് ' ലും കാര്‍ട്ടൂണ്‍ വരക്കാന്‍ തുടങ്ങി . മലയാള പത്രങ്ങളിലും അദ്ദേഹം നിരവധി കാര്‍ട്ടൂണുകള്‍ വരച്ചിട്ടുണ്ട്. രാഷ്ട്രീയം പശ്ചാത്തലമാക്കിയുള്ള കാര്‍ട്ടൂണുകളായിരുന്നു അദ്ദേഹം അധികവും വരച്ചത്.

                                                              സമൂഹത്തിന്റെ നന്മ ലക്ഷ്യമാക്കി , വിമര്‍ശനാത്മകമായി ,ഹാസ്യാത്മകമായിട്ടുള്ളതായിരുന്നു ശ്രീ കുട്ടിയുടെ കാര്‍ട്ടൂണുകള്‍. Simple drawings showing the features of its objects in a humorously exaggerated way, especially a satirical one. 2011ഒക്ടോബര്‍ 22ന് അമേരിക്കയില്‍ മാഡിസണില്‍ വച്ച് അദ്ദേഹം അന്തരിച്ചു . അദ്ദേഹത്തിന്റെ സ്മരണക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .


ഒക്ടോബര്‍ 21. പ്രശസ്ത കവി എ. അയ്യപ്പന്റെ ചരമ ദിനം

      ` എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
        ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്
        എന്റെ ഹൃദയത്തിന്റെ സ്ഥാനത്ത് ഒരു പൂവുണ്ടായിരിക്കും
        ജിജ്ഞാസയുടെ ദിവസങ്ങളില്‍ പ്രേമത്തിന്റെ
        ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം '
തെരുവിന്റെ കവി എന്ന് വാഴ്ത്തപ്പെട്ട് തെരുവില്‍ എരിഞ്ഞടങ്ങിയ പ്രശസ്ത കവി ശ്രീ  എ. അയ്യപ്പന്റെ `` എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് '' എന്ന കവിതയിലെ  ആദ്യ വരികളാണ് മുകളില്‍ കുറിച്ചിരിക്കുന്നത്. മരണത്തെ കുറിച്ചും , മരണാനന്തര അവസ്ഥയെ കുറിച്ചും , അതില്‍ നശിക്കാതെ നില്‍ക്കുന്ന പ്രണയത്തെ കുറിച്ചും കവിയുടെ വികാര വിചാരങ്ങള്‍ ഈ കവിതയില്‍ പ്രകടമാണ്.
                                                          ജനനവും മരണവും ഒക്ടോബര്‍ മാസത്തില്‍ ആയിട്ടുള്ള അപൂര്‍വ്വം ചിലരില്‍ ഒരാളാണ് ശ്രീ എ. അയ്യപ്പന്‍. 1949 ഒക്ടോബര്‍ 27ന് തിരുവനന്തപുരം ജില്ലയില്‍ ബാലരാമപുരത്ത് അദ്ദേഹം  ജനിച്ചു . അഛന്‍ അറുമുഖവും  അമ്മ മുത്തമ്മാളും കവിയുടെ ബാല്യത്തില്‍ തന്നെ മരിച്ചു . വിദ്യാഭ്യാസം കഴിഞ്ഞ് `അക്ഷരം' എന്ന മാസികയുടെ പ്രസാധകനും പത്രാധിപരുമായി. ജീവിക്കാന്‍ വേണ്ടിയാണ് അദ്ദേഹം കവിത എഴുതിയിരുന്നത്. പൊടിപ്പും തൊങ്ങലുമില്ലാത്ത നഗ്നജീവിതങ്ങളുടെ നേര്‍കാഴ്ചയാണ് അദ്ദേഹത്തിന്റെ കവിതകളില്‍ കാണുക.
                                                        കുടുംബം എന്ന വ്യവസ്ഥയോട് ചേര്‍ന്ന് പ്രണയത്തെ കാണാന്‍ തയ്യാറല്ലായിരുന്നു കവി എന്ന് അദ്ദേഹത്തിന്റെ കവിതകള്‍ വായിച്ചാല്‍ നമുക്ക് തോന്നും. തെരുവിന്റെ ഓരങ്ങളിലും പീടിക വരാന്തകളിലും തന്റെ സ്വപ്നങ്ങള്‍ അഴിച്ചുവെച്ചു അദ്ദേഹം . അതുകൊണ്ടാവാം അദ്ദേഹം സാധാരണക്കാരുടെ കവി എന്ന് അറിയപ്പെടുന്നത് . നിരവധി കവിതകളുടെ രചയിതാവാണ് ശ്രീ  അയ്യപ്പന്‍. ``എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട് '' , ``വെയില്‍ തിന്നുന്ന പക്ഷി'', ജയില്‍ മുറ്റത്തെ കാവല്‍കാരന്‍'', `` കല്‍ക്കരിയുടെ നിറമുള്ളവര്‍'', ``മാളമില്ലാത്ത പാമ്പ്'' എന്നിവ അവയില്‍ ചിലതാണ് . ആധുനികതയുടെ കാലത്തിനു ശേഷമുള്ള തലമുറയിലെ മലയാളത്തിലെ പ്രമുഖ കവിയായിരുന്നു അദ്ദേഹം .
                                                      നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തെ തേടി എത്തിയിട്ടുണ്ട് . 2010 ഒക്ടോബറില്‍ ചെന്നൈയില്‍ വച്ച് കൊടുക്കുന്ന , കവിതക്കുള്ള ആശാന്‍ പുരസ്കാരം വാങ്ങാന്‍ സാധിക്കുന്നതിന് മുന്‍പ്  അദ്ദേഹം കാലയവനികക്കുള്ളില്‍ മറഞ്ഞു. 2010 ഒക്ടോബര്‍ 21ന് ശ്രീ  എ. അയ്യപ്പന്‍ അന്തരിച്ചു . അദ്ദേഹത്തിന്റെ സ്മരണക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

2016 ഒക്‌ടോബർ 18, ചൊവ്വാഴ്ച

ഒക്ടോബര്‍ 20 . ലോക സ്ഥിതിവിവരക്കണക്ക് ദിനം

ലോക സ്ഥിതി വിവരക്കണക്ക് ദിനമായി 2010 മുതല്‍,  ഒക്ടോബര്‍ 10 ന് ആചരിക്കുന്നു. ഔദ്യോഗിക സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുന്നതിന്റെ നേട്ടങ്ങള്‍ ജനങ്ങളെ ബോദ്ധ്യപ്പെടുത്താനും , സ്ഥിതി വിവര കണക്കു ശേഖരണത്തിന്റെ സത്യസന്ധതയും നേട്ടവും ഉയര്‍ത്തിപ്പിടിക്കാനും ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നു. രാജ്യങ്ങള്‍ തമ്മില്‍ കൂട്ടായ ഗവേഷണത്തിനും , സ്ഥിതി വിവര കണക്ക് വിലയിരുത്തലിനും , അറിവുകള്‍ പങ്കുവയ്കുന്നതിനും, സാങ്കേതിക വിദ്യയുടെ പങ്കുവയ്ക്കലിനും മറ്റും ഈ ദിനാചരണം കൊണ്ട് സാധിക്കുന്നു. രാജ്യങ്ങളുടെ പുരോഗതി, സാങ്കേതിക വിദ്യയുടെ വളര്‍ച്ച, ജനസംഖ്യ, സാമ്പത്തിക സ്ഥിതി , ദാരിദ്ര്യം അങ്ങനെ എല്ലാം അറിയുന്നതിനും വിലയിരുത്തുന്നതിനും പരസ്പരം സഹായിക്കുന്നതിനും ഇതുകൊണ്ട് സാധിക്കുന്നു.

                                                         The day is celebrating to raise awareness of the many achievements of official statistics premised on the core values of service, professionalism and integrity.

ഒക്ടോബര്‍ 19. അനുഗ്രഹീത കലാകാരി ശ്രീവിദ്യയുടെ ചരമ ദിനം

പ്രശസ്ത സിനിമാനടിയും ശാസ്ത്രീയ സംഗീതജ്ഞയുമായിരുന്ന ശ്രീവിദ്യ ചെന്നൈയിലെ ഒരു സാധാരണ ബ്രാഹ്മണ കുടുംബത്തില്‍ 1953 ജൂലൈ 24ന് ജനിച്ചു. തമിഴ് ഹാസ്യ താരമായിരുന്ന കൃഷ്ണമൂര്‍ത്തിയായിരുന്നു അഛന്‍. അമ്മ പ്രശസ്ത ശാസ്ത്രീയ സംഗീതജ്ഞയായിരുന്ന എം. എല്‍. വസന്തകുമാരി. 1966ല്‍ `തിരുശെല്‍വര്‍' എന്ന തമിഴ് സിനിമയില്‍  ബാലതാരം ആയിട്ടായിരുന്നു സിനിമയില്‍  തുടക്കം. 1969ല്‍ പി. സുബ്രഹ്മണ്യത്തിന്റെ `കുമാരസംഭവം' എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ എത്തുന്നത്.  1972ല്‍ `ദല്‍ഹി ടു മദ്രാസ് ' എന്ന സിനിമയിലൂടെ നായികയായി.  എന്‍. ശങ്കരന്‍നായരുടെ` ചട്ടമ്പി കവല' എന്ന മലയാള സിനിമയില്‍ ശ്രീ സത്യന്റെ നായികയായി. അഭിനയത്തിലൂടെ പ്രശസ്തി നേടുമ്പോഴും ശ്രീവിദ്യ നന്നായി പാടുകയും സംഗീത കച്ചേരി നടത്തുകയും ചെയ്തിരുന്നു. തമിഴ്, മലയാളം സിനിമകള്‍ക്കുവേണ്ടി പിന്നണി ഗായിക ആയിട്ടുണ്ട്. മലയാള സിനിമയിലെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയിരുന്ന ശ്രീ  ജോര്‍ജ്തോമസിനെ 1978 ജനുവരി 9ന് വിവാഹം കഴിച്ചു. പക്ഷെ , അധിക കാലം ആ ദാമ്പത്യ ജീവിതം നീണ്ടുനിന്നില്ല. 1980ല്‍ വിവാഹ മോചനം നേടിയ ശ്രീവിദ്യ  ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് താമസം മാറ്റി. മലയാളം ,തമിഴ്, തെലുങ്ക്, കന്നട സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
                                                                           നിരവധി അവാര്‍ഡുകള്‍ ശ്രീവിദ്യക്ക് ലഭിച്ചിട്ടുണ്ട് . 1979ല്‍ `ഇടവഴിയിലെ പൂച്ച മിണ്ടാപൂച്ച', `ജീവിതം ഒരു ഗാനം' എന്നീ സിനിമകളിലെ അഭിനയത്തിനും, 1983ല്‍ `രചന' എന്ന സിനിമക്കും 1992ല്‍ `ദൈവത്തിന്റെ വികൃതികള്‍' എന്ന സിനിമക്കും കേരള സര്‍ക്കാരിന്റെ ഏറ്റവും നല്ല നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട് . 1985ല്‍ `ഇരകള്‍' എന്ന സിനിമക്കും , 1986ല്‍ ` എന്നെന്നും കണ്ണേട്ടന്റെ' എന്ന സിനിമക്കും കേരള സര്‍ക്കാരിന്റെ രണ്ടാമത്തെ നടിക്കുള്ള അവാര്‍ഡ് നേടി . 1977ല്‍ `മധുര ഗീതം' എന്ന സിനിമക്ക് തമിഴ്നാട് സര്‍ക്കാരിന്റെ ഏറ്റവും നല്ല നടിക്കുള്ള അവാര്‍ഡ് ലഭിച്ചു . കൂടാതെ  ചെറുതും വലുതുമായ നിരവധി അവാര്‍ഡുകള്‍ ഈ അനുഗ്രഹീത കലാകാരിയെ തേടി എത്തിയിട്ടുണ്ട് . 2003ല്‍ അര്‍ബുദ രോഗം ബാധിച്ചു ചികിത്സയിലായി. 2006 ഒക്ടോബര്‍ 19ന് ശ്രീവിദ്യയെന്ന അനുഗ്രഹീത കലാകാരി കാല യവനികക്കുള്ളില്‍ മറഞ്ഞു. അവരുടെ സ്മരണക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

2016 ഒക്‌ടോബർ 17, തിങ്കളാഴ്‌ച

Parish Retreat - Rev.Fr. Dr.Augustine Vallooran in Hong Kong.

  
Power from Above -  What is Parish Retreat?. Being a Catholic means we have to live our faith as a community not only in our neighbourhoods, but also in our Church Parishes.

ഒക്ടോബര്‍ 18. തോമസ് ആല്‍വ എഡിസന്റെ ചരമ ദിനം .

നിരവധി കണ്ടുപിടുത്തങ്ങളുടെ പേരില്‍ പ്രശസ്തനാണ് തോമസ് ആല്‍വ എഡിസണ്‍. ആധുനിക ജീവിതത്തിന്റെ വഴിത്തിരിവായ പല കണ്ടുപിടുത്തങ്ങളും അദ്ദേഹത്തില്‍  നിന്ന്  ഉണ്ടായിട്ടുണ്ട്. 1847 ഫെബ്രുവരി 11ന് അമേരിക്കയിലെ ഓഹിയോയിലുള്ള മിലാനില്‍ തോമസ് എഡിസണ്‍ ജനിച്ചു . സാംഎഡിസണ്‍ - നാന്‍സി ദമ്പതികളായിരുന്നു മാതാപിതാക്കള്‍ . ഭൗതിക ശാസത്രജ്ഞനായ അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങള്‍ ആധുനിക വ്യവസായങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. ഇലക്ട്രിക് ബള്‍ബ്, ഫോണോഗ്രാഫ്, ഇലക്ട്രിക് റെയില്‍വേ , ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍, ഇലട്രിക് കാറില്‍ ഉപയോഗിക്കുന്ന ബാറ്ററി,ചലിക്കുന്ന ചിത്രങ്ങള്‍ എടുക്കുന്ന ചലച്ചിത്ര ക്യാമറ, ശബ്ദം റെക്കോര്‍ഡ് ചെയ്യുന്ന Edison Phone തുടങ്ങി നിരവധി കണ്ടുപിടുത്തങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് ഉണ്ടായിട്ടുണ്ട് . ഒരു വ്യവസായികൂടി ആയിരുന്നു അദ്ദേഹം .നിരവധി ബഹുമതികളും മെഡലുകളും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. 1931 ഒക്ടോബര്‍ 18ന് അദ്ദേഹം അന്തരിച്ചു . അദ്ദേഹത്തിന്റെ സ്മരണക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

2016 ഒക്‌ടോബർ 16, ഞായറാഴ്‌ച

ഒക്ടോബര്‍ 18. വിശുദ്ധ ലൂക്കയുടെ ഓര്‍മ്മ തിരുനാള്‍ [Feast of St. Luke]

``Why were you searching for me? Did you not know that I must be in my Father 's house?''. (Luke. 2-  49.)ബാലനായ യേശു താന്‍ ദൈവപുത്രനാണെന്ന് ആദ്യമായി സ്വയം വെളിപ്പെടുത്തുന്ന സംഭവം വി.ബൈബിളില്‍, സുവിശേഷത്തില്‍ നാല് സുവിശേഷകരില്‍ ഒരാളായ വി. ലൂക്ക മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളു. ബാലനായ യേശുവിനേയും കൊണ്ട് മാതാപിതാക്കള്‍ ജറുസലെം ദേവാലയത്തിലേക്ക് പെസഹാ തിരുനാളിന് പോകുന്നതാണ് സന്ദര്‍ഭം. തിരുനാളില്‍ പങ്കെടുത്ത് തിരിച്ച് പോരുമ്പോള്‍ , മാതാപിതാക്കള്‍ നോക്കുമ്പോള്‍ ,യേശുവിനെ കാണുന്നില്ല . ബന്ധുക്കളുടെ കൂടെ കാണുമെന്നാണ് അവര്‍ വിചാരിച്ചത്. തിരിച്ച് ചെന്ന് നോക്കുമ്പോള്‍ യേശു ജറൂസലെം ദേവാലയത്തില്‍ ഇരുന്ന് വേദശാസ്ത്രികളും പണ്ഠിതരുമായി ദൈവ വചനത്തെ കുറിച്ച് സംസാരിക്കുകയും തര്‍ക്കിക്കുകയും ചെയ്യുന്നതാണ് കണ്ടത്. കണ്ട മാത്രയില്‍ ,അമ്മ മറിയം , യേശുവിനോട് ചോദിച്ചു. മകനെ നീ എന്താ ഞങ്ങളോട് ഇങ്ങനെ ചെയ്തത്?. നിന്റെ പിതവും ഞാനും നിന്നെ കാണാതെ എത്ര വിഷമിച്ചുവെന്നറിയാമൊ?. അപ്പോള്‍ വെറും 12 വയസ്സുള്ള ബാലനായ യേശു ചോദിക്കുകയാണ്, `` നിങ്ങള്‍ എന്തിനാണ് എന്നെ അന്വേഷിച്ചത്? ,ഞാന്‍ എന്റെ പിതാവിന്റെ ഭവനത്തില്‍ ആയിരിക്കേണ്ടതാണ് എന്ന് അങ്ങേക്കറിയില്ലേ?.എന്ന്.
                                                                         മറ്റ് മൂന്ന് സുവിശേഷകന്മാര്‍ രേഖപ്പെടുത്തിയിട്ടില്ലാത്ത പല സംഭവങ്ങളും വി. ലൂക്ക രേഖപ്പെടുത്തിയിരിക്കുന്നതായി സുവിശേഷത്തില്‍ നോക്കിയാല്‍ കാണാം . നല്ല സമരിയക്കാരന്റെ ഉപമ, ധൂര്‍ത്ത പുത്രന്റെ ഉപമ എന്നിവ അവയില്‍ ചിലതാണ്. ലൂക്ക സാമൂഹ്യ നീതിയുടേയും പാവപ്പെട്ടവരുടേയും സുവിശേഷകനായി അറിയപ്പെടുന്നു .കരുണയുടെ സുവിശേഷകന്‍ എന്നും ഇദ്ദേഹം അറിയപ്പെടുന്നുണ്ട്. വി.ബൈബിളിലെ , സുവിശേഷത്തിലെ മൂന്നാമത്തെ സുവിശേഷവും അപ്പസ്തോല പ്രവര്‍ത്തനവും[ ശ്ലീഹന്മാരുടെ നടപടി ] വി. ലൂക്ക എഴുതിയതാണ് . സിറിയയിലെ അന്ത്യോക്യയിലാണ് അദ്ദേഹം ജനിച്ചത് . ഒരു ഭിഷഗ്വരന്‍ [ഡോക്ടര്‍ ] ആയിരുന്നു അദ്ദേഹം . സെന്റ് പോളിന്റെ അടുത്ത അനുയായി ആയിരുന്നു . ഒരു ഡോക്ടര്‍ ആയതിനാലാവാം, ഒരുപക്ഷെ, അദ്ദേഹത്തിന്റെ സുവിശേഷ രചനകളില്‍ രോഗ ശാന്തിക്ക് വളരെ പ്രാധാന്യം കൊടുത്തിരിക്കുന്നതായി കാണാം .

                                                                       സര്‍വ്വ മനുഷ്യരുടേയും രക്ഷകനായി യേശുവിനെ സുവിശേഷത്തില്‍ വി. ലൂക്ക അവതരിപ്പിക്കുന്നു. അദ്ദേഹം ഒരു ചിത്രകാരന്‍ ആയിരുന്നതായും വിശ്വസിക്കപ്പെടുന്നു . ഉണ്ണിയെ കൈയിലേന്തിയ ദൈവമാതാവിന്റെ [നിത്യ സഹായ മാതാവിന്റെ ] അത്ഭുത ചിത്രം വി.ലൂക്ക വരച്ചതാണെന്ന് കരുതപ്പെടുന്നു . ഡോക്ടര്‍മാരുടേയും, സര്‍ജന്‍മാരുടേയും, ചിത്രകാരന്മാരുടേയും മദ്ധ്യസ്ഥനാണ് വി. ലൂക്ക . വിശുദ്ധന്റെ മദ്ധ്യസ്ഥ സഹായം തേടി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് നിരവധി അനുഗ്രഹങ്ങള്‍ ലഭിക്കുന്നതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ഒരു രക്തസാക്ഷിയായി ആണ് അദ്ദേഹം മരിച്ചതെന്നും ,അല്ലയെന്നൂം ,വിശ്വസിക്കപ്പെടുന്നു. ഒക്ടോബര്‍ 18ന് ആണ് ഒാര്‍മ്മ തിരുനാള്‍ .