.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2019, ജനുവരി 3, വ്യാഴാഴ്‌ച

ജനുവരി 4. റവ.ഡോ. അഗസ്റ്റിന്‍ വല്ലൂരാന്‍ (വി. സി )യുടെ ജന്മദിനം

``You are my son, the beloved,
with you I am well pleased ''.( Mark 1- 11 )
``Why were you searching for me ? Did you not know that I must be in my Father 's house? ''.( Luke 2- 49 )
പരസ്നേഹ പ്രവര്‍ത്തനങ്ങളുടെ മദ്ധ്യസ്ഥനായ വി. വിന്‍സെന്റ് ഡീ പോളിന്റെ പ്രേഷിത ചൈതന്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വിന്‍ഷ്യന്‍ സന്യാസ സഭയില്‍ ചേര്‍ന്ന് വൈദികനായ ഡോ. ഫാ. അഗസ്റ്റിന്‍ വല്ലൂരാന്റെ ജന്മദിനം ആണ് ജനുവരി 4. ലോകമെമ്പാടും യേശൂനാഥനുവേണ്ടി പ്രേഷിതവേല ചെയ്തുകൊണ്ടിരിക്കുന്ന അച്ചന് ആയുസും ആരോഗ്യവും ഉണ്ടാവട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു . ജന്മദിനാശംസകള്‍ നേരുന്നു .
ബഹുമാനപ്പെട്ട അഗസ്റ്റിന്‍ വല്ലൂരാന്‍ അച്ചന്‍ തന്റെ അമ്മയെ അനുസ്മരിച്ചുകൊണ്ട് ``സണ്‍ഡേ ശാലോം ''വാരികയില്‍ എഴുതിയ ലേഖനം ചുവടെ ചേര്‍ക്കുന്നു .                  
                                                               ഈശോയെ നേരിൽ കണ്ട കുട്ടിക്കാലം
ഈശോ ദൈവവും കർത്താവുമാണെന്നും ഈശോയാണ് നമ്മെ സൃഷ്ടിച്ചതെന്നും ഈശോയ്‌ക്കെതിരായി ഒന്നും പറയരുതെന്നും അമ്മ പറഞ്ഞിട്ടുണ്ട്. അമ്മയുടെ വർണനകൾക്കപ്പുറത്ത് ഈശോ വലിയൊരാളാണെന്നാണ് ഞാൻ ധരിച്ചത്. ഈശോയെ കാണാമെന്ന് പറഞ്ഞപ്പോൾ സന്തോഷത്തോടെ ഞാൻ കൊരട്ടി ദൈവാലയത്തിലെത്തി. 40 മണിക്കൂർ ആരാധന നടക്കുന്ന സമയത്താണ് അമ്മ എന്നെ ദൈവാലയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയത്.ദൈവാലയത്തിൽ പ്രവേശിച്ച് മുട്ടിന്മേൽനിന്ന അമ്മയുടെ മുന്നിൽ ഞാനും നിന്നു. അന്ന് പള്ളിയകം നിരവധി ബൾബുകൾകൊണ്ടും തോരണങ്ങൾകൊണ്ടും അലങ്കരിച്ചിരുന്നു. അലങ്കാരപണികളും മറ്റു കാഴ്ചകളും കണ്ട് ഞാൻ അമ്പരന്ന് നിൽക്കുന്നതു കണ്ടപ്പോൾ അമ്മ എന്നോട് പറഞ്ഞു:”മോനേ, അങ്ങോട്ടുമിങ്ങോട്ടും നോക്കാതെ അൾത്താരയിലേക്ക് നോക്കൂ.” അൾത്താരയിൽ എന്താണെന്ന് ഞാൻ അമ്മയോട് ചോദിച്ചു. ഈശോ ഇരിക്കുന്നുവെന്നായിരുന്നു മറുപടി. അതു കേട്ടപ്പോൾ എവിടെയാണമ്മേയെന്ന് ഞാൻ അത്ഭുതത്തോടെ ചോദിച്ചു.
കത്തിച്ചുവച്ച മെഴുകുതിരികൾക്ക് നടുവിൽ സ്വർണനിറമുള്ള അരുളിക്കയിലേക്ക് നോക്കാനാണ് അമ്മ പറഞ്ഞത്. ആ അരുളിക്കയിലുള്ള അപ്പത്തിൽ ഈശോ എഴുന്നള്ളിയിരിക്കുന്നുവെന്ന് അമ്മ പറഞ്ഞു. അത് ഈശോയാണെന്ന് അമ്മ പറഞ്ഞപ്പോൾ അമ്മയുടെ സ്വരത്തിലുള്ള മുഴക്കം ഞാൻ ശ്രദ്ധിച്ചു. അൾത്താരയിലേക്കും മെഴുകുതിരികളിലേക്കും വശങ്ങളിലേക്കും മാറിമാറി നോക്കി. ഈശോയെ കണ്ടില്ല. എങ്കിലും അമ്മ പറഞ്ഞതല്ലേ, ഈശോ വരുമെന്ന് ഞാൻ വിചാരിച്ചു. അമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോൾ എനിക്ക് പിന്നെ ഒന്നും ചോദിക്കാൻ തോന്നിയില്ല. അമ്മയുടെ മുഖം വിടർന്ന് വികസിച്ചുനിൽക്കുന്നത് ഞാൻ കണ്ടു. അമ്മയുടെ മുഖത്ത് ഒരു ദൈവികഭാവമുള്ളതായി എനിക്ക് പെട്ടെന്ന് തോന്നി.
അമ്മ ഈശോയെ കണ്ടതുകൊണ്ടാണ് അമ്മയുടെ മുഖം വികസിച്ചുനിൽക്കുന്നതെന്നെനിക്ക് മനസിലായി. ഞാനും അൾത്താരയിലേക്ക് നോക്കി, അപ്പത്തിലേക്ക് നോക്കി, അപ്പത്തിൽ വാഴുന്ന ഈശോയേ തിരിച്ചറിഞ്ഞു. അമ്മ എന്റെ കൈകൾ ചേർത്തു പിടിച്ച് ‘ഈശോയെ ഞാൻ നിന്നെ സ്‌നേഹിക്കുന്നു’ എന്ന് പറയാൻ പറഞ്ഞു. ആ സുകൃതജപവും ചൊല്ലി നിന്നത് എനിക്കിന്നും മറക്കാനാവുന്നില്ല.
വർഷങ്ങൾ പലത് കടന്നുപോയെങ്കിലും എന്റെ ചെറുപ്പകാലത്തെക്കുറിച്ചോർക്കുമ്പോൾ മനസിൽ പച്ചകെടാതെ നിൽക്കുന്നത് ഈ സംഭവമാണ്. ഇന്ന് വൈദികനായി, ബലിയർപ്പിക്കുമ്പോൾ അപ്പമെടുത്ത് ഉയർത്തി വാഴ്ത്തുമ്പോൾ അവിടെ ഈശോ ഉണ്ടെന്ന് എന്നോട് പറയുന്നത് എന്റെ പഠനങ്ങളോ ഡിഗ്രികളോ ഒന്നുമല്ല, എന്റെ അമ്മയാണ്. ഡിഗ്രികൾക്കും പഠനങ്ങൾക്കുമൊക്കെ ഒരുപാട് തെളിവുകളുണ്ട്. ഈ വാദപ്രതിവാദങ്ങളൊക്കെ ബുദ്ധിയോടാണ് സംസാരിക്കുക. ബുദ്ധിക്ക് എപ്പോഴും സംശയമുണ്ടാകും. പക്ഷേ, എന്റെ അമ്മയുടെ സ്വരത്തിന് ഒട്ടും സംശയമില്ലായിരുന്നു.
ഏതാനും വർഷങ്ങൾക്കുമുമ്പ് അമ്മ മരിച്ചു. വീട്ടിൽ കിടത്തിയ അമ്മയുടെ മൃതശരീരത്തിന് മുന്നിൽനിന്ന് അവസാന പ്രാർത്ഥന ഞാനാണ് ചൊല്ലിയത്. ഒരു പുഷ്പകിരീടം അമ്മയുടെ തലയിൽ ചൂടി ഞാൻ പറഞ്ഞു: ദൈവം നിന്നെ നിത്യതയിൽ കിരീടമണിയിക്കട്ടെ. അമ്മയുടെ വേർപാടിൽ സങ്കടമല്ല എനിക്ക് തോന്നിയത്. മറിച്ച് കടപ്പാടും സ്‌നേഹവുമായിരുന്നു. ഞാനോർത്തു- ഈ മുഖമാണല്ലോ എന്നെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചതും എനിക്ക് ഈശോയെ ചൂണ്ടിക്കാണിച്ചു തന്നതും. ഇന്ന് സ്വർഗത്തിൽ ദൈവത്തിന്റെ അടുത്ത് അമ്മയുടെ മുഖം പ്രശോഭിച്ചു നിൽക്കുന്നുവെന്ന് എനിക്കുറപ്പുണ്ട്.
ഞാൻ അന്വേഷിച്ചുനടന്ന ദൈവത്തെ നേരിട്ട് കണ്ടുമുട്ടിയ നിരവധി അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അവയെല്ലാം എന്നെ ദൈവത്തോട് കൂടുതൽ ചേർത്തുനിർത്തുന്നതായിരുന്നു. രോഗത്തിനും ദുഃഖത്തിനും ഉത്തരം ക്രിസ്തുവാണ്. അവിടുത്തെ സ്‌നേഹവും ശക്തിയുമാണ് ഈ ലോകദുഃഖങ്ങൾക്കുള്ള പ്രതിവിധി. അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരും എന്റെ പക്കൽ വരുവിൻ എന്ന ഈശോയുടെ സ്വരമാണ് എന്റെ ജീവിതസർവ്വസ്വവും.
ഫാ. അഗസ്റ്റിൻ വല്ലൂരാൻ വി.സി.
(ഡിവൈൻ ധ്യാനകേന്ദ്രം)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ