ഒരു ജന്മദിനംകൂടി കടന്നുപോകുന്നു.
"ഓർമ്മകളിൽ കത്തിച്ചുവച്ച തിരിനാളങ്ങൾ ഊതിക്കെടുത്തി" ഭാര്യ തരുന്ന കേക്കിന്റെ മധുരം നുണഞ്ഞ് ഞാൻ എന്റെ പിറന്നാൾ ഒരിക്കൽ കൂടി ആഘോഷിക്കുന്നു. ജന്മംനൽകിയ അമ്മക്കും അപ്പനും നന്ദിപറയുന്നു. കൂടെപ്പിറപ്പുകൾക്കും കുടുംബാംഗങ്ങൾക്കും കൂട്ടുകാർക്കും എല്ലാവർക്കും നന്ദി. 2019 ജനുവരി 11. മരണത്തെ മാറ്റി നിറുത്തി, ദൈവത്തിന്റെ ഔദാര്യത്തിൽ 63 വർഷങ്ങൾ പിന്നിടുന്നു. എനിക്കനുവദിച്ചതിൽ ഒരു വർഷം കൂടി പിന്നിടുന്നു. അതെ, നാളെ പുലരുമ്പോൾ ഈ സുന്ദരമായ ഭൂമിയിൽ എനിക്കനുവദിച്ചതിൽ ഒരു വർഷം കൂടി പിന്നിടുകയാണ്. ദൂരം കുറഞ്ഞു വരുകയാണ്, മരണത്തിലേക്ക്. ഓരോ ജന്മദിനവും മരണത്തിലേക്കുള്ള ഗോവണി പടികളാണ്. പക്ഷെ, ഇവിടം തീർന്നാലും ഇതിലും സുന്ദരമായ മറ്റൊരു ജീവിതുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, പ്രത്യാശിക്കുന്നു. ഓരോ ജന്മദിനത്തിലും വാർദ്ധക്യം വിരുന്നുകാരനായി അടുത്തെത്തുമ്പോഴും, ജരാനരകൾബാധിച്ച് ചിറകറ്റ ശലഭത്തെപ്പോലെ മാറുമ്പോഴും, മരണത്തിന്റെ കാലൊച്ചകൾക്കായി കാതോർക്കുമ്പോഴും ഞാൻ കാത്തിരിക്കുന്നു വരാനിരിക്കുന്ന എന്റെ അടുത്ത ജന്മത്തെ; സ്വർഗ്ഗലോകത്തെ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ