.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2019, ജനുവരി 23, ബുധനാഴ്‌ച

തിരുമുടിക്കുന്ന് സ്കുളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

തിരുമുടിക്കുന്ന് ഹയർ സെക്കൻഡറി സ്കൂളിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

തിരുമുടിക്കുന്ന്പി.എസ്.ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവ്വീസ് സ്കീം തൃശൂർ ഐ.എം.എ. ബ്ലഡ് ഡോണേഴ്സ് കേരളയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. സ്കൂൾ മാനേജരും തിരുമുടിക്കുന്ന് ചെറുപുഷ്പം പള്ളി വികാരിയുമായ ഫാ.പോൾ ചുള്ളി ക്യാമ്പ് ഉദ്ഘാടനംചെയ്തു. ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ടി.ജെ. സിജൊ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ ബെന്നി വർഗ്ഗീസ്, എൻ.എസ്.എസ്.പ്രോഗ്രാം ഓഫീസർ ജോസ്മാത്യു, അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ അനിതാജോർജ്, പി.ടി.എ പ്രസിഡന്റ് എ.എ. ബിജു തുടങ്ങിയവർ ആശംസകൾനേർന്നു. എൻ.എസ്.എസ്. ലീഡർമാരായ മൃദുല എ മനുമോഹൻ, അക്ഷത വർഗ്ഗീസ്, ഫെർണാണ്ടോ ജി മേച്ചേരി, എബിൻപോൾ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

2019, ജനുവരി 10, വ്യാഴാഴ്‌ച

അതിവേഗ റയിൽ - ആശങ്ക അകലുന്നു.

ഒരു നാടിന്റെ ജനതയെ മുഴുവൻ ഭീതിയിൽ ആഴ്ത്തിക്കൊണ്ട് വികസനത്തിന്റെ പേരിൽ വരുമെന്ന് ആശങ്കപ്പെട്ടിരുന്ന അതിവേഗ റയിൽ ഇടനാഴിയുമായുള്ള പ്രവർത്തനങ്ങൾ നിറുത്തി വയ്ക്കുവാൻ കേരള സർക്കാർ തീരുമാനിച്ചതായി വാർത്ത വന്നിരിക്കുന്നു. തീരുമാനമെടുത്ത ഇടതുപക്ഷ സർക്കാരിനും മുഖ്യമന്ത്രിക്കും അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. അതിവേഗ റയിൽ ഇടനാഴിക്കെതിരെ പ്രവർത്തിച്ച സമിതിക്കും, പ്രത്യേകിച്ച്, കേരള അടിസ്ഥാനത്തിൽ അതിനു നേതൃത്വം കൊടുത്ത സി.ആർ.നീലകണ്ഠൻ സാറിനും ഒരായിരം നന്ദി. തിരുമുടിക്കുന്നിൽ സമരങ്ങൾക്ക് നേതൃത്വം കൊടുത്ത അന്നത്തെ തിരുമുടിക്കുന്ന് ചെറുപുഷ്പം ഇടവക വികാരി റവ.ഫാ.ജോൺ തോട്ടുപുറം, രാഷ്ട്രീയ നേതാക്കൾ പ്രത്യേകിച്ച് അഡ്വ.കെ.ആർ.സുമേഷ്, നല്ലവരായ നാട്ടുകാർ എല്ലാവർക്കും നന്ദി.

i
  വികസനം നമ്മുടെ കാഴ്ചപ്പാട് എന്ത് ?
ചെറിയൊരു ഇടവേളക്കുശേഷം വീണ്ടും സജീവമായിക്കൊണ്ടിരിക്കുന്ന “അതിവേഗ റെയിൽ ഇടനാഴി” പദ്ധതിയെക്കുറിച്ച് ചില ആശങ്കകൾ പങ്കുവെക്കുകയാണിവിടെ. ഒരു രാജ്യത്തെ ഏതൊരു പൗരനും ആഗ്രഹിക്കുന്ന കാര്യമാണ് വികസനം. ജനങ്ങളുടെ ക്ഷേമവും ഐശ്വര്യവും വർദ്ധിച്ചുവരേണ്ടത് ആവശ്യം തന്നെ. പക്ഷേ അതിന് ജനസാന്ദ്രത ഏറ്റവും കൂടുതലുള്ള ഈ കൊച്ചുകേരളത്തിൽ ജനങ്ങളെ കുടിയൊഴിപ്പിച്ചുകൊണ്ടുള്ള വന്‍കിട പദ്ധതികൾ ആവശ്യമുണ്ടോ?. ഒരു സ്ക്വയർ കിലോമീറ്ററിൽ ആയിരത്തിഅഞ്ഞൂറ്റി ഒൻപത് (1509) പേരാണ് ഇന്ന് കേരളത്തിൽ ജീവിക്കുന്നത്. ആളോഹരി കടം 90000രൂപയിൽ നിൽക്കുന്ന ഇന്നത്തെ കേരളത്തിൽ ഇനിയുമൊരു കടഭാരം ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കേണ്ടതുണ്ടോ?. ഒന്നര ലക്ഷം കോടി രൂപയില്‍ അധികം ചിലവ് വരുമെന്ന് അറിയുന്നു.ജനങ്ങളേയും പ്രകൃതിയേയും സംരക്ഷിച്ചുകൊണ്ടുള്ള വികസനമല്ലേ നമുക്കാവശ്യം?. പദ്ധതിക്കാവശ്യമായ പണം കടം എടുക്കുകയാണെങ്കിൽ പോലും അത് പലിശ സഹിതം തിരിച്ച് കൊടുക്കേണ്ടേ?. ബ്രിട്ടീഷുകാരുടെ കാലത്ത് രാഷ്ട്രീയ ആധിപത്യമേ ഉണ്ടായിരുന്നുള്ളൂഎങ്കിൽ, ഈ കട ഭാരവും കൂടിവന്നാൽ സാമ്പത്തിക നിയന്ത്രണം പോലും വിദേശികളുടെ ആധിപത്യത്തിൽ വരില്ലേ?. കുടിയൊഴിപ്പിക്കപ്പെടുന്നവരെ എവിടെ പുനരധിവസിപ്പിക്കാൻ പോകുന്നു?. ഇരകളുടെ പുറകെ വേട്ടക്കാരനെന്നപൊലെ ജനങ്ങളെ ദ്രോഹിക്കാൻ നടക്കുന്നത് എന്തിനാണ്?. ഇതിന്റെ പുറകിലെ താത്പര്യം എന്താണ്?. കുറച്ച് അതിസമ്പന്നന്മാർക്ക് വേണ്ടി മാത്രം ഉപകാരപ്പെടുന്ന ഈ പദ്ധതി വരുന്നത് മൂലം സാധാരണക്കാരൻ കുടിയൊഴിപ്പിക്കപ്പെടുന്നത് ആരും കാണുന്നില്ലേ? നിരവധി ആരാധാനാലയങ്ങളും, സന്യാസാശ്രമങ്ങളും, സ്കൂളുകളും പൊളിച്ചുനീക്കിക്കൊണ്ട് വേണം ഈ പദ്ധതി നടപ്പിലാക്കാൻ. മുഖ്യധാരാ രാഷ്ട്രീയപാർട്ടികളും ജനങ്ങളും ഇത് മനസ്സിലാക്കി ഈ അതിവേഗ റെയിൽ പദ്ധതിയിൽ നിന്നും പിൻതിരിയുകയും പദ്ധതി ഉപേക്ഷിക്കുകയും വേണം. ####കേരളത്തില്‍ വരുന്ന അതിവേഗ റയില്‍ പദ്ധതിക്കെതിരെ നടന്ന പ്രതിഷേധങ്ങളെക്കുറിച്ച് അറിയുന്നതിന് YOU TUBE ല്‍ hsrc kerala protest ഉം Bloger ല്‍ High Speed Rail Corridor kerala protest [hsrcprotest .blogspot.com] യും സന്ദര്‍ശിക്കുക .

2019, ജനുവരി 9, ബുധനാഴ്‌ച

ഈ മനോഹര തീരത്ത് ഒരു വർഷം കൂടി കടന്നു പോകുന്നു.

ഒരു ജന്മദിനംകൂടി കടന്നുപോകുന്നു.

"ഓർമ്മകളിൽ കത്തിച്ചുവച്ച തിരിനാളങ്ങൾ ഊതിക്കെടുത്തി" ഭാര്യ തരുന്ന കേക്കിന്റെ മധുരം നുണഞ്ഞ് ഞാൻ എന്റെ പിറന്നാൾ ഒരിക്കൽ കൂടി ആഘോഷിക്കുന്നു. ജന്മംനൽകിയ അമ്മക്കും അപ്പനും നന്ദിപറയുന്നു. കൂടെപ്പിറപ്പുകൾക്കും കുടുംബാംഗങ്ങൾക്കും കൂട്ടുകാർക്കും എല്ലാവർക്കും നന്ദി. 2019 ജനുവരി 11. മരണത്തെ മാറ്റി നിറുത്തി, ദൈവത്തിന്റെ ഔദാര്യത്തിൽ 63 വർഷങ്ങൾ പിന്നിടുന്നു. എനിക്കനുവദിച്ചതിൽ ഒരു വർഷം കൂടി പിന്നിടുന്നു. അതെ, നാളെ പുലരുമ്പോൾ ഈ സുന്ദരമായ ഭൂമിയിൽ എനിക്കനുവദിച്ചതിൽ ഒരു വർഷം കൂടി പിന്നിടുകയാണ്. ദൂരം കുറഞ്ഞു വരുകയാണ്, മരണത്തിലേക്ക്. ഓരോ ജന്മദിനവും മരണത്തിലേക്കുള്ള ഗോവണി പടികളാണ്. പക്ഷെ, ഇവിടം തീർന്നാലും ഇതിലും സുന്ദരമായ മറ്റൊരു ജീവിതുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു, പ്രത്യാശിക്കുന്നു. ഓരോ ജന്മദിനത്തിലും വാർദ്ധക്യം വിരുന്നുകാരനായി അടുത്തെത്തുമ്പോഴും, ജരാനരകൾബാധിച്ച് ചിറകറ്റ ശലഭത്തെപ്പോലെ മാറുമ്പോഴും, മരണത്തിന്റെ കാലൊച്ചകൾക്കായി കാതോർക്കുമ്പോഴും ഞാൻ കാത്തിരിക്കുന്നു വരാനിരിക്കുന്ന എന്റെ അടുത്ത ജന്മത്തെ; സ്വർഗ്ഗലോകത്തെ.

2019, ജനുവരി 6, ഞായറാഴ്‌ച

ചിറങ്ങര കപ്പേളയിൽ തിരുനാൾ ആഘോഷിച്ചു

ചിറങ്ങര കപ്പേളയിൽ വി.യൂദാതദേവൂസിന്റെ തിരുനാൾ ആഘോഷിച്ചു.

 തിരുമുടിക്കുന്ന് ചെറുപുഷ്പം ഇടവകയിലെ ചിറങ്ങര വി. യൂദാ തദേവൂസിന്റെ കപ്പേളയിൽ (താമര കപ്പേള ) തിരുനാൾ സമുചിതമായി ആഘോഷിച്ചു. ഇന്നലെ വൈകിട്ട് 5ന് വികാരി ഫാ.പോൾ ചുള്ളി തിരുനാൾ പ്രസുദേന്തി വാഴിക്കൽ ശുശ്രൂഷ നടത്തി. തുടർന്ന് ആഘോഷമായ പാട്ടുകുർബ്ബാനക്ക് ഫാ.സിറിൾ കൈതക്കളം എം.സി.ബി.എസ്. കാർമ്മികത്വം വഹിച്ചു. ഫാ.ഷിജൊ കുമ്മിണിയിൽ സി.എസ്.എസ്.ആർ. വചന സന്ദേശം നൽകി. കുർബ്ബാനയെ തുടർന്ന് നൊവേന, ലദീഞ്ഞ്, ഊട്ടു നേർച്ച എന്നിവ ഉണ്ടായിരുന്നു. സഹവികാരി ഫാ.മാത്യു വരിക്കാട്ടുപാടം, തിരുനാൾ കമ്മിററി കൺവീനർ ജെയിംസ് കണ്ണമ്പുഴ തുടങ്ങിയവർ തിരുനാൾ ആഘോഷങ്ങൾക്ക് നേതൃത്വം വഹിച്ചു.

2019, ജനുവരി 4, വെള്ളിയാഴ്‌ച

സപ്തതിയുടെ നിറവിൽ റവ.ഡോ. അഗസ്റ്റിൻവല്ലൂരാൻ

റവ.ഡോ. അഗസ്റ്റിന്‍ വല്ലൂരാന്‍ വി.സി.യുടെ സപ്തതി ആഘോഷിച്ചു.

പണ്ഡിതനായ സുവിശേഷ പ്രഘോഷകന്‍, പ്രഗത്ഭനായ വാഗ്മി, മികച്ച സംഘാടകന്‍ തുടങ്ങിയ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച റവ.ഡോ. അഗസ്റ്റിന്‍ വല്ലൂരാന്റെ സപ്തതി സമുചിതമായി ആഘോഷിച്ചു. തിരുമുടിക്കുന്നിൽ വല്ലൂരാൻ ദേവസി - റോസി ദമ്പതികളുടെ ഇളയ മകനായി 1949 ജനുവരി 4 നാണ് അദ്ദേഹം ജനിച്ചത്. 1974 ഒക്ടോബറിൽ അന്നത്തെ എറണാകുളം-അങ്കമാലി സഹായമെത്രാനായിരുന്ന മാർ സെബാസ്റ്റ്യൻ മങ്കുഴിക്കരിയുടെ കൈവയ്പ് ശുശ്രൂഷയാൽ പൗരോഹിത്യം സ്വീകരിച്ചു. ഇന്നലെ രാവിലെ മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ റവ.ഡോ. അഗസ്റ്റിൻ വല്ലൂരാന്റെ കാർമ്മികത്വത്തിൽ നടന്ന കൃതജ്ഞതാബലിക്കു ശേഷം ''ഗുഡ്നെസ്സ്'' ടെലിവിഷൻ ചാനൽ പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ അനുമോദന യോഗംചേർന്നു. ഫാ.പോൾ പുതുവ, ഫാ.മാത്യു തടത്തിൽ, ഫാ.അലക്സ് ചാലങ്ങാടി, ജനറൽ മാനേജർ സിബിവല്ലൂരാൻ തുടങ്ങിയവർ ആശംസകൾനേർന്ന് പ്രസംഗിച്ചു. യോഗത്തിൽ ചാനൽ പ്രവർത്തകർ അവതരിപ്പിച്ച ദൃശ്യാവീഷ്ക്കരണം, ഗാനമേള, കോമഡി ഷോ തുടങ്ങിയ കലാപരിപാടികൾ ഉണ്ടായിരുന്നു. യോഗത്തിൽ തൃശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത്, ആലുവ പൊന്തിഫിക്കൽ സെമിനാരിയിലും പൂന പേപ്പൽ സെമിനാരിയിലും സഹപാഠിയായിരുന്ന എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റും പാലക്കാട് രൂപത മെത്രാനുമായ മാർ ജേക്കബ്ബ് മനത്തോടത്ത്, സഹായമെത്രാൻ മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് തുടങ്ങിയവരുടെ ആശംസാ സന്ദേശങ്ങളുടെ വീഡിയൊ പ്രദർശിപ്പിച്ചു. അജി വർക്കല, ആന്റണി കണ്ണംപറമ്പിൽ, ഡിജൊജോൺ ടി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വംകൊടുത്തു. വൈകിട്ട് ധ്യാനകേന്ദ്രത്തിലെ വൈദികരുടെ നേതൃത്വത്തിലും അനുമോദനയോഗം ചേരുകയുണ്ടായി. റവ.ഡോ. അഗസ്റ്റിൻവല്ലൂരാൻ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.

2019, ജനുവരി 3, വ്യാഴാഴ്‌ച

ജനുവരി 4. റവ.ഡോ. അഗസ്റ്റിന്‍ വല്ലൂരാന്‍ (വി. സി )യുടെ ജന്മദിനം

``You are my son, the beloved,
with you I am well pleased ''.( Mark 1- 11 )
``Why were you searching for me ? Did you not know that I must be in my Father 's house? ''.( Luke 2- 49 )
പരസ്നേഹ പ്രവര്‍ത്തനങ്ങളുടെ മദ്ധ്യസ്ഥനായ വി. വിന്‍സെന്റ് ഡീ പോളിന്റെ പ്രേഷിത ചൈതന്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വിന്‍ഷ്യന്‍ സന്യാസ സഭയില്‍ ചേര്‍ന്ന് വൈദികനായ ഡോ. ഫാ. അഗസ്റ്റിന്‍ വല്ലൂരാന്റെ ജന്മദിനം ആണ് ജനുവരി 4. ലോകമെമ്പാടും യേശൂനാഥനുവേണ്ടി പ്രേഷിതവേല ചെയ്തുകൊണ്ടിരിക്കുന്ന അച്ചന് ആയുസും ആരോഗ്യവും ഉണ്ടാവട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു . ജന്മദിനാശംസകള്‍ നേരുന്നു .
ബഹുമാനപ്പെട്ട അഗസ്റ്റിന്‍ വല്ലൂരാന്‍ അച്ചന്‍ തന്റെ അമ്മയെ അനുസ്മരിച്ചുകൊണ്ട് ``സണ്‍ഡേ ശാലോം ''വാരികയില്‍ എഴുതിയ ലേഖനം ചുവടെ ചേര്‍ക്കുന്നു .                  
                                                               ഈശോയെ നേരിൽ കണ്ട കുട്ടിക്കാലം
ഈശോ ദൈവവും കർത്താവുമാണെന്നും ഈശോയാണ് നമ്മെ സൃഷ്ടിച്ചതെന്നും ഈശോയ്‌ക്കെതിരായി ഒന്നും പറയരുതെന്നും അമ്മ പറഞ്ഞിട്ടുണ്ട്. അമ്മയുടെ വർണനകൾക്കപ്പുറത്ത് ഈശോ വലിയൊരാളാണെന്നാണ് ഞാൻ ധരിച്ചത്. ഈശോയെ കാണാമെന്ന് പറഞ്ഞപ്പോൾ സന്തോഷത്തോടെ ഞാൻ കൊരട്ടി ദൈവാലയത്തിലെത്തി. 40 മണിക്കൂർ ആരാധന നടക്കുന്ന സമയത്താണ് അമ്മ എന്നെ ദൈവാലയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയത്.ദൈവാലയത്തിൽ പ്രവേശിച്ച് മുട്ടിന്മേൽനിന്ന അമ്മയുടെ മുന്നിൽ ഞാനും നിന്നു. അന്ന് പള്ളിയകം നിരവധി ബൾബുകൾകൊണ്ടും തോരണങ്ങൾകൊണ്ടും അലങ്കരിച്ചിരുന്നു. അലങ്കാരപണികളും മറ്റു കാഴ്ചകളും കണ്ട് ഞാൻ അമ്പരന്ന് നിൽക്കുന്നതു കണ്ടപ്പോൾ അമ്മ എന്നോട് പറഞ്ഞു:”മോനേ, അങ്ങോട്ടുമിങ്ങോട്ടും നോക്കാതെ അൾത്താരയിലേക്ക് നോക്കൂ.” അൾത്താരയിൽ എന്താണെന്ന് ഞാൻ അമ്മയോട് ചോദിച്ചു. ഈശോ ഇരിക്കുന്നുവെന്നായിരുന്നു മറുപടി. അതു കേട്ടപ്പോൾ എവിടെയാണമ്മേയെന്ന് ഞാൻ അത്ഭുതത്തോടെ ചോദിച്ചു.
കത്തിച്ചുവച്ച മെഴുകുതിരികൾക്ക് നടുവിൽ സ്വർണനിറമുള്ള അരുളിക്കയിലേക്ക് നോക്കാനാണ് അമ്മ പറഞ്ഞത്. ആ അരുളിക്കയിലുള്ള അപ്പത്തിൽ ഈശോ എഴുന്നള്ളിയിരിക്കുന്നുവെന്ന് അമ്മ പറഞ്ഞു. അത് ഈശോയാണെന്ന് അമ്മ പറഞ്ഞപ്പോൾ അമ്മയുടെ സ്വരത്തിലുള്ള മുഴക്കം ഞാൻ ശ്രദ്ധിച്ചു. അൾത്താരയിലേക്കും മെഴുകുതിരികളിലേക്കും വശങ്ങളിലേക്കും മാറിമാറി നോക്കി. ഈശോയെ കണ്ടില്ല. എങ്കിലും അമ്മ പറഞ്ഞതല്ലേ, ഈശോ വരുമെന്ന് ഞാൻ വിചാരിച്ചു. അമ്മയുടെ മുഖത്തേക്ക് നോക്കിയപ്പോൾ എനിക്ക് പിന്നെ ഒന്നും ചോദിക്കാൻ തോന്നിയില്ല. അമ്മയുടെ മുഖം വിടർന്ന് വികസിച്ചുനിൽക്കുന്നത് ഞാൻ കണ്ടു. അമ്മയുടെ മുഖത്ത് ഒരു ദൈവികഭാവമുള്ളതായി എനിക്ക് പെട്ടെന്ന് തോന്നി.
അമ്മ ഈശോയെ കണ്ടതുകൊണ്ടാണ് അമ്മയുടെ മുഖം വികസിച്ചുനിൽക്കുന്നതെന്നെനിക്ക് മനസിലായി. ഞാനും അൾത്താരയിലേക്ക് നോക്കി, അപ്പത്തിലേക്ക് നോക്കി, അപ്പത്തിൽ വാഴുന്ന ഈശോയേ തിരിച്ചറിഞ്ഞു. അമ്മ എന്റെ കൈകൾ ചേർത്തു പിടിച്ച് ‘ഈശോയെ ഞാൻ നിന്നെ സ്‌നേഹിക്കുന്നു’ എന്ന് പറയാൻ പറഞ്ഞു. ആ സുകൃതജപവും ചൊല്ലി നിന്നത് എനിക്കിന്നും മറക്കാനാവുന്നില്ല.
വർഷങ്ങൾ പലത് കടന്നുപോയെങ്കിലും എന്റെ ചെറുപ്പകാലത്തെക്കുറിച്ചോർക്കുമ്പോൾ മനസിൽ പച്ചകെടാതെ നിൽക്കുന്നത് ഈ സംഭവമാണ്. ഇന്ന് വൈദികനായി, ബലിയർപ്പിക്കുമ്പോൾ അപ്പമെടുത്ത് ഉയർത്തി വാഴ്ത്തുമ്പോൾ അവിടെ ഈശോ ഉണ്ടെന്ന് എന്നോട് പറയുന്നത് എന്റെ പഠനങ്ങളോ ഡിഗ്രികളോ ഒന്നുമല്ല, എന്റെ അമ്മയാണ്. ഡിഗ്രികൾക്കും പഠനങ്ങൾക്കുമൊക്കെ ഒരുപാട് തെളിവുകളുണ്ട്. ഈ വാദപ്രതിവാദങ്ങളൊക്കെ ബുദ്ധിയോടാണ് സംസാരിക്കുക. ബുദ്ധിക്ക് എപ്പോഴും സംശയമുണ്ടാകും. പക്ഷേ, എന്റെ അമ്മയുടെ സ്വരത്തിന് ഒട്ടും സംശയമില്ലായിരുന്നു.
ഏതാനും വർഷങ്ങൾക്കുമുമ്പ് അമ്മ മരിച്ചു. വീട്ടിൽ കിടത്തിയ അമ്മയുടെ മൃതശരീരത്തിന് മുന്നിൽനിന്ന് അവസാന പ്രാർത്ഥന ഞാനാണ് ചൊല്ലിയത്. ഒരു പുഷ്പകിരീടം അമ്മയുടെ തലയിൽ ചൂടി ഞാൻ പറഞ്ഞു: ദൈവം നിന്നെ നിത്യതയിൽ കിരീടമണിയിക്കട്ടെ. അമ്മയുടെ വേർപാടിൽ സങ്കടമല്ല എനിക്ക് തോന്നിയത്. മറിച്ച് കടപ്പാടും സ്‌നേഹവുമായിരുന്നു. ഞാനോർത്തു- ഈ മുഖമാണല്ലോ എന്നെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചതും എനിക്ക് ഈശോയെ ചൂണ്ടിക്കാണിച്ചു തന്നതും. ഇന്ന് സ്വർഗത്തിൽ ദൈവത്തിന്റെ അടുത്ത് അമ്മയുടെ മുഖം പ്രശോഭിച്ചു നിൽക്കുന്നുവെന്ന് എനിക്കുറപ്പുണ്ട്.
ഞാൻ അന്വേഷിച്ചുനടന്ന ദൈവത്തെ നേരിട്ട് കണ്ടുമുട്ടിയ നിരവധി അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. അവയെല്ലാം എന്നെ ദൈവത്തോട് കൂടുതൽ ചേർത്തുനിർത്തുന്നതായിരുന്നു. രോഗത്തിനും ദുഃഖത്തിനും ഉത്തരം ക്രിസ്തുവാണ്. അവിടുത്തെ സ്‌നേഹവും ശക്തിയുമാണ് ഈ ലോകദുഃഖങ്ങൾക്കുള്ള പ്രതിവിധി. അധ്വാനിക്കുന്നവരും ഭാരം വഹിക്കുന്നവരും എന്റെ പക്കൽ വരുവിൻ എന്ന ഈശോയുടെ സ്വരമാണ് എന്റെ ജീവിതസർവ്വസ്വവും.
ഫാ. അഗസ്റ്റിൻ വല്ലൂരാൻ വി.സി.
(ഡിവൈൻ ധ്യാനകേന്ദ്രം)