.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2019, ഓഗസ്റ്റ് 16, വെള്ളിയാഴ്‌ച

ആഗസ്റ്റ് 15. ഭാരതസ്വാതന്ത്ര്യ ദിനവും പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ ദിനവും      ..........................................................................       "വന്ദിപ്പിൻ മാതാവിനെ വന്ദിപ്പിൻ മാതാവിനെ        വന്ദിപ്പിൻ ഉപാസ്യരായുള്ളോർക്കുമുപാസ്യയെ". മഹാകവിയും ആധുനിക മലയാള കവിത്രയത്തിൽ കാവ്യ ശൈലിയിലെ ശബ്ദസൗന്ദര്യം കൊണ്ടും സർഗ്ഗാത്മകത കൊണ്ടും അനുഗ്രഹീതനായ മഹാകവിയായിരുന്ന വള്ളത്തോൾ നാരായണമേനോൻ "മാതൃവന്ദനം' എന്ന കവിതയിൽ കേരളത്തെ വർണ്ണിക്കുന്ന മേൽപറഞ്ഞ വരികൾ ഭാരതത്തിന്റെ സ്വാതന്ത്ര്യവും പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണവും ആഘോഷിക്കുന്ന ഈ ആഗസ്റ്റ് മാസത്തിൽ ഓർത്തുപോവുകയാണ്. ആഗസ്റ്റ് 15. ഭാരതസ്വാതന്ത്ര്യവും മാതാവിന്റെ സ്വർഗ്ഗാരോപണവും ഒരുമിച്ച് ആഘോഷിക്കുന്ന സുദിനം. മഹാകവി കുമാരനാശാൻ "സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം, പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം'' എന്നു പറഞ്ഞത് ഈ കാലഘട്ടത്തിൽ പ്രസക്തമാണ്. അന്യന്റെ നിയന്ത്രണത്തിനു വിധേയമല്ലാത്ത സ്ഥിതിയാണല്ലോ സ്വാതന്ത്രൃം എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുക. ഒരു പരമാധികാര രാഷ്ട്രത്തിൽ സ്വാതന്ത്ര്യമെന്നതിന്റെ കാഴ്ചപ്പാടിന്റെ ലക്ഷ്യവും ആവശ്യവും എന്താണ്?                                            മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണെന്നുള്ളതുകൊണ്ടുതന്നെ, തോന്നും പോലെ, യാതൊരു നിയന്ത്രണവുമില്ലാതെ, മററുള്ളവരേക്കുറിച്ചോ, മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ചോ ചിന്തിക്കാതെ, മാനിക്കാതെ , എന്റെയിഷ്ടം എനിക്കു തോന്നുന്നതുപോലെ, എന്റെ കാഴ്ചപ്പാടുകൾക്കു വേണ്ടി മാത്രം ജീവിക്കുക, പ്രവർത്തിക്കുകയെന്നത് ശരിയല്ല. ഏവരുടേയും സുരക്ഷ, സമാധാനം തുടങ്ങിയവ ഉറപ്പായാൽ മാത്രമേ സമൂഹത്തിന്റെ പരിപൂർണ്ണ സ്വാതന്ത്ര്യം അതിന്റെ പരിപൂർണ്ണ അർത്ഥത്തിൽ നടപ്പിലാവുകയുള്ളു. ബഹുസ്വരതയെ അംഗീകരിക്കാനും മാനിക്കുവാനും നാം തയ്യാറാകുമ്പോഴേ സ്വാതന്ത്ര്യത്തിന്റെ പരിപൂർണ്ണതയിൽ എത്തിച്ചേരുകയുള്ളു.                                                                                      ആഗസ്റ്റ് 15 കത്തോലിക്കരെ സംബന്ധിച്ചിടത്തോളം പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ ദിവസവും കൂടിയാണ്. മാതാവിനോട് അളവറ്റ ഭക്തിയുള്ളവരാണ് നാമെല്ലാവരും. ഈ ഭക്തിയും ആദരവും ദൈവവചന അധിഷ്ഠിതവും സഭാപാരമ്പര്യത്തിൽ ശക്തിപ്പെട്ടതുമാണ്. പരിശുദ്ധ അമ്മയെ സംബന്ധിച്ച് നാല് വിശ്വാസ സത്യങ്ങൾ ഉണ്ട്.  പരിശുദ്ധ അമ്മ ദൈവമാതാവാണ്, നിത്യകന്യകയാണ്, അമലോത്ഭവയാണ്, സ്വർഗ്ഗാരോപിതയാണ്.                                                                                         എ.ഡി. 431 ൽ കൂടിയ എഫേസൂസ് സൂനഹദോസ് മറിയത്തിന്റെ ദൈവമാതൃത്വം വിശ്വാസ സത്യമായി പ്രഖ്യാപിച്ചു. ജനുവരി 1 ന് ആണ് ദൈവമാതൃത്വ തിരുനാൾ. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ എലിസബത്താണ് മറിയത്തെ ആദ്യമായി "എന്റെ കർത്താവിന്റെ അമ്മ" എന്ന വിളിക്കുന്നത് (ലൂക്ക 1: 43) .                                                                                          മിശിഹായുടെ ജനനത്തെക്കുറിച്ച് ഏശയ്യാ പ്രവാചകൻ ഇങ്ങനെ പ്രവചിക്കുന്നുണ്ട്  'കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും.(ഏശ7:14). വിശുദ്ധ മത്തായിയുടെ സുവിശേഷം 1: 22-23 ഇങ്ങനെ പറയുന്നു. " All this took place to fufill what the Lord had said through the prophet: The Virgin will conceive and give birth to a son, and they will call him Immanuel " (which means God with us ) ". അതു കൊണ്ട് തന്നെ മാതാവ് കന്യകയാണെന്നത് വിശ്വാസസത്യമായി നമ്മൾ വിശ്വസിക്കുന്നു.                                                                                           ഡിസംബർ 8 മാതാവിന്റെ അമലോത്ഭവ തിരുനാളായി നാം ആഘോഷിക്കുന്നു. റോമന്‍ കത്തോലിക്കാ സഭയിലെ പ്രധാന തിരുനാളുകളില്‍ ഒന്നാണ് ഡിസംബര്‍ 8 ന് ആഘോഷിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ . പീയൂസ് ഒന്‍പതാമന്‍ മാര്‍പാപ്പയാണ് 1854 ഡിസംബര്‍ 8ന് ഈ ദിനം അമലോത്ഭവ മാതാവിന്റെ ഓര്‍മ്മതിരുനാള്‍ ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. `` കന്യകാമറിയം പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിച്ച നിമിഷം മുതല്‍, മനുഷ്യ വംശത്തിന്റെ രക്ഷകന്‍ എന്ന നിലയിലുള്ള യേശുവിന്റെ യോഗ്യതകളെ പ്രതിയുള്ള ദൈവത്തിന്റെ പ്രത്യേക അനുഗ്രഹത്താല്‍ ആദ്യപാപത്തിന്റെ കറകളില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു ''. ഇതായിരുന്നു ആ പ്രഖ്യാപനം. രക്ഷകന്റെ അമ്മയാകാന്‍ നിയോഗം ലഭിച്ചവള്‍ എന്ന കാരണത്താല്‍ കന്യകാമറിയം നിര്‍മ്മലയായിരുന്നു . അതുകൊണ്ടുതന്നെ കത്തോലിക്കാ സഭ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നു.                                                 1950 നവംബർ 1 ന്  പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പയാണ് 'മാതാവിന്റെ സ്വർഗ്ഗാരോപണം' കത്തോലിക്ക സഭയുടെ വിശ്വാസസത്യമായി പ്രഖ്യാപിച്ചത്. പരിശുദ്ധ കന്യകാമാതാവ് ഭൂമിയിലെ തന്റെ ജീവിതത്തിന്റെ അവസാനത്തിൽ ഉടലോടെ സ്വർഗ്ഗത്തിന്റെ മഹത്വത്തിലേക്ക് എടുക്കപ്പെട്ടുവെന്ന വിശ്വാസസത്യത്തെ  പ്രഖ്യാപിക്കുകയാണ് പാപ്പ അതിലൂടെ ചെയ്തത്. ആഗസ്റ്റ് 15 ന് മാതാവിന്റെ സ്വർഗ്ഗാരോപണം നാം ആഘോഷിക്കുമ്പോൾ നമ്മോട് പ്രഘോഷിക്കുന്ന ചില സത്യങ്ങളുണ്ട്. നമ്മുടെ ഓരോരുത്തരുടേയും ജീവിതം സ്വർഗ്ഗരാജ്യം ലക്ഷ്യം വച്ചുള്ളതാണ്. നിത്യജീവിതത്തോട് തുലനം ചെയ്യുമ്പോൾ നമ്മുടെ ഈ ഭൂമിയിലെ ജീവിതം നൈമിഷികമാണ്. നമ്മുടെ ആത്യന്തിക ലക്ഷ്യം സ്വർഗ്ഗത്തിൽ ക്രിസ്തുവിനെ മുഖാമുഖം കാണുക എന്നുള്ളതാണ്. ഈ ലോകം വച്ചുനീട്ടുന്ന കേവലമായ ഭൗതിക നേട്ടങ്ങളുടേയോ അംഗീകാരങ്ങളുടെയോ പുറകേഓടി ജീവിച്ചു തീർക്കേണ്ടതല്ല നമ്മുടെ ജീവിതം. അതിനാൽ പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണം നമ്മുടെ മരണാനന്തര ജീവിതത്തെക്കുറിച്ച് നാം പ്രത്യാശയുള്ളവരായിരിക്കണമെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.                                                         ' സത്യമേവ ജയതേ' എന്നു പഠിപ്പിക്കുന്ന ആർഷ ഭാരത സംസ്കാരവും 'സത്യം നിങ്ങളെ സ്വതന്ത്രരാക്കും (യോഹന്നാൻ 8:32 )' എന്നുപഠിപ്പിക്കുന്ന ക്രൈസ്തവ വിശ്വാസവും സ്വതന്ത്ര ഭാരതത്തിലെ പൗരന്മാരയ നമുക്ക് യഥാർത്ഥ സ്വതന്ത്രരായി ജീവിക്കുവാൻ പ്രചോദനമാകട്ടെ. എല്ലാവർക്കും ഭാരതസ്വാതന്ത്ര്യ ദിനാശംസകളോടൊപ്പം പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ആശംസകളും നേരുന്നു.                                                                                                                                                                                                      _ ഡേവീസ് വല്ലൂരാൻ  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ