.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2020, മേയ് 19, ചൊവ്വാഴ്ച

റവ. ഫാ. ഷിജു(പ്രേം) ചൂരക്കല്‍ പോളിഗ്ലോട്ട് ഗായകസംഘത്തില്‍

പോളിഗ്ലോട്ട് ക്വയര്‍(വിവിധ ഭാഷകളിലുള്ള ഗായകസംഘം) - അഭിനവ ട്രെന്‍ഡ്
.................................................................
ആധുനിക സാങ്കേതിക വളര്‍ച്ചയുടെ അനന്ത സാദ്ധ്യതകളില്‍ വിവര സാങ്കേതിക വിദ്യയും പുതിയ തലങ്ങള്‍ തേടുന്നു.

ലോകത്തിന്‍റെ വിവിധ സ്ഥലങ്ങളിലിരുന്ന് അനേകം ആളുകള്‍ ഒരു ഗാനം വിവിധ ഭാഷകളില്‍ പാടുന്നത് ഒരുമിച്ച് കേള്‍ക്കാന്‍ സാധിക്കുക സുഖകരമല്ലേ?. അങ്ങനെയൊരു ഗാനം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുന്നു.

ലോക ജനതയുടെ രോഗശാന്തിക്കായുള്ള പ്രാര്‍ത്ഥനാഗാനം ഒരുക്കിയ റവ.ഫാ. ഷിജു(പ്രേം)ചൂരക്കല്‍ അച്ചന് അഭിനന്ദനങ്ങള്‍.

``ഭീതിയിൽ കഴിയുന്ന  ലോകത്തിന് ആശ്വാസം
ഭീതിയിൽ  കഴിയുന്ന  ലോകത്തിന്  ആശ്വാസം ഏകുവാൻ നാഥാ നീ വരണേ
പ്രത്യാശ ഏകുവാൻ,  സാന്ത്വനം ഏകുവാൻ അരികിൽ നീ വരണേ എൻ യേശുവേ...''

ലോകത്തിന്‍റെ വിവിധ രാജ്യങ്ങളിലുള്ള 26 ഭാഷകളില്‍ വിവിധ രാജ്യങ്ങളിലിരുന്ന് വിവിധ ആളുകള്‍  പാടിയ ഗാനം ഷിജു(പ്രേം) ചൂരക്കല്‍ സംവിധാനം ചെയ്തത്  സമൂഹ മാധ്യമങ്ങളില്‍ ശ്രദ്ധേയമായിത്തീരുന്നു. ഇതില്‍ അദ്ദേഹം മലയാള ഭാഷയില്‍ പാടിയിട്ടുണ്ട്. സംഗീതവും എഡിറ്റിംഗും  അദ്ദേഹമാണ് നിര്‍വ്വഹിച്ചത്.
തിരുമുടിക്കുന്ന് ഇടവകയിലെ  ചൂരക്കല്‍ അഗസ്റ്റിന്‍- ലീലാമ്മ ദമ്പതികളുടെ മകനാണ് ഫാ. ഷിജു( പ്രേം)ചൂരക്കല്‍.

പോളിഗ്ലോട്ട് ക്വയർ( വിവിധ ഭാഷകളിലുള്ള ഗാനം) - കൊറോണാ വൈറസിന്റേ വ്യാപനത്തിൽ  പകച്ചുനിൽക്കുന്ന,  ഭീതിയിൽ കഴിയുന്ന ലോകത്തിന്  തെല്ല് ആശ്വാസം നൽകുവാൻ, സാന്ത്വനം ഏകുവാൻ സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്ന പ്രാർത്ഥന ഗാനമാണ്.

നാല് ഭൂഖണ്ഡങ്ങളിലെ 26 ഭാഷകളിൽ ആണ് പോളിഗ്ലോട്ട് ക്വയർ ഒരുക്കിയിരിക്കുന്നത്. (9 ഇന്ത്യൻ) മലയാളം, തമിഴ്, കന്നഡ, തെലുഗു, എന്നീ സൗത്ത് ഇന്ത്യൻ ഭാഷകളും, ഹിന്ദി,  മറാത്തി, ബംഗാളി, ഗുജറാത്തി എന്നീ നോർത്ത് ഇന്ത്യൻ ഭാഷകളും, ഉറാവ്  എന്ന ആദിവാസി  ഭാഷയും, അറബി, Tagalog,( Philippines), (2)ഏഷ്യൻ ഭാഷകളും, ജർമ്മൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച്, എന്നി(4) യൂറോപ്പിയൻ ഭാഷകളും, മെക്സിക്കൻ, ഇംഗ്ലീഷ്, അംഗോലോ പോർച്ചുഗീസ്, കേജുന്  (4 അമേരിക്കൻ) (7) ആഫ്രിക്കൻ ഭാഷകളായ കെനിയൻ സ്വാഹിലി, സുലു,  ആഫ്രിക്കൻസ്, ചിച്ചാവ, ഒഴിവമ്പോ, ടാൻസാനിയ സ്വാഹിലി, രുക്വാങ്ഗലി,  ഇങ്ങിനെ വിവിധ ഭാഷകളിൽ ആണ് പോളിഗ്ലോട്ട് ക്വയർ ഒരുക്കിയിരിക്കുന്നത്.
കോവിഡ് 19  കാലത്ത് ഈ ഒരു ആശയം ഉള്ളിൽ താലോലിച്ച, സാക്ഷാത്കരിച്ചത് ഫാദർ  ഷിജു (പ്രേം)  ചൂരക്കൽ  സിഎംഐ. (ഹ്യൂസ്റ്റൺ, ടെക്സസ്) തൻറെ മനസ്സിൽ ഉരുത്തിരിഞ്ഞ
നാലുവരി  മലയാളം  വാക്കുകൾക്ക് സംഗീതം പകർന്നതും  അദ്ദേഹമാണ്. പിന്നീട് ടോം അജിത്ത് & ജോണി ചെങ്ങലാൻ സിഎംഐ ( New York) യുടെ വാദ്യസംഗീത അകമ്പടിയോടെ ഈണം പകർന്നതും മുതൽ, പല ഭാഷകളിൽ പാടുന്നതിനയി വാട്സാപ്പ് വഴി  അയച്ചു കൊടുത്തു, അവർ പാടി തിരിച്ച് വാട്സാപ്പിലൂടെ തിരിച്ചുകൊടുത്തു.

പോളിഗ്ലോട്ട്  -എന്ന പേര് നിർദേശിച്ചത്  അമേരിക്കയിലെ Beaumont, രൂപതാ വൈദികൻ മോൺസിഞ്ഞോർ ഡാൻ ആണ്.
Many Tongues -  പല ഭാഷകൾ  എന്നാണ് അർത്ഥം.

ഇതിന് ആമുഖം പറഞ്ഞിരിക്കുന്നത് സെൻറ് എലിസബത്ത്, പോർട്ട് നേചെസ്, ഇടവകയിലെ യൂത്ത് ഡയറക്ടർ ക്ലെയർ ആണ്.
ബഹുമാനപ്പെട്ട ഫാദർ ജോഷി   പഴുക്കാത്തറ,സിഎംഐ. ഹൈദരാബാദ് പ്രൊവിൻഷ്യൽ, ഫാദർ ഡേവിഡ് കാവുങ്ങൽ, സിഎംഐ,  സുപ്പീരിയർ ഡെലിഗേറ്റ് , അമേരിക്ക ഇവരുടെ  പ്രാർത്ഥന ആശംസകളും ചേർത്തിട്ടുണ്ട്.

സി എം ഐ വൈദികർ മിഷനറിമാരായി ലോകത്തിൻറെ 4 ഭൂഖണ്ഡങ്ങളിലും ജോലി ചെയ്യുന്നു എന്നുള്ളതു കൊണ്ട്  ഈ രാജ്യങ്ങളിലെ ഭാഷകളാണ് ഇതിനായി തിരഞ്ഞെടുത്തത്. മറ്റ് രൂപത വൈദീകരും, സന്യസ്തരും, അൽമായരും ഈ പ്രൊജക്ടുമായി സഹകരിച്ചിട്ടുണ്ട്.

പല ഭാഷകളിലേക്കും പരിഭാഷചെയ്തിരിക്കുന്നത്  പാടിയിരിക്കുന്നവർ തന്നെയാണ്. ഹിന്ദിയിൽ  ഫാദർ ലിജോ തോമസ്, മറാത്തിയിൽ ഫാദർ ജോഷി വാഴപ്പള്ളി സിഎംഐ,  ബംഗാളിയിൽ ഫാദർ  ജോജോ  സിഎംഐ, തമിഴിൽ  ഫാദർ ലിൻസൺ സിഎംഐ, കന്നടയിൽ  ജോൺ സിഎംഐ, തെലുഗുവിൽ ബ്രദർ ശ്യാം കുര്യൻ സിഎംഐ, ജർമൻ ഫാദർ തോമസ് പൊട്ടയ്ക്കൽ, ഫാദർ ലോറൻസ് പടമാടൻ എന്നീ സിഎംഐ വൈദികരാണ്. ഇറ്റാലിയൻ - ആന്റോ Chakiath സിഎംഐ, ഇംഗ്ലീഷിൽ ജോണി ചെങ്ങലാൻ സിഎംഐ, ഗുജറാത്തിയിൽ ഫാദർ ജോസഫ് , ആഫ്രിക്കൻ ഭാഷകളെ  സമന്വയിപ്പിച്ച്ത് ടൈജു തളിയത്ത് സിഎംഐ അച്ഛനാണ്.

വിവിധ ഭാഷകളിൽ  പാടിയിരിക്കുന്നത് അതാത് സ്ഥലങ്ങളിൽ നിന്നുള്ളവരാണ്. നേഹ മരിയ പാണ്ടി പള്ളി, ബ്രാഡ്, Renella, Jaine, Br. Tumsar Sdb,  Christina, എന്നിങ്ങനെ  വിവിധ ഭാഷകളിൽ പാടിയിട്ടുള്ളത്‌ വിവിധ ആളുകളാണ്.

റവ. ഫാ. ഷിജു (പ്രേം) ചൂരക്കൽ സിഎംഐ സഭയുടെ മാർ തോമാ, ചന്ദാ ( മഹാരാഷ്ട്ര)
പ്രൊവിൻസ് അംഗമാണ്. ഇപ്പോള്‍ അമേരിക്കയിൽ,  ടെക്സസ് സ്റ്റേറ്റ്, ഹ്യൂസ്റ്റൺ അടുത്ത് ബ്യൂമൊണ്ട് രൂപതയിൽ സെന്റ്. എലിസബത്ത് , പോർട്ട് നെച്ചെസ് ഇടവകയിൽ അസോസിയേറ്റ് പാസ്റ്റർ (സഹ വികാരി) ആയി ജോലി ചെയ്യുന്നു.

ബഹുമാനപ്പെട്ട ഫാ. ഷിജു(പ്രേം)ചൂരക്കല്‍ അച്ചനും ഈ ഗാനത്തില്‍ സഹകരിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

https://youtu.be/ItFryprVbes

2020, മേയ് 15, വെള്ളിയാഴ്‌ച

കോവിഡ് അറിയുവാന്‍- ഫാ. ജിജൊ കണ്ടംകുളത്തിയുടെ ` തായേ വിട'

https://youtu.be/_YSaLlPirbM



സംഹാര താണ്ഡവമാടുന്ന കോവിഡേ നിനക്ക് മതിയായില്ലെ? മരിച്ചു കിടക്കുന്ന അമ്മയെ ഒരുനോക്ക് കാണാന്‍ സാധിക്കാതെ വിദേശത്തിരുന്ന് കരയുന്ന ഒരു മകനെ നീ കാണുന്നില്ലെ?

ഫാ. ജിജൊ കണ്ടംകുളത്തി എഴുതിയ `തായേ വിട' - ഒരു പ്രവാസി സന്യാസിയുടെ വ്യഥ എന്ന കവിത വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു.

റവ. ഫാ. ജിജൊ കണ്ടംകുളത്തി CMF തിരുമുടിക്കുന്ന് വാലുങ്ങാമുറിയില്‍ കണ്ടംകുളത്തി പരേതരായ കുഞ്ഞിപൗലോയുടേയും അന്നത്തിന്‍റേയും മകനായി 1971ല്‍ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം 1986ല്‍ കുറവിലങ്ങാട് മൈനര്‍ സെമിനാരിയില്‍ ക്ലാരീഷ്യന്‍ സന്യാസ സഭയില്‍ ചേര്‍ന്നു. വൈദികപഠനം പൂര്‍ത്തിയാക്കി 1998ല്‍ വൈദികനായി. 1998- 2002ല്‍ മേഘാലയയില്‍ അസിസ്റ്റന്‍റ് വികാരിയായും അവിടെയുള്ള സെന്‍റ് പീറ്റേഴ്സ് സ്കൂളിന്‍റെ പ്രിന്‍സിപ്പലായും വടക്കുകിഴക്കന്‍ ബുള്ളറ്റിന്‍റെ ചീഫ് എഡിറ്ററായും ജോലിനോക്കി. 2003 മുതല്‍ 2012 വരെ മേഘാലയയിലും അരുണാചല്‍പ്രദേശിലുള്ള വിവിധ സ്കൂളുകളില്‍ മാനേജരായും പ്രിന്‍സിപ്പലായും ഇടവക വികാരിയായും സേവനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ചൈനയിലെ മക്കാവില്‍ ക്ലാരീഷ്യന്‍ പബ്ലിക്കേഷന്‍സിന്‍റെ എഡിറ്ററായി സേവനം ചെയ്യുന്നു

തായേ വിട-  ഒരു പ്രവാസി സന്യാസിയുടെ വ്യഥ
...........................................................................

വിശ്വസിക്കുന്നില്ല വാശിയോടെൻ മനം
ആശ്വസിപ്പിക്കാൻ ഞാൻ എന്ത് ചൊല്ലും?
അമ്മേ നീ പോയെന്ന വാർത്ത കേട്ടീടിലും
അന്യഥാ, കാതുകൾ വിശ്വസിപ്പൂ .

അമ്മയുറങ്ങുന്ന യന്ത്രകിടക്കതൻ
മർമ്മരം പിന്നെയും കേട്ടിടുവാൻ
വെമ്പുന്ന കാതുകൾക്കെൻതൗഷധം തന്നെ
മേമ്പൊടിയായി കുറിച്ചിടുമോ?

ആശ്രിതർ ഉറ്റവർ ബന്ധുക്കൾ ഏവരും
അശ്രു പൊഴിച്ചു വിടചൊല്ലവേ
ഏതോ പടത്തിലെ താരങ്ങളാണെന്നു
എന്തേ എൻ കണ്ണുകൾ വിശ്വസിപ്പൂ?

ചുറ്റുമുള്ളുറ്റവർക്കിടയിലായ്  എൻ മുഖം
ചുറ്റും തിരഞ്ഞൊരാ തായ്‌മനം തേങ്ങിയോ?
അന്ത്യയാത്രാമൊഴി ചൊല്ലുമ്പോൾ ഒരുവേള
അകലെയുള്ളെന്നെ നീ ഓർത്തുകാണും

നല്കുവാൻ ആവാതെ മരവിച്ച ചുംബനം
നോവായെൻ ചുണ്ടിലുറച്ചു പോയോ
പുണരുവാനാവാതെ പോയൊരാലിംഗനം
പിണരുപോൽ മാറിൽ തപിച്ചിടുന്നു

അവധികൾ എന്തിനു ആർഭാടമെന്തിന്
കാത്തിരിക്കുന്ന ചിരാതണഞ്ഞീട്ടിനി
അമ്മയില്ലാത്തൊരു വീടു വീടാകുമോ?
അമ്മ വിളമ്പാത്ത ഊണ് ഊണാകുമോ?

പേർ ചൊല്ലി തായേ ഒരു വട്ടം കൂടി നീ
എന്തേ വിളിക്കാതെ പോയ് മറഞ്ഞു?
നീ വിളിക്കാത്ത എൻ പേര് പേരാകുമോ
നീ വിളിക്കാതെ ഞാൻ എന്നിനി ഞാനാകും

അണകെട്ടിയൊഴുകാതെ കാത്തു ഞാനെങ്കിലും
അറിയാതെ തൂവിപ്പോയ് കണ്ണിണകൾ
വയ്യായെൻ തായേ എഴുതുവാൻ വയ്യിനി
മിഴിനീർ പടർന്നോരെൻ ഓർമ്മ താളിൽ

ജിജോമോനച്ചൻ

ഈ കവിത  മനോഹരമായി, ഹൃദയസ്പര്‍ശിയായി ആലപിച്ച അജ്ഞാത ഗായകനും നന്ദി.
https://youtu.be/_YSaLlPirbM

2020, മേയ് 13, ബുധനാഴ്‌ച

സാഹിത്യകാരനായ പ്രേഷിതപ്രവര്‍ത്തകന്‍- ഫാ. ജിജൊ കണ്ടംകുളത്തി

സാഹിത്യകാരനായ പ്രേഷിത പ്രവര്‍ത്തകന്‍- ഫാ. ജിജൊ കണ്ടംകുളത്തി.

റവ. ഫാ. ജിജൊ കണ്ടംകുളത്തി CMF തിരുമുടിക്കുന്ന് വാലുങ്ങാമുറിയില്‍ കണ്ടംകുളത്തി പരേതരായ കുഞ്ഞിപൗലോയുടേയും അന്നത്തിന്‍റേയും മകനായി 1971ല്‍ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം 1986ല്‍ കുറവിലങ്ങാട് മൈനര്‍ സെമിനാരിയില്‍ ക്ലാരീഷ്യന്‍ സന്യാസ സഭയില്‍ ചേര്‍ന്നു. വൈദികപഠനം പൂര്‍ത്തിയാക്കി 1998ല്‍ വൈദികനായി. 1998- 2002ല്‍ മേഘാലയയില്‍ അസിസ്റ്റന്‍റ് വികാരിയായും അവിടെയുള്ള സെന്‍റ് പീറ്റേഴ്സ് സ്കൂളിന്‍റെ പ്രിന്‍സിപ്പലായും വടക്കുകിഴക്കന്‍ ബുള്ളറ്റിന്‍റെ ചീഫ് എഡിറ്ററായും ജോലിനോക്കി. 2003 മുതല്‍ 2012 വരെ മേഘാലയയിലും അരുണാചല്‍പ്രദേശിലുള്ള വിവിധ സ്കൂളുകളില്‍ മാനേജരായും പ്രിന്‍സിപ്പലായും ഇടവക വികാരിയായും സേവനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ചൈനയിലെ മക്കാവില്‍ ക്ലാരീഷ്യന്‍ പബ്ലിക്കേഷന്‍സിന്‍റെ എഡിറ്ററായി സേവനം ചെയ്യുന്നു.
കവിതാ രചനയും പ്രേഷിതപ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ടുപോകാമെന്ന് ഫാ.ജിജൊ കണ്ടംകുളത്തി തെളിയിക്കുന്നു

`കഴുകനും കബന്ധവും' എന്ന ജിജൊമോനച്ചന്‍( Fr.Jijo Kandomkulathy ) എഴുതിയ കവിത കാലികപ്രസക്തിയുള്ളതും ചിന്തോദ്ദീപകവുമായ ഒരു കവിതയാണ്.

കഴുകന്‍ കാഴ്ചശക്തി, ഉയരങ്ങളില്‍ പറക്കാനുള്ള കഴിവ്, നിരീക്ഷണപാടവം, ബുദ്ധിശക്തി, വേഗത, ഭക്ഷണം തേടാനുള്ള അപാര കഴിവ് തുടങ്ങിയവയാല്‍ ശ്രദ്ധേയമായ ഒരു പക്ഷിയാണ്. കഴുകന്‍റെ അതിസൂക്ഷ്മമായ കാഴ്ചശകതി ജ്ഞാനത്തിന്‍റെ പ്രതീകമായിപോലും വ്യാഖ്യാനിക്കപ്പെടുന്നു.

മനുഷ്യ ജീവിതത്തിന്‍റെ ഉയര്‍ച്ചക്ക് അത്യന്താപേക്ഷിതമായി വേണ്ടത് ഉയര്‍ന്ന ചിന്തകളാണ്. അത് ഓരോരുത്തര്‍ക്കുമുള്ള കഴിവുകളെ അപഗ്രഥിച്ച് അവനവനില്‍കൂടിതന്നെ യാഥാര്‍ത്ഥ്യമാക്കപ്പെടുന്നവയായിരിക്കണം.

ശവശരീരം ഭക്ഷിക്കുന്ന ഒരു പക്ഷിയാണ് കഴുകന്‍. വ്യാമോഹത്തിലും ആസക്തിയിലും അകപ്പെട്ട് അങ്ങുദൂരെ പുഴയിലൊഴുകുന്ന ശവശരീരത്തെ കൊത്തിയെടുക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ കൊക്ക്  ഉടക്കി പറന്നുയരാന്‍ സാധിക്കാതെ ചത്തുവീഴുന്ന കഴുകന്‍റെ ചിത്രം വളരെ മനോഹരമായി, ഹൃദയസ്പര്‍ശിയായി വരച്ചുകാട്ടുന്നു ഈ കവിതയില്‍. Illusionനില്‍ അകപ്പെടുന്ന മനുഷ്യര്‍ക്കുനേരെ ഒരു വിരല്‍ ചൂണ്ടലാണ് ഈ കവിത. അമിതമായ ജഡികാസക്തിയുടെ അടിമയായി, ലൗകികതയില്‍ മുഴുകി, മനുഷ്യന്‍റെ ആത്യന്തികമായ ലക്ഷ്യമായ ഈശ്വരപ്രാപ്തി നേടാതെ നശിക്കരുതെന്ന് മനുഷ്യരെ ഈ കവിത ഓര്‍മ്മപ്പെടുത്തുന്നു.

         
കഴുകനും കബന്ധവും
           ........................................

സൂര്യഗതി നോക്കിയതി മോദമോടെ ഗൃധ്രം
അരുണതര വാനിലുയരുന്നു വിരുതോടെ
സൂര്യപ്രഭയേറ്റ തനു സ്വർണ്ണനിറമാർന്നു
ദൂരെയത് കാണുവത് നയനസുഖ ഹൃദ്യം

തെന്നലല മാലകളിൽ  തൂവലുകളാട്ടീ
കാറ്റിനൊട് കിന്നര കഥയേറെ മൊഴിയുമ്പോൾ
താഴെയതി ദൂരെ യൊഴുകുന്ന പുഴയൊന്നിൽ
കണ്ടു തലയറ്റു പുഴുനിറ യും കബന്ധം

ലക്ഷ്യമതു വിട്ടുക്ഷണം ചുറ്റിയതു പാറി
പൊട്ടിയൊരു നൂലിലലയുന്ന ചെറു പട്ടം 
പോലെയവനാഴ്‌ന്നു  വന്നാ ഉടലിലേറി
രൗദ്രതരമാടി ജഡതൃഷ്ണ ശതകോടി

കൂർത്തന ഖമേറ്റ ശവമാറ്റിലുലയുമ്പോൾ
ആർത്തിയോടെ ചടുലമുയരുന്നു  ജഡദാഹം
കൊത്തിയതിൽ മരണജതി ആടി ജഡഭോജി
പൂണ്ടു  വിളയാടി അഹ ബോധമിയലാതെ

വാനസരസുള്ളിൽ നടമാടുമൊരു താരം
പോലെ സുരവീഥികളിൽ വെട്ടമരുളേണ്ടോൻ
ചീഞ്ഞ ജഡ ക്രീഡകളിലാണ്ട് പുതയുന്നു
നീചതമ ശാപം ശവുണ്ടിയായ് വിപ്രൻ

ഇരുചിറകു മാട്ടിയൊരുമേട്ടിലുയരാനായ്
കടശ്ശി, ഒരു ശകലമുടൽ കൊത്തികൊതിയോടെ
കൊക്കുകളിൽ കോർത്തു ശവഭാരമഹോ! കഷ്ടം
പടഹധ്വനി പോലെയണയുന്നു ജലപാതം

കാലുയരെ കൊക്കിടറി, കൊക്കുയരേ കാലിടറി
ചീഞ്ഞ ശവനാഡിയിണ പിണയുമൊരു കെട്ടിൽ
കഴുകനവനാഞ്ഞു വൃഥാ ചിറക് ശ്രമവിഫലം
വിധിയരികെ വന്നിടുകിലാര്  തടയാനായ് ?

ദ്രുതപതനഗതികളോടെ ചടുലജല  ജാലം
ആഴ്ത്തിയതിലാ  കബന്ധമാജാസമേതം 

മാരുതനുടെ ചില്ലകളിൽ നീഡമണയേണ്ടോൻ
രവിരേണുവിനുടയാടകളണിയേണ്ടവനൊരുവൻ
ബ്രഹ്മപദം പൂകിടുവാൻ ചിന്തയുയരേണ്ടോൻ
കേവലമൊരു മൃതമുടലിലൊടുങ്ങിയഹോ! കഷ്ടം

ജിജോമോനച്ചൻ
............................................
ജിജൊ അച്ചന്‍റെ മറ്റൊരു കവിതകൂടി വായക്കാര്‍ക്ക് സമര്‍പ്പിക്കുന്നു :-

                `പുനർജനി'
                ..........................

മേനി തുടുത്ത പഴമായ്  ആ കൊമ്പിൽ ഞാൻ
മേനി പറഞ്ഞു കിടന്നിരുന്നു

കിന്നാരം ചൊല്ലുവാൻ ശലഭവും തുമ്പിയും
എന്നുമെൻ ചാരെയണഞ്ഞിരുന്നു

തേനീച്ചക്കൂട്ടങ്ങൾ ചുറ്റും പൊതിഞ്ഞെന്നെ
തേനോളം നന്നെന്നു ചൊന്നിരുന്നു

അയലത്തെ തിരുമാടി ചെക്കനും ക്ടാക്കളും
തോണ്ടി പറിക്കാൻ ശ്രമിച്ചിരുന്നു

കാലം കഴിയവേ ചുങ്ങി ചുളിഞ്ഞു പോയ്
കാലക്കേടിൽ എന്റെ ദേഹമെല്ലാം

ചങ്ങാതിക്കൂട്ടങ്ങൾ ഞെട്ടറ്റു പോയീട്ടും
തൂങ്ങിക്കിടന്നു വിടാതെ കൊമ്പിൽ

അറിയാതെ എൻ കാമ്പിനു ചുറ്റും വളർന്നു പോയ്
നിറയെ ഒരപ്പൂപ്പൻ താടി രോമം

ആത്മതാപം കൊണ്ട്  പൊട്ടിത്തെറിച്ചുപോയ്
ഉന്മാദമോടെയെൻ തോട് തെറിച്ചു പോയ്

അഹമെന്ന തോടിനെ പൊട്ടിച്ചെറിയാതെ
വീണ്ടും ജനിച്ചവരുണ്ടോ ഭൂവിൽ?

അപ്പൂപ്പൻതാടിയായ് ഏറെ അലഞ്ഞു ഞാൻ
കാറ്റിന്റെ ഗതികളിലേറി ഞാൻ പാറി ഞാൻ

നിനയാതെ പെരുമാരി കോരി ചൊരിയവെ
നനയാതിരിക്കുവാൻ നട്ടം തിരിഞ്ഞു ഞാൻ

മൃദുലമാ തൂവലീൽ വെള്ളം പതിച്ചപ്പോൾ
ഈറനായ്  താഴെ ഞാൻ  വീണു പോയി

തൂവലും തൊങ്ങലും പാടെ ഉരിഞ്ഞു പോയ്
നഗ്നനായ് കാര കറുപ്പായി ഞാൻ

പിന്നെ നിലക്കാത്തൊഴുക്കിൽ ഞാൻ പെട്ടുപോയ്
എങ്ങോട്ടെന്നില്ലാതെ ദീർഘകാലം

തട്ടിയും മുട്ടിയും തെല്ലല്ലാ നോവോടെ
തൊലിയും കവചവും ഊർന്നു പോയി

പുറമെ കറുപ്പുള്ള ഞാൻ എന്നോ നോവിനാൽ
അകമേ വെളുപ്പായി മാറിപ്പോയി!

പ്രളയം ഒടുങ്ങവേ നീരു നിലക്കവെ
ഏതോ അറിയാത്ത ദിക്കിലായ് ഞാൻ

കണ്ണ് തുറക്കാതെ മൃതനായി നിശ്ചലം
മണ്ണിൽ പുതഞ്ഞു കിടന്നേറെ നാൾ

പിന്നെ അറിയാതെ ഒരുനാളിൽ എന്നുള്ളിൽ
എന്തോ മിടിക്കും വികാരമായി

നിദ്രയൊഴിഞ്ഞു ഞാൻ കൺചിമ്മി നോക്കവേ
നാടെങ്ങും പൂക്കാലമായിരുന്നു

വേരുകൾ ആഴത്തിൽ അറിയാതെ നീളവേ
പച്ച ത്തളിരുകൾ മേലോട്ട് നീട്ടി ഞാൻ

വീണ്ടും വസന്തമായ് പൂവായി കായായി
വീണ്ടുമെൻ ചക്രമുരുൾകയായി

അഹമെന്ന ചിന്ത കൊണ്ടെത്ര ഉയർന്നാലും
വീണുപോം ഒരുനാളിൽ ഭാരമേറി!


ജിജോമോനച്ചൻ

അഭിനന്ദനങ്ങള്‍ റവ. ഫാ.ജിജൊ കണ്ടംകുളത്തി.

2020, മേയ് 3, ഞായറാഴ്‌ച

മേയ് 3. ലോക പത്രസ്വാതന്ത്ര്യ ദിനം

മേയ് 3. ലോക പത്ര സ്വാതന്ത്ര്യ ദിനം
.............................................................
1993 മുതല്‍ ഐക്യരാഷ്ട്ര സഭയുടെ നിര്‍ദ്ദേശ പ്രകാരം മേയ് 3 ലോക പത്ര സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. മാധ്യമ സ്വാതന്ത്ര്യത്തിലൂടെ സാമൂഹിക മാറ്റം എന്നതാണ് 2020ലെ പത്ര സ്വാതന്ത്ര്യത്തിന്‍റെ സന്ദേശം. പത്ര സ്വാതന്ത്ര്യത്തിനായി പോരാടിയ മികച്ച മാധ്യമ പ്രവര്‍ത്തകനുള്ള പുരസ്കാരം ഈ ദിനത്തില്‍ നല്‍കപ്പെടുന്നു. അറിയാനും അറിയിക്കാനുമുള്ള അവകാശത്തെ ഉറപ്പാക്കുകയെന്നതാണ് ഈ ദിനാചരണം കൊണ്ടുദ്ദേശിക്കുന്നത്.

                       ജനാധിപത്യ രാജ്യങ്ങളില്‍ ജനാധിപത്യത്തെ താങ്ങി നിര്‍ത്തുന്നത് പത്രസ്വാതന്ത്യമാണെന്നു പറയാം. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ മാധ്യമങ്ങള്‍ക്കു നല്‍കേണ്ട സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ഈ ദിനാചരണം ഓര്‍മ്മിപ്പിക്കുന്നു. പത്രസ്വാതന്ത്ര്യം എന്നത് ഒരു പൗരന്‍റെ മതപരവും, രാഷ്ടീയപരവും, സാമൂഹികപരവും, വിദ്യാഭ്യാസപരവുമായ അവകാശങ്ങളുടെ ആകെത്തുകയാണെന്നു പറയാം.

                              മാധ്യമ പ്രവര്‍ത്തനം കടുത്ത വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടത്തിലൂടെയാണ് നാമിന്ന് കടന്നുപോകുന്നത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് പൊതുസമൂഹം അഭിപ്രായരൂപീകരണം നടത്തുന്നത് മാധ്യമങ്ങളിലൂടെ ലഭിക്കുന്ന വാര്‍ത്തകളിലൂടെയാണ്. പക്ഷെ, ഇന്നത്തെ കാലഘട്ടത്തില്‍ പത്രപ്രവര്‍ത്തകര്‍ ഓരോരൊ പക്ഷം പിടിക്കുന്നതായി കാണുന്നു. സമൂഹത്തിന് നന്മയുണ്ടാകുന്ന രീതിയില്‍, സമൂഹത്തെ ശരിയായ ദിശയില്‍ നയിക്കുന്ന രീതിയില്‍, സധൈര്യം എഴുതുവാന്‍ തയ്യാറാകേണ്ടവരല്ലെ ശരിയായ പത്രപ്രവര്‍ത്തകര്‍?. ഓരോ മാധ്യമങ്ങളും അവരവരുടെ താല്പര്യമനുസരിച്ച് വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ അത് വായിക്കുന്ന അല്ലെങ്കില്‍ കേള്‍ക്കുന്ന ജനം വരികളിലൂടെയല്ലാ, വരികള്‍ക്കിടയിലൂടെ വായിക്കുവാന്‍ നിര്‍ബന്ധിതരാകുന്നു. അതോടൊപ്പം, മാധ്യമങ്ങളുടേയും മാധ്യമ  പ്രവര്‍ത്തകരുടേയും വിശ്വാസ്യത നഷ്ടപ്പെടുന്നു.

                           സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഉള്ള പങ്കിനെകുറിച്ച് ചിന്തിക്കുകയും, അതോടൊപ്പം, സംസാരിക്കുന്നതിനും ചിന്തിക്കുന്നതിനും ഉള്ള  സ്വാതന്ത്രൃത്തെ സംരക്ഷക്കുന്നതിനുവേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുവാന്‍ ഈ പത്രസ്വാതന്ത്ര്യ ദിനം ഓര്‍മ്മപ്പെടുത്തുന്നു. എല്ലാവര്‍ക്കും പത്രസ്വാതന്ത്ര്യ ദിനാശംസകള്‍ നേരുന്നു.