സാഹിത്യകാരനായ പ്രേഷിത പ്രവര്‍ത്തകന്‍- ഫാ. ജിജൊ കണ്ടംകുളത്തി.
റവ. ഫാ. ജിജൊ കണ്ടംകുളത്തി CMF തിരുമുടിക്കുന്ന് വാലുങ്ങാമുറിയില്‍ കണ്ടംകുളത്തി പരേതരായ കുഞ്ഞിപൗലോയുടേയും അന്നത്തിന്‍റേയും മകനായി 1971ല്‍ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം 1986ല്‍ കുറവിലങ്ങാട് മൈനര്‍ സെമിനാരിയില്‍ ക്ലാരീഷ്യന്‍ സന്യാസ സഭയില്‍ ചേര്‍ന്നു. വൈദികപഠനം പൂര്‍ത്തിയാക്കി 1998ല്‍ വൈദികനായി. 1998- 2002ല്‍ മേഘാലയയില്‍ അസിസ്റ്റന്‍റ് വികാരിയായും അവിടെയുള്ള സെന്‍റ് പീറ്റേഴ്സ് സ്കൂളിന്‍റെ പ്രിന്‍സിപ്പലായും വടക്കുകിഴക്കന്‍ ബുള്ളറ്റിന്‍റെ ചീഫ് എഡിറ്ററായും ജോലിനോക്കി. 2003 മുതല്‍ 2012 വരെ മേഘാലയയിലും അരുണാചല്‍പ്രദേശിലുള്ള വിവിധ സ്കൂളുകളില്‍ മാനേജരായും പ്രിന്‍സിപ്പലായും ഇടവക വികാരിയായും സേവനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ചൈനയിലെ മക്കാവില്‍ ക്ലാരീഷ്യന്‍ പബ്ലിക്കേഷന്‍സിന്‍റെ എഡിറ്ററായി സേവനം ചെയ്യുന്നു.
കവിതാ രചനയും പ്രേഷിതപ്രവര്‍ത്തനവും ഒരുമിച്ച് കൊണ്ടുപോകാമെന്ന് ഫാ.ജിജൊ കണ്ടംകുളത്തി തെളിയിക്കുന്നു
`കഴുകനും കബന്ധവും' എന്ന ജിജൊമോനച്ചന്‍( Fr.Jijo Kandomkulathy ) എഴുതിയ കവിത കാലികപ്രസക്തിയുള്ളതും ചിന്തോദ്ദീപകവുമായ ഒരു കവിതയാണ്.
കഴുകന്‍ കാഴ്ചശക്തി, ഉയരങ്ങളില്‍ പറക്കാനുള്ള കഴിവ്, നിരീക്ഷണപാടവം, ബുദ്ധിശക്തി, വേഗത, ഭക്ഷണം തേടാനുള്ള അപാര കഴിവ് തുടങ്ങിയവയാല്‍ ശ്രദ്ധേയമായ ഒരു പക്ഷിയാണ്. കഴുകന്‍റെ അതിസൂക്ഷ്മമായ കാഴ്ചശകതി ജ്ഞാനത്തിന്‍റെ പ്രതീകമായിപോലും വ്യാഖ്യാനിക്കപ്പെടുന്നു.
മനുഷ്യ ജീവിതത്തിന്‍റെ ഉയര്‍ച്ചക്ക് അത്യന്താപേക്ഷിതമായി വേണ്ടത് ഉയര്‍ന്ന ചിന്തകളാണ്. അത് ഓരോരുത്തര്‍ക്കുമുള്ള കഴിവുകളെ അപഗ്രഥിച്ച് അവനവനില്‍കൂടിതന്നെ യാഥാര്‍ത്ഥ്യമാക്കപ്പെടുന്നവയായിരിക്കണം.
ശവശരീരം ഭക്ഷിക്കുന്ന ഒരു പക്ഷിയാണ് കഴുകന്‍. വ്യാമോഹത്തിലും ആസക്തിയിലും അകപ്പെട്ട് അങ്ങുദൂരെ പുഴയിലൊഴുകുന്ന ശവശരീരത്തെ കൊത്തിയെടുക്കുവാന്‍ ശ്രമിക്കുന്നതിനിടയില്‍ കൊക്ക് ഉടക്കി പറന്നുയരാന്‍ സാധിക്കാതെ ചത്തുവീഴുന്ന കഴുകന്‍റെ ചിത്രം വളരെ മനോഹരമായി, ഹൃദയസ്പര്‍ശിയായി വരച്ചുകാട്ടുന്നു ഈ കവിതയില്‍. Illusionനില്‍ അകപ്പെടുന്ന മനുഷ്യര്‍ക്കുനേരെ ഒരു വിരല്‍ ചൂണ്ടലാണ് ഈ കവിത. അമിതമായ ജഡികാസക്തിയുടെ അടിമയായി, ലൗകികതയില്‍ മുഴുകി, മനുഷ്യന്‍റെ ആത്യന്തികമായ ലക്ഷ്യമായ ഈശ്വരപ്രാപ്തി നേടാതെ നശിക്കരുതെന്ന് മനുഷ്യരെ ഈ കവിത ഓര്‍മ്മപ്പെടുത്തുന്നു.
കഴുകനും കബന്ധവും
........................................
സൂര്യഗതി നോക്കിയതി മോദമോടെ ഗൃധ്രം
അരുണതര വാനിലുയരുന്നു വിരുതോടെ
സൂര്യപ്രഭയേറ്റ തനു സ്വർണ്ണനിറമാർന്നു
ദൂരെയത് കാണുവത് നയനസുഖ ഹൃദ്യം
തെന്നലല മാലകളിൽ തൂവലുകളാട്ടീ
കാറ്റിനൊട് കിന്നര കഥയേറെ മൊഴിയുമ്പോൾ
താഴെയതി ദൂരെ യൊഴുകുന്ന പുഴയൊന്നിൽ
കണ്ടു തലയറ്റു പുഴുനിറ യും കബന്ധം
ലക്ഷ്യമതു വിട്ടുക്ഷണം ചുറ്റിയതു പാറി
പൊട്ടിയൊരു നൂലിലലയുന്ന ചെറു പട്ടം
പോലെയവനാഴ്‌ന്നു വന്നാ ഉടലിലേറി
രൗദ്രതരമാടി ജഡതൃഷ്ണ ശതകോടി
കൂർത്തന ഖമേറ്റ ശവമാറ്റിലുലയുമ്പോൾ
ആർത്തിയോടെ ചടുലമുയരുന്നു ജഡദാഹം
കൊത്തിയതിൽ മരണജതി ആടി ജഡഭോജി
പൂണ്ടു വിളയാടി അഹ ബോധമിയലാതെ
വാനസരസുള്ളിൽ നടമാടുമൊരു താരം
പോലെ സുരവീഥികളിൽ വെട്ടമരുളേണ്ടോൻ
ചീഞ്ഞ ജഡ ക്രീഡകളിലാണ്ട് പുതയുന്നു
നീചതമ ശാപം ശവുണ്ടിയായ് വിപ്രൻ
ഇരുചിറകു മാട്ടിയൊരുമേട്ടിലുയരാനായ്
കടശ്ശി, ഒരു ശകലമുടൽ കൊത്തികൊതിയോടെ
കൊക്കുകളിൽ കോർത്തു ശവഭാരമഹോ! കഷ്ടം
പടഹധ്വനി പോലെയണയുന്നു ജലപാതം
കാലുയരെ കൊക്കിടറി, കൊക്കുയരേ കാലിടറി
ചീഞ്ഞ ശവനാഡിയിണ പിണയുമൊരു കെട്ടിൽ
കഴുകനവനാഞ്ഞു വൃഥാ ചിറക് ശ്രമവിഫലം
വിധിയരികെ വന്നിടുകിലാര് തടയാനായ് ?
ദ്രുതപതനഗതികളോടെ ചടുലജല ജാലം
ആഴ്ത്തിയതിലാ കബന്ധമാജാസമേതം
മാരുതനുടെ ചില്ലകളിൽ നീഡമണയേണ്ടോൻ
രവിരേണുവിനുടയാടകളണിയേണ്ടവനൊരുവൻ
ബ്രഹ്മപദം പൂകിടുവാൻ ചിന്തയുയരേണ്ടോൻ
കേവലമൊരു മൃതമുടലിലൊടുങ്ങിയഹോ! കഷ്ടം
ജിജോമോനച്ചൻ
............................................
ജിജൊ അച്ചന്‍റെ മറ്റൊരു കവിതകൂടി വായക്കാര്‍ക്ക് സമര്‍പ്പിക്കുന്നു :-
`പുനർജനി'
..........................
മേനി തുടുത്ത പഴമായ് ആ കൊമ്പിൽ ഞാൻ
മേനി പറഞ്ഞു കിടന്നിരുന്നു
കിന്നാരം ചൊല്ലുവാൻ ശലഭവും തുമ്പിയും
എന്നുമെൻ ചാരെയണഞ്ഞിരുന്നു
തേനീച്ചക്കൂട്ടങ്ങൾ ചുറ്റും പൊതിഞ്ഞെന്നെ
തേനോളം നന്നെന്നു ചൊന്നിരുന്നു
അയലത്തെ തിരുമാടി ചെക്കനും ക്ടാക്കളും
തോണ്ടി പറിക്കാൻ ശ്രമിച്ചിരുന്നു
കാലം കഴിയവേ ചുങ്ങി ചുളിഞ്ഞു പോയ്
കാലക്കേടിൽ എന്റെ ദേഹമെല്ലാം
ചങ്ങാതിക്കൂട്ടങ്ങൾ ഞെട്ടറ്റു പോയീട്ടും
തൂങ്ങിക്കിടന്നു വിടാതെ കൊമ്പിൽ
അറിയാതെ എൻ കാമ്പിനു ചുറ്റും വളർന്നു പോയ്
നിറയെ ഒരപ്പൂപ്പൻ താടി രോമം
ആത്മതാപം കൊണ്ട് പൊട്ടിത്തെറിച്ചുപോയ്
ഉന്മാദമോടെയെൻ തോട് തെറിച്ചു പോയ്
അഹമെന്ന തോടിനെ പൊട്ടിച്ചെറിയാതെ
വീണ്ടും ജനിച്ചവരുണ്ടോ ഭൂവിൽ?
അപ്പൂപ്പൻതാടിയായ് ഏറെ അലഞ്ഞു ഞാൻ
കാറ്റിന്റെ ഗതികളിലേറി ഞാൻ പാറി ഞാൻ
നിനയാതെ പെരുമാരി കോരി ചൊരിയവെ
നനയാതിരിക്കുവാൻ നട്ടം തിരിഞ്ഞു ഞാൻ
മൃദുലമാ തൂവലീൽ വെള്ളം പതിച്ചപ്പോൾ
ഈറനായ് താഴെ ഞാൻ വീണു പോയി
തൂവലും തൊങ്ങലും പാടെ ഉരിഞ്ഞു പോയ്
നഗ്നനായ് കാര കറുപ്പായി ഞാൻ
പിന്നെ നിലക്കാത്തൊഴുക്കിൽ ഞാൻ പെട്ടുപോയ്
എങ്ങോട്ടെന്നില്ലാതെ ദീർഘകാലം
തട്ടിയും മുട്ടിയും തെല്ലല്ലാ നോവോടെ
തൊലിയും കവചവും ഊർന്നു പോയി
പുറമെ കറുപ്പുള്ള ഞാൻ എന്നോ നോവിനാൽ
അകമേ വെളുപ്പായി മാറിപ്പോയി!
പ്രളയം ഒടുങ്ങവേ നീരു നിലക്കവെ
ഏതോ അറിയാത്ത ദിക്കിലായ് ഞാൻ
കണ്ണ് തുറക്കാതെ മൃതനായി നിശ്ചലം
മണ്ണിൽ പുതഞ്ഞു കിടന്നേറെ നാൾ
പിന്നെ അറിയാതെ ഒരുനാളിൽ എന്നുള്ളിൽ
എന്തോ മിടിക്കും വികാരമായി
നിദ്രയൊഴിഞ്ഞു ഞാൻ കൺചിമ്മി നോക്കവേ
നാടെങ്ങും പൂക്കാലമായിരുന്നു
വേരുകൾ ആഴത്തിൽ അറിയാതെ നീളവേ
പച്ച ത്തളിരുകൾ മേലോട്ട് നീട്ടി ഞാൻ
വീണ്ടും വസന്തമായ് പൂവായി കായായി
വീണ്ടുമെൻ ചക്രമുരുൾകയായി
അഹമെന്ന ചിന്ത കൊണ്ടെത്ര ഉയർന്നാലും
വീണുപോം ഒരുനാളിൽ ഭാരമേറി!
ജിജോമോനച്ചൻ
അഭിനന്ദനങ്ങള്‍ റവ. ഫാ.ജിജൊ കണ്ടംകുളത്തി.
Your poems leave a deep spiritual impact, that is purely Indian.
മറുപടിഇല്ലാതാക്കൂ