.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2020, മേയ് 15, വെള്ളിയാഴ്‌ച

കോവിഡ് അറിയുവാന്‍- ഫാ. ജിജൊ കണ്ടംകുളത്തിയുടെ ` തായേ വിട'

https://youtu.be/_YSaLlPirbM



സംഹാര താണ്ഡവമാടുന്ന കോവിഡേ നിനക്ക് മതിയായില്ലെ? മരിച്ചു കിടക്കുന്ന അമ്മയെ ഒരുനോക്ക് കാണാന്‍ സാധിക്കാതെ വിദേശത്തിരുന്ന് കരയുന്ന ഒരു മകനെ നീ കാണുന്നില്ലെ?

ഫാ. ജിജൊ കണ്ടംകുളത്തി എഴുതിയ `തായേ വിട' - ഒരു പ്രവാസി സന്യാസിയുടെ വ്യഥ എന്ന കവിത വായനക്കാര്‍ക്കായി സമര്‍പ്പിക്കുന്നു.

റവ. ഫാ. ജിജൊ കണ്ടംകുളത്തി CMF തിരുമുടിക്കുന്ന് വാലുങ്ങാമുറിയില്‍ കണ്ടംകുളത്തി പരേതരായ കുഞ്ഞിപൗലോയുടേയും അന്നത്തിന്‍റേയും മകനായി 1971ല്‍ ജനിച്ചു. വിദ്യാഭ്യാസത്തിനുശേഷം 1986ല്‍ കുറവിലങ്ങാട് മൈനര്‍ സെമിനാരിയില്‍ ക്ലാരീഷ്യന്‍ സന്യാസ സഭയില്‍ ചേര്‍ന്നു. വൈദികപഠനം പൂര്‍ത്തിയാക്കി 1998ല്‍ വൈദികനായി. 1998- 2002ല്‍ മേഘാലയയില്‍ അസിസ്റ്റന്‍റ് വികാരിയായും അവിടെയുള്ള സെന്‍റ് പീറ്റേഴ്സ് സ്കൂളിന്‍റെ പ്രിന്‍സിപ്പലായും വടക്കുകിഴക്കന്‍ ബുള്ളറ്റിന്‍റെ ചീഫ് എഡിറ്ററായും ജോലിനോക്കി. 2003 മുതല്‍ 2012 വരെ മേഘാലയയിലും അരുണാചല്‍പ്രദേശിലുള്ള വിവിധ സ്കൂളുകളില്‍ മാനേജരായും പ്രിന്‍സിപ്പലായും ഇടവക വികാരിയായും സേവനം ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ചൈനയിലെ മക്കാവില്‍ ക്ലാരീഷ്യന്‍ പബ്ലിക്കേഷന്‍സിന്‍റെ എഡിറ്ററായി സേവനം ചെയ്യുന്നു

തായേ വിട-  ഒരു പ്രവാസി സന്യാസിയുടെ വ്യഥ
...........................................................................

വിശ്വസിക്കുന്നില്ല വാശിയോടെൻ മനം
ആശ്വസിപ്പിക്കാൻ ഞാൻ എന്ത് ചൊല്ലും?
അമ്മേ നീ പോയെന്ന വാർത്ത കേട്ടീടിലും
അന്യഥാ, കാതുകൾ വിശ്വസിപ്പൂ .

അമ്മയുറങ്ങുന്ന യന്ത്രകിടക്കതൻ
മർമ്മരം പിന്നെയും കേട്ടിടുവാൻ
വെമ്പുന്ന കാതുകൾക്കെൻതൗഷധം തന്നെ
മേമ്പൊടിയായി കുറിച്ചിടുമോ?

ആശ്രിതർ ഉറ്റവർ ബന്ധുക്കൾ ഏവരും
അശ്രു പൊഴിച്ചു വിടചൊല്ലവേ
ഏതോ പടത്തിലെ താരങ്ങളാണെന്നു
എന്തേ എൻ കണ്ണുകൾ വിശ്വസിപ്പൂ?

ചുറ്റുമുള്ളുറ്റവർക്കിടയിലായ്  എൻ മുഖം
ചുറ്റും തിരഞ്ഞൊരാ തായ്‌മനം തേങ്ങിയോ?
അന്ത്യയാത്രാമൊഴി ചൊല്ലുമ്പോൾ ഒരുവേള
അകലെയുള്ളെന്നെ നീ ഓർത്തുകാണും

നല്കുവാൻ ആവാതെ മരവിച്ച ചുംബനം
നോവായെൻ ചുണ്ടിലുറച്ചു പോയോ
പുണരുവാനാവാതെ പോയൊരാലിംഗനം
പിണരുപോൽ മാറിൽ തപിച്ചിടുന്നു

അവധികൾ എന്തിനു ആർഭാടമെന്തിന്
കാത്തിരിക്കുന്ന ചിരാതണഞ്ഞീട്ടിനി
അമ്മയില്ലാത്തൊരു വീടു വീടാകുമോ?
അമ്മ വിളമ്പാത്ത ഊണ് ഊണാകുമോ?

പേർ ചൊല്ലി തായേ ഒരു വട്ടം കൂടി നീ
എന്തേ വിളിക്കാതെ പോയ് മറഞ്ഞു?
നീ വിളിക്കാത്ത എൻ പേര് പേരാകുമോ
നീ വിളിക്കാതെ ഞാൻ എന്നിനി ഞാനാകും

അണകെട്ടിയൊഴുകാതെ കാത്തു ഞാനെങ്കിലും
അറിയാതെ തൂവിപ്പോയ് കണ്ണിണകൾ
വയ്യായെൻ തായേ എഴുതുവാൻ വയ്യിനി
മിഴിനീർ പടർന്നോരെൻ ഓർമ്മ താളിൽ

ജിജോമോനച്ചൻ

ഈ കവിത  മനോഹരമായി, ഹൃദയസ്പര്‍ശിയായി ആലപിച്ച അജ്ഞാത ഗായകനും നന്ദി.
https://youtu.be/_YSaLlPirbM

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ