.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2021, ഒക്‌ടോബർ 31, ഞായറാഴ്‌ച

നവംബര്‍ 1. കേരള പിറവി ദിനം, മലയാള ഭാഷ ദിനം

                                      `` വന്ദിപ്പിന്‍ മാതാവിനെ വന്ദിപ്പിന്‍ മാതാവിനെ
                                          വന്ദിപ്പിന്‍ വരേണ്യയെ വന്ദിപ്പിന്‍ വരദയെ
                                          എത്രയും തപശ്ശക്തി പൂണ്ടാജാമാതാജ്ഞനു
                                          സത്രജിത്തിനു പണ്ട് സഹസ്ര കരം പോലെ
                                          പശ്ചിമ രത്നാകരം പ്രീതിയാല്‍ ദാനം ചെയ്ത
                                          വിശ്വൈക മഹാ രത്നമല്ലീ നമ്മുടെ രാജ്യം (വന്ദിപ്പിന്‍ ........)
                                                                          പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തല വച്ചും
                                                                          സ്വച്ഛാബ്ധി മണല്‍ത്തിട്ടാം പാദോപധാനം പൂണ്ടും
                                                                          പള്ളികൊണ്ടീടുന്ന നിന്‍ പാര്‍ശ്വ യുഗ്മത്തെ കാത്തു
                                                                          കൊള്ളുന്നു കുമാരിയും ഗോകര്‍ണ്ണേശനുമമ്മേ (വന്ദിപ്പിന്‍ ......)

മഹാ കവി വള്ളത്തോള്‍ നാരായണ മേനോന്റെ പ്രസിദ്ധമായ കവിതയിലെ ആദ്യ വരികളാണ് മേല്‍ കൊടുത്തിട്ടുള്ളത്. സ്വന്തം നാടിനെ ഇതില്‍ കൂടുതല്‍ ഭംഗിയായി എങ്ങനെയാണ് ഒരാള്‍ക്ക് വര്‍ണ്ണിക്കാനാവുക? 1956 നവംബര്‍ 1ന് ആണ് കേരള സംസ്ഥാനം നിലവില്‍ വന്നത് . ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം സംസ്ഥാനങ്ങള്‍ രൂപീകരിച്ചതിനെ തുടര്‍ന്ന് 1949ല്‍ തിരു - കൊച്ചി സംസ്ഥാനം നിലവില്‍ വന്നെങ്കിലും അപ്പോഴും മലബാര്‍ , മദ്രാസിന്റെ കീഴിലായിരുന്നു. ഭാഷയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിച്ചതിനെ തുടര്‍ന്ന് തിരു-കൊച്ചി, മലബാര്‍ മേഖലകളെ കൂട്ടിചേര്‍ത്ത് 1956 നവംബര്‍ 1ന് കേരളം നിലവില്‍ വന്നു. പണ്ട് മുതലേ തമിഴ് സംസാരിച്ചിരുന്ന ചേര രാജ്യവംശത്തിനു കീഴിലായിരുന്നു കേരളം. പശ്ചിമഘട്ട പര്‍വ്വത നിരകള്‍ക്കിരുവശവുമുള്ള തമിഴ്നാട്ടിലേയും കേരളത്തിലേയും ജനങ്ങള്‍  രണ്ടു സംസ്കാരം ഉള്ളവരായിരുന്നു. തമിഴില്‍ നിന്നും വേറിട്ട് മലയാള ഭാഷ ഉത്ഭവിച്ചതോടെയാണ് കേരളത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. കൃസ്തുവിന് മുന്‍പ് തന്നെ അറബി രാജ്യങ്ങളുമായി വ്യാപാര ബന്ധം ഉണ്ടായിരുന്നു. കൃസ്തുവിന് ശേഷം ആദ്യ നൂറ്റാണ്ടുകളിലെ ഗ്രീക്ക്, റോമന്‍, ചൈനീസ് യാത്രാരേഖകളില്‍ കേരളത്തെപ്പറ്റി പരാമര്‍ശമുണ്ട്. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം വിവിധ രാജ കുടുംബങ്ങളുടെ കീഴിലായിരുന്ന നാട്ടുരാജ്യങ്ങളെ യോജിപ്പിച്ച് ഭാഷയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങള്‍ രൂപീകരിച്ചത്. 

                                                   1999 നവംബര്‍ മാസത്തിലാണ് യുനെസ്കൊയുടെ പൊതുസഭ വിശ്വ മാതൃഭാഷ ദിനം പ്രഖ്യാപിച്ചത്. രണ്ടായിരാമാണ്ടു മുതല്‍ ഫെബ്രുവരി 21 ആണ് വിശ്വ മാതൃഭാഷ ദിനം . കേരള  സര്‍ക്കാര്‍ തലത്തില്‍ മലയാള ഭാഷ ദിനമായി നവംബര്‍ 1ന് ആഘോഷിക്കുന്നു. കേരളപ്പിറവി ദിനം തന്നെ മലയാള ഭാഷ ദിനമായി തിരഞ്ഞെടുത്തത് ഉചിതം തന്നെ . ദേശവും ഭാഷയും തമ്മിലുള്ള ബന്ധം സൂചിപ്പിക്കാന്‍ മലയാള ഭാഷ ദിനവും കേരളപ്പിറവി ദിനവും ഒരേ ദിവസം ആഘോഷിക്കുന്നത് നല്ലതാണ്. ഭാഷ നിലനില്‍ക്കുന്നത് ദേശമായി ബന്ധപ്പെട്ടുകൊണ്ടും, ദേശം അവിടത്തെ ജനങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടുമായതുകൊണ്ട്  ഭാഷയുടെ വളര്‍ച്ചയും നിലനില്‍പ്പും അവിടത്തെ ജനങ്ങളുടെ ജീവിതം തന്നെയാണ്. എന്നാല്‍ ഒരു വിഭാഗം ജനങ്ങള്‍ , മലയാളികളുടെ പുതുവത്സര ദിനമായ ചിങ്ങം 1 മലയാള ഭാഷ ദിനമായി ആഘോഷിക്കുന്നുണ്ട് .
                                         
                                                   എല്ലാവര്‍ക്കും കേരളപ്പിറവി ദിനത്തിന്റേയും മലയാള ഭാഷ ദിനത്തിന്റേയും മംഗളങ്ങള്‍ ആശംസിക്കുന്നു . മഹാ കവി വള്ളത്തോളിന്റെ തന്നെ ` ദിവാസ്വപ്നം ' എന്ന കവിതയിലെ ചില വരികള്‍ ഇതാ.

                                      `` ഭാരതമെന്നു കേട്ടാലഭിമാന -
                                          പൂരിതമാവണം അന്തരംഗം
                                          കേരളമെന്നു കേട്ടലോ തിളയ്ക്കണം
                                          ചോര നമുക്ക് ഞരമ്പുകളില്‍ ''
                                

2021, ഓഗസ്റ്റ് 18, ബുധനാഴ്‌ച

സമ്മിശ്ര കൃഷിയുമായി നമ്മുടെ സ്വന്തം ജോസുട്ടൻ

സമ്മിശ്ര കൃഷിയുമായി നമ്മുടെ സ്വന്തം ജോസുട്ടൻ പൊതുജനങ്ങക്ക് മാതൃകയാവുന്നു. സമ്മിശ്ര കൃഷിയുടെ ആത്മാവറിഞ്ഞ് യുവ കർഷകൻ ശ്രീ ജോസ് സ്റ്റീഫൻ പള്ളിപ്പാടൻ. കമ്പ്യൂട്ടറിന്റേയും വൈറ്റ് കോളർ ജോലിയുടേയും പുറകെ യുവജനങ്ങൾ ഓടുമ്പോൾ കൃഷി ഒരു കലയാണെന്നും വരുമാനമാർഗ്ഗമാണെന്നും കാട്ടിതരുന്ന യുവ കർഷകൻ ശ്രദ്ധേയനാവുന്നു. കൊരട്ടി ഗ്രാമപഞ്ചായത്തിന്റെ 2021- 22ലെ മികച്ച സമ്മിശ്ര കർഷകനുള്ള ആദരവ് ലഭിച്ച ജോസ് സ്റ്റീഫൻ തിരുമുടിക്കുന്ന് മുടപ്പുഴയിലുള്ള സ്വന്തം പുരയിടത്തിൽ കൃഷി ചെയ്താണ് ചിങ്ങം ഒന്ന് കർഷക ദിനത്തിൽ ജില്ലാ പഞ്ചായത്ത് മെമ്പർ ലീലാസുബ്രഹ്മണ്യനിൽനിന്ന് പുരസ്‌കാരം ഏറ്റുവാങ്ങിയത്. നെല്ല്, വാഴ, പച്ചക്കറികൾ കൂൺകൃഷി എന്നീ കൃഷികൾക്ക് പുറമെ കോഴി, താറാവ്, കാട, വിവിധതരം മീനുകൾ എന്നിവയേയും വളർത്തുന്നു. തെങ്ങും ജാതിയും കവുങ്ങും നിരവധിയുണ്ട്. മണ്ണിനും മനസിനും ഉണർവു തരുന്ന സമ്മിശ്രകൃഷിക്ക്  പ്രചാരമേറുകയാണ്. നാളേക്കായി പ്രകൃതിയുടെ വിഭവങ്ങൾ കാത്തുവക്കുന്ന ഈ കൃഷിരീതി മണ്ണും വെള്ളവും സംരക്ഷിക്കുകയും മനുഷ്യനെ പ്രകൃതിയുമായി ചേർത്തു നിർത്തുകയും ചെയ്യുന്നു. കോഴിവളം, ചാണകം, ചാരം, എല്ലുപൊടി, മത്തി ശർക്കര മിശ്രിതം എന്നീ ജൈവ വളങ്ങളോടൊപ്പം രാസവളങ്ങളും ഉപയോഗിച്ചാണ് കൃഷി ചെയ്യുന്നത്. കീടങ്ങളെ തുരത്താൻ സ്യൂഡോമോണോസ് , വേപ്പെണ്ണ ലായനി, കെണികൾ എന്നീ ജൈവ മാർഗങ്ങളാണ് സാധാരണയായി സ്വീകരിക്കുക. വർഷം മുഴുവൻ പച്ചക്കറി ലഭിക്കുക എന്ന ലക്ഷ്യത്തോടെ പത്ത് ഇനം പച്ചക്കറികൾ പല സമയത്തായാണ് കൃഷി ചെയ്യുന്നത്. വെണ്ട,  പച്ചമുളക്, വഴുതന, പടവലം, പാവൽ, പീച്ചിൽ വെള്ളരി, കുമ്പളം, തക്കാളി, ചീര, മത്തൻ തുടങ്ങി എല്ലാം ജോസ് സ്റ്റീഫന്റെ കൃഷിയിടത്തിൽ ഇടതടവില്ലാതെ കൃഷി ചെയ്യുന്നു, വിളവെടുക്കുന്നു. മത്സ്യം വളർത്തലും വളർത്തു പക്ഷികളായ കോഴി, താറാവ്, കാടക്കോഴി തുടങ്ങിയവയുടെ പരിപാലനവും ക'ണ്ണിന് കൗതുകമുണ്ടാക്കുന്നവയാണ്. വിവിധ കുളങ്ങളിലായി വാള, കാരി, രോഹു, കട്ല , ചെമ്പല്ലി, തിലോപ്പി എന്നീ മീനുകളും വളർത്തുന്നു. ഇതിനുപുറമെ പടുതാകുളവുമുണ്ട്. കഴിഞ്ഞ വർഷമുണ്ടായ ചുഴലിക്കാറ്റിൽ ആയിരക്കണക്കിന് രൂപയുടെ കൃഷിനാശമുണ്ടായപ്പോഴും കൃഷി ഒരു അഭിനിവേശമായ ജോസ് സ്റ്റീഫൻ വമ്പിച്ച തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. കേരള ഫിഷറീസ് ഡിപ്പാർട്ട്മെന്റ് മത്സ്യകൃഷി പ്രോത്സാഹിപ്പിക്കാൻ നടത്തുന്ന രണ്ടു സെന്റ് പടുതാകുളം ഓൺലൈൻ ക്ലാസുകളിൽ ഇദ്ദേഹത്തിന്റെ പടുതാകുളം പൊതുജന ശ്രദ്ധ നേടിയിട്ടുണ്ട്. കൃഷി വരുമാനമാർഗ്ഗം മാത്രമല്ല മാനസിക ഉല്ലാസം കൂടിയാണെന്ന് ഈ യുവ കർഷകൻ പറയുന്നു. പിതാവ് കിഡ്നി രോഗിയും ഡയാലിസിസിന് വിധേയനായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ശ്രീഎസ്തപ്പാനോസ്, മാതാവ് ശ്രീമതി ലിസി
.ഭാര്യ ടിറ്റിജോസ് കൃഷിയിൽ സജീവമാണ്. മക്കൾ ആദിത്ത്, അദ്വൈ .

2021, ജൂലൈ 12, തിങ്കളാഴ്‌ച

എന്റെ ആദ്യ വിദൃാലയം

എന്റെ ആദ്യവിദൃാലയം അറിവിന്റെ ആദൃാക്ഷരങ്ങൾ അഭൃസിച്ച എന്റെ വിദൃാലയം എച്ച്.എം.എൽ.പി. സ്കൂൾ വാലുങ്ങാമുറി, തിരുമുടിക്കുന്ന്. കൊരട്ടി ഫൊറോനയുടെ മാനേജ്മെന്റിൽ 1-07-1924ൽ സ്ഥാപിതമായ ഈ വിദൃാലയം പിന്നീട്, തിരുമുടിക്കുന്ന് എൽ.എഫ്. ഇടവകയുടെ മാനേജ്മെന്റിൽ ആവുകയും ഇപ്പോൾ എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള കോർപ്പറേറ്റ് മാനേജ്മെന്റിൻ കീഴിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. ഹൈരാർക്കി മെമ്മോറിയൽ ലോവർ പ്രൈമറി എന്ന ഈ വിദൃാലയത്തിൽ നിന്ന് കലാ സാംസ്കാരിക, വിദൃാഭൃാസ, രാഷ്ടീയ, മത രംഗങ്ങളിൽ പ്രവർത്തിക്കുന്ന പ്രശസ്തരായ നിരവധി പേർ വിദൃ അഭൃസിച്ചിട്ടുണ്ട്. മൺമറഞ്ഞുപോയവരും ജീവിച്ചിരിക്കന്നവരുമായ എല്ലാ ഗുരുനാഥന്മാരേയും നന്ദിയോടെ സ്മരിക്കുന്നു. വാലുങ്ങാമുറി എച്ച്.എം.എൽ.പി.സ്കൂളിൽ ചേർക്കുന്നത് 1961ൽ ആണ്. അതിനു മുൻപ് അക്ഷരങ്ങൾ പഠിപ്പിക്കാൻ ആശാൻ വീട്ടിൽ വന്നിട്ടുണ്ടെങ്കിലും ഔപചാരികമായി വിദ്യാഭ്യാസം ആരംഭിക്കുന്നത് വാലുങ്ങാമുറി സ്കൂളിൽ നിന്നാണ്. അന്ന് ബഹുമാനപ്പെട്ട കിടങ്ങൻ കുര്യൻ മാസ്റ്ററായിരുന്നു ഹെഡ്മാസ്റ്റർ. സർവ്വശ്രീ നാരാണപിള്ളസാർ, പള്ളിപ്പാടൻകൊച്ചാപ്പു മാസ്റ്റർ, ചീരകത്തിൽ വർക്കിമാസ്റ്റർ, ചീരകത്തിൽ കൊച്ചുവറീത് മാസ്റ്റർ, കണ്ണമ്പുഴ കുഞ്ഞല ടീച്ചർ (തൊണ്ടുങ്ങടീച്ചർ), കണ്ണമ്പുഴ ജോൺ മാസ്റ്ററുടെ ഭാര്യ ബേബി ടീച്ചർ, സ്രാമ്പിക്കൽ തമ്പാൻ (കുഞ്ചുണ്ണി) മാസ്റ്റർ, കണ്ടംകുളത്തി പൊറിഞ്ചു മാസ്റ്റർ, മാളിയേക്കൽ ചാക്കുണ്ണി(പടംവരമാഷ്) മാസ്റ്റർ, കല്ലുങ്ങൽ ആൻ്റണി ഭാര്യ മേരിടീച്ചർ തുടങ്ങിയവരായിരുന്നു അന്നത്തെ ഗുരുക്കന്മാർ.  'പഠിക്കണം നമോരോന്നും ബാല്യം തൊട്ടു നിരന്തരം പഠിത്തം മതിയാക്കീടാം പ്രാണൻ മേനി വിടുന്ന നാൾ വിദ്യ തന്നെ പരം നേത്രം ബുദ്ധി തന്നെ പരം ധനം ദയ തന്നെ പരം പുണ്യം ശമം തന്നെ പരം സുഖം' ബാല്യം മുതൽ തുടർച്ചയായി നാം പഠിക്കണമെന്നും മരണംവരെ പഠനം തുടരണമെന്നും അധ്യാപകർ പറഞ്ഞു തന്നിട്ടുണ്ട്.   അറിവ് നിര്‍മിക്കപ്പെടുന്നത് ഭാഷയെന്ന മാധ്യമത്തിലൂടെയാണ്. ജീവിക്കുന്ന സാമൂഹികപരിസരവും സാംസ്‌കാരികപരിസരവുമായി ഭാഷയ്ക്ക് ബന്ധമുള്ളതുപോലെ വ്യക്തിയുടെ ചിന്തയുമായും സ്വത്വവുമായും അതിന് ബന്ധമുണ്ട്. മാതൃഭാഷയുടെ കാര്യത്തില്‍ മാത്രമല്ല ഏത് ഭാഷയുടെ കാര്യത്തിലും ഇതൊരു വസ്തുതയാണ്. അതുകൊണ്ട് കുട്ടിക്ക് വശമുള്ളതും ആഭിമുഖ്യമുള്ളതും കുട്ടിക്ക് വൈകാരികമായി അടുപ്പമുള്ളതുമായ ഒരു ഭാഷയെ അവഗണിക്കുകയോ നിഷേധിക്കുകയോ ചെയ്യുന്നത് കുട്ടിയുടെ ചിന്തയെയും സ്വത്വത്തെയും നിഷേധിക്കുന്നതിന് തുല്യമായിരിക്കും. വിദ്യാഭ്യാസപ്രക്രിയയില്‍ കുട്ടികള്‍ ആര്‍ജിച്ച ഭാഷാശേഷികള്‍ക്ക് അനല്‍പമായ പങ്കാണ് വഹിക്കാനുള്ളത്. അക്കാദമിക ജ്ഞാനത്തിന്റെ വികാസത്തിനും ഭാഷാശേഷികളുടെ വികാസം അനിവാര്യമാണ്. ഭാഷ പഠിക്കുന്നതോടൊപ്പം ഇതര വൈജ്ഞാനിക ശാഖകളിലും നാം പ്രാഗൽഭ്യം നേടണം.   വിവരങ്ങളുടെ ഒരു ശേഖരമാണ് അറിവ്. ഒരു വസ്തു, പ്രതിഭാസം, പ്രക്രിയ, വിഷയം എന്നിവയെക്കുറിച്ച് അനുഭവത്തിലൂടയോ പഠനത്തിലൂടെയോ ഉണ്ടാവുന്ന പരിചയം ആണ് ജ്ഞാനം. അറിവുകളെ ജ്ഞാനമാക്കി മാറ്റിയെടുക്കലാണ് വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം. " ഒരുവട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം". എന്റെ വിദൃാലയത്തിന് എല്ലാവിധ അഭിവൃദ്ധിയും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു, പ്രാർത്ഥിക്കുന്നു.

2021, ജൂൺ 12, ശനിയാഴ്‌ച

കലാകാരന് കിടപ്പാടമൊരുക്കി ഡി.വൈ.എഫ്.ഐ.

കലാകാരന് കാരുണ്യത്തിൻ്റെ കരസ്പർശവുമായി ഡി.വൈ.എഫ്.ഐ. പ്രവർത്തകർ "സത്യനായകാ മുക്തി ദായകാ പുല്‍ തൊഴുത്തിന്‍ പുളകമായ സ്നേഹ ഗായകാ ശ്രീ യേശുനായകാ (സത്യ നായകാ..)" 1979ൽ പുറത്തിറങ്ങിയ 'ജീവിതം ഒരു ഗാനം ' എന്ന സിനിമയിൽ ഗാനഗന്ധർവ്വൻ യേശുദാസ് പാടിയ മനോഹരമായ ഈ ഗാനം ഇടവക പള്ളിയിലെ ധ്യാനത്തിനൊടുവിൽ പുറകിലിരുന്ന അത്മായരിലൊരാൾ പാടിയപ്പോൾ അറിയാതെ കൈ കൂപ്പിപോയി. "കാൽവരിയിൽ പൂത്തുലഞ്ഞ രക്തപുഷ്പമേ കാലത്തിന്റെ കവിതയായ കനകതാരമേ (കാൽവരിയിൽ..) നിന്നൊളി കണ്ടുണർന്നിടാത്ത കണ്ണു കണ്ണാണോ? നിന്റെ കീർത്തി കേട്ടിടാത്ത കാതു കാതാണോ? (സത്യ നായകാ ..)". അന്വേഷിച്ചപ്പോൾ മനസിലായി, ആ ഗായകൻ നിരവധി സ്റ്റേജുകളിലും ധ്യാനകേന്ദ്രങ്ങളിലും ഗാനങ്ങൾ ആലപിച്ചിട്ടുള്ള ശ്രീ ജോൺസൺ  ആണെന്ന്.   പിന്നീട് അദ്ദേഹത്തിന്റെ പാട്ട് കേൾക്കുന്നത് തിരുമുടിക്കുന്ന് ഫാസ്ക് സംഘടിപ്പിച്ച ഒരു കലാസന്ധ്യയിലാണ്. അന്ന് നിരവധിയാളുകൾ വന്ന് അദ്ദേഹത്തെ അഭിനന്ദിക്കുന്നത് കാണാനിടയായി. പാട്ടിനോടുള്ള അഭിനിവേശം കെടാതെ സൂക്ഷിക്കുന്ന ജോൺസൻ1971 മുതൽ 3 വർഷം കൊച്ചിൻ കലാഭവന്റെ ഗായകനായിരുന്നു. കലാസദൻ ഉൾപ്പെടെയുള്ള നിരവധി സംഘങ്ങളിൽ വർഷങ്ങളുടെ അനുഭവ സമ്പത്ത്. തമിഴ്, ഹിന്ദി ഹിറ്റ് ഗാനങ്ങൾ മനോഹരമായി പാടും. ജീവിത യാത്രയിൽ മറ്റ് പലരേയും പോലെ അദ്ദേഹത്തിന്റെ ജീവിതവും ട്രാക്ക് മാറി ഓടേണ്ടിവന്നു. പാട്ടിന്റെ ലോകത്ത് നിന്ന് ക്വിന്റൽ ചാക്കിന്റെ ലോകത്തേക്ക്. എഫ്.സി.ഐയിൽ ലോഡിംഗ് വിഭാഗത്തിൽ. ഒടുവിൽ അസുഖ ബാധിതനായി, ഗതകാലസ്മരണകളുമായി, സ്വന്തം കിടപ്പാടം നന്നാക്കുവാൻപോലും സാധിക്കാതെ നിസഹായനായി ജീവിക്കുമ്പോഴാണ് സുമനസുകൾ അദ്ദേഹത്തെ സഹായിക്കാൻ എത്തുന്നത്. ഭാര്യ:ഫിലോമിന. മകൾ:ഡിമ്പിൾ ജോൺസൺ നല്ലൊരു ഗായികയാണ്. തിരുമുടിക്കുന്ന് മുടപ്പുഴയിൽ പുറമ്പോക്കിലെ സ്ഥലത്ത് താമസിക്കുന്ന ശ്രീ ജോൺസന്റെ അവസ്ഥകണ്ട് മുടപ്പുഴയിലെ ഡി.വൈ.എഫ്.ഐ. പ്രവർത്തകർ കൊരട്ടി ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീ ലിജൊജോസിന്റെ നേതൃത്വത്തിൽ സുമനസ്സുകളുടെ സഹായത്തോടെ വീട് പുനർനിർമ്മിച്ച് നൽകിയിരിക്കുകയാണ്. ഇതാണ് രാഷ്ട്രീയ പ്രവർത്തനം. രാഷ്ട്രീയമെന്നത് രാഷ്ട്രത്തെ സംബന്ധിച്ചത് എന്നും രാഷ്ട്ര സേവനമെന്നും നാം മനസിലാക്കുമ്പോൾ കരുണയും കരുതലുംകൂടിയാണ് രാഷ്ട്രീയ പ്രവർത്തനമെന്ന് കാണിച്ചുതരുകയാണ് മുടപ്പുഴയിലെ ഡി.വൈ.എഫ്‌.ഐ. പ്രവർത്തകർ. കാലത്തിന്റെ കുത്തൊഴുക്കിൽ പ്രളയങ്ങളേയും കോവിഡിനേയും അതിജീവിക്കാനാകാതെ ജോൺസന്റെ കുടുംബം ജീവിതത്തിനുമുൻപിൽ പകച്ചുനിൽക്കുമ്പോൾ കൈത്തങ്ങാവുകയാണ് അവർ ചെയ്തത്. പൊട്ടിപൊളിഞ്ഞ്, മിക്കവാറും ഓടുകൾ കാറ്റിൽ നിലംപതിച്ച ജോൺസന്റെ വീട് പുനരുദ്ധരിച്ച് വാസയോഗ്യമാക്കി. കക്ഷിരാഷ്ട്രീയത്തിന്റെ കൈകളിൽമാത്രം ഒതുങ്ങിനിൽക്കാതെ പാവപ്പെട്ടവരെ സഹായിക്കുവാനുള്ള ഇവരുടെ താല്പര്യം അഭിനന്ദനാർഹമാണ്. എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയ പഞ്ചായത്ത്മെമ്പർ ശ്രീ ലിജോജോസിനും സഹപ്രവർത്തകർക്കും അഭിനന്ദനങ്ങൾ.                          

2021, ഏപ്രിൽ 18, ഞായറാഴ്‌ച

കൊരട്ടിയുടെ കാരണവർ വറുതുണ്ണി വല്ല്യപ്പൻ ഇനി ഓർമ്മകളിൽ.......

 






കൊരട്ടിയുടെ കാരണവര്‍ വറുതുണ്ണി വല്ല്യപ്പന്  നാടിന്‍റെ യാത്രാമൊഴി

........................................................................
കൊരട്ടി: 107വയസിന്‍റെ നിറവില്‍ കൊരട്ടിയുടെ കാരണവരായി മാറിയ തിരുമുടിക്കുന്ന് വാലുങ്ങാമുറിയിലെ കണ്ടംകുളത്തി വറുതുണ്ണി വല്ല്യപ്പന് നാടിന്‍റെ യാത്രാമൊഴി.18- 04-2021 ഞായറാഴ്ച വെളുപ്പിനായിരുന്നു അന്ത്യം. തിരുമുടിക്കുന്നിലെ കർഷക കുടുംബത്തിൽ കണ്ടംകുളത്തി ഔസേപ്പിൻ്റേയും ചെര്‍ച്ചിയുടേയും മകനായി ജനിച്ച അദ്ദേഹം ദീപിക ദിനപത്രത്തിന്‍റെ സഹയാത്രികനായിരുന്നു.  മുടങ്ങാതെ അദ്ദേഹം  ദീപിക ദിനപത്രം വായിച്ചിരുന്നു. മഴയെ ആശ്രയിച്ചുമാത്രം നെല്‍കൃഷി ചെയ്തിരുന്ന പണ്ടുകാലത്ത് ഇഞ്ചിപുല്ല് കൃഷിയാണ് വ്യാപകമായി ചെയ്തിരുന്നതെന്നും പേപ്പര്‍ വന്നാല്‍ ഇഞ്ചിപ്പുല്‍ തൈലത്തിന്റെ വിലയാണ് അക്കാലത്ത്  ആദ്യം നോക്കുകയെന്നും അദ്ദേഹം പറയാറുണ്ട്. കൊരട്ടി, ചാലക്കുടി പ്രദേശത്തിന്‍റെ മുഖഛായ മാറ്റിയ തുമ്പൂര്‍മുഴി റിവര്‍ ഡൈവേര്‍ഷന്‍ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിച്ച പനമ്പിള്ളി ഗോവിന്ദമേനോനെ പോലെയുള്ള നിസ്വാർത്ഥരായ രാഷ്ട്രീയക്കാരെക്കുറിച്ചുള്ള വാർത്തകൾ ദീപികയിൽ വന്നത് അദ്ദേഹം ഓർമ്മിച്ചെടുക്കാറുണ്ട്. ദീപിക പത്രവും കർഷകൻ മാസികയും അദ്ദേഹം മുടങ്ങാതെ വീട്ടില്‍ വരുത്തി വായിക്കാറുണ്ടായിരുന്നു. 2015ൽ തിരുമുടിക്കുന്ന് ഇടവകയിൽ ദീപിക ഫ്രണ്ട്സ് ക്ലബ്ബ് രൂപികരിച്ചപ്പോൾ അന്നത്തെ വികാരി ഫാ.പോൾ ചുള്ളിയോടൊപ്പം ദീപിക പ്രചരിപ്പിക്കുന്നതിൽ അതിയായ താല്പര്യം കാണിച്ചിരുന്നു.

                   വറുതുണ്ണി വല്ല്യപ്പന്‍റെ നൂറാം പിറന്നാള്‍ ആഘോഷത്തിന് എം.എല്‍.എ.യും ജനപ്രതിനിധികളുമടക്കം ഒരു വലിയ ജനാവലി എത്തിയിരുന്നു. 2018ൽ കാർഷിക പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് ദീപിക പ്രണ്ട്സ് ക്ലബ്ബ് കാസർഗോഡ് മുതൽ തിരുവനന്തപുരംവരെ നയിച്ച കർഷക ജാഥ മുരിങ്ങൂർ എത്തിയപ്പോൾ വറുതുണ്ണി വല്യപ്പനും അതിൽ പങ്കാളിയായി. ബൈബിളും പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കണ്ണടയില്ലാതെ വായിച്ചുപോന്ന നാട്ടുകാരുടെ വറുതുണ്ണി വല്ല്യപ്പന്‍ നാടിന്‍റെ പൊതുപരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു. പഴയകാല സ്മരണകള്‍ പുതിയ തലമുറയുമായി പങ്കുവയ്കുവാന്‍ അതീവ താല്പര്യം കാട്ടിയിരുന്ന ഇദ്ദേഹം മറ്റുള്ളവരെ മാനിക്കാനും സഹായിക്കുവാനും ശ്രദ്ധ പുലര്‍ത്തിയിരുന്നു. തിരുമുടിക്കുന്ന് പള്ളിയിലെ മുന്‍കൈക്കാരനായിരുന്ന വറുതുണ്ണി വല്ല്യപ്പന്‍ അടിയുറച്ച ദൈവവിശ്വാസിയായിരുന്നു.

             വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ കിടപ്പിലാകുന്നതിന് മുന്‍പ് എല്ലാ ദിവസവും രാവിലെ നടന്ന് പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുവാന്‍ പോകുമായിരുന്ന വറുതുണ്ണി വല്ല്യപ്പന്‍റെ വേര്‍പാടോടെ കൊരട്ടിക്ക് നഷ്ടപ്പെടുന്നത് വാത്സല്യനിധിയായ കാരണവര്‍ എന്നതിലുപരി ഒരു നൂറ്റാണ്ടിന്‍റെ കയ്പും മധുരവുമുള്ള ജീവിതാനുഭവങ്ങള്‍ പകര്‍ന്നു നല്‍കി യ ഒരു മനുഷ്യസ്നേഹിയെയാണ്.

2021, ഫെബ്രുവരി 15, തിങ്കളാഴ്‌ച

തൊപ്പിക്കിളി - ക്ഷണിക്കാതെ വന്ന അതിഥി




 




ക്ഷണിക്കാതെ വന്ന അതിഥി. തൊപ്പിക്കിളി!.

 തിരുമുടിക്കുന്ന് പള്ളിയിലെ തിരുനാൾ ദിവസം ക്ഷണിക്കാതെ വീട്ടിൽ കയറിവന്ന അതിഥിയെ കണ്ടപ്പോൾ തെല്ലൊന്ന് അമ്പരന്നു. ടി.വി.യിൽ ന്യൂസ് കണ്ടു കൊണ്ടിരിക്കുമ്പോൾ ജനൽച്ചില്ലിൽ വന്നിരുന്നാണ് സാന്നിദ്ധ്യം അറിയിച്ചത്. തൊപ്പിക്കിളി!. തൊട്ടടുത്തിരിക്കുന്ന അക്വേറിയത്തിലെ മീനുകളെ കാണാൻ വന്നതായിരിക്കുമൊ? ഡൽഹിയിൽ കർഷക പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്നത് ടി.വി.യിൽ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് അതിഥിയുടെ വരവ്. എന്തായാലും കണ്ടപ്പോൾ നല്ല ഭംഗി തോന്നി. ഭക്ഷണമായി അരിമണികൾ കൊടുത്തെങ്കിലും അടുത്തു വരാൻ കൂട്ടാക്കുന്നില്ല. പരിസരം നോക്കിയപ്പോൾ അതാ അടുത്തുള്ള ചെടിയുടെ ഇലകളുടേയും കൊമ്പുകളുടേയും ഇടയിലായി തൊപ്പിക്കിളികളുടെ കൂട്. വളരെ കൗതുകവും ഒപ്പം അത്ഭുതവും തോന്നി. എത്ര മനോഹരമായി, സുരക്ഷിതമായിട്ടാണ് കൂടൊരുക്കിയിരിക്കുന്നത്.! പച്ചിലക്കമ്പുകളും ഉണങ്ങിയ പുല്ലും ഒക്കെ കൊണ്ടുവന്ന് ഇണക്കിളികള്‍ കൂടൊരുക്കിയിരിക്കുന്നു. ദിവസന്തോറും എൻ്റെ നീരീക്ഷണവും തുടങ്ങി.
 പിന്നീട് മുട്ടയിട്ട്, അടയിരുന്ന്, കുഞ്ഞുങ്ങളുണ്ടായി. അവ പറക്കമുറ്റാറാകുമ്പോഴേക്ക് മാസം രണ്ട് പിന്നിടും. 'റെഡ് വൈസ്‌ക്കെര്‍ഡ് ബേര്‍ഡ്' എന്നാണ് തൊപ്പിക്കിളികളുടെ ശാസ്ത്രീയ നാമം. 6-7 ഇഞ്ചു വലിപ്പം, ദേഹത്തിന്റെ മുകൾഭാഗമെല്ലാം കടും തവിട്ടു നിറം, അടിഭാഗം വെള്ള, തലയിൽ കറുത്ത ഒരു ശിഖ, കവിളിൽ കണ്ണിനു തൊട്ടു താഴെ ഒരു ചുവന്ന പൊട്ടും അതിനു താഴെ ഒരു വെളുത്ത പൊട്ടും. കഴുത്തിനു താഴെ മാറിനു കുറുകെ മാല പോലെ തവിട്ടു നിറം. വളർച്ചയെത്താത്ത കുഞ്ഞുങ്ങൾക്ക് കവിളിലെ ചുവന്ന പൊട്ടു കാണാറില്ല. മറ്റു ബുൾബുളുകളെ പോലെ തന്നെ കേൾക്കാൻ ഇമ്പമുള്ള പലതരം ശബ്ദങ്ങൾ‍ പുറപ്പെടുവിക്കാറുണ്ട്.
ഇണകളായും ചെറു കൂട്ടങ്ങളായും കാണപ്പെടുന്നു. പഴങ്ങളും ചെറുകീടങ്ങളും ആഹാരം. രാക്കിളിയെന്നും ചിലർ വിളിക്കാറുണ്ട്.
എല്ലാ ദിവസവും, ചെടിയുടെ കൊമ്പുകൾക്കും ഇലകൾക്കുമിടയിലായി ഉണ്ടാക്കിയിരിക്കുന്ന കൂട്ടിൽ പോയി നോക്കും. രണ്ടു മുട്ടകൾ വിരിയാനായി തളളക്കിളി അടയിരിക്കുന്നു. കുറച്ചു ദിവസങ്ങൾക്കു ശേഷം ആ മുട്ടകൾ വിരിഞ്ഞു. രണ്ടു കുഞ്ഞു കിളികൾ. നാലഞ്ചു ദിവസത്തിനുശേഷം എൻ്റെ ശല്യം സഹിക്കാതെയാവണം അവർ കൂടുപേക്ഷിച്ച് പോയ്ക്കളഞ്ഞു. എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കുന്നു.






2021, ജനുവരി 22, വെള്ളിയാഴ്‌ച

പുളിയനം പൗലോസ് - അഭിനയ രംഗത്തെ റിയലിസ്റ്റിക് നടൻ








 പുളിയനം പൗലോസ് അഭിനയം അനുഭവിക്കുന്ന നടൻ


 കേരള സംഗീത നാടക അക്കാദമിയുടെ ഗുരുപൂജ പുരസ്കാരം, സാംസ്കാരിക വകുപ്പിൻ്റെ കീഴിലുള്ള നരേന്ദ്രപ്രസാദ് നാടക പഠന കേന്ദ്രത്തിൻ്റെ അഭിനയ പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുള്ള പുളിയനം പൗലോസിനെ അമ്പലപ്പുഴ ആർട്ടിസ്റ്റ് കേശവൻ ഫൗണ്ടേഷൻ ആദരിക്കുന്നു. 2021ഫെബ്രുവരി10ന് ശ്രീ സി. രാധാകൃഷ്ണൻ അധ്യക്ഷത വഹിക്കുന്ന യോഗം പൊതുമരാമത്ത്- രജിസ്ട്രേഷൻ മന്ത്രി ശ്രീ ജി. സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു. ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ശ്രീ പി. തിലോത്തമൻ തുടങ്ങി രാഷട്രീയ കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. മലയാള നാടക രംഗത്തെ റിയലിസ്റ്റിക് നടന്മാരിൽ പ്രമുഖനാണ് ശ്രീ പുളിയനം പൗലോസ്. നടൻ, സംവിധായകൻ, നാടകകൃത്ത്, സംഘാടകൻ തുടങ്ങി അരങ്ങത്തും അണിയറയിലും നാടകത്തെ ഹൃദയത്തോട് ചേർത്തുപിടിച്ച പുളിയനം പൗലോസ്, അങ്കമാലി പൗർണ്ണമി എന്നപേരിൽ രൂപംകൊടുത്ത നാടകട്രൂപ്പിലൂടെയാണ് പ്രൊഫഷണൽ നാടക രംഗത്തേക്ക് വരുന്നത്. ശരറാന്തൽ, അഭിമുഖം, അരക്കില്ലം, തീർത്ഥാടനം, കൊടിമരം, കോവിലകം, ചിത്തിരത്തോണി, വരം, ദേവതാരു, ടൂറിസ്റ്റ് ഹോം, ഏകലവ്യൻ, സൂര്യദേശം, വഴിവിളക്ക്, മണിക്കിരീടം, എന്നീ നാടകങ്ങൾ പൗർണ്ണമിയിലൂടെ അദ്ദേഹം അവതരിപ്പിച്ചു..

ശരറാന്തലിലെ ഡോ. ജയന്‍, ഏകലവ്യനിലെ ദ്രോണാചാര്യര്‍, കൊടിമരത്തിലെ സുല്‍ത്താന്‍, മണിക്കിരീടത്തിലെ ആനക്കാരന്‍ എന്നിവയാണ് ശ്രദ്ധേയമായ വേഷങ്ങള്‍. കൊടിമരം മുതല്‍ പൗര്‍ണ്ണമിയുടെ എല്ലാ നാടകങ്ങളും സംവിധാനം ചെയ്തത് ശ്രീ പൗലോസാണ്. പൊന്‍കുന്നം വര്‍ക്കി, എ.എന്‍ ഗണേഷ്, ശ്രീമൂലനഗരം മോഹന്‍, അഡ്വ. മണിലാല്‍, ബാബു പള്ളാശ്ശേരി, ജോണ്‍ ഫെര്‍ണാണ്ടസ് തുടങ്ങിയവരുടെ നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വര്‍ഗ്ഗീസ് കാട്ടിപറമ്പന്‍, എന്‍.എഫ്.വര്‍ഗ്ഗീസ്, എം.കെ. വാര്യര്‍, ടി.എം.അബ്രഹാം, ജി.എ.ജോസ്, ജോര്‍ജ്ജ് വട്ടോലി, ജോസ് അമ്പൂക്കന്‍, കാഞ്ഞൂര്‍ മത്തായി തുടങ്ങിയവരുമായി വേദി പങ്കിട്ടിട്ടുണ്ട്.

അങ്കമാലി പൗര്‍ണ്ണമിയുടെ കൊടിമരം നാടകത്തില്‍ Iam David perera, പെരേര സായിപ്പിന്‍റെ കൊച്ചുമോന്‍ എന്ന് ഔസേപ്പന്‍ പറയുന്ന ഡയലോഗ് ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു. 
 സിനിമ - സീരിയൽ രംഗത്തും അഭിനയിച്ചുകൊണ്ടിരിക്കുന്നു. ബ്ലെസി സംവിധാനംചെയ്ത കാഴ്ച, ലാൽ ജോസിൻ്റെ വെളിപാടിൻ്റെ പുസ്തകം, തട്ടുംപുറത്ത് അച്ചുതൻ, സത്യൻ അന്തിക്കാടിൻ്റെ വിനോദയാത്ര തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയ രംഗത്ത് നാൽപത്തിയഞ്ച് വർഷങ്ങൾ പിന്നിട്ട പുളിയനം പൗലോസ്, വിശ്രമമില്ലാതെ  തുടരുകയാണ്. ഭാര്യ സുശീല. മക്കൾ സുമി, സുധി, സുജി.

2021, ജനുവരി 21, വ്യാഴാഴ്‌ച

തുമ്പൂർമുഴിയുടെ മനോഹാരിത








 തുമ്പൂർമുഴി ജലസേചന പദ്ധതി സന്ദർശനം.


തുമ്പൂർമുഴിയുടെ മനോഹാരിത നിരവധി വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. തൃശൂർ ജില്ലയിലെ ചാലക്കുടി താലൂക്കിലാണ് തുമ്പൂർമുഴി ഗ്രാമം. ചാലക്കുടി ജലസേചനപദ്ധതിയുടെ ഭാഗമായി ചാലക്കുടി പുഴയിൽ ചാലക്കുടിക്കും അതിരപ്പള്ളിയ്ക്കും ഇടയിൽ തുമ്പൂർമുഴി എന്ന ഗ്രാമത്തിൽ നിർമ്മിച്ചിരിക്കുന്ന തടയണയാണ് ഈ ഗ്രാമത്തിന്റെ പ്രധാന ആകർഷണകേന്ദ്രം. കനാൽ വഴിയുള്ള ജനസേചനപദ്ധതിക്കായി 1949 ൽ നിർമ്മാണം തുടങ്ങി 1959 പണിതീർത്തു. തുമ്പൂർമുഴിയെ ഏഴാറ്റുമുഖവുമായി ബന്ധിപ്പിക്കുന്ന തൂക്കുപാലം നിരവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. വിനോദസഞ്ചാരികൾക്ക് തുമ്പൂർമുഴിയിൽ നിന്ന് തൂക്കുപാലം വഴി ഏഴാറ്റുമുഖവും സന്ദർശിക്കാം.


തുമ്പൂർമുഴി തടയണയോട് ചേർന്ന് ഒരു പൂന്തോട്ടവും കുട്ടികൾക്കായി കളിസ്ഥലവും ഉണ്ട്. ശലഭങ്ങളുടെ ആവാസവ്യവസ്ഥയ്ക്ക് യോജിച്ചതാണ് ഈ പ്രദേശം. അതിനാൽ തന്നെ ഇവിടെ ധാരാളം ശലഭങ്ങളെ കാണുവാൻ സാധിക്കും. ശലഭങ്ങളുടെ പടം പിടിക്കാൻ താല്പര്യപ്പെടുന്നവരും ഇവിടെ സന്ദർശിക്കാറുണ്ട്.

2021, ജനുവരി 16, ശനിയാഴ്‌ച

ചാനൽ ചർച്ച


                               ചാനൽ ചർച്ച

കേരളത്തിലെ ചാനൽ ചർച്ചകളിൽ സ്ഥിരം കാണുന്ന സംഭവം. (ഫേസ്ബുക്ക് പോസ്റ്റിനോട് കടപ്പാട്)

 ടീച്ചർ ക്ലാസ് തുടർന്നുകൊണ്ടിരിക്കുകയാണ്: ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത് നിത്യജീവിതത്തിൽ നമ്മൾ ഉപയോഗിക്കുന്ന ചില സാധനങ്ങളുടെ ഇംഗ്ലീഷ് വാക്കുകളെക്കുറിച്ചാണ്.

ടീച്ചര്‍ :- കുട്ടി പറയൂ ; മാങ്ങയുടെ ഇംഗ്ലീഷ് വാക്ക് എന്താണ് ??'

കുട്ടി: ഈ വിഷയം ഇന്ന് പഠിപ്പിക്കുമെന്ന് ടീച്ചർ ഇന്നലെ പറഞ്ഞില്ല.  മാത്രമല്ലാ, ഇതേ കാര്യം ടീച്ചർ പല പ്രാവശ്യം ക്ലാസ്സെടുത്തിട്ടുള്ളതാണ്. വിഷയ ദാരിദ്യം ഉള്ളതുകൊണ്ടാണോ ഒരേ കാര്യം വീണ്ടും വീണ്ടും എടുക്കുന്നത്. സാരമില്ലാ, എങ്കിലും ഞാൻ ഉത്തരം പറയുകയാണ് .
ടീച്ചര്‍ എന്നോട് ചോദിച്ചത് വളരെ പ്രസക്തമായ ഒരു ചോദ്യമാണ്. അതിന് എനിക്ക്  ഉത്തരം പറയാന്‍ കുറച്ച് സമയം തരണം.

ടീച്ചര്‍ :- പറയൂ.. മറ്റെല്ലാ കുട്ടികള്‍ക്കും ഒരു മിനിട്ട് സമയമാണ് കൊടുത്തത്, കുട്ടിക്കും അത്രയും സമയം തരാം'.

കുട്ടി :-  പിന്നെ,  ടീച്ചര്‍  ഒരുകാര്യം.. ഞാന്‍ പറയുമ്പോള്‍, ടീച്ചർ ഇടയ്ക്ക് കയറി തടസ്സപ്പെടുത്തരുത്'.

  ടീച്ചര്‍ :- ഇല്ല, കുട്ടി ഉത്തരം പറയൂ.. മാങ്ങയുടെ ഇംഗ്ലീഷ് വാക്ക് എന്താണ് ???'

കുട്ടി :- ശരി..ശരി.. പറയാം.. അതിന് മുന്‍പ് എന്‍റെ രണ്ട് സുഹൃത്തുക്കള്‍ പറഞ്ഞ കാര്യങ്ങളേക്കുറിച്ച്  ഒരു വാക്ക് പറഞ്ഞുകൊളളട്ടെ,  ആഫ്രിക്കന്‍ കാടുകളില്‍ കാണപ്പെടുന്ന ഒരു വൃക്ഷമാണ് ചക്ക ഉണ്ടാകുന്ന മരം.. അതവിടെ വളരാനുളള സാഹചര്യം എന്താണെന്ന് നമുക്ക്  നോക്കാം.. അതുപോലെ.....'

ടീച്ചര്‍ :- കുട്ടീ, സമയം കളയാതെ ഉത്തരം  അറിയാമെങ്കില്‍ പറയൂ'.

കുട്ടി :- ടീച്ചർ,‍ ഇടയ്ക്ക് കയറി തടസ്സപ്പെടുത്തല്ലേ.. ടീച്ചര്‍ ചോദിച്ച ചോദ്യത്തിന്‍റെ ഉത്തരത്തിലേക്കാണ് ഞാന്‍  വരുന്നത്, അതു  കേള്‍ക്കാനുളള സഹിഷ്ണുത ടീച്ചർ കാണിയ്ക്കണം. 

ടീച്ചര്‍ :- എങ്കില്‍  വേഗം പറയൂ....

കുട്ടി :- ഞാൻ അതിലേക്ക് തന്നെയാണ് വരുന്നത്..  എന്താണ് തേങ്ങ?? കേരളത്തിന്‍റെ കല്പവൃക്ഷ ഫലമല്ലേ ??? തേങ്ങയില്ലാതെ നമുക്ക് ചക്ക പാകം ചെയ്ത് കഴിക്കാന്‍ പറ്റുമോ ??  ടീച്ചര്‍ മറ്റ് രണ്ട് കുട്ടികളോടും ചോദിച്ചപ്പോള്‍ അവരെന്താണ് പറഞ്ഞത് ???

ടീച്ചര്‍ :- കുട്ടി.. ഞാന്‍ മറ്റ് രണ്ടു  പേരോടും ചക്കയുടെയും തേങ്ങയുടെയും ഇംഗ്ലീഷ് വാക്കുകൾ ആണ് ചോദിച്ചത്. അവരിലൊരാൾ jackfruit എന്നും മറ്റെയാൾ coconut എന്നും ഉത്തരം പറയുകയുണ്ടായി, അതിന്  ശേഷമാണ്  താങ്കളോട്  ചോദിച്ചത് മാങ്ങയുടെ ഇംഗ്ലീഷ് വാക്ക് എന്താണെന്ന്. താങ്കള്‍ക്ക് അതിനുളള ഉത്തരം അറിയാമെങ്കില്‍ പറയൂ.. എനിക്ക്  മറ്റ് കുട്ടികളോടും ‍ ചോദിക്കാനുളളതാണ്..

കുട്ടി :-  ഇതാണ് ഞാന്‍ പറഞ്ഞത്.. ടീച്ചര്‍ക്ക് ഇക്കാര്യത്തിൽ ഒരു അജണ്ട ഉണ്ടെന്ന്. ടീച്ചര്‍ ഉദ്ദേശിക്കുന്ന ഉത്തരം എന്നില്‍ നിന്ന് കിട്ടണം എന്ന്  വാശി പിടിക്കരുത്. ടീച്ചർ ആഗ്രഹിക്കുന്ന ഉത്തരം പറയാനല്ല ഞാൻ ഇവിടെ വന്നിരിക്കുന്നത് .

ടീച്ചർ: ശരി. താങ്കൾ ഉത്തരം പറയൂ. മാങ്ങയുടെ ഇഗ്ലീഷ് വാക്ക് എന്താണ്.?

കുട്ടി: മാങ്ങ എന്നത് മാവിൻ്റെ ഫലമാണല്ലോ? ഇത് ആർക്കാണ് അറിഞ്ഞുകൂടാത്തത്? പിന്നെ, ടീച്ചർ എന്തുകൊണ്ടാണ് ഈ ചോദ്യം എന്നോട് മാത്രം ചോദിച്ചത് എന്ന് എല്ലാവർക്കും അറിയാം. പ്രേക്ഷകർ എല്ലാം കണ്ടുകൊണ്ടിരിക്കുകയാണല്ലോ.

ടീച്ചർ: ഉത്തരം പറയുന്നില്ലെങ്കിൽ താങ്കൾക്ക് അറിയില്ല എന്ന് കരുതട്ടെ!

കുട്ടി: ഇതാണ് ഞാൻ പറഞ്ഞത്. ടീച്ചർക്ക് ഒരു അജണ്ടയുണ്ടെന്ന്. ഈ ചോദ്യം ടീച്ചർ എങ്ങോട്ടാണ് കൊണ്ടു പോകുന്നതെന്ന് എല്ലാവർക്കുമറിയാം. കേരളത്തിലുള്ളവർ അരിയാഹാരമാണ് കഴിക്കുന്നത്.

ടീച്ചർ: അരിയാഹാരമല്ല കഴിക്കുന്നത് എന്ന് ഞാൻ പറഞ്ഞില്ലല്ലോ. അറിയാമെങ്കിൽ പറയൂ. മാങ്ങയുടെ ഇംഗ്ലീഷ് വാക്ക് എന്താണ്?

കുട്ടി: എത്രയെത്ര സാധനങ്ങളാണ് നാം നിത്യജീവിതത്തിൽ ഉപയോഗിക്കുന്നത്? എന്നിട്ട് എന്തുകൊണ്ട് മാങ്ങയുടെ മാത്രം ഇംഗ്ലീഷ് വാക്ക് എന്നോട് ചോദിക്കുന്നു. ഈ അടവ് എൻ്റെ അടുത്ത് എടുക്കാമെന്ന് വിചാരിക്കരുത്. ഇതിലപ്പുറം കണ്ടവരാണ് ഞങ്ങൾ! തീയ്യിൽ കുരുത്തത് വെയിലത്ത് വാടുകയില്ല. എത്ര മധുരമുള്ളതാണ് മാങ്ങ ? എത്ര പോഷകഗുണമുള്ളതാണ്.? ഈ നാട്ടിലെ സാധാരണക്കാരൻ്റേയും പാവപ്പെട്ടവൻ്റേയും ഭക്ഷണ പദാർത്ഥമാണ് മാങ്ങ. ഇതൊന്നും അറിയാത്തതല്ലല്ലോ ടീച്ചർക്ക്. ടീച്ചർ മനപ്പൂർവ്വം ചർച്ച വഴിതിരിച്ച് വിടുകയാണ്.

ടീച്ചർ: അപ്പോഴും മാങ്ങയുടെ ഇംഗ്ലീഷ് വാക്ക് അറിയില്ലായെന്ന് സമ്മതിക്കില്ല??

കുട്ടി: ഇവിടെ സമ്മതത്തിൻ്റേയും വിസമ്മതത്തിൻ്റേയും പ്രശ്നമൊന്നുമില്ല. മാങ്ങയുടെ മധുരം അറിയണമെങ്കിൽ പാവപ്പെട്ടവനോട് ചോദിക്കണം. എ. സി. മുറിയിലിരുന്ന് ചോദ്യങ്ങൾ ചോദിക്കുന്നവർക്ക് അത് മനസ്സിലാവില്ല. ഇങ്ങനെയെങ്കിൽ ക്ലാസ് ഉപേക്ഷിക്കേണ്ടിവരും.

ടീച്ചർ: അവസാനമായി ഒന്നുകൂടി ചോദിക്കട്ടെ, മാങ്ങയുടെ ഇംഗ്ലീഷ് വാക്ക് എന്താണ്?......