.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, നവംബർ 19, ശനിയാഴ്‌ച

നവംബറിന്റെ ലാഭം [ ഒരു ഇന്റര്‍വ്യു കഥ ]

                                                                                       ` ഒരു ഇന്റര്‍വ്യു കഥ '

വിദ്യാഭ്യാസം കഴിഞ്ഞ് ജോലി അന്വേഷിച്ച് നടക്കുന്ന കാലം. 1977ല്‍ നടന്ന ഒരു സംഭവം . സര്‍ക്കാര്‍ ജോലിക്കുവേണ്ടി പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ വിജ്ഞാപനം നോക്കി അപേക്ഷ അയക്കലാണ് പ്രധാന പണി. വീട്ടില്‍ സാമ്പത്തിക ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് , റ്റ്യൂഷന്‍ എടുത്തു കിട്ടുന്ന പണമാണ് പ്രധാന സാമ്പത്തിക സ്രോതസ്സ്. റ്റ്യൂഷന്‍ ഇല്ലാത്ത സമയങ്ങളില്‍ തൊട്ടടുത്തുള്ള , തിരുമുടിക്കുന്ന് ത്വക്ക് രോഗ ആശുപത്രിയോടനുബന്ധിച്ചുള്ള ( ഗാന്ധിഗ്രാം ത്വക്ക് രോഗ ആശുപത്രി ) ലൈബ്രറിയില്‍ പോയി വായിച്ചിരിക്കലാണ് പ്രധാന ഹോബി. എല്ലാ ആനുകാലിക പ്രസിദ്ധീകരണങ്ങളും പത്രങ്ങളും അവിടെ വായിക്കുവാന്‍ കിട്ടും . നല്ലൊരു പുസ്തക ശേഖരവും ഉണ്ടവിടെ. അതും യഥേഷ്ടം വായിക്കാം . അങ്ങനെ വായിച്ചും, റ്റ്യൂഷന്‍ എടുത്തും , ജോലിക്ക് അപേക്ഷ അയച്ചും കഴിഞ്ഞിരുന്ന കാലഘട്ടം. പലപല അപേക്ഷകള്‍ അയച്ച് ,എഴുത്ത്പരീക്ഷയില്‍ വിജയിച്ച ഒരെണ്ണത്തിന്റെ ഇന്റര്‍വ്യൂവുമായി ബന്ധപ്പെട്ടതാണ് സന്ദര്‍ഭം.

` അമ്മേ നാളെ രാവിലെ തിരുവനന്തപുരം വരെ എനിക്ക് പോകണം. ഷര്‍ട്ടും പാന്റും ശരിയാക്കി വയ്ക്കണം. ഒരു ഇന്റര്‍വ്യുവില്‍ പങ്കെടുക്കാനാണ് '. ഇന്റര്‍വ്യു നിത്യ സംഭവം പോലെയായിരുന്ന ഞാന്‍ പറഞ്ഞു .
` മോനെ പോകാന്‍ നിന്റെ കയ്യില്‍ പണം ഉണ്ടോ? ' അമ്മയുടെ ചോദ്യവും പതിവ് പോലെ തന്നെ.
` എന്റെ കയ്യില്‍ ഉണ്ട് . അമ്മ രാവിലെ നേരത്തെ വിളിച്ചാല്‍ മതി ' . ഞാന്‍ മറുപടി പറഞ്ഞു.
പിറ്റേ ദിവസം രാവിലെ 5 മണിക്കു തന്നെ അമ്മ വിളിച്ചുണര്‍ത്തി. പ്രഭാത കൃത്യങ്ങള്‍ കഴിഞ്ഞ് പോകാന്‍ നേരത്ത് അമ്മ പറഞ്ഞു .` മോനെ പ്രാര്‍ത്ഥിച്ചിട്ട് പൊയ്ക്കോളു' . അങ്ങനെ പ്രാര്‍ത്ഥിച്ച് ഇറങ്ങി. വൈകിട്ട് തിരുവനന്തപുരത്ത് എത്തി. പിറ്റേന്ന് രാവിലെ ഒന്‍പത് മണിക്ക്തന്നെ പട്ടത്തുള്ള PSC യുടെ പ്രധാന ഓഫീസിലെത്തി. 10 മണിക്കാണ് ഇന്‍റര്‍വ്യു. അഭിമുഖ പരീക്ഷക്കു വന്നവരുടെ തിരക്കു കണ്ടു ഞാന്‍ അമ്പരന്നുപോയി. ` ഏയ് ഇതൊന്നും കിട്ടാന്‍ പോകുന്നില്ല ' ഞാന്‍ മനസ്സില്‍ പറഞ്ഞു. തലേ ദിവസം വീട്ടില്‍ നിന്ന് പോരുമ്പോള്‍ തന്നെ ഇളയപ്പന്‍ വി. ഡി. വറീത് (അദ്ദേഹം BSNL എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ ആയിരിക്കെ മരിച്ചുപോയി ) ,അഭിമുഖ പരീക്ഷയില്‍ പങ്കെടുക്കേണ്ടതിനെപ്പറ്റി ഒരു വിശദീകരണം തന്നിരുന്നു. നാലഞ്ചു പേരുണ്ടാകും ഇന്റര്‍വ്യു ബോര്‍ഡില്‍. ഓരോരുത്തരും മാറിമാറി ചോദിച്ചുകൊണ്ടിരിക്കും. പേടിക്കേണ്ട ആവശ്യമില്ല. അറിയാവുന്നതിന് ഉത്തരം പറയുക. ആത്മവിശ്വാസം കൈവിടരുത്. പഠിച്ച വിഷയം മാത്രമല്ലാ, ഏത് വിഷയവും ചോദിക്കാം. നമുക്ക് അറിയാവുന്ന വിഷയത്തിലേക്ക് അവരെ കൊണ്ടുവരാന്‍ നോക്കണം. ഉത്തരം മുട്ടിക്കുവാന്‍ അവര്‍ നോക്കും. മുറിയില്‍ കടന്നു ചെല്ലുമ്പോള്‍ തന്നെ അഭിവാദനം പറയുക, തിരിച്ചു പോരുമ്പോള്‍ നന്ദി പറയുക. അങ്ങനെ ...അങ്ങനെ .

സമയം രാവിലെ 10 മണി. പ്യൂണ്‍ ഓരോരുത്തരെയായി മുറിയിലേക്ക് കടത്തിവിട്ടു തുടങ്ങി . പൊതുമരാമത്ത് വകുപ്പില്‍ `ഓവര്‍സിയര്‍' തസ്തികയിലേക്കാണ് ഇന്റര്‍വ്യു . അന്ന് മെക്കാനിക്കലും സിവിലും ഒരുമിച്ച് ആണ്. ഇന്ന് മെക്കാനിക്കല്‍ ഓവര്‍സിയറിനും സിവില്‍ ഓവര്‍സിയറിനും തിരിച്ച് തിരിച്ചാണ് അപേക്ഷ ക്ഷണിക്കുക. അഭിമുഖം കഴിഞ്ഞവര്‍ ഓരോരുത്തരായി തിരിച്ചുവന്നു തുടങ്ങി . കഴിഞ്ഞു വരുന്നവരോട് പുറത്ത് നില്‍ക്കുന്ന ഞങ്ങള്‍ ചോദിച്ചു.` എങ്ങനെയുണ്ടായിരുന്നു?. ` ഇത് വെറും തട്ടിപ്പ്. അവന്മാരുടെ അറിവ് പ്രകടിപ്പിക്കലാണ് അവിടെ നടക്കുന്നത്. തിരഞ്ഞെടുക്കേണ്ടവരെ മുന്‍പേ തിരഞ്ഞെടുത്തിട്ടുണ്ടാകും.' രോഷം പ്രകടിപ്പിച്ചുകൊണ്ടുള്ള അവരുടെ സംസാരം ആത്മവിശ്വാസം നഷ്ടപ്പെടുത്താനെ ഉപകരിച്ചുള്ളു. കൊച്ചുകുട്ടികളുമായി വന്നിരിക്കുന്ന അമ്മമാര്‍ വരെയുണ്ട് ഞങ്ങളുടെ കൂട്ടത്തില്‍. ഓരോരുത്തരായി മുറിയിലേക്ക് പോയിക്കൊണ്ടിരുന്നു. അങ്ങനെ എന്റെ ഊഴം വന്നു. പ്യൂണ്‍ കടത്തിവിട്ടു.
` ഗുഡ് മോര്‍ണിങ്ങ് സാര്‍ ' ചെന്നപാടെ ഞാന്‍ പറഞ്ഞു.
` ഗുഡ്മോണിങ്ങ് . ഇരിക്കൂ. യുവര്‍ നെയിം പ്ലീസ്? ' അഞ്ച് പേരുണ്ട് ഇന്റര്‍വ്യു ബോര്‍ഡില്‍. നടുവില്‍ ഇരുന്നിരുന്ന സാറാണ് തുടങ്ങിയത്.
`ഡേവീസ് ' എന്റെ മറുപടി . പഠിച്ച വിഷയത്തെ കുറിച്ച് ചോദിക്കാന്‍ ഒരു ടെക്നിക്കല്‍ എക്സ്പെര്‍ട്ട് ഉണ്ടായിരുന്നു ഇന്റര്‍വ്യു ബോര്‍ഡില്‍ . അദ്ദേഹം സിലബസ്സിലെ വിഷയങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. അറിയാവുന്ന രീതിയില്‍ ഞാന്‍ മറുപടി പറഞ്ഞു കൊണ്ടിരുന്നു. പെട്ടെന്ന് വിഷയത്തില്‍ നിന്നുമാറി ഒരാള്‍ ചോദിച്ചു .
` ഡേവീസ് എന്നല്ലെ പേര്‍ പറഞ്ഞത്?.
`അതെ സാര്‍' എന്റെ മറുപടി.
`ചരിത്രത്തില്‍ നിങ്ങളുടെ പേരുള്ള പ്രശസ്തരായ ചിലരുണ്ട്. ആരൊക്കെയെന്ന് പറയാമോ?'. ചോദ്യം കേട്ട് ഞാനൊന്ന് പതറി. പഠന വിഷയങ്ങളില്‍ നന്നായി ഉത്തരം പറഞ്ഞു എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഇങ്ങനെയൊരു ചോദ്യം. തിരഞ്ഞെടുക്കേണ്ടവരെ മുന്‍പേ തിരഞ്ഞെടുത്തിട്ടുണ്ടാകും എന്ന് മുന്‍പേ പോയവര്‍ പറഞ്ഞത് ഓര്‍ത്തെങ്കിലും പൊതുവിജ്ഞാനം കുറവായിരുന്ന ഞാന്‍ ഒരുവിധത്തില്‍ പറഞ്ഞൊപ്പിച്ചു.
` ചിലരെപ്പറ്റി അറിയാം സാര്‍ '. മറുപടി കേട്ട അദ്ദേഹം ചോദിച്ചു.
` ഒരാളുടെ പേര്‍ പറയൂ'. ചോദ്യം കേട്ട ഉടനെ മറുപടി നല്‍കി . ` ഡേവിഡ് ലിവിങ്ങസ്റ്റണ്‍' . അദ്ദേഹം വിടാനുള്ള മട്ടില്ല. ` എന്തിന്റെ പേരിലാണ് പ്രശസ്തി?.
ഞാന്‍ തുടര്‍ന്നു. ` അദ്ദേഹം സ്കോട്ട്ലന്റുകാരനായിരുന്ന ഒരു കൃസ്ത്യന്‍ മിഷിനറിയായിരുന്നു. ദക്ഷിണാഫ്റിക്കയായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തന മണ്ഡലം. വിശ്വാസത്തേയും സയന്‍സിനേയും ബന്ധപ്പെടുത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍'. ചോദ്യങ്ങള്‍ കഴിഞ്ഞുകാണും എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് അടുത്ത ആളുടെ ചോദ്യം.
` സയന്‍സ് - കൊള്ളാം. സയന്‍സും നിങ്ങളുടെ പേരുമായി ബന്ധപ്പെട്ട ഒരാളുടെ പേര്‍ പറയൂ. ഒരു ശാസ്ത്രജ്ഞന്‍?.
` സര്‍ ഹംഫ്റി ഡേവി ' ഉത്തരം കേട്ട ഉടനെ വന്നു ചോദ്യം.
`എന്തിന്റെ പേരിലാണ് അദ്ദേഹം പ്രശസ്തനായത്?' എന്നെ വിടാനുള്ള മട്ടില്ല.
` അദ്ദേഹമാണ് സാര്‍ പൊട്ടാസിയം, സോഡിയം, കാല്‍സ്യം, മെഗ്നീഷ്യം, മുതലായവ കണ്ടുപിടിച്ചത്. കൂടാതെ , അദ്ദേഹമാണ് ക്ലോറിന്റേയും എെയഡിന്റേയും മൂലകരൂപത്തിലുള്ള സ്വഭാവം കണ്ടുപിടിച്ചത്. വലിയ ഒരു കാര്യം പറഞ്ഞപോലെ ഞാന്‍ നിവര്‍ന്നിരുന്നു. പക്ഷെ അദ്ദേഹം നിറുത്തുന്നില്ല. ചോദ്യം വന്നു.
`അതിന്റെ പേരിലൊന്നുമല്ലല്ലോ അദ്ദേഹം സാധാരണക്കാരുടെ ഇടയില്‍ പ്രശസ്തനായത്?. അതെന്താണെന്ന് പറയൂ?. 
അദ്ദേഹമാണ് സാര്‍ ` Davy Lamp ' ന്റെ തത്വം കണ്ടുപിടിച്ചത്.
`ശരി, അതിനെപ്പറ്റി ഒന്ന് വിശദീകരിക്കൂ ' ഇടവിടാതെ ചോദിച്ചുകൊണ്ടിരിക്കുകയാണ്.
` പണ്ടുകാലങ്ങളില്‍ കല്‍ക്കരി ഖനികളില്‍ ഉപയോഗിച്ചിരുന്ന വിളക്കുകള്‍ മൂലം തീപിടുത്തങ്ങള്‍ സാധാരണയായിരുന്നു . ഖനികളിലുള്ള `` മീഥെയില്‍ '' ആണ് തീപിടുത്തത്തിന് കാരണം. Davy Lampലെ flameന്റെ (ജ്വാലയുടെ )പുറമെ ഇരുമ്പ് വലകൊണ്ടുള്ള ഒരു ആവരണം ഉള്ളതുകൊണ്ട് മീഥെയില്‍ നേരിട്ട് ജ്വാലയില്‍ പിടിക്കാതിരിക്കുന്നതുകൊണ്ട് തീപിടുത്തങ്ങള്‍ ഒഴിവാകുന്നു. ' വരുന്നോടത്ത് വച്ച് കാണാം എന്ന് വിചാരിച്ച് ഒറ്റ ശ്വാസത്തില്‍ പറഞ്ഞൊപ്പിച്ചു. ഇന്റര്‍വ്യു കഴിഞ്ഞുവെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് അതുവരെ മിണ്ടാതിരുന്ന അടുത്ത സാറിന്റെ ചോദ്യം .
` നിങ്ങളുടെ പേരുമായി ബന്ധപ്പെട്ടുള്ള ഒരു അന്തര്‍ദേശീയ Sports മത്സരമുണ്ട് . ഏതാണെന്ന് പറയാമൊ?
` ടെന്നീസ് ' ആണ് സാര്‍. എന്റെ മറുപടിയില്‍ തൃപ്തി വരാതെ അദ്ദേഹം ചോദിച്ചു .
` നിങ്ങളുടെ പേരുമായുള്ള ബന്ധം പറയൂ.' അങ്ങേര് എന്നെ ഉത്തരം മുട്ടിച്ചേ അടങ്ങൂ എന്നപോലെ എനിക്ക് തോന്നി . എനിക്കാണെങ്കില്‍ ടെന്നീസിനെപ്പറ്റി അത്ര അറിവില്ല. എങ്കിലും , ഏതോ ഒരു പേപ്പറില്‍ കണ്ട ഓര്‍മ്മ വെച്ച് ( ഗാന്ധിഗ്രാം ആശുപത്രി ലൈബ്രറിയില്‍ വച്ച് വായിച്ച ഏതോ ഒരു Sports Weeklyയിലാണ് ) ഒരു തട്ട് തട്ടി.
` അത് ഡേവീസ് കപ്പ് ' ആണ് സാര്‍. ഡേവീസ് കപ്പ് ടെന്നീസിനായുള്ള ഒരു അന്തര്‍ദേശീയ മത്സരമാണ്.
`Good , നിങ്ങള്‍ക്ക് പോകാം . അവര്‍ ഒരുമിച്ചാണ് അത് പറഞ്ഞത്.
` Thank You സാര്‍' . മറുപടി പറഞ്ഞ് ഞാന്‍ തിരിച്ചുപോന്നു.
ഒരു വര്‍ഷത്തോളം കഴിഞ്ഞപ്പോള്‍ PSCയുടെ അഡ്വൈസ് മെമ്മൊ വന്നു. അങ്ങനെ 1978 നവംബര്‍ 28ന് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി. തിരുമുടിക്കുന്ന് ഗാന്ധിഗ്രാം ത്വക്ക് രോഗ ആശുപത്രിയിലെ വായനശാലക്കും, എന്നെ പഠിപ്പിച്ച അദ്ധ്യാപകര്‍ക്കും, ഇളയപ്പന്‍ ശ്രീ വി.ഡി. വറീതിനും എനിക്ക് `ഡേവീസ് ' എന്ന് പേരിട്ട എന്റെ മാതാപിതാക്കള്‍ക്കും മനസ്സില്‍ നന്ദി പറഞ്ഞുകൊണ്ടാണ് ജോലിയില്‍ പ്രവേശിച്ചത്.

                                                                               നവംബറിന്റെ ലാഭം.

നവംബര്‍ 20. അനുഗ്രഹീത നടി ശ്രീമതി ശാന്താദേവി ( കോഴിക്കോട് ശാന്താദേവി )

നാടകത്തില്‍ അഭിനയിക്കുകയെന്നുള്ളത് സ്ത്രീകള്‍ക്ക് നിഷിധമായിരുന്ന കാലത്ത് വിലക്കുകളെ അതിജീവിച്ച് അഭിനയ രംഗത്ത് എത്തിയ ഒരു നടിയാണ് പ്രശസ്ത നടി ശ്രീമതി ശാന്താദേവി . കോഴിക്കോട് ജില്ലയില്‍ പൊറ്റമ്മലില്‍ തോട്ടത്തില്‍ കണ്ണക്കുറുപ്പ് , കാര്‍ത്യായനിയമ്മ ദമ്പതികളുടെ മകളായി 1927ല്‍ ജനിച്ചു. നാടകത്തില്‍ അഭിനയ ജീവിതം തുടങ്ങിയ ശ്രീമതി ശാന്താദേവിയുടെ ആദ്യ നാടകം 1954ല്‍ അഭിനയിച്ച ` സ്മാരകം ' എന്നതായിരുന്നു. കോഴിക്കോട് ശാന്താദേവി എന്നാണ് അറിയപ്പെട്ടിരുന്നത്.  `നീലക്കുയില്‍ ' എന്ന സിനിമയിലെ ` എങ്ങനെ നീ മറക്കും ' എന്നു തുടങ്ങുന്ന വളരെ പോപ്പുലറായ ഗാനം പാടിയ അന്തരിച്ച ശ്രീ കോഴിക്കോട് അബ്ദുള്‍ ഖാദറായിരുന്നു ഭര്‍ത്താവ്. ശ്രീ രാമു കരൃാട്ടിന്റെ `മിന്നാംമിനുങ്ങ് 'എന്ന സിനിമയാണ് ആദ്യ സിനിമ . അവിടന്നങ്ങോട്ട് നിരവധി സിനിമകള്‍. ശ്രീ സത്യന്‍ മുതല്‍ ശ്രീ ജയറാം വരെയുള്ളവരുടെ അമ്മയായി അഭിനയിച്ചിട്ടുണ്ട് . കൂടാതെ , നിരവധി സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട് . നാനൂറിലേറെ സിനിമകളിലഭിനയിച്ച ശ്രീമതി ശാന്താദേവിക്ക് നാടകത്തിനും സിനിമക്കുമായി നിരവധി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട് .

                                                                                  1979ല്‍ കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്‍ പുരസ്കാരം , 1983ല്‍ മികച്ച നാടക നടിക്കുള്ള പുരസ്കാരം , 1992ല്‍ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം ,2005ല്‍ സംഗീത നാടക അക്കാഡമിയുടെ പ്രേംജി പുരസ്കാരം ,2007ല്‍ സമഗ്ര സംഭാവനക്കുള്ള കേരള സംഗീത നാടക അക്കാഡമി പുരസ്കാരം ,തുടങ്ങി ചെറുതും വലുതുമായ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് . 2010 നവംബര്‍ 20ന് ശ്രീമതി ശാന്താദേവി അന്തരിച്ചു . ആ കലാകാരിയുടെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

2016, നവംബർ 18, വെള്ളിയാഴ്‌ച

നവംബര്‍ 19. നടന്‍ ശ്രീ എം. എന്‍. നമ്പ്യാര്‍

ജന്മം കൊണ്ട് മലയാളിയും കര്‍മ്മം കൊണ്ട് തമിഴ്നാട്ടുകാരനുമായ ശ്രീ എം. എന്‍. നമ്പ്യാര്‍ തമിഴ് , തെലുങ്ക് , മലയാളം , ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലായി ആയിരത്തിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് . കണ്ണൂര്‍ ജില്ലയില്‍ മഞ്ഞേരിവീട്ടില്‍ കേളുനമ്പ്യാരുടേയും കല്യാണിയമ്മയുടേയും മകനായി 1919 മാര്‍ച്ച് 7ന് ശ്രീ എം.എന്‍.നമ്പ്യാര്‍ ജനിച്ചു . ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍തന്നെ നാടകത്തില്‍ അഭിനയിച്ചു തുടങ്ങിയ അദ്ദേഹം 1946വരെ നാടക നടനായി തുടര്‍ന്നു. ഇതിനിടയില്‍ സിനിമകളില്‍ അഭിനയിച്ചു തുടങ്ങി . 1938ല്‍ ഇറങ്ങിയ ` ബന്‍പസാഗര 'യാണ് ആദ്യം പുറത്തിറങ്ങിയ ചിത്രം. തമിഴ് ചലച്ചിത്രങ്ങളിലാണ് കൂടുതല്‍ അഭിനയിച്ചിട്ടുള്ളത്. വില്ലന്‍ കഥാപാത്രങ്ങളെയാണ് കൂടുതല്‍ അവതരിപ്പിച്ചിട്ടുള്ളത്. തമിഴിലെ പ്രശസ്ത നടന്മാരായ എം.ജി.ആര്‍, ശിവാജിഗണേശന്‍, ജെമിനിഗണേശന്‍, കമലാഹാസന്‍ , രജനീകാന്ത് തുടങ്ങിയവരോടൊപ്പം അഭിനയിച്ചിട്ടുണ്ട് . മലയാള ചലച്ചിത്രത്തില്‍ ആദ്യമായി വരുന്നത് 1952ല്‍ പുറത്തിറങ്ങിയ `അമ്മ ' എന്ന  സിനിമയിലാണ്.
                                                       പ്രതിഭാശാലിയായ ശ്രീ എം.എന്‍. നമ്പ്യാര്‍ 2008 നവംബര്‍ 19ന് അന്തരിച്ചു . അദ്ദേഹത്തിന്റെ സ്മരണകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .


2016, നവംബർ 17, വ്യാഴാഴ്‌ച

Orlando - Sea World ലെ Sea Lion Show

ഫ്ളോറിഡായിലെ Orlando പട്ടണത്തിലെ Sea World Marine Zoological Park ല്‍ ഉള്ള Sea Lion Show വളരെ കൗതുകരമാണ്. സമുദ്രത്തിലെ ഹിംസ്ര ജീവികളെ എത്ര അനായാസകരമായാണ് മനുഷ്യന്‍ മെരുക്കിയെടുക്കുന്നത്.



നവംബര്‍ 18. നോബല്‍ സമ്മാന ജേതാവ്- ശാസ്ത്രജ്ഞന്‍ George David Wald

ശാസ്ത്രജ്ഞനായ ജോര്‍ജ് ഡേവിഡ് വാള്‍ഡ് അമേരിക്കയില്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ 1906 നവംബര്‍ 18ന് ജനിച്ചു . പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ന്യൂയോര്‍ക്ക് സിറ്റി യൂണിവേഴ്സിറ്റിയില്‍ നിന്ന് സയന്‍സില്‍ ബിരുദമെടുത്തു. കൊളുംബിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് 1932ല്‍ സുവോളജിയില്‍ P hd. യെടുത്തശേഷം U S. National Rearch Council ന്റെ travel grant ലഭിച്ച അദ്ദേഹം ജര്‍മ്മനിയില്‍ പഠിക്കാന്‍ പോയി . അവിടെ വെച്ച്  ഗവേഷണ പഠനം നടത്തി , കണ്ണിന്റെ Retina യില്‍ Vitamin A ഉണ്ടെന്ന് തിരിച്ചറിഞ്ഞു. ഈ കണ്ടുപിടുത്തവും തുടര്‍ന്നുണ്ടായ കണ്ടുപിടുത്തങ്ങളും  വൈദ്യശാസ്ത്ര രംഗത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കി. 1934ല്‍ അദ്ദേഹം ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പ്രൊഫസര്‍ ആയി. 1950ല്‍ National Academy of Sciences ലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു . വൈദ്യശാസ്ത്രത്തിലെ അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളെ പരിഗണിച്ച് 1967ല്‍ അദ്ദേഹം നോബല്‍ സമ്മാനത്തിന് അര്‍ഹനായി. 1997ഏപ്രില്‍ 12ന് അദ്ദേഹം അന്തരിച്ചു . അദ്ദേഹത്തിന്റെ സ്മരണക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

2016, നവംബർ 16, ബുധനാഴ്‌ച

നവംബര്‍ 17. ദേശീയ പത്രപ്രവര്‍ത്തന ദിനം ( National Journalism Day )

സമൂഹത്തില്‍ നടക്കുന്ന സംഭവങ്ങളെ സത്യസന്ധമായി , ഒരു കണ്ണാടിയില്‍ എന്നപോലെ ,പകര്‍ത്തി ജനങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുന്നതിനെയാണല്ലോ പത്രപ്രവര്‍ത്തനം ( Journalism ) എന്നു പറയുക. അതിനുവേണ്ടി മാധ്യമങ്ങളായ പത്രങ്ങള്‍, റേഡിയോ, ഇന്റര്‍നെറ്റ് , ടിവി ചാനലുകള്‍, മൊബൈല്‍ഫോണ്‍ തുടങ്ങിയവ ഉപയോഗിക്കുന്നു. പക്ഷെ , ഇന്നത്തെ കാലഘട്ടത്തില്‍ പത്രപ്രവര്‍ത്തകര്‍ ഓരോരൊ പക്ഷം പിടിക്കുന്നതായി കാണുന്നു. യഥാര്‍ത്ഥത്തില്‍ , ശരിയായ ജെര്‍ണലിസ്റ്റുകള്‍ പക്ഷമില്ലാത്തവരുടെ പക്ഷം ചേരേണ്ടവരല്ലേ?. സമൂഹത്തിന് നന്മയുണ്ടാകുന്ന രീതിയില്‍, സമൂഹത്തെ ശരിയായ ദിശയില്‍ നയിക്കുന്ന രീതിയില്‍ , സധൈര്യം എഴുതുവാന്‍ തയ്യാറാകുന്നവരല്ലെ ശരിയായ പത്രപ്രവര്‍ത്തകര്‍?. ശരിയായ പത്രപ്രവര്‍ത്തനം എന്തെന്ന് ഇൗ പത്രപ്രവര്‍ത്തന ദിനത്തിലെങ്കിലും മാധ്യമങ്ങളും മാധ്യമ പ്രവര്‍ത്തകരും ചിന്തിക്കേണ്ടിയിരിക്കുന്നു. ഓരോ മാധ്യമങ്ങളും അവരവരുടെ താല്പര്യമനുസരിച്ച് വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ അത് വായിക്കുന്ന അല്ലെങ്കില്‍ കേള്‍ക്കുന്ന ജനം വരികളിലൂടെയല്ലാ , വരികള്‍ക്കിടയിലൂടെ വായിക്കുവാന്‍ നിര്‍ബന്ധിതരാകുന്നു. അതോടൊപ്പം , മാധ്യമങ്ങളുടേയും മാധ്യമ  പ്രവര്‍ത്തകരുടേയും വിശ്വാസ്യത നഷ്ടപ്പെടുന്നു.

                                                                       എല്ലാ വര്‍ഷവും ഇന്ത്യയില്‍ നവംബര്‍ 17 , ദേശീയ പത്രപ്രവര്‍ത്തന ദിനമായി ആഘോഷിക്കുന്നു. സമൂഹത്തെ രൂപപ്പെടുത്തുന്നതില്‍ മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഉള്ള പങ്കിനെകുറിച്ച് ചിന്തിക്കുകയും , അതോടൊപ്പം , സംസാരിക്കുന്നതിനും ചിന്തിക്കുന്നതിനും ഉള്ള  സ്വാതന്ത്രൃത്തെ സംരക്ഷക്കുന്നതിനുവേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുവാന്‍ ഈ ദിനാചരണം കൊണ്ട് സാധിക്കണം. രാജ്യത്തിലെ ജനങ്ങളുടെ സമാധാനത്തിനും സാഹോദര്യത്തിനും വേണ്ടി നിലകൊണ്ടുകൊണ്ട് , അവ സംരക്ഷിക്കുന്നതില്‍ ഒരു നിര്‍ണ്ണായക പങ്ക് വഹിക്കുവാന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കണം . ജനാധിപത്യ രാജ്യങ്ങളില്‍, ജനാധിപത്യ സംരക്ഷണത്തിന്റെ 4th estate ആയി മാധ്യമങ്ങള്‍ അറിയപ്പെടുന്നു. നിയമ നിര്‍മ്മാണം , നിയമ പരിപാലനം, ജുഡീഷ്യറി (Legilature , Executive , Judiciary )എന്നീ ജനാധിപത്യത്തിന്റെ മൂന്ന് നെടുംതൂണുകള്‍ക്കൊപ്പം ജനാധിപത്യം സംരക്ഷിക്കുന്നതിന് നാലാം തൂണായി മാധ്യമങ്ങള്‍ നിലനില്‍ക്കുന്നു. എപ്പൊഴൊക്കെ ജനാധിപത്യ ധ്വംസനം നടക്കുന്നുവോ അപ്പോഴൊക്കെ മാധ്യമങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുകയും അവയെ ചെറുക്കുകയും ചെയ്യുന്നു .

                                                                     എല്ലാവര്‍ക്കും ദേശീയ പത്രപ്രവര്‍ത്തന ദിനത്തിന്റെ ( National Journalism Day ) നന്മകള്‍ നേരുന്നു.

2016, നവംബർ 15, ചൊവ്വാഴ്ച

Sea World - അമ്യൂസ്മെന്റ് പാര്‍ക്കിലെ കാഴ്ചകള്‍ .

ഫ്ളോറിഡായിലെ Orlando യിലുള്ള Sea World മറൈന്‍ സുവോളജിക്കല്‍ പാര്‍ക്കിലെ അക്വേറിയം, Shark under world Grill, Water flume Ride (Boat ride ) തുടങ്ങിയവ കാണാന്‍ കൗതുകകരമാണ്.