.......................................................................
ജൂലൈ 3. ഭാരതത്തിന്‍റെ അപ്പസ്തോലനായ വി. തോമാശ്ലീഹയുടെ ഓര്‍മ്മ തിരുനാള്‍. ഈശോയുടെ പന്ത്രണ്ട് ശിഷ്യന്മാരില്‍ ഒരുവനായ തോമാശ്ലീഹയെപ്പറ്റി വിശദമായിട്ടൊന്നും വിശുദ്ധ ഗ്രന്ഥമായ ബൈബിളില്‍ പറഞ്ഞിട്ടില്ല. നാല് സന്ദര്‍ഭങ്ങളിലാണ് വിശുദ്ധനെപ്പറ്റി പ്രതിപാദിക്കുന്നത്. അസാമാന്യ ധൈര്യമുള്ളവനായും നന്മ ചെയ്യുന്നതിന് മറ്റുള്ളവരെ പ്രേരിപ്പിക്കുന്നവനായും കാണുന്നുണ്ട് യേശു ലാസറിനെ ഉയിര്‍പ്പിക്കുന്ന സന്ദര്‍ഭത്തില്‍. തന്‍റെ സ്നേഹിതനായ ലാസര്‍ മരിച്ചുവെന്നറിഞ്ഞപ്പോള്‍ യേശു തനിക്ക് ഏറെ ശത്രുക്കളുള്ള, ലാസറിന്‍റെ നാടായ യൂദയായിലേക്ക് പോകുവാനൊരുങ്ങുമ്പോള്‍ ശിഷ്യര്‍ അദ്ദേഹത്തെ തടയുന്നു. അപ്പോള്‍ `` നമുക്കും അവനോടൊപ്പം പോയി മരിക്കാം'' എന്നുപറഞ്ഞുകൊണ്ട് മറ്റ് ശിഷ്യര്‍ക്ക് ധൈര്യം കൊടുത്തുകൊണ്ട് യൂദയായിലേക്ക് പോകുവാന്‍ പ്രേരിപ്പിക്കുന്ന തോമാശ്ലീഹയെ( യോഹ. 11: 16 )കാണാം.
സ്വര്‍ഗ്ഗസ്ഥനായ പിതാവിലേക്കുള്ള വഴി നിങ്ങള്‍ക്കറിയാമെന്ന് യേശു തന്‍റെ ശിഷ്യരോട് പറയുമ്പോള്‍ വഴിയറിയാതെ നിഷ്കളങ്കതയോടും ബഹുമാനപൂര്‍വ്വവും സംശയിച്ചുനില്‍ക്കുന്ന തോമാശ്ലീഹയോട് വഴിയും സത്യവും ജീവനും താനാണെന്നും തന്നിലൂടെയല്ലാതെ ആരും പിതാവിന്‍റെ അടുക്കലേക്ക് വരുന്നില്ലായെന്നും യേശു പറയുവാന്‍ സാഹചര്യമുണ്ടാക്കുന്ന തോമാശ്ലീഹയെ കാണുന്നു വേറൊരിടത്ത്( യോഹ. 14: 4- 6).
ഉയിര്‍ത്തെഴുന്നേറ്റ യേശുനാഥന്‍ ശിഷ്യര്‍ക്ക് പ്രത്യക്ഷപ്പെട്ട സന്ദര്‍ഭത്തില്‍ അവിടെ ഇല്ലാതിരുന്നതുമൂലം തനിക്കുമാത്രം കാണാന്‍ സാധിക്കാത്തതുകൊണ്ട് വിഷമിച്ച് അതിയായി ആഗ്രഹിക്കുകയും അതിനായി ശാഠ്യം പിടിക്കുകയും യേശുവിനെ കണ്ടപ്പോള്‍ ``എന്‍റെ കര്‍ത്താവെ, എന്‍റെ ദൈവമേ''എന്ന് ഏറ്റുപറയുകയും ചെയ്തുകൊണ്ട് യേശുവിനെ ദൈവമായി അംഗീകരിക്കുവാന്‍ നമ്മെ പഠിപ്പിക്കുന്നു തോമാശ്ലീഹ മറ്റൊരിടത്ത്(യോഹ. 20: 27- 28).
മീന്‍ പിടിക്കാന്‍ പോയി ഒന്നുംകിട്ടാതെ നിരാശപ്പെടുന്ന പത്രോശ്ലീഹയുടെകൂടെ തോമാശ്ലീഹ വഞ്ചിയില്‍ ഇരിക്കുമ്പോള്‍ യേശു പ്രത്യക്ഷപ്പെടുന്നതും യേശു പറഞ്ഞതനുസരിച്ച് വള്ളത്തിന്‍റെ വലതുവശത്ത് വലയെറിയുന്നതും വല നിറയെ മത്സ്യം കിട്ടുന്നതും യേശു അവരുടെ കൂടെ ഭക്ഷണം കഴിക്കുന്നതും പത്രോശ്ലീഹായെ സഭയെ നയിക്കുവാന്‍ നിയോഗിക്കുന്നതുമായ സന്ദര്‍ഭത്തിലും തോമാശ്ലീഹായെക്കുറിച്ച് ബൈബിളില്‍ പ്രതിപാദിക്കുന്നുണ്ട്( യോഹ. 21: 1- 7).
തോമാശ്ലീഹയെക്കുറിച്ച് നാം കൂടുതല്‍ അറിയുന്നത് പരമ്പരാഗതമായ വിശ്വാസങ്ങളിലൂടേയും ഐതിഹ്യങ്ങളിലൂടേയും ചരിത്രകാരന്മാര്‍ പിന്നീട് എഴുതിയതിലൂടെയുമാണ്. യൂദയ രാജ്യത്ത് ഗലീലി എന്ന സ്ഥലത്താണ് അദ്ദേഹം ജനിക്കുന്നത്. അദ്ദേഹത്തിന്‍റെ മാതാപിതാക്കള്‍ യഹൂദരും വളരെ പാവപ്പെട്ടവരുമായിരുന്നു. സല്‍സ്വഭാവിയും സത്യസന്ധനും ദൈവഭക്തനുമായ അദ്ദേഹം യേശുവിന്‍റെ പ്രബോധനങ്ങളിലും പ്രസംഗങ്ങളിലും ആകൃഷ്ടനായി യേശുവിന്‍റെ ശിഷ്യനായിതീര്‍ന്നു. യേശുവിന്‍റെ മരണത്തിനും ഉയിര്‍പ്പിനുംശേഷം പരിശുദ്ധാത്മാവിന്‍റെ പ്രവര്‍ത്തനത്താല്‍ സുവിശേഷവേലക്കായി അനേകം മതവിശ്വാസങ്ങള്‍ നിലനിന്നിരുന്ന ഭാരതം ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലേക്ക് നിയോഗിക്കപ്പെടുകയാണ്. ഭാരത യാത്രക്കു മുന്‍പ്തന്നെ അദ്ദേഹം പേര്‍ഷ്യ, മെദിയ തുടങ്ങിയ പല രാജ്യങ്ങളിലും സുവിശേഷവേല നടത്തി ക്രിസ്തു മത വിശ്വാസികളാക്കി.
അറേബ്യന്‍ രാജ്യങ്ങളില്‍ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോള്‍ ഹബാന്‍ എന്നു പേരായ ദക്ഷിണ ഭാരതത്തിലെ ചോഴരാജാവിന്‍റെ മന്ത്രിയുമായി പരിചയപ്പെടാന്‍ ഇടയായി. ചോഴരാജാവിന് അതിവിശിഷ്ടമായ അരമന പണിയുന്നതിന് ശില്പകലാകാരന്മാരെ സംഘടിപ്പിക്കുന്നതിനുവേണ്ടിയാണ് ഹബാന്‍ അവിടെ എത്തിയത്. താന്‍ ഒരു ശില്പിയായിരുന്നില്ലെങ്കിലും സുഹൃത്തായിതീര്‍ന്ന ഹബാനോടൊപ്പം കപ്പല്‍ കയറി തോമാശ്ലീഹ ഭാരതത്തിലേക്ക് പുറപ്പെട്ടു. ഇന്നത്തേപ്പോലെ ആധുനിക സജ്ജീകരണങ്ങള്‍ ഇല്ലാതിരുന്ന കപ്പല്‍ പക്ഷെ എത്തിപ്പെടുന്നത് ചേരരാജ്യത്തിന്‍റെ തലസ്ഥാനമായ കൊടുങ്ങല്ലൂരിലായിരുന്നു. എ.ഡി. 52ല്‍ ആയിരുന്നു തോമാശ്ലീഹ അവിടെ എത്തിയത്. ചേരരാജ്യാധിപന്‍ പെരുമാള്‍ അദ്ദേഹത്തെ ആദരിക്കുകയും രാജസന്നിധിയില്‍ സ്വീകരിക്കുകയും ചെയ്തു.
കുറച്ചുനാള്‍ കൊടുങ്ങല്ലൂരില്‍ താമസിച്ച് സുവിശേഷ വേലചെയ്തതിനുശേഷം ശ്ലീഹ ഹബാനോടൊപ്പം ചോഴരാജാവിന്‍റെ സന്നിധിയിലെത്തി. രാജാവ് അദ്ദേഹത്തെ സ്വീകരിച്ച് അരമന പണിയുന്നതിനായി വലിയൊരു തുക അനുവദിച്ചു. പക്ഷെ ആ തുകയത്രയും ശ്ലീഹ പാവപ്പെട്ടവര്‍ക്കായി ചിലവഴിച്ചുവെന്നാണ് ഐതിഹ്യം. ഏതാനുംമാസം ചോഴനാട്ടില്‍ സുവിശേഷ വേലക്കുശേഷം അദ്ദേഹം ഉത്തരേന്ത്യയിലേക്കും അവിടെനിന്ന് ചൈനയിലേക്കും യാത്രചെയ്ത് യേശുവിന്‍റെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച് വീണ്ടും ചോഴനാട്ടിലെത്തി. ഈ അവസരത്തില്‍ കൊടുങ്ങല്ലൂര്‍ രാജാവ് തന്‍റെ മരുമകനെ അയച്ച് ശ്ലീഹായെ കൊടുങ്ങല്ലൂര്‍ക്ക് ക്ഷണിക്കുകയും അദ്ദേഹം വീണ്ടും കൊടുങ്ങല്ലൂര്‍ എത്തുകയും ചെയ്തു. സുവിശേഷ പ്രസംഗങ്ങളില്‍ ആകൃഷ്ടനായി പെരുമാള്‍ രാജാവ് കുടുംബസമേതം ക്രിസ്തുമതം സ്വീകരിച്ചു. രാജാവ് അന്ത്രയോസ് എന്ന പേര് സ്വീകരിച്ചു. ഭക്തനും വിവേകിയുമായ രാജാവിന്‍റെ ഒരു മരുമകന് ശ്ലീഹ പൗരോഹിത്യ പദവി നല്‍കുകയും കേപ്പയെന്ന് നാമകരണം ചെയ്യുകയുംചെയ്തു. അനേകം ആളുകള്‍ ക്രിസ്തുമതം സ്വീകരിക്കുകയും അവര്‍ക്കുവേണ്ടി ശ്ലീഹ വൈദികരെ വാഴിക്കുകയുംചെയ്തു.
കേരളത്തില്‍ ഏഴ് പള്ളികള്‍ ശ്ലീഹ സ്ഥാപിച്ചുവെന്നാണ് പാരമ്പര്യ വിശ്വാസം. കൊടുങ്ങല്ലൂര്‍, കൊല്ലം, നിരണം, ചായല്‍, കോക്കമംഗലം, കൊട്ടക്കാവ്, പാലയൂര്‍ എന്നീ സ്ഥലങ്ങളിലാണ് ആ ഏഴ് പള്ളികള്‍.
അതിനുപുറമെ കന്യാകുമാരിക്കടുത്ത് തിരുവിതാംകോട് അര പള്ളിയും പണിതതായി വിശ്വാസിക്കപ്പെടുന്നു.
മലമ്പ്രദേശങ്ങളിലൂടെ അദ്ദേഹം യാത്രചെയ്ത് മലയാറ്റൂരില്‍ എത്തിച്ചേര്‍ന്നു. മതവിശ്വാസികള്‍ കൂടുന്നതിനൊപ്പം അദ്ദേഹത്തിന് ശത്രുക്കളും കൂടിവന്നു. തോമാശ്ലീഹ മലയാറ്റൂര്‍ മലമുകളിലെ പാറപ്പുറത്ത് മുട്ടിന്മേല്‍നിന്ന് പ്രാര്‍ത്ഥിക്കുകയും സ്വന്തം കൈവിരല്‍കൊണ്ട് കുരിശടയാളം വരക്കുകയുയുംചെയ്തു. പിന്നീട് ആ സ്ഥലത്ത് സ്വര്‍ണ്ണക്കുരിശ് പ്രത്യക്ഷപ്പെട്ടുവെന്ന് പറയപ്പെടുന്നു. ലക്ഷക്കണക്കിന് വിശ്വാസികള്‍ കൊല്ലംതോറും മലയാറ്റൂര്‍ മല മുത്തപ്പനായ തോമാശ്ലീഹായെ വണങ്ങി പ്രാര്‍ത്ഥിക്കുവാന്‍ മലയാറ്റൂര്‍ എത്തിച്ചേരുന്നു.
കേരളത്തിലെ സുവിശേഷ വേല പൂര്‍ത്തിയാക്കി ശ്ലീഹ പാണ്ടിദേശം എന്നറിയപ്പെടുന്ന ഇന്നത്തെ തമിഴ്നാട്ടിലേക്ക് തിരിച്ചു. അവിടെ മൈലാപ്പൂരിനടുത്തുള്ള ചിന്നമലയില്‍ അദ്ദേഹം സ്ഥാപിച്ച കുരിശിന്‍ ചുവട്ടില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ ശത്രുക്കള്‍ കുന്തംകൊണ്ട് കുത്തി അദ്ദേഹത്തെ കൊലപ്പെടുത്തി. എ.ഡി. 72 ജൂലൈ 3ന് ആയിരുന്നു അദ്ദേഹം വധിക്കപ്പെട്ടത്.
തമിഴ്നാട്ടിലെ ചെന്നൈയില്‍നിന്ന് 14കിലോമീറ്റർ അകലെയായി ഗിണ്ടി മേൽപ്പാലത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ദേവാലയമാണ് സെന്‍റ് തോമസ് മൗണ്ട് ദേവാലയം. എ.ഡി. 52-ൽ ഭാരതത്തിലെത്തിയ തോമാശ്ലീഹ എ.ഡി. 72-ൽ ഈ മലയിലാണ് രക്തസാക്ഷിത്വം വരിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ചെങ്കൽപ്പേട്ട് രൂപതയുടെ കീഴിലാണ് ഈ ദേവാലയം സ്ഥിതിചെയ്യുന്നത്. ഇതൊരു ദേശീയ തീർത്ഥാടനകേന്ദ്രവുമാണ്. 2011-ലാണ് സെന്റ് തോമസ് മൗണ്ടിനെ ദേശീയ തീർത്ഥാടനകേന്ദ്രമായി പ്രഖ്യാപിച്ചത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ