2021, ഫെബ്രുവരി 15, തിങ്കളാഴ്‌ച
തൊപ്പിക്കിളി - ക്ഷണിക്കാതെ വന്ന അതിഥി
ക്ഷണിക്കാതെ വന്ന അതിഥി. തൊപ്പിക്കിളി!.
തിരുമുടിക്കുന്ന് പള്ളിയിലെ തിരുനാൾ ദിവസം ക്ഷണിക്കാതെ വീട്ടിൽ കയറിവന്ന അതിഥിയെ കണ്ടപ്പോൾ തെല്ലൊന്ന് അമ്പരന്നു. ടി.വി.യിൽ ന്യൂസ് കണ്ടു കൊണ്ടിരിക്കുമ്പോൾ ജനൽച്ചില്ലിൽ വന്നിരുന്നാണ് സാന്നിദ്ധ്യം അറിയിച്ചത്. തൊപ്പിക്കിളി!. തൊട്ടടുത്തിരിക്കുന്ന അക്വേറിയത്തിലെ മീനുകളെ കാണാൻ വന്നതായിരിക്കുമൊ? ഡൽഹിയിൽ കർഷക പ്രക്ഷോഭം നടന്നുകൊണ്ടിരിക്കുന്നത് ടി.വി.യിൽ കണ്ടുകൊണ്ടിരിക്കുമ്പോഴാണ് അതിഥിയുടെ വരവ്. എന്തായാലും കണ്ടപ്പോൾ നല്ല ഭംഗി തോന്നി. ഭക്ഷണമായി അരിമണികൾ കൊടുത്തെങ്കിലും അടുത്തു വരാൻ കൂട്ടാക്കുന്നില്ല. പരിസരം നോക്കിയപ്പോൾ അതാ അടുത്തുള്ള ചെടിയുടെ ഇലകളുടേയും കൊമ്പുകളുടേയും ഇടയിലായി തൊപ്പിക്കിളികളുടെ കൂട്. വളരെ കൗതുകവും ഒപ്പം അത്ഭുതവും തോന്നി. എത്ര മനോഹരമായി, സുരക്ഷിതമായിട്ടാണ് കൂടൊരുക്കിയിരിക്കുന്നത്.! പച്ചിലക്കമ്പുകളും ഉണങ്ങിയ പുല്ലും ഒക്കെ കൊണ്ടുവന്ന് ഇണക്കിളികള്‍ കൂടൊരുക്കിയിരിക്കുന്നു. ദിവസന്തോറും എൻ്റെ നീരീക്ഷണവും തുടങ്ങി.
പിന്നീട് മുട്ടയിട്ട്, അടയിരുന്ന്, കുഞ്ഞുങ്ങളുണ്ടായി. അവ പറക്കമുറ്റാറാകുമ്പോഴേക്ക് മാസം രണ്ട് പിന്നിടും. 'റെഡ് വൈസ്‌ക്കെര്‍ഡ് ബേര്‍ഡ്' എന്നാണ് തൊപ്പിക്കിളികളുടെ ശാസ്ത്രീയ നാമം. 6-7 ഇഞ്ചു വലിപ്പം, ദേഹത്തിന്റെ മുകൾഭാഗമെല്ലാം കടും തവിട്ടു നിറം, അടിഭാഗം വെള്ള, തലയിൽ കറുത്ത ഒരു ശിഖ, കവിളിൽ കണ്ണിനു തൊട്ടു താഴെ ഒരു ചുവന്ന പൊട്ടും അതിനു താഴെ ഒരു വെളുത്ത പൊട്ടും. കഴുത്തിനു താഴെ മാറിനു കുറുകെ മാല പോലെ തവിട്ടു നിറം. വളർച്ചയെത്താത്ത കുഞ്ഞുങ്ങൾക്ക് കവിളിലെ ചുവന്ന പൊട്ടു കാണാറില്ല. മറ്റു ബുൾബുളുകളെ പോലെ തന്നെ കേൾക്കാൻ ഇമ്പമുള്ള പലതരം ശബ്ദങ്ങൾ പുറപ്പെടുവിക്കാറുണ്ട്.
ഇണകളായും ചെറു കൂട്ടങ്ങളായും കാണപ്പെടുന്നു. പഴങ്ങളും ചെറുകീടങ്ങളും ആഹാരം. രാക്കിളിയെന്നും ചിലർ വിളിക്കാറുണ്ട്.
എല്ലാ ദിവസവും, ചെടിയുടെ കൊമ്പുകൾക്കും ഇലകൾക്കുമിടയിലായി ഉണ്ടാക്കിയിരിക്കുന്ന കൂട്ടിൽ പോയി നോക്കും. രണ്ടു മുട്ടകൾ വിരിയാനായി തളളക്കിളി അടയിരിക്കുന്നു. കുറച്ചു ദിവസങ്ങൾക്കു ശേഷം ആ മുട്ടകൾ വിരിഞ്ഞു. രണ്ടു കുഞ്ഞു കിളികൾ. നാലഞ്ചു ദിവസത്തിനുശേഷം എൻ്റെ ശല്യം സഹിക്കാതെയാവണം അവർ കൂടുപേക്ഷിച്ച് പോയ്ക്കളഞ്ഞു. എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയോടെ ഞാൻ കാത്തിരിക്കുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ