.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2021, ഏപ്രിൽ 18, ഞായറാഴ്‌ച

കൊരട്ടിയുടെ കാരണവർ വറുതുണ്ണി വല്ല്യപ്പൻ ഇനി ഓർമ്മകളിൽ.......

 






കൊരട്ടിയുടെ കാരണവര്‍ വറുതുണ്ണി വല്ല്യപ്പന്  നാടിന്‍റെ യാത്രാമൊഴി

........................................................................
കൊരട്ടി: 107വയസിന്‍റെ നിറവില്‍ കൊരട്ടിയുടെ കാരണവരായി മാറിയ തിരുമുടിക്കുന്ന് വാലുങ്ങാമുറിയിലെ കണ്ടംകുളത്തി വറുതുണ്ണി വല്ല്യപ്പന് നാടിന്‍റെ യാത്രാമൊഴി.18- 04-2021 ഞായറാഴ്ച വെളുപ്പിനായിരുന്നു അന്ത്യം. തിരുമുടിക്കുന്നിലെ കർഷക കുടുംബത്തിൽ കണ്ടംകുളത്തി ഔസേപ്പിൻ്റേയും ചെര്‍ച്ചിയുടേയും മകനായി ജനിച്ച അദ്ദേഹം ദീപിക ദിനപത്രത്തിന്‍റെ സഹയാത്രികനായിരുന്നു.  മുടങ്ങാതെ അദ്ദേഹം  ദീപിക ദിനപത്രം വായിച്ചിരുന്നു. മഴയെ ആശ്രയിച്ചുമാത്രം നെല്‍കൃഷി ചെയ്തിരുന്ന പണ്ടുകാലത്ത് ഇഞ്ചിപുല്ല് കൃഷിയാണ് വ്യാപകമായി ചെയ്തിരുന്നതെന്നും പേപ്പര്‍ വന്നാല്‍ ഇഞ്ചിപ്പുല്‍ തൈലത്തിന്റെ വിലയാണ് അക്കാലത്ത്  ആദ്യം നോക്കുകയെന്നും അദ്ദേഹം പറയാറുണ്ട്. കൊരട്ടി, ചാലക്കുടി പ്രദേശത്തിന്‍റെ മുഖഛായ മാറ്റിയ തുമ്പൂര്‍മുഴി റിവര്‍ ഡൈവേര്‍ഷന്‍ പദ്ധതി നടപ്പിലാക്കാന്‍ ശ്രമിച്ച പനമ്പിള്ളി ഗോവിന്ദമേനോനെ പോലെയുള്ള നിസ്വാർത്ഥരായ രാഷ്ട്രീയക്കാരെക്കുറിച്ചുള്ള വാർത്തകൾ ദീപികയിൽ വന്നത് അദ്ദേഹം ഓർമ്മിച്ചെടുക്കാറുണ്ട്. ദീപിക പത്രവും കർഷകൻ മാസികയും അദ്ദേഹം മുടങ്ങാതെ വീട്ടില്‍ വരുത്തി വായിക്കാറുണ്ടായിരുന്നു. 2015ൽ തിരുമുടിക്കുന്ന് ഇടവകയിൽ ദീപിക ഫ്രണ്ട്സ് ക്ലബ്ബ് രൂപികരിച്ചപ്പോൾ അന്നത്തെ വികാരി ഫാ.പോൾ ചുള്ളിയോടൊപ്പം ദീപിക പ്രചരിപ്പിക്കുന്നതിൽ അതിയായ താല്പര്യം കാണിച്ചിരുന്നു.

                   വറുതുണ്ണി വല്ല്യപ്പന്‍റെ നൂറാം പിറന്നാള്‍ ആഘോഷത്തിന് എം.എല്‍.എ.യും ജനപ്രതിനിധികളുമടക്കം ഒരു വലിയ ജനാവലി എത്തിയിരുന്നു. 2018ൽ കാർഷിക പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ട് ദീപിക പ്രണ്ട്സ് ക്ലബ്ബ് കാസർഗോഡ് മുതൽ തിരുവനന്തപുരംവരെ നയിച്ച കർഷക ജാഥ മുരിങ്ങൂർ എത്തിയപ്പോൾ വറുതുണ്ണി വല്യപ്പനും അതിൽ പങ്കാളിയായി. ബൈബിളും പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും കണ്ണടയില്ലാതെ വായിച്ചുപോന്ന നാട്ടുകാരുടെ വറുതുണ്ണി വല്ല്യപ്പന്‍ നാടിന്‍റെ പൊതുപരിപാടികളിലും സജീവ സാന്നിധ്യമായിരുന്നു. പഴയകാല സ്മരണകള്‍ പുതിയ തലമുറയുമായി പങ്കുവയ്കുവാന്‍ അതീവ താല്പര്യം കാട്ടിയിരുന്ന ഇദ്ദേഹം മറ്റുള്ളവരെ മാനിക്കാനും സഹായിക്കുവാനും ശ്രദ്ധ പുലര്‍ത്തിയിരുന്നു. തിരുമുടിക്കുന്ന് പള്ളിയിലെ മുന്‍കൈക്കാരനായിരുന്ന വറുതുണ്ണി വല്ല്യപ്പന്‍ അടിയുറച്ച ദൈവവിശ്വാസിയായിരുന്നു.

             വാര്‍ദ്ധക്യസഹജമായ അസുഖത്താല്‍ കിടപ്പിലാകുന്നതിന് മുന്‍പ് എല്ലാ ദിവസവും രാവിലെ നടന്ന് പള്ളിയില്‍ വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കെടുക്കുവാന്‍ പോകുമായിരുന്ന വറുതുണ്ണി വല്ല്യപ്പന്‍റെ വേര്‍പാടോടെ കൊരട്ടിക്ക് നഷ്ടപ്പെടുന്നത് വാത്സല്യനിധിയായ കാരണവര്‍ എന്നതിലുപരി ഒരു നൂറ്റാണ്ടിന്‍റെ കയ്പും മധുരവുമുള്ള ജീവിതാനുഭവങ്ങള്‍ പകര്‍ന്നു നല്‍കി യ ഒരു മനുഷ്യസ്നേഹിയെയാണ്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ