.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2018, ഒക്‌ടോബർ 7, ഞായറാഴ്‌ച

മാധ്യമ വിചാരണ- കുരുടന്‍ ആനയെ കാണുന്നപോലെ

ഈ ലോകത്തുള്ളതും അപ്പുറത്തുള്ളതുമായ എല്ലാ കാര്യങ്ങളും ഞങ്ങള്‍ക്കറിയാം എന്നമട്ടില്‍ ചില മാധ്യമ പ്രവര്‍ത്തകരും ചാനല്‍ തൊഴിലാളികളും വാര്‍ത്തകള്‍ അവതരിപ്പിക്കുന്നത് കാണുമ്പോള്‍ സഹതപിക്കുകയല്ലാതെ എന്തുചെയ്യുവാന്‍ കഴിയും? ചില വിഭാഗം ജനങ്ങളുടെ അടിസ്ഥാന വിശ്വാസപ്രമാണങ്ങളെ ദുഷ്ടലാക്കോടെ ആക്ഷേപിക്കുന്ന ഒരു പ്രവണത ഈ അടുത്തകാലത്തായി ചില മാധ്യമങ്ങളില്‍ കണ്ടുവരുന്നു. ആശയങ്ങള്‍ പ്രചരിപ്പിക്കുന്നത് മൗലീക അവകാശമാണ്. പക്ഷെ, അത് മറ്റുള്ളവരുടെ അവകാശത്തെ ഹനിക്കുന്ന രീതിയിലാകരുത്. സന്യാസിനികളെ കൂട്ടിലടച്ച പക്ഷികളായും സന്യാസ മഠങ്ങളെ തടവറകളായും ചിത്രീകരിച്ചുകൊണ്ട് അനുസരണം അടിമത്തമാണെന്നും വരുമാനമില്ലെങ്കില്‍ സന്യാസിനികള്‍ സംത്റ്പ്തര്‍ അല്ലെന്നും പ്രചരിപ്പിച്ചുകൊണ്ട് സമര്‍പ്പിത ജീവിതത്തെ അവഹേളിക്കുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ ക്രൂരമാണ്. പ്രതിഫലേഛ കൂടാതെ ജാതിമത പരിഗണനകള്‍ക്കപ്പുറത്ത് രാപ്പകല്‍ ശുശ്രൂഷചെയ്യുന്ന ആയിരക്കണക്കിന് സന്യസ്തരേയും വിശ്വാസികളേയും സമൂഹമധ്യത്തില്‍ ഇകഴ്ത്തിക്കാണിക്കുവാനുള്ള ബോധപൂര്‍വ്വമായ ശ്രമം നടന്നുവരികയാണ്. എന്താണ് കത്തോലിക്കാസഭ, എന്താണ് സന്യാസം എന്നിവയെക്കുറിച്ചൊന്നും ആധികാരികമായി പഠിക്കാതെ , കുരുടന്‍ ആനയെ കാണുന്നതുപോലെ, തോന്നുന്നത് പ്രചരിപ്പിക്കുകയാണ് ചില മാധ്യമങ്ങള്‍. മാധ്യമ ധര്‍മ്മത്തിന്‍റെ അടിസ്ഥാന തത്വങ്ങള്‍പോലും അവഗണിച്ചുകൊണ്ട്, ബിസിനസ്സ് താല്പര്യങ്ങള്‍ക്കുവേണ്ടിയും റേറ്റിങ്ങ് ഉയര്‍ത്തി മാധ്യമ സ്ഥാപനങ്ങള്‍ നിലനിര്‍ത്താന്‍വേണ്ടിയുമുള്ള ഈ മത്സരത്തില്‍ അവഹേളിക്കപ്പെടുന്നത്, മുറിവേല്‍ക്കപ്പെടുന്നത്, ഒരു ജനതയുടെ വിശ്വാസപ്രമാണങ്ങളാണ്. സത്യം മനസ്സിലാക്കി ഇനിയെങ്കിലും കത്തോലിക്കാസഭയെ അവഹേളിക്കുന്ന തരത്തിലുള്ള മാധ്യമ വിചാരണകളില്‍നിന്ന് മാധ്യമങ്ങള്‍ മാറിനില്‍ക്കണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ