2020, ഏപ്രിൽ 7, ചൊവ്വാഴ്ച
പെസഹ വ്യാഴം ഓര്‍മ്മപ്പെടുത്തുന്നത്
പെസഹവ്യാഴം
യേശുക്രിസ്തു തന്‍റെ കുരിശു മരണത്തിന് മുമ്പ് പന്ത്രണ്ട് ശിഷ്യന്മാര്‍ക്കുമൊപ്പം അന്ത്യ അത്താഴം കഴിച്ചത് അനുസ്മരിച്ചുകൊണ്ടാണ് ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ പെസഹ വ്യാഴം ആചരിക്കുന്നത്.
അത്താഴത്തിനിടയില്‍ യേശു ഒരു താലത്തില്‍ വെള്ളമെടുത്ത് ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകുകയും അരയില്‍ ചുറ്റിയ തൂവാലകൊണ്ട് തുടക്കുകയും പാദങ്ങള്‍ ചുംബിക്കുകയും ചെയ്തു. തുടര്‍ന്ന് മേലങ്കി ധരിച്ച് സ്വസ്ഥാനത്തിരുന്ന് ശിഷ്യരോട് പറഞ്ഞു ``നിങ്ങളെന്നെ ഗുരുവെന്നും കര്‍ത്താവെന്നും വിളിക്കുന്നു. അതു ശരിതന്നെ, ഞാന്‍ ഗുരുവും കര്‍ത്താവുമാണ്. നിങ്ങളുടെ ഗുരുവും കര്‍ത്താവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍ നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകണം. നിങ്ങള്‍ക്ക് ഞാന്‍ മാതൃക തന്നിരിക്കുന്നു. ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കണം”
പരിശുദ്ധ കുർബാന സ്ഥാപിക്കല്‍, ക്രിസ്തീയ പൗരോഹിത്യം സ്ഥാപിക്കല്‍ എന്നിവയും പെസഹ വ്യാഴ തിരുക്കര്‍മ്മങ്ങളില്‍ അനുസ്മരിക്കുന്നുണ്ട്.
`` അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശു അപ്പമെടുത്ത് ആശീര്‍വദിച്ച് മുറിച്ച് ശിഷ്യന്മാര്‍ക്ക് കൊടുത്തുകൊണ്ട് അരുളിച്ചയ്തു: വാങ്ങി ഭക്ഷിക്കുവിന്‍, ഇതെന്‍റെ ശരീരമാണ്. അനന്തരം പാനപാത്രമെടുത്ത് കൃതജ്ഞതാസ്തോത്രംചെയ്ത് അവര്‍ക്ക് കൊടുത്തുകൊണ്ട് പറഞ്ഞു: നിങ്ങളെല്ലാവരും ഇതില്‍നിന്ന് പാനം ചെയ്യുവിന്‍. ഇതു പാപമോചനത്തിനായി അനേകര്‍ക്കുവേണ്ടി ചിന്തപ്പെടുന്നതും ഉടമ്പടിയുടേതുമായ എന്‍റെ രകതമാണ് ''( മത്തായി 26: 26- 28 ).
`` എന്‍റെ ഓര്‍മ്മക്കായി ഇത് ചെയ്യുവിന്‍'' എന്ന് ശിഷ്യരോട് ആവശ്യപ്പെടുന്നുണ്ട് യേശുനാഥന്‍(ലൂക്ക 22: 19).
പെസഹ എന്ന വാക്കിന്‍റെ അര്‍ത്ഥം കടന്നുപോക്ക് എന്നാണ്. ഈജിപ്തിലുണ്ടായിരുന്ന ഇസ്രയേല്‍ ജനതയുടെ കടിഞ്ഞൂല്‍ പുത്രന്‍മാരെ മരണദൂതനില്‍ നിന്നും ദൈവം രക്ഷിച്ചതിന്റെ ഓര്‍മ്മയായിട്ടായിരുന്നു പഴയ ഇസ്രായേല്‍ ജനത പെസഹാ ആചരിച്ചിരുന്നത്. എന്നാല്‍ യേശു പെസഹായ്ക്ക് പുതിയ അര്‍ത്ഥവും മാനവും നല്‍കി. വിനയത്തിന്റെ മാതൃക ലോകത്തിന് പകര്‍ന്നുകൊണ്ട് ശിഷ്യന്‍മാരുടെ കാലുകള്‍ കഴുകിയും വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെയും സ്മരണ പുതുക്കിയാണ് ഓരോ ക്രൈസ്തവനും ഇന്ന് പെഹസാ ആചരിക്കുന്നത്.
യേശു പകര്‍ന്നു നല്‍കിയ വിനയവും ത്യാഗവും ജീവിത്തിലുടനീളം പാലിക്കാന്‍ പെസഹ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ