.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2019, ജൂൺ 11, ചൊവ്വാഴ്ച

അമേരിക്കയിലെ ആകാശക്കാഴ്ച്ചകളിലേക്ക്

അമേരിക്കയിലെ ആകാശക്കാഴ്ച്ചക ളിലേക്ക്.
വാഷിംഗ്ടണ്‍ സംസ്ഥാനത്തെ സിയാറ്റിലില്‍നിന്നും ടെക്സാസിലെ ഡാലസിലേക്കും തിരിച്ചുമുള്ള വിമാനയാത്രയിലെ ആകാശക്കാഴ്ച്ചകള്‍ അതിമനോഹരമാണ്. മഞ്ഞുമൂടികിടക്കുന്ന  പര്‍വ്വതനിരകളും നീലനിറത്തിലുള്ള പുഴകളും തടാകങ്ങളും കാണാന്‍ വളരെ രസമാണ്.

2019, ഏപ്രിൽ 9, ചൊവ്വാഴ്ച

അനശ്വരനായ കലാകാരൻ ശ്രീ ഔസേപ്പച്ചൻ ഓർമ്മയായിട്ട് 24 വർഷം

ഔസേപ്പച്ചന്‍
......................
ജനനം- 1952 സെപ്റ്റംബര്‍ 19 ( 19 -09- 1952 )
കണ്ടംകുളത്തി ഹൗസ്,
കൊരട്ടി ഈസ്റ്റ് പി.ഒ.
തിരുമുടിക്കുന്ന്
തൃശൂര്‍ ജില്ല, കേരളം.
മരണം-  1995 ഏപ്രില്‍ 19 (19- 04- 1995)
ഭാര്യ - ഫിലോമിന
മക്കള്‍- 2 പെണ്‍മക്കള്‍
മാതാപിതാക്കള്‍ - കണ്ടംകുളത്തി പൗലോസ്, അന്നം.

നാടക നടന്‍, നാടക ട്രൂപ്പ് ഉടമ, നാടക സംവിധായകന്‍.
വിദ്യാഭ്യാസം- S S L C.
പ്രൈമറി സ്കൂള്‍- HMLP school, തിരുമുടിക്കുന്ന്.
അപ്പര്‍ പ്രൈമറി - PSUP school, തിരുമുടിക്കുന്ന്.
ഹൈസ്കൂള്‍- MAM HighSchool, കൊരട്ടി.
നാടക പഠനം - കലാഭവന്‍, എറണാകുളം.
അമേച്ച്വര്‍ നാടക ട്രൂപ്പ്- 'രസന' തീയ്യറ്റേഴ്സ് - തിരുമുടിക്കുന്ന്.
 നാടകങ്ങള്‍- അക്കല്‍ദാമ, ഘോഷയാത്ര തുടങ്ങിയവ.
അഭിനയിച്ച പ്രൊഫഷണല്‍ ട്രുപ്പുകള്‍ - തിലകന്‍റെ പി.ജെ തിയ്യറ്റേഴ്സ്, ടി.കെ. ജോണിന്‍റെ വൈക്കം മാളവിക, അങ്കമാലി 'മാനിഷാദ', അങ്കമാലി `പൗര്‍ണ്ണമി', അങ്കമാലി` നാടകനിലയം' തുടങ്ങിയവ.
സ്വന്തമായ പ്രൊഫഷണല്‍ നാടക ട്രൂപ്പ്- (മറ്റ് രണ്ടുപേര്‍ കൂടിചേര്‍ന്ന്)-   'നാടകനിലയം'- അങ്കമാലി.
നാടക നിലയത്തിന്‍റെ നാടകങ്ങള്‍- കലാപം, ഇരുട്ട്, സ്വര്‍ഗ്ഗം തുറക്കുന്ന സമയം, മാന്ത്രിക പൂച്ച, രക്ഷകന്‍, വീരശ്രംഖല, പരോള്‍, യന്ത്രപ്പാവകള്‍, എന്‍.എന്‍.പിള്ളയുടെ ക്രോസ്ബെല്‍റ്റ്, ബൂമറാങ്ങ് തുടങ്ങിയവ.

മികച്ച നാടകത്തിനുള്ള സംസ്ഥാന അവാര്‍ഡ് 'വീരശ്രംഖല'ക്ക് ലഭിച്ചു.
മികച്ച രണ്ടാമത്തെ നാടകത്തിനുള്ള സംസ്ഥാന അവാര്‍ഡ് ` യന്ത്രപ്പാവകള്‍' ക്കു ലഭിച്ചു.



1995 ഏപ്രിൽ 19.
ഇരുപത്തിനാല് വർഷങ്ങൾ, ഇന്നലെ കഴിഞ്ഞതു പോലെ ...
1995 ഏപ്രിൽ 19ന് കണ്ണൂരിലെ പയ്യന്നൂർ നിന്ന് മയ്യഴിയിലേക്ക്  സ്വന്തം നാടക സമിതിയായ അങ്കമാലി നാടക നിലയത്തിന്റെ പുതിയ നാടകമായ ശ്രീ എൻ.എൻ.പിള്ളയുടെ 'ബൂമറാങ്ങ്' എന്ന നാടകം അവതിരിപ്പിക്കുവാൻ പോകുന്നവഴി എന്റെ ആത്മമിത്രമായ ശ്രീ ഔസേപ്പച്ചന് നെഞ്ച് വേദന അനുഭവപ്പെടുകയും തൊട്ടടുത്തുള്ള ഗവ.ആശുപത്രിയിലേക്ക് കൊണ്ടു പോവുകയുമാണെന്നും നാടക സുഹൃത്തുക്കൾ ഫോണിലൂടെ അദ്ദേഹത്തിന്റെ അളിയൻ (Brother in law) ജോയിയെ അറിയിക്കുമ്പോൾ ജോയിയുടെ തൊട്ടടുത്തുണ്ടായിരുന്ന ഞാൻ ഒരിക്കലും വിശ്വസിച്ചില്ല അത് അനശ്വരനായ ആ അതുല്യ കലാകാരന്റ ദേഹവിയോഗത്തിലേക്കുള്ള പ്രയാണമാണെന്ന്. വേർപാടിന്റെ വേദന ദുസ്സഹണെങ്കിലും സഹിച്ചല്ലേ പറ്റൂ. ശ്രീ ഔസേപ്പച്ചന്റ സ്മരണകൾക്കു മുൻപിൽ ആദരാജ്ഞലികൾ അർപ്പിക്കുകയും ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു.

2019, ഏപ്രിൽ 5, വെള്ളിയാഴ്‌ച

കാലം മാറി..... കഥ മാറി

കാലം മാറി.... കഥ മാറി
.........................................
എനിക്ക് കുട്ടിക്കാലത്ത് എന്റെ അപ്പൻ കളിപ്പാട്ടങ്ങൾ വാങ്ങിതന്നത് പാവ, പീപ്പി, കിലുക്കാംപെട്ടി, തെങ്ങിന്റെ ഓലകൊണ്ടുണ്ടാക്കിയ പീപ്പി, പന്ത് തുടങ്ങിയവയാണെന്നാന്ന് എന്റെ ഓർമ്മ. ഞാൻ മക്കൾക്ക് വാങ്ങി കൊടുത്തത് ബോൾ, വിവിധതരം  ചിത്ര പുസ്തകങ്ങൾ, കീ കൊടുത്ത് ഓടുന്ന കാറുകൾ,  വിവിധ പുസതകങ്ങൾ ചെസ് ബോർഡ്, ക്യാരംസ് തുടങ്ങിയവ. ഇപ്പോൾ എന്റെ മക്കൾ അവരുടെ മക്കൾക്ക് വാങ്ങി കൊടുക്കുന്നത് കമ്പൂട്ടറിന്റെ മിനി പതിപ്പായ ഐപാഡ്, ടാബ്,  ബാറ്ററിയിൽ ഓടുന്ന വിവിധയിനം ചെറിയ വാഹനങ്ങൾ, യന്ത്രമനുഷ്യൻ, പിയാനൊ, വയലിൻ, സാങ്കേതിക വിദ്യകളും മറ്റു വിവിധ വിവരങ്ങളുമുള്ള വിവിധ പുസ്തകങ്ങൾ  തുടങ്ങിയവ, അതിനു പുറമെ, ലൈബ്രറിയിൽ നിന്ന് എടുക്കുന്ന വിവിധ പുസതകങ്ങൾ.
                            ഇന്നലെ നാല് വയസുകാരി, എന്റെ മകന്റെ മകൾ, രാവിലെ ഉറക്കമുണരുമ്പോൾ അപ്പാപ്പ ഗുഡ്മോണിങ്ങ് എന്ന സംബോധനയോടെയാണ് ദിവസം ആരംഭിച്ചത്. തുടർന്ന് ഗൂഗിളിനോട്, ഗൂഗിൾ വാട്ടീസ് ദ വെതർ ടുഡെ? കാലാവസ്ഥ ഗൂഗിളിനോട് ചോദിച്ച് മനസ്സിലാക്കുന്നു. ന്യൂസ് കേൾക്കുന്നു, പിന്നീടങ്ങോട്ട് തിരക്കാണ്. പ്രഭാതകൃത്യങ്ങൾ, ലഘുഭക്ഷണം, മമ്മി സ്കൂൾ യൂണിഫോം ധരിപ്പിക്കുന്നു, സ്കൂൾ ബാഗ് ശരിയാക്കുന്നു, ലഞ്ച് ബോക്സ്, പുസ്തകങ്ങൾ തുടങ്ങിയ എടുത്തു വയ്ക്കുന്നു, ഡാഡി ഓഫീസിൽ പോകുന്നവഴി സ്കൂളിൽവിടുന്നു. മമ്മി ഉച്ചക്ക് 12.30 ന് കാർ കൊണ്ടുപോയി വീട്ടിൽ കൊണ്ടുവരുന്നു. ഉച്ചയുറക്കം കഴിഞ്ഞ് അപ്പൂപ്പനും അമ്മൂമ്മക്കും ക്ലാസാണ്. അപ്പപ്പാ കം. ടുഡെ വി ഹാവ് ടു സ്റ്റഡി എബൗട്ട് ഗിയേഴ്സ്. പൽചക്രങ്ങളെക്കുറിച്ച് ക്ലാസെടുക്കുകയാണ്. ഗിയേഴ്സ് ആർ യൂസ്ഡ് ടു കൺവെ എനർജി ഓർ പവ്വർ, ഫ്രം വൺ പ്ലെയിസ് ടു അനദർ. പിന്നെ അവിടന്നങ്ങോട്ട് ഗിയറിന്റെ നാനാവിധ ഗുണവിശേഷങ്ങളെക്കുറിച്ചും വിവിധ ഗിയറുകളെക്കുറിച്ചും ക്ലാസ് കത്തികയറുകയാണ്. മുപ്പത്തിരണ്ടു വർഷം ടീച്ചറായിരുന്ന അമ്മാമ്മ അന്തംവിട്ട് ഇരിക്കുകയാണ്. മെക്കാനിക്കൽ എഞ്ചിനിയറിംഗ് പഠിച്ചിട്ടുണ്ടെന്ന് സ്വയം അഹങ്കരിക്കുന്ന ഞാനും തെല്ലൊന്നമ്പരന്നു. പക്ഷെ മുഖത്ത് കാണിക്കുന്നില്ല. 'കിലുക്കം' സിനിമയില് ഇന്നസെന്റിന് ലോട്ടറി അടിച്ചുവെന്നകാര്യം (ലോട്ടറിയുടെ നമ്പർ ഓരോന്നും) രേവതി പറയുമ്പോൾ, പിന്നെ, അത് ഞാൻ കൊറേ കേട്ടിട്ടുണ്ട് എന്ന് ഇന്നസെന്റ് പറയുന്നപോലെ ഞാനും ഇരുന്നു. ഇന്നത്തെ തലമുറയുടെ കാര്യം പറയാൻ വേണ്ടി പറഞ്ഞുപോയതാണ്.
                                 ലൈബ്രറിയിൽ പോക്കും പാർക്കിൽ പോക്കും മറ്റ് വിനോദങ്ങളും ഭക്ഷണവുമൊക്കെ തുടർന്ന് നടക്കും. ഇങ്ങനെയൊക്കെയാണെങ്കിലും ദിവസത്തിന്റെ അവസാനം, രാത്രി പത്തരയോടു കൂടി പ്രാർത്ഥന അവസാനിക്കുമ്പോൾ, 'തൊമ്മന്റെ മക്കൾ' എന്ന സിനിമയിലെ വർഗ്ഗീസ് ജെ മാളിയേക്കൽ സാറെഴുതിയ 'ഞാനുറങ്ങാൻ പോകും മുൻപായി നിനക്കേകുന്നിതാ നന്ദി നന്നായ് ' എന്ന ഗാനം പാടിക്കഴിഞ്ഞ് എല്ലാവരുടേയും അടുത്ത് വന്ന് 'പീസ് ബീ വിത്ത് യു'  പറഞ്ഞു കൊണ്ടാണ് ദിവസം അവസാനിക്കുക, ഗുഡ് നൈറ്റ് പറഞ്ഞ് ഉറങ്ങാൻ കിടക്കുക.
https://www.facebook.com/140320042807367/videos/925389540967076/

2019, മാർച്ച് 28, വ്യാഴാഴ്‌ച

ജോർജ്ജ് മാസ്റ്റർ, സെലീന ടീച്ചർ- മാതൃകാ അദ്ധ്യാപക ദമ്പതികൾ

ചൂരക്കൽ ജോർജ് മാസ്റ്റർ, സെലീന ടീച്ചർ- തിരുമുടിക്കുന്നിന്റെ ഭാവി തലമുറയെ വാർത്തെടുത്ത അകാലത്തിൽ പൊലിഞ്ഞു പോയ അദ്ധ്യാപക ദമ്പതികൾ.

അദ്ധ്യാപനത്തിനു പുറമെ പൊതുപ്രവർത്തകൻ, സാമൂഹ്യ സേവകൻ തുടങ്ങിയ നിലകളിൽ നാട്ടുകാർക്ക് പ്രിയപ്പെട്ടവനായിരുന്ന ജോർജ്ജ് മാഷും നല്ലൊരു സംഗീതജ്ഞ, നൃത്ത അദ്ധ്യാപിക എന്ന നിലകളിൽ അറിയപ്പെട്ടിരുന്ന സെലീന ടീച്ചറും. രണ്ടുപേരും നാടിന്റെ അഭിമാനമായിരുന്നു. രണ്ടു പേരുടേയും ഓർമ്മകൾക്കു മുൻപിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു. ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
                    ജോർജ് മാഷെക്കുറിച്ച് ഓർക്കുമ്പോൾ 28  വർഷം മുൻപുണ്ടായ ഒരു സംഭവത്തിലേക്ക് മനസ്സ് പോകുന്നു. ജോർജ് മാസ്റ്റർ അന്ന് വാലുങ്ങാമുറി എച്ച്.എം.എൽ.പി.സ്കൂളിൽ ഹെഡ്മാസ്റ്ററാണ്, ഞാൻ ചാലക്കുടി പി.ഡബ്ളിയു.ഡി.യിൽ അസിസ്റ്റന്റ് എഞ്ചിനിയറും. മാഷ് ഒരു ദിവസം അതിരാവിലെ എന്റെ വീട്ടിൽ വന്നിട്ട് പറഞ്ഞു, ഡേവീസ് ഒരു ഉപകാരം ചെയ്യണം. നമ്മുടെ സ്കൂളിന്റെ മുൻപിലൂടെ പോകുന്ന റോഡിന്റെ ഇരുഭാഗത്തായി രണ്ടു Sign Board സ്ഥാപിക്കണം. കുട്ടികൾ പോകുമ്പോൾ വാഹനങ്ങൾ വന്ന് അപകടങ്ങൾ ഉണ്ടാകുന്നു. ഞാൻ പറഞ്ഞു, മാഷെ അത് കൈകാര്യം ചെയ്യുന്നത് ഞാനല്ല, പൊതുമരാമത്ത് റോഡ്സ് വിഭാഗമാണ്. മാഷ് പറഞ്ഞു അത് പറഞ്ഞാൽ പറ്റില്ല, ഡേവീസ് അത് ചെയത് തരണം. അന്ന് ഇന്നത്തേപോലെ സാധനങ്ങൾ കൊണ്ടു പോരുന്നതിനും സ്ഥാപിക്കുന്നതിനും സർക്കാർ സംവിധാനങ്ങൾ കുറവാണ്. പക്ഷെ മാഷിന്റെ സ്നേഹപൂർണ്ണമായ സമ്മർദ്ദത്തിനു മുൻപിൽ ഞാൻ ആ ഓഫീസിൽ പോയി പറഞ്ഞ് അനുവാദം വാങ്ങി. മാഷ് സ്വന്തം ചിലവിൽ വണ്ടി വിളിച്ച് സാധനങ്ങൾ കൊണ്ടുപോയി ഓഫീസിന്റെ നിർദ്ദേശാനുസരണം സ്വന്തം ചിലവിൽ ബോർഡുകൾ സ്ഥാപിച്ചു.  അദ്ധ്യാപകർക്ക്, ഇന്നത്തേപ്പോലെ വേതന വർദ്ധനവ് ഇല്ലാതിരുന്ന കാലഘട്ടത്തിലാണ്  അദ്ദേഹം കയ്യിൽ നിന്ന് പണം മുടക്കി അത് ചെയ്തത്. ഇതുപോലെ
നിരവധി കാര്യങ്ങൾ ഓർമ്മിക്കാനുണ്ട്. ഞാൻ റിട്ടയർ ചെയ്തതിനു ശേഷം കുടുംബ യൂണിറ്റ് പ്രസിഡന്റ് ആയിരുന്നപ്പോൾ ഒരു കുടുംബത്തിനു വീട് വച്ച് നൽകുവാൻ തീരുമാനിച്ചു. പള്ളിയിൽ നിന്ന് തന്ന പണത്തിനു പുറമെ ജനങ്ങളിൽനിന്ന് സാധനങ്ങൾ ശേഖരിച്ചാണ് വീട് പൂർത്തീകരിച്ചത്. ഞാനും വിതയത്തിൽ അന്തപ്പൻ ചേട്ടനുംകൂടി അദ്ദേഹത്ത സമീപിച്ചു സഹായം അഭ്യർത്ഥിച്ചു. അദ്ദേഹം വളരെ സനേഹത്തോടെ പറഞ്ഞു, എന്റെ വീട് പൊളിച്ചതിന്റെ സാധനങ്ങൾ കിടപ്പുണ്ട്, എന്താ വേണ്ടതെന്നുവെച്ചാൽ നല്ലതു നോക്കി നിങ്ങൾക്കാവശ്യമുള്ളത് കൊണ്ടുപോയിക്കൊള്ളു. സാധനങ്ങൾ കൊണ്ടുപോയി വീട് പണി പൂർത്തിയാക്കി. അതാണ് ജോർജ് മാഷ്. മറ്റുള്ളവരെ സഹായിക്കാൻ തല്പരരായ വളരെ നല്ല മനുഷ്യ സ്നേഹികളായിരുന്നു ജോർജ്ജ് മാസ്റ്ററും അദ്ദേഹത്തിന്റെ സഹധർമ്മിണി സെലീന ടീച്ചറും. ജോർജ്ജ് മാസ്റ്ററിൻറേയും സെലീന ടീച്ചറുടേയും ഓർമ്മകൾക്കു മുൻപിൽ ഒരിക്കൽകൂടി പ്രണാമമർപ്പിക്കുന്നു. ആത്മാർക്കൾക്ക് നിത്യശാന്തി ലഭിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു.

2019, മാർച്ച് 17, ഞായറാഴ്‌ച

ദീപിക നൂറ്റിമുപ്പത്തിരണ്ടാമത് വാർഷികം

.ദീപിക ദിനപത്രം നൂററി മുപ്പത്തിരണ്ടാമത് വാർഷികം ആഘോഷിച്ചു. തിരുമുടിക്കുന്ന് ദീപിക ഫ്രണ്ട്സ് ക്ലബ്ബിന്റെ (DFC) ആശംസകൾ.

2019, മാർച്ച് 6, ബുധനാഴ്‌ച

തിരുമുടിക്കുന്ന് മുടപ്പുഴ ഡാം

മുടപ്പുഴ ഡാം പുനരുദ്ധരിക്കാൻ ആലോചനായോഗം ചേർന്നു.

കൊരട്ടി തിരുമുടിക്കുന്ന് മുടപ്പുഴ ഡാം പുനരുദ്ധരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ കൊരട്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി.തോമസിന്റെ അദ്ധ്യക്ഷതയിൽ ഡാം പരിസരത്തുള്ള അംഗൻവാടി കോമ്പൗണ്ടിൽ യോഗംചേർന്നു. പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി കാർഷിക മേഖലക്ക് ഊന്നൽ നൽകുകയെന്ന ലക്ഷ്യംവച്ച് 1955 ൽ പണികഴിപ്പിച്ച മുടപ്പുഴ ഡാം ഇപ്പോൾ പായലും പാഴ്വസ്തുക്കളും നിറഞ്ഞ് ഉപയോഗശൂന്യമായിരിക്കുകയാണ്. പതിനാറ് അടി താഴ്ചയുണ്ടായിരുന്ന ഈ ഡാം മിക്കവാറും മൂടപ്പെട്ടിരിക്കുന്ന അവസ്ഥയിലാണ്. ലിഫ്റ്റ് ഇറിഗേഷൻ വഴി സുഗതി ജംഗ്ഷൻ, പെരുമ്പി ഭാഗത്തേക്ക് ജലം എത്തിക്കുന്നതിനോടൊപ്പം സമീപ പ്രദേശങ്ങളിലെ കിണറുകളിൽ വെള്ളം നിലനിർത്തുകയും ചെയ്യുന്ന വലിയൊരു ജലസംഭരണിയായിരുന്ന ഈ ഡാം പുനരുദ്ധരിക്കണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. ചാലക്കുടിപ്പുഴയിലെ തുമ്പൂർമുഴി റിവർഡൈവേർഷൻ സ്കീമിന്റെ ഇടതുകര കനാൽവഴി പോകുന്ന വെള്ളം മുടപ്പുഴ ഡാമിനെ ജലസമ്പുഷ്ടമാക്കുന്നു. പക്ഷെ, കാലാകാലങ്ങളിൽ അറ്റകുറ്റപണിയും ശുചീകരണവും നടക്കാത്തതുകൊണ്ട് പഞ്ചായത്തിലെ 8, ഒമ്പത്, പത്ത് വാർഡുകളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാൻ സാധിക്കുമായിരുന്ന ഈ ഡാം ഇപ്പോൾ നശിച്ചു കൊണ്ടിരിക്കുകയാണ്. സെന്റ് മേരീസ് ഈസ്റ്റ്, സെന്റ് മേരീസ് വെസ്റ്റ്, പെരുമ്പി, സുഗതി ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലെ കിണറുകൾ മിക്കവാറും വററി തുടങ്ങി.  വൈസ് പ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ഡാം പുനരുദ്ധാരണ അലോചനായോഗത്തിൽ പത്താം വാർഡ് മെമ്പറും ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ ബിസിജോസ്, തിരുമുടിക്കുന്ന് പള്ളി വികാരി ഫാ.പോൾ ചുള്ളി, തങ്കച്ചൻ വിതയത്തിൽ, ലിജൊജോസ് തുടങ്ങിയവർ പ്രസംഗിച്ചു. നൂറോളംപേർ യോഗത്തിൽ പങ്കെടുത്തു. നാട്ടുകാരുടെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് ഡാം പുനരുദ്ധാരണത്തിന് ഉടൻ നടപടികളെടുക്കുമെന്ന് വൈസ്പ്രസിഡന്റ് കെ.പി.തോമസ് പറഞ്ഞു.