.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഡിസംബർ 30, വെള്ളിയാഴ്‌ച

ജനുവരി 1. പുതുവത്സര ദിനം , ആഗോള കുടുംബ ദിനം

ലോകത്തില്‍ വിവിധ കാലഗണനാ സമ്പ്രദായം നിലനില്‍ക്കുന്നുണ്ടെങ്കിലും കൃസ്തുവര്‍ഷത്തെ അടിസ്ഥാനപ്പെടുത്തിയാണ് കൂടുതല്‍ ആളുകള്‍ പുതുവത്സരം ആഘോഷിക്കുന്നത്. ജീവിതത്തിനു ഒരു അടുക്കും ചിട്ടയും ഉണ്ടാകുന്നതിന് കാലം അല്ലെങ്കില്‍ സമയം എന്ന സങ്കല്‍പത്തിനു പ്രസക്തിയുണ്ട് . അതുകൊണ്ടുതന്നെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ആഘോഷങ്ങള്‍ വേണ്ടതുതന്നെയാണ്. എന്നാല്‍ , ഇക്കാലത്ത് ആഘോഷങ്ങള്‍ പ്രത്യേകിച്ച് ,പുതുവത്സരാഘോഷം അതിരു വിടുന്നുണ്ടോ?. മത പാരമ്പരൃം വളരെയേറെയുള്ള , സംസ്കാര സമ്പന്നരെന്ന് സ്വയം അഹങ്കരിക്കുന്ന, ദൈവത്തിന്റെ സ്വന്തം നാടെന്ന അഭിമാനിക്കുന്ന നമ്മുടെ കേരളത്തില്‍ പോലും പുതുവത്സരാഘോഷത്തിന്റെ മറവില്‍ എത്രമാത്രം അനിഷ്ട സംഭവങ്ങളാണ് അരങ്ങേറുന്നത്.! എന്നാല്‍ , പുതുവത്സരാരംഭത്തില്‍ പുതിയ നല്ല തീരുമാനങ്ങള്‍ എടുക്കുന്നതിനും തങ്ങളിലുള്ള ദുഃശീലങ്ങളെ മാറ്റി പുതിയ മനുഷ്യരാകുന്നതിന് ശ്രമിക്കുന്നവരും ഉണ്ട്. ആയുസില്‍ നിന്ന് ഒരു വര്‍ഷം കൊഴിഞ്ഞു പോകുമ്പോള്‍ മരണത്തോട് ഒരു വര്‍ഷം അടുക്കുന്നു എന്നും നമുക്ക് ചിന്തിക്കാം. ഒരു കണക്കെടുപ്പിന്റെ ദിനം കൂടിയാകണം പുതുവര്‍ഷാരംഭ ദിനം . എന്ത് നേടി, എന്ത് നഷ്ടപ്പെട്ടു എന്ന് നമുക്ക് വിലയിരുത്താം. പിന്നെ പുതുവത്സരത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍. മരണത്തിലേക്കുള്ള യാത്രയില്‍ പിന്നിടുന്ന സൂചികാഫലകങ്ങളാണ് പുതുവത്സര ദിനങ്ങള്‍. അവിടെ നിന്ന് തിരിഞ്ഞു നോക്കി ചരിത്രം പഠിച്ചാല്‍ പുതിയ ചരിത്രം രചിക്കാം. ഈ ഭൂമിയിലെ ജീവിതത്തില്‍ ഒരു വര്‍ഷം കൂടി തികയ്ക്കാന്‍ ദൈവം ആയുസും ആരോഗ്യവും തന്നതിനെ ഓര്‍ത്ത് നമുക്ക് ദൈവത്തിന് നന്ദി പറയാം. ആയുസിന്റെ കണക്ക് പുസ്തകത്തില്‍ നിന്ന് ഒരു വര്‍ഷം കഴിഞ്ഞുപോയി എന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇന്നലെകളിലെ നമ്മുടെ തെറ്റുകളെ തിരുത്തിക്കൊണ്ട്, നന്മകളെ പരിപോഷിപ്പിച്ചുകൊണ്ട് , വരാനിരിക്കുന്ന നാളെകളില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട്, ഇന്നുകളില്‍ നമുക്ക് ജീവിക്കാം.
                                                                            എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ നേരുന്നു . ആഗോള കുടുംബ ദിനം( Global Family Day) കൂടിയാണ് ജനുവരി 1. സമാധാനവുും എെശ്വരൃവും എല്ലാവര്‍ക്കും ഉണ്ടാകുവാന്‍ പ്രാര്‍ത്ഥിക്കുന്നു. 


2016, ഡിസംബർ 29, വ്യാഴാഴ്‌ച

ഡിസംബര്‍ 31. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞി തെക്കു കിഴക്കന്‍ ഏഷ്യന്‍ നാടുകളില്‍ വ്യാപാര ബന്ധത്തിന് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് അനുമതി കൊടുത്തത് എ. ഡി. 1600 ഡിസംബര്‍ 31ന് ആണ്. ഇന്ത്യയില്‍ വ്യാപാരത്തിനായി എത്തിയ അവര്‍ ഇന്ത്യയിലെ മുഗള്‍ ഭരണം തകര്‍ത്ത് ഇവിടത്തെ നിയന്ത്രണം അവരുടെ കൈക്കാലാക്കി. പിന്നീട് , മുന്‍പേ ഇവിടെ വ്യാപാര ബന്ധത്തിനായി എത്തിയിരുന്ന ഫ്രഞ്ച് - ഡച്ച് ശക്തികളെ ഇന്ത്യയില്‍ നിന്ന് തുരത്തി. 1773ല്‍ ബ്രിട്ടീഷ് ഗവണ്‍മേന്റിന്റെ റഗുലേറ്റിങ്ങ് ആക്ട് പ്രകാരം ഇന്ത്യയുടെ ഭരണാവകാശം ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറലിന് കൈമാറിയതോടെ ഈസ്റ്റ് ഇന്ത്യാ കമ്പനിയും ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറലിന്റെ കീഴിലായി. 1843 ആയപ്പോഴേക്കും ബ്രിട്ടീഷ് ഗവണ്‍മേന്റിന്റെ ഏജന്റ് മാത്രമായി ഈസ്റ്റ് ഇന്ത്യ കമ്പനി . ഇതിനിടയില്‍ സ്വാതന്ത്രൃത്തിനായി ഇന്ത്യയില്‍ പല സ്ഥലങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും ആവശ്യങ്ങള്‍ ഉയര്‍ന്നു തുടങ്ങി . കേരളത്തിലും അതിന്റെ അലയടികള്‍ ഉണ്ടായി. തിരുവിതാംകൂറില്‍ വേലുത്തമ്പിദളവയുടെ സേനാ നായകനായിരുന്ന ചെമ്പിലരയന്‍ 1808ല്‍ കൊല്ലപ്പെട്ടത് മെക്കാളെ പ്രഭുവിന്റെ സൈന്യവുമായുള്ള ഏറ്റുമുട്ടലിനൊടുവിലാണ്. 1857നു ശേഷം ഇന്ത്യന്‍ സൈന്യത്തിന്റെ ബംഗാള്‍ ഘടകത്തിന്റെ നേതൃത്വത്തില്‍ കലാപം ഉണ്ടാവുകയും അതോടെ ഇന്ത്യയുടെ സകല നിയന്ത്രണങ്ങളും ബ്രിട്ടീഷ് ഗവണ്‍മേന്റ് ഏറ്റെടുക്കുകയും ചെയ്തു . അതോടെ ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയില്‍ അപ്രസക്തമായി. ഒരു കാലത്ത് ഇന്ത്യയെ ഭരിച്ച ഈസ്റ്റ് ഇന്ത്യ കമ്പനിയെ ഇപ്പോള്‍ ഭരിക്കുന്നത് ഇന്ത്യന്‍ വ്യവസായിയായ മുംബെ സ്വദേശി സഞ്ജീവ് മേത്തയാണ്.

ഡിസംബര്‍ 30. ജസ്റ്റിസ് വി. ബാലകൃഷ്ണ ഏറാടി

മാനുഷിക മൂല്യങ്ങള്‍ക്ക് പരിഗണന നല്‍കി വിധികള്‍ പ്രഖ്യാപിച്ച ഇന്ത്യയിലെ സുപ്രീം കോടതി ജഡ്ജിയും ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ പ്രഥമ പ്രസിഡന്റുമായിരുന്ന ജസ്റ്റിസ് വി. ബാലകൃഷ്ണ ഏറാടി കോഴിക്കോട് ജില്ലയില്‍ 1922 ജൂണ്‍ 19ന് ജനിച്ചു . കോഴിക്കോട് ഉള്ള സാമൂതിരി ഹൈസ്കൂളിലും കോളേജിലും പഠിച്ച അദ്ദേഹം  മദ്രാസ് കൃസ്ത്യന്‍ കോളേജില്‍ നിന്ന് സംസ്കൃതത്തില്‍ ബി. എ. ഡിഗ്രിയെടുത്തു . മദ്രാസ് ലോ കോളേജില്‍ നിന്ന് ബി.എല്‍. ഡിഗ്രി പാസ്സായി . മദ്രാസ് ഹൈകോടതിയിലാണ് അഡ്വക്കേറ്റ് ആയി ജോലി ആരംഭിച്ചത് . പിന്നീട് , കേരള ഹൈകോടതിയില്‍ ഗവണ്‍മേന്റ് പ്ലീഡര്‍ ആയി ജോലിചെയ്ത അദ്ദേഹം ,1967ല്‍ കേരള ഹൈകോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി. 1980ല്‍ കേരള ഹൈകോടതിയില്‍ ചീഫ് ജസ്റ്റിസ് ആയ അദ്ദേഹം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായി . 1987ല്‍ വിരമിച്ച ശേഷം ,1988ല്‍ ദേശീയ ഉപഭോക്തൃ കോടതിയില്‍ പ്രസിഡന്റ് ആയി സേവനം ചെയ്ത അദ്ദേഹം, 1997ല്‍ അതില്‍നിന്ന് വിരമിച്ചു. 1999ല്‍ അദ്ദേഹം ദേശീയ കമ്പനി നിയമ ട്രൈബൂണല്‍ ചെയര്‍മാന്‍ ആയി നിയമിതനായി . രവി- ബയാസ് നദീജല തര്‍ക്ക ട്രൈബൂണല്‍ ചെയര്‍മാന്‍ ആയിരുന്നിട്ടുണ്ട്.

                                                                      കലാ സാംസ്കാരിക , സാമൂഹ്യ സംഘടനകളില്‍ സജീവമായിരുന്നു ജസ്റ്റിസ് ബാലകൃഷ്ണ ഏറാടി . ഡല്‍ഹിയിലെ കഥകളിക്കു വേണ്ടിയുള്ള അന്തര്‍ദേശീയ സെന്ററിന്റെ പ്രസിഡന്റ് ആയിരുന്നു . ` സ്വരലയ' എന്ന കര്‍ണ്ണാടക സംഗീത സൊസൈറ്റി ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് ആയിരുന്നു . നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട് . രാജീവ് ഗാന്ധി എക്സലന്‍സ് അവാര്‍ഡ് , നാഷണല്‍ സിറ്റിസണ്‍ഷിപ്പ് അവാര്‍ഡ് , ശിരോമണി അവാര്‍ഡ് , നാഷണല്‍ പ്രസ് ഓഫ് ഇന്ത്യ ഗോള്‍ഡണ്‍ ജൂബിലി അവാര്‍ഡ് തുടങ്ങിയവ അവയില്‍ ചിലതാണ് . 2010 ഡിസംബര്‍ 30ന് അദ്ദേഹം അന്തരിച്ചു . അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

2016, ഡിസംബർ 28, ബുധനാഴ്‌ച

തിരുമുടിക്കുന്ന് ചെറുപുഷ്പ ദേവാലയത്തിലെ പ്രധാന തിരുനാള്‍

തിരുമുടിക്കുന്ന് ചെറുപുഷ്പ ദേവാലയത്തിലെ പ്രധാന തിരുനാളുകളായ വി. കൊച്ചുത്രേസ്യയുടേയും വി. സെബസ്ത്യാനോസിന്റേയും തിരുനാള്‍ സംയുക്തമായിട്ടാണ് ഇടവകയില്‍ ആഘോഷിക്കുന്നത്. സാധാരണയായി വലിയ നൊയമ്പ് ( 50 നോമ്പ് )ആരംഭിക്കുന്നതിന്റെ പതിനഞ്ച് ദിവസം മുന്‍പുള്ള വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ആണ് തിരുനാള്‍ .വിശുദ്ധരുടെ ജീവചരിത്രത്തിലേക്ക് ഒരെത്തിനോട്ടം.                                                                                                                                                                                 
                                                                                   ചെറുപുഷ്പം [വിശുദ്ധ കൊച്ചുത്രേസ്യ ]
പത്തൊമ്പതാം നൂറ്റാണ്ടില്‍ ഫ്രാന്‍സില്‍ ജീവിച്ചിരുന്ന ലൂയിസ് - മരിയസെലിഗുറിന്‍മാര്‍ട്ടിന്‍ ദമ്പതികളാണ് ` ലിറ്റില്‍ ഫ്ളവര്‍ ' എന്നറിയപ്പെടുന്ന ലിസ്യുവിലെ വിശുദ്ധ തെരേസയുടെ [ വി. കൊച്ചു ത്രേസ്യയുടെ ] മാതാപിതാക്കള്‍. 1873 ജനുവരി 2ന് വി. കൊച്ചുത്രേസ്യ ജനിച്ചു. ഒമ്പത് മക്കളില്‍ ഇളയവളായിരുന്നു. ഒമ്പതില്‍ നാലുപേരും ശൈശവത്തില്‍ തന്നെ മരിച്ചു. ബാക്കി അഞ്ച് പേരും സന്യാസിനികളായി. ലിസ്യുവിലെ കര്‍മ്മലീത്ത സഭയിലാണ് ചേര്‍ന്നത്. ക്ഷയബാധയെ തുടര്‍ന്ന് 1897 സെപ്റ്റംബര്‍ 30 ന് മരിച്ചു. 1925 മേയ് 17ന് പതിനൊന്നാം പീയൂസ് മാര്‍പ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു . ആത്മീയ ജീവിതത്തിലെ നിര്‍മ്മലമായ ജീവിതശൈലിയാണ് വിശുദ്ധയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തയാക്കുന്നത്. വിശുദ്ധയുടെ ആത്മകഥയാണ് `ദ സ്റ്റോറി ഓഫ് എ സോള്‍ ' . പത്താം പീയൂസ് മാര്‍പ്പാപ്പ വി. കൊച്ചുത്രേസ്യയെ `` The greatest Saint of Modern times '' എന്ന് പ്രഖ്യാപിച്ചു . `` My way is all confidence and love ''എന്ന വിശുദ്ധയുടെ പ്രഖ്യാപനം അവരുടെ ആദ്ധ്യാത്മികതയുടെ ആഴം വെളിവാക്കുന്നതാണ്. ഒക്ടോബര്‍ 1ന് ആണ് വിശുദ്ധയുടെ Feast [ഓര്‍മ്മ തിരുനാള്‍ ]. 1997 ഒക്ടോബര്‍ 19ന് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ വിശുദ്ധയെ Doctor of church [വേദ പാരംഗത ] യായി പ്രഖ്യാപിച്ചു . വിശുദ്ധ കൊച്ചുത്രേസ്യയുടെ വാക്കുകള്‍ - `` Love proves itself by deeds, so how am I to show my love?. Great deeds are forbidden me, the any way I can prove my love is by scattering flowers and these flowers are every little sacrifice, every glance and word, and the doing of the least actions for love'' . സ്വര്‍ഗ്ഗത്തിലിരുന്ന് അനുഗ്രഹങ്ങളാകുന്ന റോസ പൂക്കള്‍ വിതറുന്ന വിശുദ്ധ കൊച്ചുത്രേസ്യയെ നാം മാതൃകയാക്കേണ്ടതാണ്. തിരുമുടിക്കുന്ന് ഇടവകയുടെ സ്വര്‍ഗ്ഗീയ മദ്ധ്യസ്ഥയാണ് വിശുദ്ധ കൊച്ചുത്രേസ്യ . വി. കൊച്ചുത്രേസ്യ വഴിയായി നിരവധി അനുഗ്രഹങ്ങള്‍ ലഭിക്കുന്നതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു .
                                                                                      വി. സെബസ്ത്യാനോസ്
എ.ഡി. 225നോടടുത്ത് ഫ്രാന്‍സിലെ നര്‍ബോന്‍ പട്ടണത്തില്‍ വി. സെബസ്ത്യാനോസ് ജനിച്ചു എന്നാണ് പാരമ്പര്യ വിശ്വാസം . സാമ്പത്തിക ശേഷിയുള്ള കുടുംബത്തില്‍ ജനിച്ച അദ്ദേഹം റോമില്‍ പോയി സൈന്യത്തില്‍ ചേര്‍ന്നു. ജൂപിറ്റര്‍ ദേവന്റെ പിന്‍ഗാമികളാണ് തങ്ങളെന്ന് സ്വയം വിചാരിച്ചിരുന്ന റോമ ചക്രവര്‍ത്തിമാരെ ജനങ്ങളും പട്ടാളക്കാരും ആരാധിക്കണമെന്നായിരുന്നു നിയമം. അത് അംഗീകരിക്കാന്‍ സെബസ്ത്യാനോസിന് കഴിഞ്ഞില്ല. കൃസ്തുവിലുള്ള തന്റെ അടിയുറച്ച വിശ്വാസം രഹസൃമായി സൂക്ഷിച്ചുകൊണ്ട് പട്ടാളത്തിന്റെ ഇടയിലും ജയിലില്‍ കഴിഞ്ഞിരുന്നവരുടെ ഇടയിലും അദ്ദേഹം മിഷന്‍ പ്രവര്‍ത്തനം നടത്തി. സെബസ്ത്യാനോസ് കൃസ്ത്യാനിയാണെന്ന് ഒരു രഹസ്യ ദൂതന്‍ വഴി മനസ്സിലാക്കിയ ചക്രവര്‍ത്തി അദ്ദേഹത്തെ വിളിച്ച് കാരൃം ആരാഞ്ഞു. താന്‍ രാജൃത്തോടും ചക്രവര്‍ത്തിയോടും ഔദ്യോഗിക ചുമതലകളോടും അവിശ്വസ്തത കാണിച്ചിട്ടില്ലെന്നും , എന്നാല്‍ , തന്റെ പവിത്രമായ മതവിശ്വാസം ആരുടെ മുന്‍പിലും അടിയറ വെയ്ക്കാന്‍ സാധിക്കുകയില്ലെന്നും സെബസ്ത്യാനോസ്  ധൈരൃസമേതം ചക്രവര്‍ത്തിയോടു പറഞ്ഞു. കുപിതനായ ചക്രവര്‍ത്തി തീയില്‍ ദഹിപ്പിക്കുമെന്ന്  ഭീഷണിപ്പെടുത്തി. വഴങ്ങാതെ വന്നപ്പോള്‍ , സെബസ്ത്യാനോസിനെ മരത്തില്‍ ചേര്‍ത്ത് ബന്ധിച്ച് അമ്പെയ്ത് കൊല്ലാന്‍ ചക്രവര്‍ത്തി വിധിച്ചു. പടയാളികള്‍ ശിക്ഷ നടപ്പിലാക്കിയെങ്കിലും അദ്ദേഹം മരിച്ചിരുന്നില്ല. മരിക്കാറായ അദ്ദേഹത്തെ കൃസ്ത്യാനികള്‍ രഹസ്യമായി കൊണ്ടുപോയി ശുശ്രൂഷിച്ചു സുഖമാക്കി. വീണ്ടും അദ്ദേഹം കൊട്ടാരത്തില്‍ പോയി. കൊട്ടാരത്തില്‍ സെബസ്ത്യാനോസിനെ കണ്ട ചക്രവര്‍ത്തി , അദ്ദേഹത്തെ ഗദ കൊണ്ട് അടിച്ചുകൊല്ലാന്‍ കല്പിക്കുകയും പട്ടാളക്കാര്‍ ആ ക്രൂര കൃത്യം നടപ്പിലാക്കുകയും ചെയ്തു. അങ്ങനെ സെബസ്ത്യാനോസ് യേശുവിന് വേണ്ടി രക്തസാക്ഷിയായി. വിശുദ്ധ സെബസ്ത്യാനോസ് വഴിയായി നിരവധി അത്ഭുതങ്ങള്‍  നടക്കുന്നതായും രോഗശാന്തി ലഭിക്കുന്നതായും വിശ്വാസികള്‍ സാക്ഷ്യപ്പെടുത്തുന്നു . ജനുവരി 20 ആണ് വിശുദ്ധ സെബസ്ത്യാനോസിന്റെ ഓര്‍മ്മതിരുനാള്‍ ( Feast ).                                                                                                                                                                            
2015ലെ വി. കൊച്ചുത്രേസ്യയുടേയും വി. സെബസ്ത്യാനോസിന്റേയും സംയുക്ത തിരുനാളിന്റെ പ്രസക്ത ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു.


ഡിസംബര്‍ 29. ചെമ്പിലരയന്‍

ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭരണത്തിനെതിരായി യുദ്ധം ചെയ്ത് ധീര രക്തസാക്ഷിയായ തിരുവിതാംകൂര്‍ സേനയുടെ നായകനായിരുന്ന ചെമ്പില്‍ അനന്തപത്മനാഭന്‍ വലിയ അരയന്‍ കങ്കുമാരന്‍ എന്ന ചെമ്പിലരയന്‍ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ ചെമ്പില്‍ ,തൈലംപറമ്പില്‍ വീട്ടില്‍ 1741ഏപ്രില്‍ 13ന് ജനിച്ചു . ബാലവര്‍മ്മ രാജാവ് കേരളം ഭരിച്ചിരുന്ന കാലത്ത് തിരുവിതാംകൂറിന്റെ ഭരണം നിര്‍വഹിച്ചിരുന്നത് വേലുത്തമ്പി ദളവയായിരുന്നു. വേലുത്തമ്പിദളവയെ ഭരണകാരൃങ്ങള്‍ ഏല്‍പ്പിച്ചത് ബ്രിട്ടീഷ് ഭരണാധികാരിയായ മെക്കാളെ പ്രഭുവിന് ഇഷ്ടമായില്ല. മെക്കാളെ പ്രഭു , തിരുവിതാംകൂര്‍ കൊടുക്കേണ്ട കപ്പം ഇരട്ടിയായി ഉയര്‍ത്തി. ഇത് ഇഷ്ടപ്പെടാതിരുന്ന വേലുത്തമ്പിദളവ കപ്പം കൊടുക്കല്‍ നിറുത്തി. അന്ന് വേലുത്തമ്പിദളവയുടെ സേനാ നായകനായിരുന്നത് ചെമ്പിലരയന്‍ ആയിരുന്നു . ബ്രിട്ടീഷുകാര്‍ക്കെതിരെ യുദ്ധം ചെയ്യാന്‍ വേലുത്തമ്പിദളവ തീരുമാനിക്കുകയും അതിനായി സേനാനായകനായിരുന്ന ചെമ്പിലരയനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇന്നത്തെ ബോള്‍ഗാട്ടി പാലസ് ആയിരുന്നു അന്ന് മെക്കാളെ പ്രഭുവിന്റെ കോട്ട. കോട്ടയിലേക്ക് ചെമ്പിലരയന്റെ സൈന്യം കടന്നുകയറി. മെക്കാളെ പ്രഭു രക്ഷപ്പെട്ടു. ഇതിനിടയില്‍ പ്രഭുവിന്റെ സൈന്യം ചെമ്പിലരയനെ ബന്ധിച്ച് വധിച്ചു. 1808ഡിസംബര്‍ 29ന് ആയിരുന്നു ഈ സംഭവം ഉണ്ടായത് . ഈ കൊച്ചി കോട്ട ആക്രമണം ,പിന്നീട് , സ്വാതന്ത്രൃ സമരങ്ങള്‍ക്ക് വീരൃം പകരാന്‍ കാരണമായി. സ്വാതന്ത്രൃ സമര സേനാനിയായി ധീര രക്തസാക്ഷിത്വം വഹിച്ച ചെമ്പിലരയന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

2016, ഡിസംബർ 27, ചൊവ്വാഴ്ച

ഡിസംബര്‍ 28. ഫാ. ജോസഫ് വടക്കന്‍

സമൂഹത്തിലെ താഴെ തട്ടിലുള്ളവരുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിച്ച മികച്ച സംഘാടകനും , വാഗ്മിയും, സാമൂഹ്യ പ്രവര്‍ത്തകനും , രാഷ്ട്രീയക്കാരനുമായിരുന്നു ഫാ. ജോസഫ് വടക്കന്‍ . തൃശൂര്‍ ജില്ലയിലെ തൊഴക്കാവില്‍ 1919 ഒക്ടോബര്‍ 1ന് ജനിച്ച അദ്ദേഹം,  വിദ്യാഭ്യാസത്തിനു ശേഷം അദ്ധ്യാപകനായി ജോലി നോക്കി . ജോലി ചെയ്യുമ്പോള്‍തന്നെ സ്വാതന്ത്രൃ സമരത്തില്‍ പങ്കുചേര്‍ന്നു. പിന്നീട് ജോലി ഉപേക്ഷിച്ച് വൈദിക പഠനത്തിനു ചേര്‍ന്നു. വൈദികനായി പഠിക്കുമ്പോള്‍തന്നെ ` തൊഴിലാളി ' എന്ന വാരിക തുടങ്ങി . 1954 മുതല്‍ അത് ദിനപത്രമായി പ്രസിദ്ധീകരിക്കാന്‍ തുടങ്ങി . 1956ല്‍ ആണ് പുരോഹിതനായത്. വിമോചന സമരത്തില്‍ സജീവമായിരുന്നു. `വടക്കനച്ചന്‍ 'എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കുടിയേറ്റ തൊഴിലിളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച അദ്ദേഹം ` കേരള തൊഴിലാളി പാര്‍ട്ടി ' (കെ. ടി. പി.) എന്നപേരില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി. തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നതിനോടൊപ്പം, കത്തോലിക്കാ സഭയിലെ അധികാരികളുടെ അധികാര ദുര്‍വിനിയോഗത്തിനെതിരായും പോരാടി. ഇത് അദ്ദേഹത്തെ സഭയുടെ അധികാരികളില്‍ നിന്ന് അകറ്റുകയും പള്ളിയില്‍ നിന്ന് പുറത്താക്കപ്പെടുവാന്‍ കാരണമാവുകയും ചെയ്തു . 8 വര്‍ഷത്തേക്കാണ് സസ്പെന്റ് ചെയ്യപ്പെട്ടതെങ്കിലും, മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ പള്ളിയിലേക്ക് തിരിച്ചെടുത്തു. തൊഴിലാളികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിനിടയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സഖാവ് എ.കെ. ഗോപാലനുമായി സൗഹൃദത്തിലാവുകയും , പിന്നീട് ,`കെ. ടി. പി. ' കമ്യൂണിസ്റ്റ് സര്‍ക്കാരില്‍ പങ്കാളിയാവുകയും ചെയ്തു . തന്റെ അനുഭവങ്ങളും ആശയങ്ങളും അതേ രൂപത്തില്‍ സത്യസന്ധമായി അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ആത്മകഥയാണ് ` എന്റെ കുതിപ്പും കിതപ്പും ' എന്ന പുസ്തകം. സമൂഹത്തിന്റെ ക്ഷേമത്തിനായി തന്റെ ജീവിതം മാറ്റിവെച്ച ഫാ .ജോസഫ് വടക്കന്‍ 2002 ഡിസംബര്‍ 28ന് അന്തരിച്ചു . അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

2016, ഡിസംബർ 26, തിങ്കളാഴ്‌ച

അമേരിക്കയിലെ Snoqualmie Waterfall

അമേരിക്കയിലെ വാഷിങ്ടണ്‍ സ്റ്റേറ്റിലെ Snoqualmie Waterfall കാണാന്‍ വളരെ കൗതുകം തോന്നുന്ന ഒരു വെള്ളച്ചാട്ടമാണ്. റെഡ്മണ്ട് ടൗണില്‍ നിന്ന് 33 കി.മി. ദൂരമുണ്ട്. 279 ft. ഉയരമുണ്ട് വെള്ളച്ചാട്ടത്തിന്. വളരെ അടുത്ത് നിന്ന് കാണുവാന്‍ സൗകരൃമൊരുക്കിയിട്ടുണ്ട്. Moon (ചന്ദ്രന്‍) എന്നാണ് Snoqualmie എന്ന വാക്കിന് അര്‍ത്ഥം. വളരെ മനോഹരമായ ഈ വെള്ളച്ചാട്ടം കാണേണ്ടതുതന്നെയാണ്.