.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഡിസംബർ 27, ചൊവ്വാഴ്ച

ഡിസംബര്‍ 28. ഫാ. ജോസഫ് വടക്കന്‍

സമൂഹത്തിലെ താഴെ തട്ടിലുള്ളവരുടെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിച്ച മികച്ച സംഘാടകനും , വാഗ്മിയും, സാമൂഹ്യ പ്രവര്‍ത്തകനും , രാഷ്ട്രീയക്കാരനുമായിരുന്നു ഫാ. ജോസഫ് വടക്കന്‍ . തൃശൂര്‍ ജില്ലയിലെ തൊഴക്കാവില്‍ 1919 ഒക്ടോബര്‍ 1ന് ജനിച്ച അദ്ദേഹം,  വിദ്യാഭ്യാസത്തിനു ശേഷം അദ്ധ്യാപകനായി ജോലി നോക്കി . ജോലി ചെയ്യുമ്പോള്‍തന്നെ സ്വാതന്ത്രൃ സമരത്തില്‍ പങ്കുചേര്‍ന്നു. പിന്നീട് ജോലി ഉപേക്ഷിച്ച് വൈദിക പഠനത്തിനു ചേര്‍ന്നു. വൈദികനായി പഠിക്കുമ്പോള്‍തന്നെ ` തൊഴിലാളി ' എന്ന വാരിക തുടങ്ങി . 1954 മുതല്‍ അത് ദിനപത്രമായി പ്രസിദ്ധീകരിക്കാന്‍ തുടങ്ങി . 1956ല്‍ ആണ് പുരോഹിതനായത്. വിമോചന സമരത്തില്‍ സജീവമായിരുന്നു. `വടക്കനച്ചന്‍ 'എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. കുടിയേറ്റ തൊഴിലിളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിച്ച അദ്ദേഹം ` കേരള തൊഴിലാളി പാര്‍ട്ടി ' (കെ. ടി. പി.) എന്നപേരില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കി. തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്നതിനോടൊപ്പം, കത്തോലിക്കാ സഭയിലെ അധികാരികളുടെ അധികാര ദുര്‍വിനിയോഗത്തിനെതിരായും പോരാടി. ഇത് അദ്ദേഹത്തെ സഭയുടെ അധികാരികളില്‍ നിന്ന് അകറ്റുകയും പള്ളിയില്‍ നിന്ന് പുറത്താക്കപ്പെടുവാന്‍ കാരണമാവുകയും ചെയ്തു . 8 വര്‍ഷത്തേക്കാണ് സസ്പെന്റ് ചെയ്യപ്പെട്ടതെങ്കിലും, മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ പള്ളിയിലേക്ക് തിരിച്ചെടുത്തു. തൊഴിലാളികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിനിടയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സഖാവ് എ.കെ. ഗോപാലനുമായി സൗഹൃദത്തിലാവുകയും , പിന്നീട് ,`കെ. ടി. പി. ' കമ്യൂണിസ്റ്റ് സര്‍ക്കാരില്‍ പങ്കാളിയാവുകയും ചെയ്തു . തന്റെ അനുഭവങ്ങളും ആശയങ്ങളും അതേ രൂപത്തില്‍ സത്യസന്ധമായി അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ആത്മകഥയാണ് ` എന്റെ കുതിപ്പും കിതപ്പും ' എന്ന പുസ്തകം. സമൂഹത്തിന്റെ ക്ഷേമത്തിനായി തന്റെ ജീവിതം മാറ്റിവെച്ച ഫാ .ജോസഫ് വടക്കന്‍ 2002 ഡിസംബര്‍ 28ന് അന്തരിച്ചു . അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ