.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഡിസംബർ 22, വ്യാഴാഴ്‌ച

ഡിസംബര്‍ 25 . കൃസ്മസ് ( Xmas )

ശാന്തിയുടേയും സമാധാനത്തിന്റേയും സന്ദേശം മാനവരാശിക്ക് നല്‍കികൊണ്ട് ഒരു കൃസ്മസ് കൂടി എത്തിചേരുന്നു . ലോക നന്മക്കായി ദൈവ പുത്രനായ യേശു ഒരു പുല്‍ക്കൂട്ടില്‍ ജനിക്കുന്നു. മനുഷ്യ വര്‍ഗ്ഗത്തിന്റെ മുഴുവന്‍ രക്ഷക്കായി ദൈവം , താന്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം , തന്റെ കരുണയിലും സ്നേഹത്തിലും സ്വന്തം പുത്രനെ ലോകത്തിലേക്ക് അയക്കുന്ന സുദിനം. അതാണ് കൃസ്മസ് . കൃസ്തു ഇന്നും ജീവിക്കുന്നു , കൃസ്തുവിന്റെ സാന്നിധ്യം ഇന്നും എല്ലായിടത്തും ഉണ്ട് എന്ന യാഥാര്‍ത്ഥ്യം നാം അംഗീകരിക്കുന്നതുകൊണ്ടാണ് കൃസ്മസ് ഇന്നും എക്കാലവും ആഘോഷിക്കപ്പെടുന്നത്. ലാളിത്യത്തിന്റെ , എളിമയുടെ തിരുനാള്‍ ആണ് കൃസ്മസ് . ദൈവപുത്രന്‍ പുല്‍ക്കൂട്ടില്‍ ജനിക്കുന്നു എന്നത് അതാണ് സൂചിപ്പിക്കുന്നത്. പക്ഷെ , ഭൗതിക കാരൃങ്ങളുമായി ബന്ധപ്പെടുത്തി ക്രൈസ്തവ വിശ്വാസത്തെ നമ്മില്‍ പലരും കാണുന്നില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കാലിതൊഴുത്തില്‍ പിറന്ന യേശുവിനെ മനുഷ്യകുലത്തിന്റെ രക്ഷകനായി നാം അംഗീകരിച്ചിരുന്നെങ്കില്‍ ഈ  ഭൗതിക നേട്ടങ്ങളുടെ പുറകെ ഞാനടക്കം ഓടുമായിരുന്നോ?. ഭൗതിക നേട്ടങ്ങള്‍ക്കു വേണ്ടി ദൈവവിശ്വാസത്തെ ഉപയോഗിക്കുമായിരുന്നോ?. വ്യക്തിഗതമായ നേട്ടങ്ങള്‍ക്കു വേണ്ടി  വിശ്വാസത്തെ പരിഗണിക്കുന്ന സംസ്കാരത്തിലേക്ക് നാം മാറിക്കൊണ്ടിരിക്കുന്നു. ഇവിടെയാണ് കൃസ്മസ് പ്രസക്തമാകുന്നത്.

                                                              കൃസ്മസ് (Christmas) എന്ന വാക്കിന്റെ ചുരുക്കയെഴുത്ത് ആയിട്ട്  Xmas എന്നെഴുതുന്നതില്‍ തെറ്റില്ല എന്നാണ് എന്റെ അഭിപ്രായം . ``X ''  എന്നത് Christ എന്ന വാക്കിന് ഗ്രീക്കുഭാഷയിലെ പദത്തിന്റെ ആദ്യ അക്ഷരത്തിന്റെ ഉച്ചാരണമായ chi എന്നതില്‍ നിന്ന് വന്നതാണ്. ലാറ്റിന്‍ ഭാഷയില്‍ നിന്ന് ഉരുത്തിരിഞ്ഞ പഴയ ഇംഗ്ലീഷ് വാക്കായ ``Mass'' എന്നതില്‍ നിന്ന് വന്നതാണ് mas എന്നത് . അതുകൊണ്ടുതന്നെ Xmas എന്നെഴുതുന്നതില്‍ തെറ്റില്ല . കൃസ്മസിന്റെ ക്രൈസ്തവ പാരമ്പര്യത്തില്‍ നിന്നുമാറി മതേതര സ്വഭാവം കാണിക്കുവാനാണ് Xmas എന്നെഴുതുന്നത് എന്നും വിശ്വസിക്കുന്നവരുണ്ട്. അങ്ങനെയാണെങ്കില്‍തന്നെ  അതില്‍ തെറ്റില്ല . കാരണം , യേശുകൃസ്തു മനുഷ്യകുലത്തിനെ മുഴുവന്‍ രക്ഷിക്കുവാനാണ് മനുഷ്യനായി ജന്മമെടുത്തത്. അങ്ങനെ വരുമ്പോള്‍ ,ഒരു വിഭാഗത്തിന്റെ മാത്രം തിരുനാളല്ല കൃസ്മസ് . ലോകജനതയുടെ മുഴുവന്‍ തിരുനാളാണ്.

                                                             എല്ലാവര്‍ക്കും കൃസ്മസിന്റെ മംഗളങ്ങള്‍ നേരുന്നു , പ്രാര്‍ത്ഥിക്കുന്നു .                                            

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ