.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഡിസംബർ 8, വ്യാഴാഴ്‌ച

ഡിസംബര്‍ 9. സഖാവ് ഇ.കെ. നായനാര്‍

നര്‍മ്മത്തില്‍ ചാലിച്ച സംഭാഷണവും കുറിക്കുകൊള്ളുന്ന വിമര്‍ശനങ്ങളും മായാത്ത ചിരിയുമായി ജനഹൃദയങ്ങളില്‍ ഇടം പിടിച്ച , ഏറമ്പാല കൃഷ്ണന്‍ നായനാര്‍ എന്ന ഇ.കെ. നായനാര്‍ കണ്ണൂര്‍ ജില്ലയിലെ കല്ല്യാശ്ശേരിയില്‍  1918 ഡിസംബര്‍ 9ന് ജനിച്ചു . വളരെ ചെറുപ്പത്തില്‍ തന്നെ ദേശീയ സ്വാതന്ത്രൃ സമരത്തില്‍ പങ്കെടുത്തുകൊണ്ട് രാഷ്ട്രീയത്തില്‍ പ്രവേശിച്ചു . കോണ്‍ഗ്രസ് രാഷ്ട്രീയത്തിലൂടെ രാഷ്ട്രീയത്തില്‍ വന്ന അദ്ദേഹം കോണ്‍ഗ്രസിലെ ഇടതുപക്ഷ ചിന്താഗതിക്കാര്‍ ചേര്‍ന്ന് രൂപീകരിച്ച കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചു. 1939ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്ന അദ്ദേഹം കയ്യൂര്‍ സമരത്തില്‍ പങ്കെടുത്ത് ഒളിവില്‍ പോയി. പിന്നീട് 1956ല്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി. പി. എം. പക്ഷത്തു നിന്ന അദ്ദേഹം 1967ല്‍ ലോകസഭാംഗമായി. 1972ല്‍ സി. പി. എം . ന്റെ സംസ്ഥാന സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു . കേരള നിയമസഭയിലേക്ക് ആറ് തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച അദ്ദേഹം മൂന്ന് തവണ കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കാലം കേരളം ഭരിച്ച മുഖ്യമന്ത്രിയെന്ന റെക്കോര്‍ഡും അദ്ദേഹത്തിന് സ്വന്തം. നല്ലൊരു എഴുത്തുകാരന്‍ കൂടിയാണ് അദ്ദേഹം . തന്റെ ജീവിത യാത്രയെക്കുറിച്ച് ` സമരത്തീച്ചൂളയില്‍ ' എന്ന ആത്മകഥയില്‍ അദ്ദേഹം വിവരിക്കുന്നണ്ട്. നിരവധി കൃതികളുടെ രചയിതാവാണ് . മികവുറ്റ ഭരണാധികാരി, സംഘാടകന്‍, പ്രഭാഷകന്‍ , പത്രപ്രവര്‍ത്തകന്‍ തുടങ്ങിയ നിലകളില്‍ കേരള ജനതയുടെ സ്നേഹാദരങ്ങള്‍ പിടിച്ചുപറ്റിയ ജനകീയനായ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം . 2004 മേയ് 19ന് അദ്ദേഹം അന്തരിച്ചു . അന്നേ ദിവസം ` നായനാര്‍ ദിനം ' ആയി ആചരിക്കപ്പെടുന്നു. സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉദാത്ത മാതൃകയായ സഖാവ് ഇ.കെ.നായനാരുടെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ