.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, ഡിസംബർ 21, ബുധനാഴ്‌ച

ഡിസംബര്‍ 22. കവി ശ്രീ വൈലോപ്പിള്ളി ശ്രീധരമേനോന്‍

                              `` അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്കെ
                                 അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നു ചുടു കണ്ണീര്‍''

ശ്രീ വൈലോപ്പിള്ളി ശ്രീധരമേനോന്റെ വിഖ്യാതമായ ` മാമ്പഴം ' എന്ന കവിത കേട്ടാല്‍ കണ്ണ് നിറയാത്തവര്‍ ഉണ്ടാകുമെന്ന് തോന്നുന്നില്ല. മാവിന്റെ പുങ്കുല ഒടിച്ചതിന് തല്ലു കൊള്ളുമെന്ന് പറഞ്ഞ അമ്മയോട് `` മാമ്പഴം പെറുക്കാന്‍ ഞാന്‍ വരുന്നില്ല'' എന്നു പറയുന്ന കുട്ടി

                              `` തുംഗമാം മീനച്ചൂടാല്‍ തൈമാവിന്‍ മരതക -
                                 കിങ്ങിണി സൗഗന്ധിക സ്വര്‍ണ്ണമായ് തീരുംമുന്‍പേ
                                 മാങ്കനി വീഴാന്‍ കാത്തു നില്‍ക്കാതെ മാതാവിന്റെ
                                 പൂങ്കുയില്‍ കൂടും വിട്ട് പരലോകത്തെ പൂകി
                                 വാനവര്‍ക്കാരോമലായ് പാരിനെക്കുറിച്ചുദാസീനനായ്
                                 ക്രീഡാരസ ലീനനായ് അവന്‍ വാഴ്കെ
                                 അങ്കണ തൈമാവില്‍ നിന്നാദ്യത്തെ പഴം വീഴ്കെ
                                 അമ്മതന്‍ നേത്രത്തില്‍ നിന്നുതിര്‍ന്നു ചുടു കണ്ണീര്‍ ''

എന്ന് കവി പാടുമ്പോള്‍, പ്രകൃതിക്കു മുന്‍പില്‍ മനുഷ്യന്‍ നിസഹായതയോടെ നോക്കി നില്‍ക്കേണ്ടി വരുന്ന അവസ്ഥ ഇതില്‍ കൂടുതല്‍ എങ്ങനെയാണ് വര്‍ണ്ണിക്കുവാന്‍ കഴിയുക?. ആരേയും നോവിക്കാതെ നാം ജീവിക്കാന്‍ തയ്യാറാകണം എന്ന സന്ദേശവും ,ആ അമ്മയുടെ തീവ്രമായ ദുഖത്തിലൂടെ കവി നമ്മളോട് പറയുകയാണ്.
                                                     
                                                             മനുഷ്യന്‍ പ്രകൃതിയോട് ചെയ്യുന്ന കൊടും ക്രൂരതകള്‍ക്കു നേരെ വിരല്‍ ചൂണ്ടുന്നതാണ് `` സഹ്യന്റെ മകന്‍ '' എന്ന അദ്ദേഹത്തിന്റെ കവിത . ഇങ്ങനെ നിരവധി കവിതകള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. സമൂഹത്തിലെ അസമത്വങ്ങള്‍ക്കെതിരേയും, സാമൂഹ്യ മാറ്റത്തിനു വേണ്ടിയും തന്റെ തൂലിക ചലിപ്പിച്ചു അദ്ദേഹം . എറണാകുളം ജില്ലയില്‍ 1911മേയ് 11ന് ശ്രീ വൈലോപ്പിള്ളി ശ്രീധരമേനോന്‍ ജനിച്ചു . സസ്യശാസ്ത്രത്തില്‍ ബിരുദമെടുത്തശേഷം മദ്രാസില്‍ എല്‍.ടി. പാസ്സായി . തൃശൂര്‍ നെല്ലങ്കര തറ്റാട്ടുവീട്ടില്‍ ഭാനുമതിയമ്മയാണ് ഭാരൃ. ശാസ്ത്ര അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം വിവിധ സ്ഥലങ്ങളില്‍ ജോലിചെയ്ത കൂട്ടത്തില്‍ ചാലക്കുടിയിലും ജോലി ചെയ്തിട്ടുണ്ട് . 1966ല്‍ ഹെഡ്മാസ്റ്ററായി വിരമിച്ചു. പഠനകാലത്തുതന്നെ കവിതകള്‍ എഴുതി തുടങ്ങി . `` കന്നിക്കൊയ്ത്ത് '' എന്നതാണ് അദ്ദേഹത്തിന്റെ ആദ്യ കവിതാ സമാഹാരം. ` സാഹിത്യ നിപുണന്‍ ' എന്ന ബഹുമതി നേടിയ അദ്ദേഹം ,എം. പി. പോള്‍ പുരസ്കാരം ,കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് , ആശാന്‍ അവാര്‍ഡ് ,വയലാര്‍ അവാര്‍ഡ് ,കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് ,സോവിയറ്റ് ലാന്റ് നെഹ്റു അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട് . 1985 ഡിസംബര്‍ 22ന് അദ്ദേഹം അന്തരിച്ചു . ശ്രീ വൈലോപ്പിള്ളി ശ്രീധരമേനോന്‍ എന്ന പ്രശസ്തനായ കവിയുടെ സ്മരണകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ