.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2018, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

സില്‍വര്‍ ജൂബിലേറിയന്‍ റവ. ഫാ. പോള്‍ ചുള്ളി

സമര്‍പ്പിത ജീവിതത്തിന്റെ കാല്‍നൂറ്റാണ്ട് പിന്നിട്ട റവ. ഫാ. പോള്‍ ചുള്ളി ദൈവ മഹത്വത്തിനായി സേവനംചെയ്യുവാന്‍ മനസ്സിലുറപ്പിച്ചുകൊണ്ട് 1994 ഏപ്രില്‍ 11ന് മാര്‍ ജേക്കബ്ബ് മനത്തോടത്ത് പിതാവില്‍നിന്ന് കൈവയ്പ് ശുശ്രൂഷയിലൂടെ വൈദികപട്ടം സ്വീകരിച്ച റവ. ഫാ. പോള്‍ ചുള്ളി സമര്‍പ്പിത ജീവിതത്തിന്‍റെ കാല്‍നൂറ്റാണ്ട് പിന്നിട്ട് പൗരോഹിത്യത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കുകയാണ്. വി. ലൂക്കയുടെ സുവിശേഷം 2- 49 ഇത്തരുണത്തില്‍ ഓര്‍മ്മ വരികയാണ്. ജറൂസെലം ദേവാലയത്തില്‍ പെസഹാതിരുനാളിന് പോയ യൗസേപ്പിതാവും കുടുംബവും തിരിച്ചുപോരുമ്പോള്‍ യേശുവിനെ കാണാതായപ്പോള്‍ മാതാവ് ആകുലപ്പെട്ട് യേശുവിനോട് പറഞ്ഞു- നിന്‍റെ പിതാവും ഞാനും ഉത്ഘണ്ടയോടെ നിന്നെ തിരയുകയായിരുന്നു. അതിന് യേശു പറഞ്ഞ മറുപടി ശ്രദ്ധേയമാണ്. Why were you searching for me, Did you not know that I must be in my Father's house? അങ്ങ് എന്തിനാണ് എന്നെ അന്വേഷിക്കുന്നത്, ഞാന്‍ എന്‍റെ പിതാവിന്‍റെ ഭവനത്തില്‍ ആയിരിക്കേണ്ടതാണെന്ന് അങ്ങേക്ക് അറിയില്ലേ? പിതാവിന്‍റെ കാര്യങ്ങളില്‍ വ്യാപ്റ്തനായിരിക്കേണ്ടതാണെന്ന് അങ്ങേക്കറിയില്ലേയെന്ന്. ദൈവീക കാര്യങ്ങളില്‍ വ്യാപ്റ്തനായി ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ പിന്നിട്ട ചുള്ളി അച്ചന് ജൂബിലിയുടെ എല്ലാവിധ മംഗളങ്ങളും ആശംസിക്കുന്നു.സമരങ്ങള്‍ക്കൊപ്പം സാധുജന സേവനങ്ങള്‍ക്കും മുന്‍പിലാണ് ചുള്ളിയച്ചന്‍. എറണാകുളം ജില്ലയിലെ വല്ലം ഇടവകയില്‍ ബോണിഫസിന്‍റേയും പരേതയായ റോസിയുടേയും ഏഴ് മക്കളില്‍ അഞ്ചാമനായി 1965 ഒക് 11ന് ജനിച്ച ഫാ. പോള്‍ ചുള്ളിയുടെ സഹോദരിമാരായ സി. സ്റ്റെല്ലാഗ്രേസ്, സി. ജോസഫൈന്‍ എന്നിവര്‍ ഹോളിഫാമിലി കോണ്‍ഗ്രിഗേഷനില്‍ സേവനംചെയ്യുന്നു. ഒക്കല്‍ സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം കാലടി ശ്രീശങ്കരാ കോളേജില്‍നിന്ന് ഡിഗ്രി പാസ്സായശേഷമാണ് വൈദിക പഠനത്തിനു പോയത്. സെമിനാരിയില്‍ റവ. ഡോക്ടര്‍ അഗസ്റ്റിന്‍ വല്ലൂരാന്‍ ചുള്ളിയച്ചന്‍റെ അദ്ധ്യാപകനായി ഉണ്ടായിരുന്നുവെന്ന് ചുള്ളിയച്ചന്‍ ഓര്‍മ്മിക്കാറുള്ളത് തിരുമുടിക്കുന്നുകാര്‍ക്ക് അഭിമാനിക്കാവുന്ന കാര്യമാണ്. ഫാ. പോള്‍ ചുള്ളി കുടവെച്ചൂര്‍, മഞ്ഞപ്ര പള്ളികളില്‍ സഹവികാരിയായും തവളപ്പാറ, ജോസ്പുരം, നടുവട്ടം പള്ളികളില്‍ വികാരിയായും സേവനംചെയ്തിട്ടുണ്ട്. എറണാകുളം - അങ്കമാലി അതിരൂപത മദ്യവിരുദ്ധസമിതി ഡയറക്ടറായും, അതിരൂപത ആന്‍റിആല്‍ക്കഹോളിക് മൂവ്മെന്‍റ് ഡയറക്ടറായും സേവനംചെയ്തിട്ടുണ്ട്. ഇപ്പോള്‍ തിരുമുടിക്കുന്ന് ഇടവക വികാരിയായ അച്ചന്‍ കൊരട്ടി ഫൊറോന ദീപിക ഫ്രണ്ട്സ് ക്ലബ്ബ് കൊ-ഓര്‍ഡിനേറ്ററായും കെ.സി.വൈ.എം. ഫൊറോന ഡയറക്ടറായും സേവനംചെയ്യുന്നു. കഴിഞ്ഞ ആറുവര്‍ഷമായി നിരവധി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തിരുമുടിക്കുന്ന് ഇടവകയില്‍ ചുള്ളിയച്ചന്‍റെ നേതൃത്വത്തില്‍ ചെയ്തുകഴിഞ്ഞു. ഇടവകയിലെ ചിറങ്ങര മുടപ്പുഴയില്‍ വി. അല്‍ഫോന്‍സാമ്മയുടെ നാമധേയത്തില്‍ ഒരു പള്ളി പണിതുകൊണ്ടിരിക്കുന്നു. തിരുമുടിക്കുന്ന് പള്ളിയോട് ചേര്‍ന്നുള്ള ഹൈസ്കൂള്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളായി ഉയര്‍ത്തപ്പെട്ടതും ഏറ്റവും മനോഹരമായി സ്മാര്‍ട്ട് റൂമുകളടക്കം പണികഴിപ്പിച്ച് ജില്ലയിലെതന്നെ മികവുറ്റ ഹയര്‍ സെക്കന്‍ഡറി സ്കൂളാക്കിയതും പ്രധാന നേട്ടങ്ങളാണ്. പള്ളിയുടെ സിമിത്തേരി പുതുക്കിപണിതു, പള്ളിയുടെ മുറ്റം മുഴുവന്‍ ടൈല്‍സ് വിരിച്ച് മനോഹരമാക്കിയതും, പള്ളിയില്‍ ഉപയോഗിക്കുന്നതിനായി വലിയ ജനറേറ്റര്‍ വാങ്ങിയതും, മനോഹരമായ പൂന്തോട്ടം നിര്‍മ്മിച്ചതും, പാരീഷ്ഹാള്‍ നവീകരിച്ചതും, മരണാനന്തര ചടങ്ങുകള്‍ക്കുശേഷം ചായസല്‍ക്കാരത്തിനായി പിയാത്തെഹാള്‍ നിര്‍മ്മിച്ചതും എടുത്തുപറയേണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ്. ആദ്ധ്യാത്മിക പ്രവര്‍ത്തനങ്ങളും സാമുഹ്യസേവനവും സമന്വയിപ്പിച്ചുകൊണ്ടുള്ള ജീവിതശൈലിയാണ് ഫാ. പോള്‍ ചുള്ളിയുടേത്. മദ്യവര്‍ജ്ജനപ്രസ്ഥാനത്തിനുവേണ്ടി നിരവധി സമരങ്ങള്‍ സംഘടിപ്പിക്കുകയും ജാഥകള്‍ നയിക്കുകയും ചെയ്തിട്ടുണ്ട്. മഞ്ഞപ്ര, തവളപ്പാറ, ജോസ്പുരം, നടുവട്ടം പള്ളികളില്‍ സേവനംചെയ്യുമ്പോള്‍ മദ്യത്തിനെതിരെ പോരാടുവാന്‍ യുവജനങ്ങളെ സംഘടിപ്പിച്ച് വീട് വീടാന്തരം കയറിയിറങ്ങി ബോധവല്‍ക്കരണം നടത്തിയിട്ടുണ്ട്. അങ്കമാലി ടൗണില്‍ മദ്യവിമോചന റാലി സംഘടിപ്പിച്ചതും അച്ചന്‍ ടൗണില്‍ സത്യാഗ്രഹം ഇരുന്നതും പൊതുജന ശ്രദ്ധ നേടുകയുണ്ടായി. തിരുമുടിക്കുന്നില്‍വച്ചും മദ്യത്തിനെതിരെ ബോധവല്‍ക്കരണ സെമിനാറുകള്‍ സംഘടിപ്പിക്കുകയും മാറിമാറിവരുന്ന സര്‍ക്കാരുകളുടെ മദ്യപ്രീണന നയങ്ങള്‍ക്കെതിരെ സമരങ്ങള്‍ നടത്തുകയും ജാഥകള്‍ നയിക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കെ.സി.ബി.സി. മദ്യവിരുദ്ധസമിതിയുടെ ആഭിമുഖ്യത്തില്‍ സര്‍ക്കാരിന്റെ മദ്യ നയത്തിനെതിരെ നടന്ന കേരളയാത്രയില്‍ അങ്കമാലിയിലെ സ്വീകരണയോഗത്തില്‍ അച്ചന്‍ പ്രസംഗിച്ചത് മാധ്യമ ശ്രദ്ധ പിടിച്ചുപറ്റി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ