.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2018, ഒക്‌ടോബർ 12, വെള്ളിയാഴ്‌ച

ജൂബിലേറിയന്‍ റവ.ഫാ.പോള്‍ ചുള്ളി സാമൂഹ്യസേവനരംഗത്ത്

ജൂബിലേറിയന്‍ റവ.ഫാ.പോള്‍ ചുള്ളി സമരങ്ങള്‍ക്കൊപ്പം സാധുജന സേവനങ്ങള്‍ക്കും കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും മുന്‍പിലാണ്. തിരുമുടിക്കുന്ന് പള്ളിയുടെ പ്ലാറ്റിനം ജൂബിലി 2014ല്‍ അതിമനോഹരവും ഭക്തിനിര്‍ഭരവുമായി ആഘോഷിക്കുവാന്‍ അച്ചന്‍ നേത്റ്ത്വംനല്‍കി. സമാപന സമ്മേളനം ഉദ്ഘാടനംചെയ്തത് സീറോമലബാര്‍ സഭയുടെ തലവനും കര്‍ദ്ദിനാളുമായ മാര്‍ ജോര്‍ജ് ആലഞ്ചേരി ശ്രേഷ്ഠ മെത്രാപ്പോലീത്തയായിരുന്നു. ജൂബിലി വര്‍ഷത്തില്‍ നിരവധി കാരുണ്യപ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിക്കുകയും അവ സമയബന്ധിതമായി നടപ്പിലാക്കുകയുംചെയ്തു. അച്ചന്‍റെ നേത്റ്ത്വത്തില്‍ ചെയ്ത കാരുണ്യപ്രവര്‍ത്തനങ്ങളുടെ ഉത്തമ ഉദാഹരണമാണ് 2018 ആഗസ്റ്റ് മാസത്തില്‍ കേരളത്തിലുണ്ടായ പ്രളയക്കെടുതിയില്‍ ഇടവകക്കാര്‍ പ്രളയബാധിതര്‍ക്ക് ചെയ്ത സേവനങ്ങള്‍. കേരളം മുഴുവന്‍ പ്രളയക്കെടുതിയില്‍ മരണഭീതിയില്‍ കഴിഞ്ഞപ്പോള്‍ സര്‍ക്കാരിന്‍റേയോ, മറ്റേതെങ്കിലും അധികാരികളുടേയൊ ഉത്തരവിനൊന്നും കാത്തുനില്‍ക്കാതെ പ്രളയബാധിതര്‍ക്ക് തിരുമുടിക്കുന്ന് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സുരക്ഷിതമായ താമസസ്ഥലവും, മരുന്നും ഭക്ഷണവും ഒരുക്കികൊടുത്തു ഇടവകക്കാര്‍. ഒരാഴ്ചയിലധികംകാലം സുരക്ഷിതരായി കഴിഞ്ഞ പ്രളയബാധിതര്‍ പ്രളയം കഴിഞ്ഞപ്പോള്‍ അവരവരുടെ നാട്ടിലേക്ക് തിരിച്ചുപോയി. ഇടവക ജനങ്ങളില്‍നിന്ന് സംഭരിച്ച പണംകൊണ്ട് പ്രളയബാധിത പ്രദേശങ്ങളായ അയിരൂര്‍, ചെറുകടപ്പുറം, അന്നനാട്, കാടുകുറ്റി, സമ്പാളൂര്‍, മേലൂര്‍ ഡിവൈന്‍ കോളനി തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങള്‍ക്ക് ഭക്ഷണസാധനങ്ങള്‍, വസ്ത്രങ്ങള്‍, വീട്ടുപകരണങ്ങള്‍ തുടങ്ങിയവ വിതരണംചെയ്ത് മനുഷ്യസ്നേഹത്തിന്‍റെ മഹനീയ മാത്റ്കയായിമാറി. സേവനങ്ങള്‍ക്കിടയിലും അനീതിക്കെതിരെ പോരാടാന്‍ മടിക്കുകയോ, ആരെയെങ്കിലും ഭയപ്പെടുകയോ ചെയ്യുന്നില്ല ചുള്ളിയച്ചന്‍. ആരാലും ആശ്രയമില്ലാതെ തിരുമുടിക്കുന്ന് ഗാന്ധിഗ്രാം ത്വക്ക് രോഗ ആശുപത്രിയില്‍ കഴിയുന്ന അന്തേവാസികള്‍ക്കും സമീപവാസികള്‍ക്കും ദോഷകരമായി ബാധിക്കുമെന്ന് സംശയിക്കുന്ന രീതിയില്‍, പ്രളയ മാലിന്യങ്ങളും, പ്ലാസ്റ്റിക് വേസ്റ്റുകളും ആശുപത്രി വളപ്പില്‍ സംഭരിക്കുവാന്‍ അധികാരികള്‍ തീരുമാനമെടുത്തപ്പോള്‍ അതിനെതിരെ പോരാടുവാന്‍ അച്ചന്‍ മുന്‍പില്‍ നില്‍ക്കുകയും നാട്ടുകാരുടെ എതിര്‍പ്പുമൂലം അധികാരികള്‍ ആ ഉദ്യമത്തില്‍നിന്ന് പിന്‍മാറുകയുംചെയ്തു. പൗരോഹിത്യത്തിന്‍റെ ജൂബിലി ആഘോഷിക്കുന്ന റവ. ഫാ.ചുള്ളിക്ക് എല്ലാവിധ ആയുരാരോഗ്യങ്ങളും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ