2019, ഡിസംബർ 8, ഞായറാഴ്‌ച
ജൂബിലേറിയന്മാരേയും നവദമ്പതികളേയും ആദരിച്ചു
..................................................................
തിരുമുടിക്കുന്ന് ചെറുപുഷ്പം പള്ളിയില്‍ ഗ്രേസ് റിപ്പിള്‍സിന്‍റേയും ട്രിനിറ്റി കപ്പിള്‍സ് മിനിസ്റ്ററിയുടേയും ആഭിമുഖ്യത്തില്‍ വിവാഹത്തിന്‍റെ ഇരുപത്തിയഞ്ചും അന്‍പതും വര്‍ഷങ്ങള്‍ പിന്നിട്ട ജൂബിലേറിയന്‍മാരേയും നവദമ്പതികളേയും ആദരിച്ചു. ഇന്നലെ രാവിലെ 6- 45ന് നടന്ന ആഘോഷമായ പാട്ടുകുര്‍ബ്ബാനക്ക് വികാരി ഫാ. പോള്‍ ചുള്ളി കാര്‍മ്മികത്വംവഹിച്ചു. നവദമ്പതികളും ജൂബിലേറിയന്‍മാരും കാഴ്ചസമര്‍പ്പണം നടത്തി. പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കുശേഷം പാരീഷ്ഹാളില്‍ വികാരി ഫാ. പോള്‍ ചുള്ളിയുടെ അദ്ധ്യക്ഷതയില്‍ അനുമോദനയോഗംചേര്‍ന്നു. കല്ലേലി അപ്രേം- ഷൈനി ദമ്പതികളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തിന് ചുള്ളി ആന്‍റണി- ഷൈനി ദമ്പതികള്‍ സ്വാഗതം പറഞ്ഞു. കൊരട്ടി ഫൊറോന പ്രൊമോട്ടര്‍ പെരുമായന്‍ ബേബി- ഡാലി ദമ്പതികള്‍ ഗ്രേസ് റിപ്പിള്‍സ് ദമ്പതി കോണ്‍ഫ്രന്‍സിനെക്കുറിച്ച് വിശദീകരിച്ചു. പറോക്കാരന്‍ ആന്‍റണി- ഷീല ദമ്പതികള്‍ ജൂബിലേറിയന്‍മാരേയും നവദമ്പതികളേയും അനുമോദിച്ചു. ഗോള്‍ഡണ്‍ ജൂബിലേറിയന്‍ ചൂരക്കല്‍ അഗസ്റ്റിന്‍- ലീലാമ്മ ദമ്പതികള്‍, നവദമ്പതികളായ കിരണ്‍- അഞ്ചിത ദമ്പതികള്‍ എന്നിവര്‍ മറുപടി പ്രസംഗം പറഞ്ഞു. എറണാകുളം- അങ്കമാലി അതിരൂപത ട്രിനിറ്റി കപ്പിള്‍സ് മിനിസ്റ്ററി സെക്രട്ടറി തച്ചില്‍ അവരാച്ചന്‍- സിബി ദമ്പതികള്‍ അതിരൂപതയിലെ സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ആനിമേറ്റര്‍ സിസ്റ്റര്‍ റാണിപോള്‍, കൈക്കാരന്‍ ഷിബു തയ്യില്‍, വൈസ്ചെയര്‍മാന്‍ ഷോജിഅഗസ്റ്റിന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. അസിസ്റ്റന്‍റ് വികാരി ഫാ. ജിന്‍റൊ പടയാട്ടില്‍ ജൂബിലേറിയന്‍മാര്‍ക്കും നവദമ്പതികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി. പുതുശ്ശേരി ആന്‍റണി- റീന ദമ്പതികള്‍ നന്ദി പറഞ്ഞു. വിതയത്തില്‍ ചുമ്മാര്‍- മേരി ദമ്പതികള്‍, ചെറ്റാനിയില്‍ ജോസ്- തങ്കം ദമ്പതികള്‍, പള്ളിപ്പാടന്‍ ജോസ്- എല്‍സി ദമ്പതികള്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വംനല്‍കി. യോഗത്തിനുശേഷം സ്നേഹവിരുന്നും ഉണ്ടായിരുന്നു
2019, നവംബർ 30, ശനിയാഴ്‌ച
തിരുമുടിക്കുന്ന് പള്ളിയില്‍ ശ്രാദ്ധതിരുനാള്‍ 2019 നവംബര്‍ 30ന്
തിരുമുടിക്കുന്ന് പള്ളിയില്‍ ശ്രാദ്ധതിരുനാള്‍ സമാപിച്ചു
ചെറുപുഷ്പ ദേവാലയത്തില്‍ മരിച്ചവര്‍ക്കായുള്ള ശ്രാദ്ധതിരുനാള്‍ വിവിധ പരിപാടികളോടെ സമാപിച്ചു. വൈകിട്ട് ആറിന് ഇടവക വികാരി ഫാ. പോള്‍ ചുള്ളിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ റാസക്കുര്‍ബ്ബാന നടന്നു. അസിസ്റ്റന്‍റ് വികാരി ഫാ. ജിന്‍റൊ പടയാട്ടില്‍, കൊരട്ടി ഫൊറോന അസിസ്റ്റന്‍റ് വികാരി ഫാ. സിറിള്‍ കൈതക്കളം, ഫാ. അഗസ്റ്റിന്‍ മുണ്ടിയത്ത് സി.എം.എഫ് എന്നിവര്‍ സഹകാര്‍മ്മികരായി. കഴിഞ്ഞ ഒരു വര്‍ഷം ഇടവകയില്‍നിന്ന് മരിച്ചുപോയവരുടെ ബന്ധുക്കള്‍ കാഴ്ചസമര്‍പ്പണം നടത്തി. വിശുദ്ധ കുര്‍ബ്ബാനക്കുശേഷം നടന്ന ശ്രാദ്ധഊട്ടില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. അസിസ്റ്റന്‍റ് വികാരി ഫാ. ജിന്‍റൊ പടയാട്ടില്‍ ഊട്ടുനേര്‍ച്ച വെഞ്ചിരിച്ചു. കൈക്കാരന്മാരായ ഷിബു തയ്യില്‍, ജോസ് നെല്ലിപ്പിള്ളി, കുടുംബയൂണിറ്റ് കേന്ദസമിതി വൈസ്ചെയര്‍മാന്‍ ഷോജിഅഗസ്റ്റിന്‍, ജോയിന്‍റ് കണ്‍വീനര്‍ ഫ്രാന്‍സീസ് പനംകുളം, കെ.ഒ. പോളി, ഷാജി മാളിയേക്കല്‍, ഭക്തസംഘടനാ പ്രതിനിധികള്‍, വിശ്വാസ പരിശീലന അധ്യാപകര്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വംനല്‍കി. ശ്രാദ്ധതിരുനാള്‍ ജനറല്‍ കണ്‍വീനര്‍ ജോസഫ് മഞ്ഞളി നന്ദി പറഞ്ഞു.
ക്രിസ്തുമസ്സും പുതുവത്സര ചിന്തകളും
ക്രിസ്തുമസ്സിന് മുന്നോടിയായി രക്ഷകനായ യേശുക്രിസ്തുവിനെ എതിരേല്കാന്‍ മിക്കവാറും എല്ലാ ക്രിസ്തുമത വിഭാഗങ്ങളും ഒരുങ്ങാറുണ്ട്. കത്തോലിക്കര്‍ ഡിസംബര്‍ 1മുതല്‍ ക്രിസ്തു ജനിച്ച ദിവസം എന്ന് വിശ്വസിക്കപ്പെടുന്ന ഡിസംബര്‍ 25 വരെ 25 ദിവസം നോമ്പ് നോക്കിയാണ് ക്രിസ്തുമസ്സിനായി ഒരുങ്ങുന്നത്. കത്തോലിക്കാ വിശ്വാസികളുടെ ആരാധനാ ക്രമത്തില്‍ ' ആഗമന കാലം' ( Advent Season) എന്നാണ് ഈ കാലഘട്ടം അറിയപ്പെടുന്നത്. കത്തോലിക്കാ സഭയിലെ സീറോമലബാര്‍ റീത്തില്‍ ഈ കാലഘട്ടത്തെ ' മംഗള വാര്‍ത്താ കാലം ' എന്ന് പറയുന്നു. ആരാധനാക്രമം ആരംഭിക്കുന്നത് മംഗള വാര്‍ത്താക്കാലത്തോടുകൂടിയാണ്. യേശുവിന്റെ രക്ഷാകര ചരിത്രത്തിലെ സംഭവങ്ങളെ കേന്ദ്രീകരിച്ചാണ് കത്തോലിക്കാ സഭയിലെ സീറോമലബാര്‍ റീത്തില്‍ ആരാധനാക്രമം ക്രമീകരിച്ചിട്ടുള്ളത്.
പിതാവായ ദൈവം മനുഷ്യവര്‍ഗ്ഗത്തോടുള്ള അനന്ത സ്നേഹത്തിന്റെ അടയാളമായി മനുഷ്യരെ രക്ഷിക്കുന്നതിന് വേണ്ടി തന്റെ ഏകജാതനായ യേശുവിനെ ഈ ലോകത്തിലേക്ക് അയച്ചുവെന്ന് ക്രൈസ്തവര്‍ വിശ്വസിക്കുന്നു. യേശുക്രിസ്തു നല്‍കുന്ന രക്ഷ പാപത്തില്‍ നിന്നുള്ള രക്ഷയാണ്. വിശ്വാസം കൊണ്ട് മാത്രം ആരും രക്ഷപ്പെടുകയില്ല. പ്രവര്‍ത്തിയില്ലാത്ത വിശ്വാസം വിശ്വാസമല്ല. വിശ്വാസവും സ്നേഹപൂര്‍ണ്ണമായ പ്രവര്‍ത്തനവും സമന്വയിപ്പിക്കുമ്പോളാണ് രക്ഷയുടെ സദ് വാര്‍ത്ത അര്‍ത്ഥപൂര്‍ണ്ണമാകുന്നത്.
രക്ഷകനായ യേശുവിനെ പ്രതീക്ഷിച്ചുകൊണ്ടുള്ള ഈ കാലഘട്ടത്തില്‍ ( ഇരുപത്തിയഞ്ച് നോമ്പ് ) ഉപവാസം, ഇഷ്ട വസ്തുക്കള്‍ വര്‍ജ്ജിക്കല്‍, മാംസം വര്‍ജ്ജിക്കല്‍, ആശയടക്കം, ദാനധര്‍മ്മം ചെയ്യല്‍ തുടങ്ങിയവ ചെയ്തുകൊണ്ട് ക്രൈസ്തവര്‍ ക്രിസ്തുവിന്റെ വരവിനായി ഒരുങ്ങുന്നു. ആത്മപരിശോധനക്കുള്ള അവസരമായിട്ടാണ് ക്രൈസ്തവര്‍ ഈ അവസരം ഉപയോഗിക്കുന്നത്.
വീണ്ടും ഒരിക്കല്‍കൂടി ക്രിസ്തുമസ്സും പുതുവത്സര ദിനവും വന്നെത്തുകയാണ്. ശാന്തിയുടേയും സമാധാനത്തിന്റേയും സന്ദേശം മാനവരാശിക്ക് നല്‍കികൊണ്ട് ഒരു ക്രിസ്തുമസ് കൂടി എത്തിചേരുന്നു. ലോക നന്മക്കായി ദൈവ പുത്രനായ യേശു ഒരു പുല്‍ക്കൂട്ടില്‍ ജനിക്കുന്നു. മനുഷ്യ വര്‍ഗ്ഗത്തിന്റെ മുഴുവന്‍ രക്ഷക്കായി ദൈവം, താന്‍ മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം, തന്റെ കരുണയിലും സ്നേഹത്തിലും സ്വന്തം പുത്രനെ ലോകത്തിലേക്ക് അയക്കുന്ന സുദിനം. അതാണ് ക്രിസ്തുമസ്സ്. ക്രിസ്തുവിന്റെ സാന്നിധ്യം ഇന്നും എല്ലായിടത്തും ഉണ്ട് എന്ന യാഥാര്‍ത്ഥ്യം നാം അംഗീകരിക്കുന്നതുകൊണ്ടാണ് ക്രിസ്തുമസ്സ് ഇന്നും എക്കാലവും ആഘോഷിക്കപ്പെടുന്നത്. ലാളിത്യത്തിന്റെ, എളിമയുടെ തിരുനാള്‍ ആണ് ക്രിസ്തുമസ്. ദൈവപുത്രന്‍ പുല്‍ക്കൂട്ടില്‍ ജനിക്കുന്നു എന്നത് അതാണ് സൂചിപ്പിക്കുന്നത്. പക്ഷെ, ഭൗതിക കാരൃങ്ങളുമായി ബന്ധപ്പെടുത്തി ക്രൈസ്തവ വിശ്വാസത്തെ നമ്മില്‍ പലരും കാണുന്നില്ലേ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കാലിതൊഴുത്തില്‍ പിറന്ന യേശുവിനെ മനുഷ്യകുലത്തിന്റെ രക്ഷകനായി നാം അംഗീകരിച്ചിരുന്നെങ്കില്‍ ഈ ഭൗതിക നേട്ടങ്ങളുടെ പുറകെ ഞാനടക്കം ഓടുമായിരുന്നോ?. ഭൗതിക നേട്ടങ്ങള്‍ക്കു വേണ്ടി ദൈവവിശ്വാസത്തെ ഉപയോഗിക്കുമായിരുന്നോ?. വ്യക്തിഗതമായ നേട്ടങ്ങള്‍ക്കു വേണ്ടി വിശ്വാസത്തെ പരിഗണിക്കുന്ന സംസ്കാരത്തിലേക്ക് നാം മാറിക്കൊണ്ടിരിക്കുന്നു. ആത്മീയവാദികളായ നാം ലൗകീകതയുടെ, ആഡംബരങ്ങളുടെ ലോകത്തേക്ക് ആകര്‍ഷിക്കപ്പെടുന്നതിന്‍റെ അര്‍ത്ഥശൂന്യത മനസ്സിലാക്കണം. കമ്പോള സംസ്ക്കാരത്തിന്‍റെ കരാളഹസ്തങ്ങളില്‍പ്പെട്ട് വ്യക്തികളും സമൂഹവും മതങ്ങള്‍പോലും ഇന്ന് ആഡംബരത്തിലേക്ക്, ധാരാളിത്തത്തിലേക്ക് നയിക്കപ്പെടുകയാണ്. ഇവിടെയാണ് ക്രിസ്തുമസ് പ്രസക്തമാകുന്നതും ക്രിസ്തുമസ്സിന്‍റെ സന്ദേശം നമ്മുടെ ജീവിതത്തില്‍ പ്രായോഗികമാക്കേണ്ടതും.
ലോകത്തില്‍ വിവിധ കാലഗണനാ സമ്പ്രദായം നിലനില്‍ക്കുന്നുണ്ടെങ്കിലും ക്രിസ്തുവര്‍ഷത്തെ അടിസ്ഥാനപ്പെടുത്തിയാണ് കൂടുതല്‍ ആളുകള്‍ പുതുവത്സരം ആഘോഷിക്കുന്നത്. ജീവിതത്തിനു ഒരു അടുക്കും ചിട്ടയും ഉണ്ടാകുന്നതിന് കാലം അല്ലെങ്കില്‍ സമയം എന്ന സങ്കല്‍പ്പത്തിനു പ്രസക്തിയുണ്ട്. അതുകൊണ്ടുതന്നെ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ആഘോഷങ്ങള്‍ വേണ്ടതുതന്നെയാണ്. എന്നാല്‍, ഇക്കാലത്ത് ആഘോഷങ്ങള്‍ പ്രത്യേകിച്ച്, പുതുവത്സരാഘോഷം അതിരു വിടുന്നുണ്ടോ?. മത പാരമ്പരൃം വളരെയേറെയുള്ള, സംസ്ക്കാര സമ്പന്നരെന്ന് സ്വയം അഹങ്കരിക്കുന്ന, ദൈവത്തിന്റെ സ്വന്തം നാടെന്ന് അഭിമാനിക്കുന്ന നമ്മുടെ കേരളത്തില്‍ പോലും പുതുവത്സരാഘോഷത്തിന്റെ മറവില്‍ എത്രമാത്രം അനിഷ്ട സംഭവങ്ങളാണ് അരങ്ങേറുന്നത്.! എന്നാല്‍, പുതുവത്സരാരംഭത്തില്‍ പുതിയ നല്ല തീരുമാനങ്ങള്‍ എടുക്കുന്നവരും തങ്ങളിലുള്ള ദുഃശ്ശീലങ്ങളെ മാറ്റി പുതിയ മനുഷ്യരാകുന്നതിന് ശ്രമിക്കുന്നവരും ഉണ്ട്. ആയുസില്‍ നിന്ന് ഒരു വര്‍ഷം കൊഴിഞ്ഞു പോകുമ്പോള്‍ മരണത്തോട് ഒരു വര്‍ഷം അടുക്കുന്നു എന്നും നമുക്ക് ചിന്തിക്കാം. ഒരു കണക്കെടുപ്പിന്റെ ദിനം കൂടിയാകണം പുതുവര്‍ഷാരംഭ ദിനം. എന്ത് നേടി, എന്ത് നഷ്ടപ്പെട്ടു എന്ന് നമുക്ക് വിലയിരുത്താം. മരണത്തിലേക്കുള്ള യാത്രയില്‍ പിന്നിടുന്ന സൂചികാഫലകങ്ങളാണ് പുതുവത്സര ദിനങ്ങള്‍. അവിടെ നിന്ന് തിരിഞ്ഞു നോക്കി ചരിത്രം പഠിച്ചാല്‍ പുതിയ ചരിത്രം രചിക്കാം. ഈ ഭൂമിയിലെ ജീവിതത്തില്‍ ഒരു വര്‍ഷം കൂടി തികയ്ക്കാന്‍ ദൈവം ആയുസ്സും ആരോഗ്യവും തന്നതിനെ ഓര്‍ത്ത് നമുക്ക് ദൈവത്തിന് നന്ദി പറയാം. ആയുസ്സിന്റെ കണക്ക് പുസ്തകത്തില്‍ നിന്ന് ഒരു വര്‍ഷം കഴിഞ്ഞുപോയി എന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ഇന്നലെകളിലെ നമ്മുടെ തെറ്റുകളെ തിരുത്തിക്കൊണ്ട്, നന്മകളെ പരിപോഷിപ്പിച്ചുകൊണ്ട്, വരാനിരിക്കുന്ന നാളെകളില്‍ പ്രതീക്ഷയര്‍പ്പിച്ചുകൊണ്ട്, ഇന്നുകളില്‍ നമുക്ക് ജീവിക്കാം.
എല്ലാവര്‍ക്കും ക്രിസ്തുമസ്സിന്‍റേയും പുതുവത്സരത്തിന്‍റേയും ആശംസകള്‍ നേരുന്നു. ആഗോള കുടുംബ ദിനം( Global Family Day) കൂടിയാണ് ജനുവരി 1. സമാധാനവും എെശ്വരൃവും എല്ലാവര്‍ക്കും ഉണ്ടാകുവാന്‍ പ്രാര്‍ത്ഥിക്കുന്നു.
★★★★★★★★★★★★★★★★★★★★
2019, ഓഗസ്റ്റ് 25, ഞായറാഴ്‌ച
പ്രകൃതി ദുരന്ത പ്രദേശങ്ങളിലേക്ക് .....
2019, ഓഗസ്റ്റ് 17, ശനിയാഴ്‌ച
ആഗസ്റ്റ് 15- ഭാരതസ്വാതന്ത്യ ദിനവും പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാളും
************************************
.
"വന്ദിപ്പിൻ മാതാവിനെ വന്ദിപ്പിൻ മാതാവിനെ,
വന്ദിപ്പിനുപാസ്യരായുല്ലൊർക്കുമുപാസ്യയെ".
ആധുനിക മലയാള കവിത്രയത്തിൽ കാവ്യ ശൈലിയിലെ ശബ്ദസൗന്ദര്യം കൊണ്ടും സർഗ്ഗാത്മകത കൊണ്ടും അനുഗ്രഹീതനായ മഹാകവിയായിരുന്ന വള്ളത്തോൾ നാരായണമേനോൻ "മാതൃവന്ദനം' എന്ന കവിതയിൽ കേരളത്തെ വർണ്ണിക്കുന്ന മേൽപറഞ്ഞ വരികൾ ഭാരതത്തിന്റെ സ്വാതന്ത്ര്യവും പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണവും ആഘോഷിക്കുന്ന ഈ ഓഗസ്റ്റ് മാസത്തിൽഓർത്തുപോവുകയാണ്. ഓഗസ്റ്റ് 15- ഭാരതസ്വാതന്ത്ര്യവും മാതാവിന്റെ സ്വർഗ്ഗാരോപണവും ഒരുമിച്ച് ആഘോഷിക്കുന്ന സുദിനം. മഹാകവി കുമാരനാശാൻ
"സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം, പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം''
എന്നു പറഞ്ഞത് ഈ കാലഘട്ടത്തിൽ പ്രസക്തമാണ്. അന്യന്റെ നിയന്ത്രണത്തിനു വിധേയമല്ലാത്ത സ്ഥിതിയാണല്ലോ സ്വാതന്ത്രൃം എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുക. ഒരു പരമാധികാര രാഷ്ട്രത്തിൽ സ്വാതന്ത്ര്യമെന്നതിന്റെ കാഴ്ചപ്പാടും ലക്ഷ്യങ്ങളും എന്തൊക്കെയാണ്?
മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണെന്നുള്ളതുകൊണ്ടുതന്നെ, തോന്നും പോലെ, യാതൊരു നിയന്ത്രണവുമില്ലാതെ, മററുള്ളവരേക്കുറിച്ചോ, മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ചോ ചിന്തിക്കാതെ, മാനിക്കാതെ, എന്റെയിഷ്ടം എനിക്കു തോന്നുന്നതുപോലെ, എന്റെ കാഴ്ചപ്പാടുകൾക്കു വേണ്ടി മാത്രം ജീവിക്കുക, പ്രവർത്തിക്കുകയെന്നത് ശരിയല്ല. ഏവരുടേയും സുരക്ഷ, സമാധാനം തുടങ്ങിയവ ഉറപ്പായാൽ മാത്രമേ സമൂഹത്തിന്റെ പരിപൂർണ്ണ സ്വാതന്ത്ര്യം അതിന്റെ പരിപൂർണ്ണ അർത്ഥത്തിൽ നടപ്പിലാവുകയുള്ളു. ബഹുസ്വരതയെ അംഗീകരിക്കാനും മാനിക്കുവാനും നാം തയ്യാറാകുമ്പോഴേ സ്വാതന്ത്ര്യത്തിന്റെ പരിപൂർണ്ണതയിൽ എത്തിച്ചേരുകയുള്ളു.
ഓഗസ്റ്റ് 15 കത്തോലിക്കരെ സംബന്ധിച്ചിടത്തോളം പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ദിവസവും കൂടിയാണ്. മാതാവിനോട് അളവറ്റ ഭക്തിയുള്ളവരാണ് നാമെല്ലാവരും. ഈ ഭക്തിയും ആദരവും ദൈവവ
1950 നവംബർ 1 ന് പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പയാണ് 'മാതാവിന്റെ സ്വർഗ്ഗാരോപണം' കത്തോലിക്ക സഭയുടെ വിശ്വാസസത്യമായി പ്രഖ്യാപിച്ചത്. പരിശുദ്ധ കന്യകാമാതാവ് ഭൂമിയിലെ തന്റെ ജീവിതത്തിന്റെ അവസാനത്തിൽ ഉടലോടെ സ്വർഗ്ഗത്തിന്റെ മഹത്വത്തിലേക്ക് എടുക്കപ്പെട്ടുവെന്ന വിശ്വാസസത്യത്തെ പ്രഖ്യാപിക്കുകയാണ് പാപ്പ അതിലൂടെ ചെയ്തത്. ആഗസ്റ്റ് 15 ന് മാതാവിന്റെ സ്വർഗ്ഗാരോപണം നാം ആഘോഷിക്കുന്നു. ഈ ആഘോഷം നമ്മോട് പ്രഘോഷിക്കുന്ന ചില സത്യങ്ങളുണ്ട്. നമ്മുടെ ഓരോരുത്തരുടേയും ജീവിതം സ്വർഗ്ഗരാജ്യം ലക്ഷ്യം വച്ചുള്ളതാണ്. നിത്യജീവിതത്തോട് തുലനം ചെയ്യുമ്പോൾ നമ്മുടെ ഈ ഭൂമിയിലെ ജീവിതം നൈമിഷികമാണ്. നമ്മുടെ ആത്യന്തിക ലക്ഷ്യം സ്വർഗ്ഗത്തിൽ ക്രിസ്തുവിനെ മുഖാമുഖം കാണുക എന്നുള്ളതാണ്. ഈ ലോകം വച്ചുനീട്ടുന്ന കേവലമായ ഭൗതിക നേട്ടങ്ങളുടേയോ അംഗീകാരങ്ങളുടെയോ പുറകേഓടി ജീവിച്ചു തീർക്കേണ്ടതല്ല നമ്മുടെ ജീവിതം. അതിനാൽ പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണം നമ്മുടെ മരണാനന്തര ജീവിതത്തെക്കുറിച്ച് നാം പ്രത്യാശയുള്ളവരായിരിക്കണമെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു.
സത്യമേവ ജയതേ' എന്നു പഠിപ്പിക്കുന്ന ആർഷ ഭാരത സംസ്കാരവും 'സത്യം നിങ്ങളെ സ്വതന്ത്രരാക്കും (യോഹന്നാൻ 8:32 )' എന്നുപഠിപ്പിക്കുന്ന ക്രൈസ്തവ വിശ്വാസവും സ്വതന്ത്ര ഭാരതത്തിലെ പൗരന്മാരയ നമുക്ക് യഥാർത്ഥ സ്വതന്ത്രരായി ജീവിക്കുവാൻ പ്രചോദനമാകട്ടെ. എല്ലാവർക്കും ഭാരതസ്വാതന്ത്ര്യ ദിനാശംസകളോടൊപ്പം പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ആശംസകളും നേരുന്നു.
(തിരുമുടിക്കുന്ന് ചെറുപുഷ്പ ഇടവകയിലെ 2019 ഓഗസ്റ്റ് മാസത്തില്‍ പ്രസിദ്ധീകരിച്ച പാരീഷ് ബുള്ളറ്റിനില്‍ പ്രസിദ്ധീകരിച്ചത്)
2019, ഓഗസ്റ്റ് 16, വെള്ളിയാഴ്‌ച
ആഗസ്റ്റ് 15. ഭാരതസ്വാതന്ത്ര്യ ദിനവും പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ ദിനവും .......................................................................... "വന്ദിപ്പിൻ മാതാവിനെ വന്ദിപ്പിൻ മാതാവിനെ വന്ദിപ്പിൻ ഉപാസ്യരായുള്ളോർക്കുമുപാസ്യയെ". മഹാകവിയും ആധുനിക മലയാള കവിത്രയത്തിൽ കാവ്യ ശൈലിയിലെ ശബ്ദസൗന്ദര്യം കൊണ്ടും സർഗ്ഗാത്മകത കൊണ്ടും അനുഗ്രഹീതനായ മഹാകവിയായിരുന്ന വള്ളത്തോൾ നാരായണമേനോൻ "മാതൃവന്ദനം' എന്ന കവിതയിൽ കേരളത്തെ വർണ്ണിക്കുന്ന മേൽപറഞ്ഞ വരികൾ ഭാരതത്തിന്റെ സ്വാതന്ത്ര്യവും പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണവും ആഘോഷിക്കുന്ന ഈ ആഗസ്റ്റ് മാസത്തിൽ ഓർത്തുപോവുകയാണ്. ആഗസ്റ്റ് 15. ഭാരതസ്വാതന്ത്ര്യവും മാതാവിന്റെ സ്വർഗ്ഗാരോപണവും ഒരുമിച്ച് ആഘോഷിക്കുന്ന സുദിനം. മഹാകവി കുമാരനാശാൻ "സ്വാതന്ത്ര്യം തന്നെയമൃതം സ്വാതന്ത്ര്യം തന്നെ ജീവിതം, പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം'' എന്നു പറഞ്ഞത് ഈ കാലഘട്ടത്തിൽ പ്രസക്തമാണ്. അന്യന്റെ നിയന്ത്രണത്തിനു വിധേയമല്ലാത്ത സ്ഥിതിയാണല്ലോ സ്വാതന്ത്രൃം എന്ന വാക്കു കൊണ്ട് ഉദ്ദേശിക്കുക. ഒരു പരമാധികാര രാഷ്ട്രത്തിൽ സ്വാതന്ത്ര്യമെന്നതിന്റെ കാഴ്ചപ്പാടിന്റെ ലക്ഷ്യവും ആവശ്യവും എന്താണ്? മനുഷ്യൻ ഒരു സാമൂഹ്യ ജീവിയാണെന്നുള്ളതുകൊണ്ടുതന്നെ, തോന്നും പോലെ, യാതൊരു നിയന്ത്രണവുമില്ലാതെ, മററുള്ളവരേക്കുറിച്ചോ, മറ്റുള്ളവരുടെ ജീവിതത്തെക്കുറിച്ചോ ചിന്തിക്കാതെ, മാനിക്കാതെ , എന്റെയിഷ്ടം എനിക്കു തോന്നുന്നതുപോലെ, എന്റെ കാഴ്ചപ്പാടുകൾക്കു വേണ്ടി മാത്രം ജീവിക്കുക, പ്രവർത്തിക്കുകയെന്നത് ശരിയല്ല. ഏവരുടേയും സുരക്ഷ, സമാധാനം തുടങ്ങിയവ ഉറപ്പായാൽ മാത്രമേ സമൂഹത്തിന്റെ പരിപൂർണ്ണ സ്വാതന്ത്ര്യം അതിന്റെ പരിപൂർണ്ണ അർത്ഥത്തിൽ നടപ്പിലാവുകയുള്ളു. ബഹുസ്വരതയെ അംഗീകരിക്കാനും മാനിക്കുവാനും നാം തയ്യാറാകുമ്പോഴേ സ്വാതന്ത്ര്യത്തിന്റെ പരിപൂർണ്ണതയിൽ എത്തിച്ചേരുകയുള്ളു. ആഗസ്റ്റ് 15 കത്തോലിക്കരെ സംബന്ധിച്ചിടത്തോളം പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ ദിവസവും കൂടിയാണ്. മാതാവിനോട് അളവറ്റ ഭക്തിയുള്ളവരാണ് നാമെല്ലാവരും. ഈ ഭക്തിയും ആദരവും ദൈവവചന അധിഷ്ഠിതവും സഭാപാരമ്പര്യത്തിൽ ശക്തിപ്പെട്ടതുമാണ്. പരിശുദ്ധ അമ്മയെ സംബന്ധിച്ച് നാല് വിശ്വാസ സത്യങ്ങൾ ഉണ്ട്. പരിശുദ്ധ അമ്മ ദൈവമാതാവാണ്, നിത്യകന്യകയാണ്, അമലോത്ഭവയാണ്, സ്വർഗ്ഗാരോപിതയാണ്. എ.ഡി. 431 ൽ കൂടിയ എഫേസൂസ് സൂനഹദോസ് മറിയത്തിന്റെ ദൈവമാതൃത്വം വിശ്വാസ സത്യമായി പ്രഖ്യാപിച്ചു. ജനുവരി 1 ന് ആണ് ദൈവമാതൃത്വ തിരുനാൾ. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ എലിസബത്താണ് മറിയത്തെ ആദ്യമായി "എന്റെ കർത്താവിന്റെ അമ്മ" എന്ന വിളിക്കുന്നത് (ലൂക്ക 1: 43) . മിശിഹായുടെ ജനനത്തെക്കുറിച്ച് ഏശയ്യാ പ്രവാചകൻ ഇങ്ങനെ പ്രവചിക്കുന്നുണ്ട് 'കന്യക ഗർഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കും.(ഏശ7:14). വിശുദ്ധ മത്തായിയുടെ സുവിശേഷം 1: 22-23 ഇങ്ങനെ പറയുന്നു. " All this took place to fufill what the Lord had said through the prophet: The Virgin will conceive and give birth to a son, and they will call him Immanuel " (which means God with us ) ". അതു കൊണ്ട് തന്നെ മാതാവ് കന്യകയാണെന്നത് വിശ്വാസസത്യമായി നമ്മൾ വിശ്വസിക്കുന്നു. ഡിസംബർ 8 മാതാവിന്റെ അമലോത്ഭവ തിരുനാളായി നാം ആഘോഷിക്കുന്നു. റോമന്‍ കത്തോലിക്കാ സഭയിലെ പ്രധാന തിരുനാളുകളില്‍ ഒന്നാണ് ഡിസംബര്‍ 8 ന് ആഘോഷിക്കുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാള്‍ . പീയൂസ് ഒന്‍പതാമന്‍ മാര്‍പാപ്പയാണ് 1854 ഡിസംബര്‍ 8ന് ഈ ദിനം അമലോത്ഭവ മാതാവിന്റെ ഓര്‍മ്മതിരുനാള്‍ ആയി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. `` കന്യകാമറിയം പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭം ധരിച്ച നിമിഷം മുതല്‍, മനുഷ്യ വംശത്തിന്റെ രക്ഷകന്‍ എന്ന നിലയിലുള്ള യേശുവിന്റെ യോഗ്യതകളെ പ്രതിയുള്ള ദൈവത്തിന്റെ പ്രത്യേക അനുഗ്രഹത്താല്‍ ആദ്യപാപത്തിന്റെ കറകളില്‍ നിന്നും ഒഴിവാക്കപ്പെട്ടിരിക്കുന്നു ''. ഇതായിരുന്നു ആ പ്രഖ്യാപനം. രക്ഷകന്റെ അമ്മയാകാന്‍ നിയോഗം ലഭിച്ചവള്‍ എന്ന കാരണത്താല്‍ കന്യകാമറിയം നിര്‍മ്മലയായിരുന്നു . അതുകൊണ്ടുതന്നെ കത്തോലിക്കാ സഭ അമലോത്ഭവ മാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നു. 1950 നവംബർ 1 ന് പീയൂസ് പന്ത്രണ്ടാമൻ മാർപാപ്പയാണ് 'മാതാവിന്റെ സ്വർഗ്ഗാരോപണം' കത്തോലിക്ക സഭയുടെ വിശ്വാസസത്യമായി പ്രഖ്യാപിച്ചത്. പരിശുദ്ധ കന്യകാമാതാവ് ഭൂമിയിലെ തന്റെ ജീവിതത്തിന്റെ അവസാനത്തിൽ ഉടലോടെ സ്വർഗ്ഗത്തിന്റെ മഹത്വത്തിലേക്ക് എടുക്കപ്പെട്ടുവെന്ന വിശ്വാസസത്യത്തെ പ്രഖ്യാപിക്കുകയാണ് പാപ്പ അതിലൂടെ ചെയ്തത്. ആഗസ്റ്റ് 15 ന് മാതാവിന്റെ സ്വർഗ്ഗാരോപണം നാം ആഘോഷിക്കുമ്പോൾ നമ്മോട് പ്രഘോഷിക്കുന്ന ചില സത്യങ്ങളുണ്ട്. നമ്മുടെ ഓരോരുത്തരുടേയും ജീവിതം സ്വർഗ്ഗരാജ്യം ലക്ഷ്യം വച്ചുള്ളതാണ്. നിത്യജീവിതത്തോട് തുലനം ചെയ്യുമ്പോൾ നമ്മുടെ ഈ ഭൂമിയിലെ ജീവിതം നൈമിഷികമാണ്. നമ്മുടെ ആത്യന്തിക ലക്ഷ്യം സ്വർഗ്ഗത്തിൽ ക്രിസ്തുവിനെ മുഖാമുഖം കാണുക എന്നുള്ളതാണ്. ഈ ലോകം വച്ചുനീട്ടുന്ന കേവലമായ ഭൗതിക നേട്ടങ്ങളുടേയോ അംഗീകാരങ്ങളുടെയോ പുറകേഓടി ജീവിച്ചു തീർക്കേണ്ടതല്ല നമ്മുടെ ജീവിതം. അതിനാൽ പരിശുദ്ധ അമ്മയുടെ സ്വർഗ്ഗാരോപണം നമ്മുടെ മരണാനന്തര ജീവിതത്തെക്കുറിച്ച് നാം പ്രത്യാശയുള്ളവരായിരിക്കണമെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. ' സത്യമേവ ജയതേ' എന്നു പഠിപ്പിക്കുന്ന ആർഷ ഭാരത സംസ്കാരവും 'സത്യം നിങ്ങളെ സ്വതന്ത്രരാക്കും (യോഹന്നാൻ 8:32 )' എന്നുപഠിപ്പിക്കുന്ന ക്രൈസ്തവ വിശ്വാസവും സ്വതന്ത്ര ഭാരതത്തിലെ പൗരന്മാരയ നമുക്ക് യഥാർത്ഥ സ്വതന്ത്രരായി ജീവിക്കുവാൻ പ്രചോദനമാകട്ടെ. എല്ലാവർക്കും ഭാരതസ്വാതന്ത്ര്യ ദിനാശംസകളോടൊപ്പം പരിശുദ്ധ ദൈവമാതാവിന്റെ സ്വർഗ്ഗാരോപണ തിരുനാൾ ആശംസകളും നേരുന്നു. _ ഡേവീസ് വല്ലൂരാൻ
2019, ജൂലൈ 18, വ്യാഴാഴ്‌ച
ആഗോള ജല ദൗർല്ലഭ്യം (World Water Crisis)- ചില ചിന്തകൾ
ആഗോള ജലദൗർല്ലഭ്യം - മാർച്ച് 22 ലോക ജലദിനം - ചില ചിന്തകൾ
....................................................................................
''സമ്പത്ത് കാലത്ത് തൈ പത്തു വെച്ചാൽ ആപത്ത് കാലത്ത് കാ പത്തു തിന്നാം".
ലോകത്താകമാനമുള്ള 750 കോടി ജനങ്ങളിൽ 84.4 കോടി ജനങ്ങൾ ശുദ്ധജല ദൗർലഭ്യം അനുഭവിക്കുന്നുണ്ടെന്നാണ് യുണൈറ്റഡ് നേഷൻസിന്റെ പഠനങ്ങൾ പറയുന്നത്. ഭൂഗോളത്തിന്റെ 71% ഉപരിതലവും ജലത്താൽ ചുറ്റപ്പെട്ടിട്ടും മനുഷ്യർ ഇക്കാലത്ത് ശുദ്ധജലത്തിനായി നെട്ടോട്ടമാണ്. മാർച്ച് 22 ലോക ജലദിനമാണ്. ശുദ്ധജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും സുസ്ഥിര മനേജ്മെന്റിനെക്കുറിച്ചും ജനങ്ങളെ ബോധവന്മാരാക്കുന്നതിന് വേണ്ടിയാണ് ലോക ജലദിനം ആചരിക്കുന്നത്. ആഗോള താപനം, കാലാവസ്ഥ വ്യതിയാനം, വരൾച്ച, വെള്ളപ്പൊക്കം, ജനസംഖ്യാ വർദ്ധനവ്, ഉയർന്ന ജലമലിനീകരണം, മനുഷ്യന്റെ അധികജല ഉപഭോഗം തുടങ്ങിയവയാണ് കുടിവെള്ള ക്ഷാമത്തിന്റെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
എണ്ണമറ്റ ജല സ്രോതസ്സുകളും തണ്ണീർതടങ്ങളുമുള്ള നാടായിട്ടും കേരളീയർക്ക് കുടിവെള്ളമെന്നത് കിട്ടാക്കനിയായി മാറുകയാണ്. 44 നദികൾ, അവയുടെ 900 കൈവഴികൾ, പ്രതിവർഷം 3000 മില്ലീമീറ്ററിലേറെ മഴ, കിണറുകൾ, ജലതടാകങ്ങൾ, കായലുകൾ, കോൾനിലങ്ങൾ, നിത്യഹരിത വനസമ്പത്ത്, പശ്ചിമഘട്ട പർവ്വതനിരകൾ, എന്നിട്ടുമെന്തേ കേരളം ഇത്ര ശുദ്ധജല ക്ഷാമം അനുഭവിക്കുന്നു.?
ഇന്നു നാം നേരിടുന്ന ജലദൗർലഭ്യത്തിനു കാരണം നാം നടപ്പാക്കുന്ന തെറ്റായ വികസന രൂപങ്ങളാണ് എന്ന് പറയേണ്ടിയിരിക്കുന്നു. മനുഷ്യന്റെ അവിവേകപൂർണ്ണമായ (വിവേകമില്ലാത്ത) പ്രവൃത്തികൾ ജലദൗർലഭ്യത്തിന് പ്രധാന കാരണമാണ്.
ദേശീയ ശരാശരിയേക്കാൾ കൂടുതൽ മഴയാണ് കേരളത്തിൽ ലഭിച്ചുകൊണ്ടിരുന്നത്. പക്ഷെ, എന്നിട്ടും ജലദൗർലഭ്യം അനുഭവിക്കുന്നു. വന വിസ്തൃതി മനുഷ്യരുടെ പ്രവർത്തികൾകൊണ്ട് ഗണ്യമായി കുറഞ്ഞുകൊണ്ടിരിക്കുന്നു. തണ്ണീർതടങ്ങളും ജലസ്രോതസ്സുകളും നികത്തപ്പെട്ടുകൊണ്ടിരിക്കുന്നു, വറ്റി വരളുന്നു. നിറഞ്ഞൊഴുകിയിരുന്ന പുഴകളെല്ലാം വരണ്ടുണങ്ങുന്നു. പുഴകളിലെ മണൽതിട്ടകൾ അനിയന്ത്രിതമായി മനുഷ്യൻ കൈവശപ്പെടുത്തുന്നു. ഭൂഗർഭ ജലവിനിയോഗം പോലും യാതൊരു നിയന്ത്രണവുമില്ലാതെ തുടരുകയാണ്. ഭൂമാഫിയകൾ ചെങ്കൽ കുന്നിടിച്ചുതാഴ്ത്തുന്നു, പാറകൾ തുരന്നെടുക്കുന്നു, ജലത്തിന്റെ സുസ്ഥിര വിനിയോഗവും നമ്മുടെ ജലസ്രോതസ്സുകളുടെ സംരക്ഷണവും പുഴകളിൽ തടയണ നിർമ്മാണവും അധികാരികൾ പ്രോത്സാഹിപ്പിക്കണം. മഴക്കുഴി നിർമ്മാണവും മഴവെള്ള ശേഖരണവും നാം ശീലമാക്കേണ്ടിയിരിക്കുന്നു.
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് നാം കൂടുതൽ ബോധവന്മാരാകേണ്ടിയിരിക്കുന്നു. ഭാവി തലമുറക്കായി വെള്ളം സംരക്ഷിക്കാനും മിതമായി ഉപയോഗിക്കാനും നമുക്ക് സാധിക്കട്ടെ. മഴക്കാലത്ത് സാധിക്കുന്നത്ര ജലം ശേഖരിച്ചു കൊണ്ട് കുടിവെള്ള ക്ഷാമത്തിൽ നിന്ന് നമ്മേയും അതോടൊപ്പം രാജ്യത്തേയും സംരക്ഷിക്കാം. " സമ്പത്ത് കാലത്ത് തൈ പത്തുവെച്ചാൽ ആപത്ത് കാലത്ത് കാ പത്തുതിന്നാം" , "സൂക്ഷിച്ചാൽ ദുഖിക്കേണ്ട '' തുടങ്ങിയ "പഴഞ്ചൊല്ലുകളിൽ പതിരില്ല'' എന്നു നാം മനസ്സിലാക്കണം.
2019, ജൂലൈ 14, ഞായറാഴ്‌ച
2019, ജൂലൈ 13, ശനിയാഴ്‌ച
2019, ജൂൺ 28, വെള്ളിയാഴ്‌ച
2019, ജൂൺ 11, ചൊവ്വാഴ്ച
അമേരിക്കയിലെ ആകാശക്കാഴ്ച്ചകളിലേക്ക്
വാഷിംഗ്ടണ്‍ സംസ്ഥാനത്തെ സിയാറ്റിലില്‍നിന്നും ടെക്സാസിലെ ഡാലസിലേക്കും തിരിച്ചുമുള്ള വിമാനയാത്രയിലെ ആകാശക്കാഴ്ച്ചകള്‍ അതിമനോഹരമാണ്. മഞ്ഞുമൂടികിടക്കുന്ന പര്‍വ്വതനിരകളും നീലനിറത്തിലുള്ള പുഴകളും തടാകങ്ങളും കാണാന്‍ വളരെ രസമാണ്.
2019, ഏപ്രിൽ 9, ചൊവ്വാഴ്ച
അനശ്വരനായ കലാകാരൻ ശ്രീ ഔസേപ്പച്ചൻ ഓർമ്മയായിട്ട് 24 വർഷം
......................
ജനനം- 1952 സെപ്റ്റംബര്‍ 19 ( 19 -09- 1952 )
കണ്ടംകുളത്തി ഹൗസ്,
കൊരട്ടി ഈസ്റ്റ് പി.ഒ.
തിരുമുടിക്കുന്ന്
തൃശൂര്‍ ജില്ല, കേരളം.
മരണം- 1995 ഏപ്രില്‍ 19 (19- 04- 1995)
ഭാര്യ - ഫിലോമിന
മക്കള്‍- 2 പെണ്‍മക്കള്‍
മാതാപിതാക്കള്‍ - കണ്ടംകുളത്തി പൗലോസ്, അന്നം.
നാടക നടന്‍, നാടക ട്രൂപ്പ് ഉടമ, നാടക സംവിധായകന്‍.
വിദ്യാഭ്യാസം- S S L C.
പ്രൈമറി സ്കൂള്‍- HMLP school, തിരുമുടിക്കുന്ന്.
അപ്പര്‍ പ്രൈമറി - PSUP school, തിരുമുടിക്കുന്ന്.
ഹൈസ്കൂള്‍- MAM HighSchool, കൊരട്ടി.
നാടക പഠനം - കലാഭവന്‍, എറണാകുളം.
അമേച്ച്വര്‍ നാടക ട്രൂപ്പ്- 'രസന' തീയ്യറ്റേഴ്സ് - തിരുമുടിക്കുന്ന്.
നാടകങ്ങള്‍- അക്കല്‍ദാമ, ഘോഷയാത്ര തുടങ്ങിയവ.
അഭിനയിച്ച പ്രൊഫഷണല്‍ ട്രുപ്പുകള്‍ - തിലകന്‍റെ പി.ജെ തിയ്യറ്റേഴ്സ്, ടി.കെ. ജോണിന്‍റെ വൈക്കം മാളവിക, അങ്കമാലി 'മാനിഷാദ', അങ്കമാലി `പൗര്‍ണ്ണമി', അങ്കമാലി` നാടകനിലയം' തുടങ്ങിയവ.
സ്വന്തമായ പ്രൊഫഷണല്‍ നാടക ട്രൂപ്പ്- (മറ്റ് രണ്ടുപേര്‍ കൂടിചേര്‍ന്ന്)- 'നാടകനിലയം'- അങ്കമാലി.
നാടക നിലയത്തിന്‍റെ നാടകങ്ങള്‍- കലാപം, ഇരുട്ട്, സ്വര്‍ഗ്ഗം തുറക്കുന്ന സമയം, മാന്ത്രിക പൂച്ച, രക്ഷകന്‍, വീരശ്രംഖല, പരോള്‍, യന്ത്രപ്പാവകള്‍, എന്‍.എന്‍.പിള്ളയുടെ ക്രോസ്ബെല്‍റ്റ്, ബൂമറാങ്ങ് തുടങ്ങിയവ.
മികച്ച നാടകത്തിനുള്ള സംസ്ഥാന അവാര്‍ഡ് 'വീരശ്രംഖല'ക്ക് ലഭിച്ചു.
മികച്ച രണ്ടാമത്തെ നാടകത്തിനുള്ള സംസ്ഥാന അവാര്‍ഡ് ` യന്ത്രപ്പാവകള്‍' ക്കു ലഭിച്ചു.
1995 ഏപ്രിൽ 19.
ഇരുപത്തിനാല് വർഷങ്ങൾ, ഇന്നലെ കഴിഞ്ഞതു പോലെ ...
1995 ഏപ്രിൽ 19ന് കണ്ണൂരിലെ പയ്യന്നൂർ നിന്ന് മയ്യഴിയിലേക്ക് സ്വന്തം നാടക സമിതിയായ അങ്കമാലി നാടക നിലയത്തിന്റെ പുതിയ നാടകമായ ശ്രീ എൻ.എൻ.പിള്ളയുടെ 'ബൂമറാങ്ങ്' എന്ന നാടകം അവതിരിപ്പിക്കുവാൻ പോകുന്നവഴി എന്റെ ആത്മമിത്രമായ ശ്രീ ഔസേപ്പച്ചന് നെഞ്ച് വേദന അനുഭവപ്പെടുകയും തൊട്ടടുത്തുള്ള ഗവ.ആശുപത്രിയിലേക്ക് കൊണ്ടു പോവുകയുമാണെന്നും നാടക സുഹൃത്തുക്കൾ ഫോണിലൂടെ അദ്ദേഹത്തിന്റെ അളിയൻ (Brother in law) ജോയിയെ അറിയിക്കുമ്പോൾ ജോയിയുടെ തൊട്ടടുത്തുണ്ടായിരുന്ന ഞാൻ ഒരിക്കലും വിശ്വസിച്ചില്ല അത് അനശ്വരനായ ആ അതുല്യ കലാകാരന്റ ദേഹവിയോഗത്തിലേക്കുള്ള പ്രയാണമാണെന്ന്. വേർപാടിന്റെ വേദന ദുസ്സഹണെങ്കിലും സഹിച്ചല്ലേ പറ്റൂ. ശ്രീ ഔസേപ്പച്ചന്റ സ്മരണകൾക്കു മുൻപിൽ ആദരാജ്ഞലികൾ അർപ്പിക്കുകയും ആത്മാവിന് നിത്യശാന്തി നേരുകയും ചെയ്യുന്നു.
2019, ഏപ്രിൽ 5, വെള്ളിയാഴ്‌ച
കാലം മാറി..... കഥ മാറി
.........................................
എനിക്ക് കുട്ടിക്കാലത്ത് എന്റെ അപ്പൻ കളിപ്പാട്ടങ്ങൾ വാങ്ങിതന്നത് പാവ, പീപ്പി, കിലുക്കാംപെട്ടി, തെങ്ങിന്റെ ഓലകൊണ്ടുണ്ടാക്കിയ പീപ്പി, പന്ത് തുടങ്ങിയവയാണെന്നാന്ന് എന്റെ ഓർമ്മ. ഞാൻ മക്കൾക്ക് വാങ്ങി കൊടുത്തത് ബോൾ, വിവിധതരം ചിത്ര പുസ്തകങ്ങൾ, കീ കൊടുത്ത് ഓടുന്ന കാറുകൾ, വിവിധ പുസതകങ്ങൾ ചെസ് ബോർഡ്, ക്യാരംസ് തുടങ്ങിയവ. ഇപ്പോൾ എന്റെ മക്കൾ അവരുടെ മക്കൾക്ക് വാങ്ങി കൊടുക്കുന്നത് കമ്പൂട്ടറിന്റെ മിനി പതിപ്പായ ഐപാഡ്, ടാബ്, ബാറ്ററിയിൽ ഓടുന്ന വിവിധയിനം ചെറിയ വാഹനങ്ങൾ, യന്ത്രമനുഷ്യൻ, പിയാനൊ, വയലിൻ, സാങ്കേതിക വിദ്യകളും മറ്റു വിവിധ വിവരങ്ങളുമുള്ള വിവിധ പുസ്തകങ്ങൾ തുടങ്ങിയവ, അതിനു പുറമെ, ലൈബ്രറിയിൽ നിന്ന് എടുക്കുന്ന വിവിധ പുസതകങ്ങൾ.
ഇന്നലെ നാല് വയസുകാരി, എന്റെ മകന്റെ മകൾ, രാവിലെ ഉറക്കമുണരുമ്പോൾ അപ്പാപ്പ ഗുഡ്മോണിങ്ങ് എന്ന സംബോധനയോടെയാണ് ദിവസം ആരംഭിച്ചത്. തുടർന്ന് ഗൂഗിളിനോട്, ഗൂഗിൾ വാട്ടീസ് ദ വെതർ ടുഡെ? കാലാവസ്ഥ ഗൂഗിളിനോട് ചോദിച്ച് മനസ്സിലാക്കുന്നു. ന്യൂസ് കേൾക്കുന്നു, പിന്നീടങ്ങോട്ട് തിരക്കാണ്. പ്രഭാതകൃത്യങ്ങൾ, ലഘുഭക്ഷണം, മമ്മി സ്കൂൾ യൂണിഫോം ധരിപ്പിക്കുന്നു, സ്കൂൾ ബാഗ് ശരിയാക്കുന്നു, ലഞ്ച് ബോക്സ്, പുസ്തകങ്ങൾ തുടങ്ങിയ എടുത്തു വയ്ക്കുന്നു, ഡാഡി ഓഫീസിൽ പോകുന്നവഴി സ്കൂളിൽവിടുന്നു. മമ്മി ഉച്ചക്ക് 12.30 ന് കാർ കൊണ്ടുപോയി വീട്ടിൽ കൊണ്ടുവരുന്നു. ഉച്ചയുറക്കം കഴിഞ്ഞ് അപ്പൂപ്പനും അമ്മൂമ്മക്കും ക്ലാസാണ്. അപ്പപ്പാ കം. ടുഡെ വി ഹാവ് ടു സ്റ്റഡി എബൗട്ട് ഗിയേഴ്സ്. പൽചക്രങ്ങളെക്കുറിച്ച് ക്ലാസെടുക്കുകയാണ്. ഗിയേഴ്സ് ആർ യൂസ്ഡ് ടു കൺവെ എനർജി ഓർ പവ്വർ, ഫ്രം വൺ പ്ലെയിസ് ടു അനദർ. പിന്നെ അവിടന്നങ്ങോട്ട് ഗിയറിന്റെ നാനാവിധ ഗുണവിശേഷങ്ങളെക്കുറിച്ചും വിവിധ ഗിയറുകളെക്കുറിച്ചും ക്ലാസ് കത്തികയറുകയാണ്. മുപ്പത്തിരണ്ടു വർഷം ടീച്ചറായിരുന്ന അമ്മാമ്മ അന്തംവിട്ട് ഇരിക്കുകയാണ്. മെക്കാനിക്കൽ എഞ്ചിനിയറിംഗ് പഠിച്ചിട്ടുണ്ടെന്ന് സ്വയം അഹങ്കരിക്കുന്ന ഞാനും തെല്ലൊന്നമ്പരന്നു. പക്ഷെ മുഖത്ത് കാണിക്കുന്നില്ല. 'കിലുക്കം' സിനിമയില് ഇന്നസെന്റിന് ലോട്ടറി അടിച്ചുവെന്നകാര്യം (ലോട്ടറിയുടെ നമ്പർ ഓരോന്നും) രേവതി പറയുമ്പോൾ, പിന്നെ, അത് ഞാൻ കൊറേ കേട്ടിട്ടുണ്ട് എന്ന് ഇന്നസെന്റ് പറയുന്നപോലെ ഞാനും ഇരുന്നു. ഇന്നത്തെ തലമുറയുടെ കാര്യം പറയാൻ വേണ്ടി പറഞ്ഞുപോയതാണ്.
ലൈബ്രറിയിൽ പോക്കും പാർക്കിൽ പോക്കും മറ്റ് വിനോദങ്ങളും ഭക്ഷണവുമൊക്കെ തുടർന്ന് നടക്കും. ഇങ്ങനെയൊക്കെയാണെങ്കിലും ദിവസത്തിന്റെ അവസാനം, രാത്രി പത്തരയോടു കൂടി പ്രാർത്ഥന അവസാനിക്കുമ്പോൾ, 'തൊമ്മന്റെ മക്കൾ' എന്ന സിനിമയിലെ വർഗ്ഗീസ് ജെ മാളിയേക്കൽ സാറെഴുതിയ 'ഞാനുറങ്ങാൻ പോകും മുൻപായി നിനക്കേകുന്നിതാ നന്ദി നന്നായ് ' എന്ന ഗാനം പാടിക്കഴിഞ്ഞ് എല്ലാവരുടേയും അടുത്ത് വന്ന് 'പീസ് ബീ വിത്ത് യു' പറഞ്ഞു കൊണ്ടാണ് ദിവസം അവസാനിക്കുക, ഗുഡ് നൈറ്റ് പറഞ്ഞ് ഉറങ്ങാൻ കിടക്കുക.
2019, മാർച്ച് 28, വ്യാഴാഴ്‌ച
ജോർജ്ജ് മാസ്റ്റർ, സെലീന ടീച്ചർ- മാതൃകാ അദ്ധ്യാപക ദമ്പതികൾ
അദ്ധ്യാപനത്തിനു പുറമെ പൊതുപ്രവർത്തകൻ, സാമൂഹ്യ സേവകൻ തുടങ്ങിയ നിലകളിൽ നാട്ടുകാർക്ക് പ്രിയപ്പെട്ടവനായിരുന്ന ജോർജ്ജ് മാഷും നല്ലൊരു സംഗീതജ്ഞ, നൃത്ത അദ്ധ്യാപിക എന്ന നിലകളിൽ അറിയപ്പെട്ടിരുന്ന സെലീന ടീച്ചറും. രണ്ടുപേരും നാടിന്റെ അഭിമാനമായിരുന്നു. രണ്ടു പേരുടേയും ഓർമ്മകൾക്കു മുൻപിൽ ആദരാജ്ഞലികൾ അർപ്പിക്കുന്നു. ആത്മാക്കൾക്ക് നിത്യശാന്തി ലഭിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.
ജോർജ് മാഷെക്കുറിച്ച് ഓർക്കുമ്പോൾ 28 വർഷം മുൻപുണ്ടായ ഒരു സംഭവത്തിലേക്ക് മനസ്സ് പോകുന്നു. ജോർജ് മാസ്റ്റർ അന്ന് വാലുങ്ങാമുറി എച്ച്.എം.എൽ.പി.സ്കൂളിൽ ഹെഡ്മാസ്റ്ററാണ്, ഞാൻ ചാലക്കുടി പി.ഡബ്ളിയു.ഡി.യിൽ അസിസ്റ്റന്റ് എഞ്ചിനിയറും. മാഷ് ഒരു ദിവസം അതിരാവിലെ എന്റെ വീട്ടിൽ വന്നിട്ട് പറഞ്ഞു, ഡേവീസ് ഒരു ഉപകാരം ചെയ്യണം. നമ്മുടെ സ്കൂളിന്റെ മുൻപിലൂടെ പോകുന്ന റോഡിന്റെ ഇരുഭാഗത്തായി രണ്ടു Sign Board സ്ഥാപിക്കണം. കുട്ടികൾ പോകുമ്പോൾ വാഹനങ്ങൾ വന്ന് അപകടങ്ങൾ ഉണ്ടാകുന്നു. ഞാൻ പറഞ്ഞു, മാഷെ അത് കൈകാര്യം ചെയ്യുന്നത് ഞാനല്ല, പൊതുമരാമത്ത് റോഡ്സ് വിഭാഗമാണ്. മാഷ് പറഞ്ഞു അത് പറഞ്ഞാൽ പറ്റില്ല, ഡേവീസ് അത് ചെയത് തരണം. അന്ന് ഇന്നത്തേപോലെ സാധനങ്ങൾ കൊണ്ടു പോരുന്നതിനും സ്ഥാപിക്കുന്നതിനും സർക്കാർ സംവിധാനങ്ങൾ കുറവാണ്. പക്ഷെ മാഷിന്റെ സ്നേഹപൂർണ്ണമായ സമ്മർദ്ദത്തിനു മുൻപിൽ ഞാൻ ആ ഓഫീസിൽ പോയി പറഞ്ഞ് അനുവാദം വാങ്ങി. മാഷ് സ്വന്തം ചിലവിൽ വണ്ടി വിളിച്ച് സാധനങ്ങൾ കൊണ്ടുപോയി ഓഫീസിന്റെ നിർദ്ദേശാനുസരണം സ്വന്തം ചിലവിൽ ബോർഡുകൾ സ്ഥാപിച്ചു. അദ്ധ്യാപകർക്ക്, ഇന്നത്തേപ്പോലെ വേതന വർദ്ധനവ് ഇല്ലാതിരുന്ന കാലഘട്ടത്തിലാണ് അദ്ദേഹം കയ്യിൽ നിന്ന് പണം മുടക്കി അത് ചെയ്തത്. ഇതുപോലെ
നിരവധി കാര്യങ്ങൾ ഓർമ്മിക്കാനുണ്ട്. ഞാൻ റിട്ടയർ ചെയ്തതിനു ശേഷം കുടുംബ യൂണിറ്റ് പ്രസിഡന്റ് ആയിരുന്നപ്പോൾ ഒരു കുടുംബത്തിനു വീട് വച്ച് നൽകുവാൻ തീരുമാനിച്ചു. പള്ളിയിൽ നിന്ന് തന്ന പണത്തിനു പുറമെ ജനങ്ങളിൽനിന്ന് സാധനങ്ങൾ ശേഖരിച്ചാണ് വീട് പൂർത്തീകരിച്ചത്. ഞാനും വിതയത്തിൽ അന്തപ്പൻ ചേട്ടനുംകൂടി അദ്ദേഹത്ത സമീപിച്ചു സഹായം അഭ്യർത്ഥിച്ചു. അദ്ദേഹം വളരെ സനേഹത്തോടെ പറഞ്ഞു, എന്റെ വീട് പൊളിച്ചതിന്റെ സാധനങ്ങൾ കിടപ്പുണ്ട്, എന്താ വേണ്ടതെന്നുവെച്ചാൽ നല്ലതു നോക്കി നിങ്ങൾക്കാവശ്യമുള്ളത് കൊണ്ടുപോയിക്കൊള്ളു. സാധനങ്ങൾ കൊണ്ടുപോയി വീട് പണി പൂർത്തിയാക്കി. അതാണ് ജോർജ് മാഷ്. മറ്റുള്ളവരെ സഹായിക്കാൻ തല്പരരായ വളരെ നല്ല മനുഷ്യ സ്നേഹികളായിരുന്നു ജോർജ്ജ് മാസ്റ്ററും അദ്ദേഹത്തിന്റെ സഹധർമ്മിണി സെലീന ടീച്ചറും. ജോർജ്ജ് മാസ്റ്ററിൻറേയും സെലീന ടീച്ചറുടേയും ഓർമ്മകൾക്കു മുൻപിൽ ഒരിക്കൽകൂടി പ്രണാമമർപ്പിക്കുന്നു. ആത്മാർക്കൾക്ക് നിത്യശാന്തി ലഭിക്കണമേയെന്ന് പ്രാർത്ഥിക്കുന്നു.
2019, മാർച്ച് 17, ഞായറാഴ്‌ച
ദീപിക നൂറ്റിമുപ്പത്തിരണ്ടാമത് വാർഷികം
2019, മാർച്ച് 9, ശനിയാഴ്‌ച
തിരുമുടിക്കുന്ന് പള്ളിയിൽ ദുഃഖവെള്ളി ആചരണം
2019, മാർച്ച് 6, ബുധനാഴ്‌ച
തിരുമുടിക്കുന്ന് മുടപ്പുഴ ഡാം
കൊരട്ടി തിരുമുടിക്കുന്ന് മുടപ്പുഴ ഡാം പുനരുദ്ധരിക്കുന്നതിനെക്കുറിച്