അമേരിക്കന്‍ യാത്ര കഴിഞ്ഞ് ഇന്ത്യയിലേക്ക് തിരിയ്ക്കുകയാണ്. വളരെ നല്ല ജനങ്ങള്‍ , നല്ല പെരുമാറ്റം. അടിസ്ഥാന സൗകരൃ വികസനത്തിന്റെ കാരൃത്തില്‍ മറ്റ് രാജൃങ്ങളെ അപേക്ഷിച്ച് വളരെ മുന്‍പന്തിയിലാണ് അമേരിക്ക എന്ന് തോന്നുന്നു . പരിസ്ഥിതി സംരക്ഷണത്തിന് വളരെ പ്രാധാന്യം കൊടുക്കുന്ന രാജ്യം. റോഡില്‍ Sign board കളല്ലാതെ ഒരു പരസൃം പോലും ഇല്ല. വളരെ സുഖമായിരുന്നു അമേരിക്കയില്‍ താമസിച്ച കാലമത്രയും. എല്ലാവര്‍ക്കും നന്ദി.
2017, ജനുവരി 8, ഞായറാഴ്‌ച
ജനുവരി 8. ഞായര്‍ . വിശുദ്ധ കുര്‍ബ്ബാന റെഡ്മണ്ട് സെന്റ് ജൂഡ് പള്ളിയില്‍
2017ജനുവരി 8ന് അമേരിക്കയിലെ വാഷിങ്ടണ്‍ സ്റ്റേറ്റിലെ റെഡ്മണ്ട് സെന്റ് ജൂഡ് പള്ളിയിലാണ് കുര്‍ബ്ബാനയില്‍ സംബന്ധിക്കാന്‍ പോയത്. ഇരുന്നൂറില്‍ താഴെ ജനങ്ങളേ ഉള്ളുവെങ്കിലും ഇവിടെ കണ്ട ഒരു പ്രത്യേകത , കുര്‍ബ്ബാനയില്‍ എല്ലാവരും സജീവമായി പങ്കെടുക്കുന്നു എന്നുള്ളതാണ്.
ജനുവരി14. ധന്യന്‍ മാര്‍ തോമസ് കുരൃാളശ്ശേരി
സീറോമലബാര്‍ കത്തോലിക്കാ സഭയിലെ വാഴ്ത്തപ്പെട്ടവനും , ദിവ്യകാരുണ്യ ആരാധന സന്യസിനി സമൂഹത്തിന്റെ സ്ഥാപകനുമായ മാര്‍ തോമസ് കുരൃാളശ്ശേരി 1873 ജനുവരി 14ന് ചമ്പക്കുളത്ത് ജനിച്ചു . വിദ്യാഭ്യാസത്തിനു ശേഷം വൈദിക പഠനത്തിനു ചേരുകയും റോമിലെ പ്രൊപ്പഗാന്താ കോളേജിലെ പഠനത്തിനുശേഷം 1899ല്‍ വൈദികനാവുകയും ചെയ്തു. 1911ല്‍ ചങ്ങനാശ്ശേരി വികാരി അപ്പസ്തോലിക്കയായി. ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായാരുന്നു. 1925 ജൂണ്‍ 2ന് മാര്‍ തോമസ് കുരൃാളശ്ശേരി ദിവംഗതനായി . റോമില്‍ വച്ച് ദിവംഗതനായ അദ്ദേഹത്തെ അവിടെതന്നെ കബറടക്കി . പിന്നീട് , ഭൗതിക അവശിഷ്ടം നാട്ടിലെത്തിച്ച് ചങ്ങനാശ്ശേരി കത്തീഡ്രല്‍ പള്ളിയിലെ മദ്ബഹായില്‍ സ്ഥാപിച്ചു . ദൈവദാസനായ അദ്ദേഹത്തെ 2011ല്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ വാഴ്ത്തപ്പെട്ടവനായി ഉയര്‍ത്തി.
മാര്‍ തോമസ് കുരൃാളശ്ശേരി സ്ഥാപിച്ച ദിവ്യകാരുണ്യ സന്യാസിനി സഭയില്‍ ഇന്ന് ലോകം മുഴുവന്‍ 105 രൂപതകളിലായി അയ്യായിരത്തിലധികം സന്യാസിനിമാരുണ്ട്. വിവിധ രാജ്യങ്ങളില്‍ വിദ്യാഭ്യാസ രംഗത്തും , ആതുര സേവന രംഗത്തും സേവനം ചെയ്തുകൊണ്ട് പ്രേഷിത പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ദിവ്യകാരുണ്യ സന്യാസിനി സഭ (ആരാധനാസഭ) കത്തോലിക്കാ സഭക്ക് ചെയ്യുന്ന സേവനങ്ങള്‍ വളരെ പ്രശംസനീയമാണ്.
ദൈവ സ്നേഹത്തിന്റേയും മനുഷ്യ സ്നേഹത്തിന്റേയും മഹനീയ മാതൃകയായ ധന്യന്‍ മാര്‍ തോമസ് കുരൃാളശ്ശേരി ദിവ്യകാരുണ്യ സന്ദേശം സമൂഹത്തിനായി പകര്‍ന്നു നല്‍കി. ധന്യന്‍ മാര്‍ തോമസ് കുരൃാളശ്ശേരിയുടെ മദ്ധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് നിരവധി അനുഗ്രഹങ്ങള്‍ ലഭിക്കുന്നതായി അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു .
ജനുവരി 13. മുന്‍ മുഖ്യമന്ത്രി ശ്രീ സി. അച്ച്യുതമേനോന്‍
ലാളിത്യമുള്ള ജീവിത ശൈലികൊണ്ട് മലയാളികളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന ഒരു കമ്യൂണിസ്റ്റ് നേതാവായിരുന്നു ശ്രീ സി. അച്ച്യുതമേനോന്‍. തൃശൂര്‍ ജില്ലയില്‍ പുതുക്കാട് രാപ്പാള്‍ എന്ന സ്ഥലത്ത് 1913 ജനുവരി 13ന് അദ്ദേഹം ജനിച്ചു . തൃശൂര്‍ സി.എം. എസ്. ഹൈസ്കൂളിലും സെന്റ് തോമസ് കോളേജിലുമായി വിദ്യാഭ്യാസം ചെയ്തതിനു ശേഷം മദ്രാസ് സര്‍വ്വകലാശാലയില്‍നിന്നും ബി. എ. പാസ്സായി . തിരുവനന്തപുരം ലോകോളേജില്‍ നിന്ന് ബി. എല്‍. പരീക്ഷ പാസ്സായി. തൃശൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുമ്പോള്‍ സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു . 1942ല്‍ സി.പി. എെ യില്‍ അംഗമായി . കൊച്ചി പ്രജാമണ്ഡലത്തിലും, സി.പി. എെയുടെ കേന്ദ്ര കമ്മിറ്റിയിലും, കേന്ദ്ര സെക്രട്ടറിയേറ്റിലും അംഗമായിരുന്നു. പല തവണ ഒളിവില്‍ കഴിയുകയും ജയില്‍ വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട് . 1952ല്‍ തിരു - കൊച്ചി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു . 1957ലും, 1960ലും, 1970ലും നിയമസഭാംഗമായി . ഇ. എം. എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിലവില്‍ വന്ന ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ ധനകാരൃ മന്ത്രിയായിരുന്നു . 1968ല്‍ രാജ്യസഭയില്‍ അംഗമായി . 1969ല്‍ എെക്യമുന്നണി മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ മുഖ്യമന്ത്രിയായി . 1977വരെ ശ്രീ അച്ച്യുതമേനോന്‍ തന്നെയായിരുന്നു മുഖ്യമന്ത്രി.
കഴിവുറ്റ ഒരു സാഹിത്യകാരന്‍ കൂടിയായിരുന്നു ശ്രീ അച്ച്യുതമേനോന്‍ . നിരവധി ലേഖനങ്ങളും ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട് അദ്ദേഹം . 1978ല്‍ കേരള സാഹിത്യ അക്കാഡമി അവാര്‍ഡും സോവിയറ്റ് ലാന്റ് നെഹ്റു അവാര്‍ഡും അദ്ദേഹം രചിച്ച ` എന്റെ ബാല്യ കാല സ്മരണകള്‍ ' എന്ന കൃതിക്ക് ലഭിക്കുകയുണ്ടായി. അതുകൂടാതെ , നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് . 1991ആഗസ്റ്റ് 11ന് അദ്ദേഹം അന്തരിച്ചു . സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്ന അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .
ജനുവരി 12. ദേശീയ യുവജന ദിനം
മനുഷ്യന്റെ ജീവിത കാലഘട്ടത്തില്‍ ഉന്‍മേഷവും ഉല്‍സാഹവുമുള്ള കാലഘട്ടമാണ് യുവത്വം. സ്വപ്നങ്ങള്‍ കാണാനും അവ സാക്ഷാത്കരിക്കാനും കഴിവുള്ളവരാണ് യുവജനങ്ങള്‍. ഈ ലോകത്തില്‍ ക്രിയാത്മകമായി എന്തെങ്കിലും സംഭവിക്കണമെങ്കില്‍ അത് യുവജനങ്ങളെ ഏല്‍പ്പിക്കണം എന്നാണ് പറയുക. ഒരു വ്യക്തിയില്‍ അയാളുടെ ജീവ ചൈതന്യം ഉച്ചസ്ഥായിയില്‍ എത്തുന്നത് യൗവ്വന കാലത്താണ്. നിറഞ്ഞു നില്‍ക്കുന്ന ഈ ഊര്‍ജ്ജത്തെ ശരിയായ ദിശയിലേക്ക് തിരിച്ചുവിട്ടാല്‍ , പ്രോത്സാഹനവും നിര്‍ദേശവും നല്‍കിയാല്‍ നന്മയുടെ പാതയില്‍ പുതിയ ചരിത്രം സൃഷ്ടിക്കാന്‍ കഴിയും .
സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 ആണ് ദേശീയ യുവജന ദിനമായി ആഘോഷിക്കുന്നത്. വിവേകാനന്ദ സ്വാമിയുടെ തത്വങ്ങളും, ആശയങ്ങളും ഇന്ത്യന്‍ യുവത്വത്തിന് പ്രചോദനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കേന്ദ സര്‍ക്കാര്‍ ജനുവരി 12 ദേശീയ യുവജന ദിനമായി പ്രഖ്യാപിച്ചത്. 1863 ജനുവരി 12ന് ആണ് സ്വാമി വിവേകാനന്ദന്‍ ജനിച്ചത് . എല്ലാവര്‍ക്കും ദേശീയ യുവജന ദിനത്തിന്റെ മംഗളങ്ങള്‍ ആശംസിക്കുന്നു .
2017, ജനുവരി 7, ശനിയാഴ്‌ച
വികസനം - നമ്മുടെ കാഴ്ചപ്പാട് എങ്ങനെ ?
മുരുകന്‍ കാട്ടാക്കട തന്റെ ` പക ' എന്ന കവിതയില്‍ വരച്ചു കാട്ടുന്നു.
തിര മുത്തമിട്ടോരു കരിമണല്‍ തീരത്ത്, വരയിട്ടു നമ്മള്‍ പൊതിഞ്ഞെടുത്തു. പകയുണ്ട് ഭൂമിക്ക് , പുഴകള്‍ക്ക്, മലകള്‍ക്ക്,
പുക തിന്ന പകലിനും ദ്വേഷമുണ്ട്...........''
ജനുവരി 11. മുന്‍ പ്രധാന മന്ത്രി ശ്രീ ലാല്‍ ബഹാദൂര്‍ ശാസ്ത്രി
ലളിത ജീവിതവും സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനവും കൊണ്ട് ഇന്ത്യന്‍ ജനതയുടെ ഹൃദയങ്ങളില്‍ ഇടംപിടിച്ച ഇന്ത്യയുടെ മുന്‍ പ്രധാന മന്ത്രി ശ്രീ ലാല്‍ ബഹാദൂര്‍ ശാസ്ത്രി 1926 ജൂണ്‍ 9ന് ഉത്തര്‍പ്രദേശിലെ മുഗള്‍സരയി എന്ന സ്ഥലത്ത് ജനിച്ചു . വിദ്യാഭ്യാസത്തിന് ശേഷം നിസ്സഹകരണ പ്രസ്ഥാനത്തിലും സത്യാഗ്രഹത്തിലും പങ്കെടുത്തു. ഇന്ത്യയുടെ സ്വാതന്ത്രൃത്തിനു വേണ്ടി ജയില്‍ വാസം അനുഭവിച്ചു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷം ഉത്തര്‍പ്രദേശില്‍ ആഭ്യന്തര മന്ത്രിയായി. 1951ല്‍ ലോകസഭയുടെ ആഭ്യന്തര സെക്രട്ടറിയായി. പിന്നീട് , ഇന്ത്യയുടെ റെയില്‍വേ മന്ത്രിയായ അദ്ദേഹം , തമിഴ്നാട്ടില്‍ ഉണ്ടായ ഒരു റെയില്‍വേ അപകടത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് മന്ത്രി സ്ഥാനം രാജി വെച്ചു. അടുത്ത തെരഞ്ഞടുപ്പില്‍ ലോകസഭയിലേക്ക് വിജയിച്ച അദ്ദേഹം കേന്ദ്ര മന്ത്രിസഭയില്‍ ഗതാഗത മന്ത്രിയായി. 1964ല്‍ ശ്രീ ജവഹര്‍ലാല്‍ നെഹ്റു അന്തരിച്ചപ്പോള്‍ ഇന്ത്യയുടെ പ്രധാന മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു . രണ്ടര വര്‍ഷക്കാലം ഇന്ത്യയെ നയിച്ച അദ്ദേഹമാണ് ` ജയ് ജവാന്‍ ജയ് കിസാന്‍ ' എന്ന മുദ്രാവാക്യം ഇന്ത്യക്ക് സമ്മാനിച്ചത്. റഷ്യന്‍ പ്രധാന മന്ത്രിയായിരുന്ന ശ്രീ കോസിഗിന്റെ നേതൃത്വത്തില്‍ പാകിസ്ഥാന്‍ പ്രസിഡന്റ് ശ്രീ മുഹമ്മദ് അയൂബ് ഖാനും ഇന്ത്യന്‍ പ്രധാന മന്ത്രിയായ ശ്രീ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുമായി റഷ്യയില്‍ വെച്ച് കൂടികാഴ്ച നടത്തുകയും , റഷ്യയിലെ താഷ്ക്കന്റില്‍ വെച്ചുണ്ടാക്കിയ സമാധാന കരാറില്‍ ഇരുവരും ഒപ്പു വയ്കുകയും ചെയ്തു. 1966 ജനുവരി 10ന് ആണ് പ്രശസ്തമായ ആ ഉടമ്പടിയില്‍ ഒപ്പ് വച്ചത്. തൊട്ടടുത്ത ദിവസം ,1966 ജനുവരി 11ന് ഹൃദയാഘാതംമൂലം ശ്രീ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അന്തരിച്ചു . അദ്ദേഹത്തിന്റെ സ്മരണകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .
ജനുവരി 10. പ്രശസ്ത കവി ശ്രീ ഒളപ്പമണ്ണ
`` ഞാനൊരു വിദ്യാര്‍ത്ഥിയാ , ണെന്‍ പാഠമീ ജീവിതം
നൂനമെന്‍ ഗുരുനാഥരജ്ഞാതരേതോ ദിവ്യര്‍
തിങ്കളും താരങ്ങളും തൂവെള്ളിക്കതിര്‍ ചിന്നും
തുംഗമാം വാനിന്‍ ചോട്ടിലാണെന്റെ വിദ്യാലയം ''
പ്രശസ്ത കവി ശ്രീ ഒളപ്പമണ്ണയുടെ ` എന്റെ വിദ്യാലയം ' എന്ന കവിതയുടെ ആദ്യഭാഗമാണ് മേല്‍ കൊടുത്തിരിക്കുന്നത്. പ്രകൃതിയിലെ ഓരോ കാരൃങ്ങളേയും വര്‍ണ്ണിച്ച ശേഷം കവി അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.
`` ആരല്ലെന്‍ ഗുരുനാഥ,രാരല്ലെന്‍ ഗുരുനാഥര്‍ ?
പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ !
ഒറ്റപ്പാലം വള്ളിനേഴിയില്‍ 1923 ജനുവരി 10ന് ആണ് ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാട് എന്ന ശ്രീ ഒളപ്പമണ്ണ ജനിക്കുന്നത് . 1942ല്‍ ആദ്യ കവിത പ്രസിദ്ധീകരിച്ചു. നിരവധി സാഹിത്യ രചനകള്‍ നടത്തിയിട്ടുള്ള അദ്ദേഹം സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമായിരുന്നിട്ടുണ്ട് . കേരള കലാമണ്ഡലം ചെയര്‍മാന്‍ , ഡല്‍ഹിയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സ് അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
കേന്ദ്ര സാഹിത്യ അക്കാഡമി അവാര്‍ഡ് , കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് , ഓടക്കുഴല്‍ അവാര്‍ഡ് , എന്‍. വി. സ്മാരക അവാര്‍ഡ് , ഉള്ളൂര്‍ അവാര്‍ഡ് , സമഗ്ര സംഭാവനക്ക് ആശാന്‍ പുരസ്കാരം , കേരള സാഹിത്യ അക്കാഡമിയുടെ ഫെല്ലോഷിപ്പ് എന്നിവ ശ്രീ ഒളപ്പമണ്ണയെ തേടി എത്തിയിട്ടുണ്ട് . 2000 ഏപ്രില്‍ 10ന് ശ്രീ ഒളപ്പമണ്ണ അന്തരിച്ചു . അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .
2017, ജനുവരി 6, വെള്ളിയാഴ്‌ച
ജനുവരി 8. സിനിമ സംവിധായകന്‍ ശ്രീ ബിമല്‍ റോയ്
ഒരേ സമയം മുഖ്യധാരാ കച്ചവട സിനിമയിലും സമാന്തര സിനിമയിലും ശോഭിച്ച മികച്ച സംവിധായകനും നിര്‍മ്മാതാവുമാണ് ശ്രീ ബിമല്‍ റോയ് . 1909ജൂലൈ 12ന് അവിഭക്ത ഇന്ത്യയില്‍ ഇപ്പോഴത്തെ ബംഗ്ലാദേശിലാണ് അദ്ദേഹം ജനിച്ചത് . ക്യാമറ അസിസ്റ്റന്റായി സിനിമ ജീവിതം ആരംഭിച്ച അദ്ദേഹം 1935ല്‍ പുറത്തിറങ്ങിയ പ്രശസ്ത സിനിമയായ ` ദേവദാസ് 'ന്റെ പബ്ലിസിറ്റി ഫോട്ടൊഗ്രാഫര്‍ ആയിരുന്നു . ന്യൂ തിയ്യറ്റേഴ്സിന്റെ ` ഉദായര്‍ പാതേ ' എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്. പതിമൂന്ന് ചിത്രങ്ങളുടെ നിര്‍മ്മാതാവാണ്. ശ്രീ ബിമല്‍ റോയ് സംവിധാനം ചെയ്ത `മധുമതി ' എന്ന പ്രശസ്തമായ സിനിമയിലെ `` ആജാരേ പര്‍ദേശി '' എന്നു തുടങ്ങുന്ന ,ശ്രീമതി ലതാമങ്കേഷ്കര്‍ പാടിയ ഗാനം പഴയ തലമുറയിലെ ആരും മറന്നുകാണാന്‍ ഇടയില്ല . ഇതുപോലെ, ശ്രീ ബിമല്‍ റോയിയുടെ നിരവധി ചിത്രങ്ങള്‍ ഹിറ്റായ പാട്ടുകളാല്‍ സമ്പന്നമാണ്.
പതിനൊന്ന് പ്രാവശ്യം ഫിലിം ഫെയര്‍ അവാര്‍ഡുകളും, രണ്ടു പ്രാവശ്യം നാഷണല്‍ അവാര്‍ഡുകളും, ഒരു പ്രാവശ്യം അന്തര്‍ദേശീയ പുരസ്കാരവും നേടിയ ശ്രീ ബിമല്‍ റോയ് , അതുകൂടാതെ ചെറുതും വലുതുമായ നിരവധി അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുണ്ട് . 1966ജനുവരി 8ന് അദ്ദേഹം അന്തരിച്ചു . ശ്രീ ബിമല്‍ റോയിയോടുള്ള ബഹുമാന സൂചകമായി അദ്ദേഹത്തിന്റെ മുഖം വച്ചുള്ള ഒരു തപാല്‍ സ്റ്റാമ്പ് 2007 ജനുവരി 8ന് സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. പ്രശസ്ത സിനിമ സംവിധായകനും നിര്‍മ്മാതാവുമായ ശ്രീ ബിമല്‍ റോയിയുടെ സ്മരണകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .
2017, ജനുവരി 5, വ്യാഴാഴ്‌ച
ജനുവരി 7. സംഗീത സംവിധായകന്‍ ശ്രീ കണ്ണൂര്‍ രാജന്‍
`` ദേവീ ക്ഷേത്ര നടയില്‍
ദീപാരാധനാ വേളയില്‍ ( ദേവീക്ഷേത്ര ...)
ദീപ സ്തംഭം തെളിയിച്ചു നില്‍ക്കും
ദേവികേ നീയൊരു കവിത
ത്രിസന്ധ്യയെഴുതിയ കവിത (ദേവീക്ഷേത്ര...)
1977ല്‍ പുറത്തിറങ്ങിയ ` പല്ലവി ' എന്ന സിനിമയിലെ ശ്രീ കണ്ണൂര്‍ രാജന്‍ സംഗീത സംവിധാനം ചെയ്ത് ഗാനഗന്ധര്‍വന്‍ യേശുദാസ് പാടിയ ഈ ഗാനം അധികമാരും മറന്നിട്ടുണ്ടാവില്ല. ഗൃഹാതുരത്വം നിറഞ്ഞ നിരവധി ഗാനങ്ങള്‍ ശ്രീ കണ്ണൂര്‍ രാജന്റെ സംഗീത സംവിധാനത്തില്‍ നാം ശ്രവിച്ചിട്ടുണ്ട്. അന്‍പതിലധികം സിനിമകളിലെ ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം ചെയ്ത ശ്രീ കണ്ണുര്‍ രാജന്‍ 1937 ജനുവരി 7ന് ജനിച്ചു . 1974ല്‍ ` മിസ്റ്റര്‍ സുന്ദരി' എന്ന സിനിമക്കു വേണ്ടിയാണ് ആദ്യമായി സംഗീത സംവിധാനം ചെയ്തത്. മലയാളത്തിലെ പ്രമുഖരായ മിക്കവാറും എല്ലാ ഗാന രചയിതാക്കളുടേയും ഗാനങ്ങള്‍ ശ്രീ കണ്ണൂര്‍ രാജന്‍ സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്. പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ശ്രീ ശരത് അദ്ദേഹത്തിന്റെ പുത്രനാണ്. 1995 ഏപ്രില്‍ 27ന് ശ്രീ കണ്ണൂര്‍ രാജന്‍ അന്തരിച്ചു .സംഗീത സംവിധായകന്‍ ശ്രീ കണ്ണൂര്‍ രാജന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .
ജനുവരി 6. കവി ശ്രീ എന്‍. എന്‍. കക്കാട്
`` ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍
ആതിര വരും പോകുമല്ലേ സഖീ ...
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്‍ക്കൂ ''
എന്‍. എന്‍. കക്കാട് എന്നറിയപ്പെടുന്ന ശ്രീ നാരായണന്‍ നമ്പൂതിരി കക്കാട് എഴുതിയ ` സഫലമീ യാത്ര ' എന്ന കവിതാ സമാഹാരത്തിലെ ഒരു കവിതയുടെ ആദ്യ വരികളാണ് മേല്‍ കുറിച്ചത്. രോഗ ശയ്യയില്‍ കിടന്ന കാലത്ത് പുറത്തിറങ്ങിയ ഈ കവിത എഴുതുമ്പോള്‍ , ആതിര നിലാവിനെ വരവേല്‍ക്കുന്ന ഓര്‍മ്മകളില്‍ തന്നിലെ നീറുന്ന വേദനകള്‍ അലിഞ്ഞു പോകുന്നതായി കവി സങ്കല്‍പ്പിച്ചിരിക്കാം. ആധുനിക കവികളില്‍ പ്രമുഖനായ ശ്രീ എന്‍. എന്‍. കക്കാട് 1927 ജൂലൈ 14ന് കോഴിക്കോട് ജില്ലയിലെ അവിടനല്ലൂര്‍ ഗ്രാമത്തില്‍ ജനിച്ചു .വിദ്യാഭ്യാസത്തിനു ശേഷം അദ്ധ്യാപകനായി ജോലി ആരംഭിച്ച അദ്ദേഹം പിന്നീട് , ആകാശവാണിയില്‍ ജോലിയില്‍ പ്രവേശിച്ചു . അദ്ധ്യാപകന്‍, കവി , ഗ്രന്ഥകാരന്‍ , പരിഭാഷകന്‍ തുടങ്ങിയ നിലകളില്‍ തിളങ്ങിയ അദ്ദേഹം നിരവധി കൃതികളുടെ രചയിതാവാണ് . 1957ല്‍ പ്രസിദ്ധീകരിച്ച ` ശലഭഗീതം' ആണ് ആദ്യ കവിത . അദ്ദേഹത്തിന്റെ പ്രശസ്തമായ ` സഫലമീ യാത്ര ' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് , വയലാര്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട് . ഇവ കൂടാതെ ആശാന്‍ പുരസ്കാരം , ഓടക്കുഴല്‍ അവാര്‍ഡ് തുടങ്ങിയ അവാര്‍ഡുകള്‍ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട് . പ്രതികരണ ശേഷി നഷ്ടപ്പെട്ട ജനത , തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളോട് പ്രതികരണത്തിന്റേയോ പ്രതിഷേധത്തിന്റേയോ ഒരു ചെറുവിരല്‍ പോലും അനക്കാതെ അലസതയില്‍ കഴിയുമ്പോള്‍ സാമൂഹ്യ പ്രശ്നങ്ങളോട് പ്രതികരിക്കാന്‍ , സാംസ്കാരിക പ്രക്ഷോഭത്തിന് തന്റെ കവിതകളെ ആയുധമാക്കുന്നതായി അദ്ദേഹത്തിന്റെ കവിതകളില്‍ നമുക്ക് കാണാം. 1987 ജനുവരി 6ന് ശ്രീ എന്‍. എന്‍. കക്കാട് അന്തരിച്ചു . അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .
2017, ജനുവരി 4, ബുധനാഴ്‌ച
ജനുവരി 5. പ്രശസ്ത ഗായകന്‍ ശ്രീ കെ. പി. ഉദയഭാനു.
`` വെള്ളി നക്ഷത്രമേ നിന്നെ നോക്കി
തുള്ളി തുളുമ്പുകയെന്യേ
മാമക ചിത്തത്തിലന്നും ഇല്ല
മാദക വ്യാമോഹമൊന്നും ''
എന്നു തുടങ്ങുന്ന , 1967ല്‍ പുറത്തിറങ്ങിയ ` രമണന്‍ ' എന്ന സിനിമയിലെ ശ്രവണ സുന്ദരമായ ഈ ഗാനം ശ്രീ കെ. പി. ഉദയഭാനു എന്ന പ്രശസ്തനായ ഗായകന്‍ ആലപിച്ചത്, മലയാളികള്‍ ഇന്നും ഗൃഹാതുരത്തോടെയാണ് ശ്രവിക്കുന്നത്. അതുപോലെ ,`രമണനി'ലെ തന്നെ ശ്രീ കെ. പി. ഉദയഭാനുവും ശ്രീമതി പി. ലീലയും ചേര്‍ന്നു പാടുന്ന
`` കാനന ഛായയിലാടുമേയ്ക്കാന്‍
ഞാനും വരട്ടെയോ നിന്റെ കൂടെ
പാടില്ല പാടില്ല നമ്മെ നമ്മള്‍
പാടെ മറന്നൊന്നും ചെയ്തു കൂടാ (കാനന ....)
എന്നു തുടങ്ങുന്ന ഗാനം മലയാളികളുടെ മനസ്സില്‍ മായാതെ നില്‍ക്കുകയാണ്. സംഗീതത്തെ ജീവിത ദര്‍ശനമാക്കിയ അനശ്വര ഗായകന്‍ ശ്രീ കെ. പി. ഉദയഭാനു പാലക്കാട് ജില്ലയില്‍ തരൂരില്‍ 1936 ജൂണ്‍ 6ന് ജനിച്ചു . `` നായരു പിടിച്ച പുലിവാല് '' എന്ന സിനിമയില്‍ `എന്തിനിത്ര പഞ്ചസാര ' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്. അതിനുശേഷം നിരവധി സിനിമകളില്‍ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ആകാശവാണിയില്‍ സംഗീത സംവിധായകനായിരുന്ന അദ്ദേഹം ശാസ്ത്രീയ സംഗീതത്തില്‍ അവഗാഹമായ അറിവുള്ള ഗായകനായിരുന്നു.
2009ല്‍ പത്മശ്രീ ബഹുമതി നല്‍കി ഭാരത സര്‍ക്കാര്‍ ശ്രീ കെ. പി. ഉദയഭാനുവിനെ ആദരിച്ചു. 2004ലെ സംഗീത നാടക അക്കാഡമി ഫെല്ലൊഷിപ്പ്, 2003ലെ അംബേദ്കര്‍ അക്കാഡമി അവാര്‍ഡ് , 1995ലെ നാഷണല്‍ അവാര്‍ഡ് ,1987ലെ സംഗീത നാടക അക്കാഡമി അവാര്‍ഡ് ,1982ലെ സംഗീത സംവിധായകനുള്ള അവാര്‍ഡ് തുടങ്ങി ചെറുതും വലുതുമായ നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട് . 2014 ജനുവരി 5ന് അദ്ദേഹം അന്തരിച്ചു . ശ്രീ കെ.പി. ഉദയഭാനു എന്ന അനശ്വര ഗായകന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .
2017, ജനുവരി 2, തിങ്കളാഴ്‌ച
ജനുവരി 4. സംഗീത സംവിധായകന്‍ ശ്രീ ആര്‍. ഡി. ബര്‍മ്മന്‍
പ്രശസ്ത സംഗീത സംവിധായകന്‍ ശ്രീ ആര്‍. ഡി. ബര്‍മ്മനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ , അന്തരിച്ച നാടക നടനും എന്റെ സുഹൃത്തുമായിരുന്ന ശ്രീ ഔസേപ്പച്ചനുമൊരുമിച്ച് 1972ല്‍ , ചാലക്കുടി ക്രൗണ്‍ തിയ്യറ്ററില്‍ ( അക്കര തിയ്യറ്റര്‍) `` ഹരേ കൃഷ്ണ ഹരേ രാം '' എന്ന സിനിമ കണ്ടത് ഓര്‍മ്മ വരുന്നു. വളരെ പോപ്പുലറായ ഗാനങ്ങളാല്‍ സമ്പന്നമായിരുന്ന ആ സിനിമയിലെ എല്ലാ ഗാനങ്ങളും ചിട്ടപ്പെടുത്തിയത് ശ്രീ ആര്‍. ഡി. ബര്‍മ്മന്‍ ആയിരുന്നു . `കാഞ്ചീരെ കാഞ്ചീരെ' , ` ദം മേരെ ദം ', ` ഫുലോം കാ താരോം കാ', തുടങ്ങിയ ഗാനങ്ങള്‍ വളരെ ശ്രവണ സുന്ദരമായിരുന്നു. അതുപോലെ , 1975ല്‍ പുറത്തിറങ്ങിയ `` ഷോലെ '' എന്ന സിനിമയിലെ അദ്ദേഹം സംഗീത സംവിധാനം ചെയ്ത ` മെഹ്ബൂബ മെഹ്ബൂബ ', `യെ ദോസ്തി ഹം നഹി' തുടങ്ങിയ ഗാനങ്ങള്‍ ഇന്നും മനസ്സില്‍ നില്‍ക്കുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച സംഗീത സംവിധായകരില്‍ ഒരാളായ ശ്രീ ആര്‍. ഡി. ബര്‍മ്മന്‍ 1939ജൂണ്‍ 27ന് , പ്രശസ്ത സംഗീത സംവിധായകന്‍ ശ്രീ എസ്. ഡി. ബര്‍മ്മന്റേയും ശ്രീമതി മീരാദേവ് ബര്‍മ്മന്റേയും മകനായി കല്‍കട്ടായില്‍ ജനിച്ചു . ഹിന്ദിക്കു പുറമെ , തമിഴ് , മറാഠി, ഒറിയ, തെലുങ്ക്, ബംഗാളി തുടങ്ങിയ ഭാഷകളിലെ സിനിമകളില്‍ സംഗീത സംവിധാനം ചെയ്ത അദ്ദേഹം ഒരു ഗാന രചയിതാവും കൂടിയായിരുന്നു . 331 സിനിമകളില്‍ സംഗീത സംവിധാനം ചെയ്തിട്ടുണ്ട് . അവസാനമായി സംഗീത സംവിധാനം ചെയ്തത് ` 1942 എ ലൗ സ്റ്റോറി' എന്ന സിനിമക്കു വേണ്ടിയാണ് .
നിരവധി പുരസ്കാരങ്ങള്‍ ശ്രീ ആര്‍. ഡി. ബര്‍മ്മന്‍ കരസ്ഥമാക്കിയിട്ടുണ്ട്. 1983ലും, 1984ലും, 1995ലും ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട് . 1994 ജനുവരി 4ന് , ഗാന രചയിതാവും സംഗീത സംവിധായകനുമായ ശ്രീ ആര്‍. ഡി. ബര്‍മ്മന്‍ അന്തരിച്ചു . കേവലം 54 വര്‍ഷം മാത്രം ജീവിച്ച് ഇന്ത്യന്‍ സംഗീത ശാഖക്ക് അതുല്ല്യമായ സംഭാവനകള്‍ നല്‍കിയ ആ മഹാ പ്രതിഭയുടെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .
2017, ജനുവരി 1, ഞായറാഴ്‌ച
ജനുവരി 2. സിനിമ നടി ശ്രീമതി ഫിലോമിന
' ഗോഡ് ഫാദര്‍ ' എന്ന സിനിമയില്‍ ശ്രീമതി ഫിലോമിനയുടെ`ആനപ്പാറ അച്ചാമ്മ ' എന്ന കഥാപാത്രം ആനയെകൊണ്ട് പനിനീര് തെളിയിക്കുന്ന രംഗം ഒരു മലയാളിക്കും മറക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ചിരിച്ച് ചിരിച്ച് നമ്മള്‍ സകലതും മറന്ന് സിനിമയില്‍ മുഴുകിപ്പോകും ആ രംഗം കണ്ടാല്‍. അഭിനയ സാമ്രാട്ടായ ശ്രീ എന്‍. എന്‍. പിള്ളയുടെ `അഞ്ഞൂറാന്‍ ' എന്ന കഥാപാത്രത്തെ വെല്ലുവിളിക്കുന്ന `ആനപ്പാറ അച്ചാമ്മ'യെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക?. 750ല്‍ പരം സിനിമകളില്‍ അഭിനയിച്ചുകൊണ്ട് മലയാളിയുടെ മനസ്സില്‍ മായാത്ത മുദ്ര പതിച്ച ശ്രീമതി ഫിലോമിന തൃശൂര്‍ ജില്ലയിലെ മുള്ളൂര്‍ക്കര പുതിയവീട്ടില്‍ ദേവസിയുടേയും മറിയയുടേയും മകളായി 1926ല്‍ ജനിച്ചു . ശ്രീ പി. ജെ. ആന്റണിയുടെ നാടകങ്ങളിലൂടെ അഭിനയ രംഗത്ത് എത്തിയ ശ്രീമതി ഫിലോമിന നൂറോളം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് . 1964ല്‍ `കുട്ടിക്കുപ്പായം ' എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്ത് എത്തിയത്. കൃത്രിമത്വമില്ലാത്ത അഭിനയമാണ് അവരുടെ മുഖമുദ്ര. നമുക്ക് ചുറ്റും കാണുന്ന കഥാപാത്രങ്ങളെ വളരെ തന്മയത്വമായി അവതരിപ്പിച്ച് പ്രേക്ഷക മനസ്സില്‍ ഇടം നേടിയ അവര്‍ക്ക് , ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനുള്ള കഴിവ് ഒന്നു വേറെ തന്നെയാണ്.
1970ല്‍ `തുറക്കാത്ത വാതില്‍' , ` ഓളവും തീരവും ' എന്നീ സിനിമകളിലെ അഭിനയത്തിന് സഹനടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടി. ` തനിയാവര്‍ത്തനം ' എന്ന സിനിമയിലെ അഭിനയത്തിന് 1987ല്‍ വീണ്ടും സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡ് നേടി. നിരവധി പുരസ്കാരങ്ങള്‍ വേറേയും ലഭിച്ചിട്ടുണ്ട് . 2006 ജനുവരി 2ന് ശ്രീമതി ഫിലോമിന അന്തരിച്ചു . ആ അതുല്ല്യ കലാകാരിയുടെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .
പുതു വത്സര ആഘോഷം
അമേരിക്കയിലെ വാഷിങ്ടണ്‍ സ്റ്റേറ്റിലെ റെഡ്മണ്ടില്‍ വെച്ചാണ് ഈ വര്‍ഷത്തെ പുതു വത്സര ആഘോഷം . തൊട്ടടുത്ത് ഉള്ള കത്തോലിക്കാ ദേവാലയത്തില്‍ പോവുക , ടൗണ്‍ ചുറ്റി നടന്ന് കാണുക , പാര്‍ക്കില്‍ പോവുക തുടങ്ങിയവയാണ് ആഘോഷവുമായി ബന്ധപ്പെട്ട് ചെയ്തത്. സെന്റ് ജൂഡ് ദേവാലയമാണ് തൊട്ടടുത്ത് . ടൗണ്‍ മുഴുവന്‍ ദീപാലങ്കാരത്താല്‍ പ്രകാശിതമാണ്.