`` വെള്ളി നക്ഷത്രമേ നിന്നെ നോക്കി
തുള്ളി തുളുമ്പുകയെന്യേ
മാമക ചിത്തത്തിലന്നും ഇല്ല
മാദക വ്യാമോഹമൊന്നും ''
എന്നു തുടങ്ങുന്ന , 1967ല്‍ പുറത്തിറങ്ങിയ ` രമണന്‍ ' എന്ന സിനിമയിലെ ശ്രവണ സുന്ദരമായ ഈ ഗാനം ശ്രീ കെ. പി. ഉദയഭാനു എന്ന പ്രശസ്തനായ ഗായകന്‍ ആലപിച്ചത്, മലയാളികള്‍ ഇന്നും ഗൃഹാതുരത്തോടെയാണ് ശ്രവിക്കുന്നത്. അതുപോലെ ,`രമണനി'ലെ തന്നെ ശ്രീ കെ. പി. ഉദയഭാനുവും ശ്രീമതി പി. ലീലയും ചേര്‍ന്നു പാടുന്ന
`` കാനന ഛായയിലാടുമേയ്ക്കാന്‍
ഞാനും വരട്ടെയോ നിന്റെ കൂടെ
പാടില്ല പാടില്ല നമ്മെ നമ്മള്‍
പാടെ മറന്നൊന്നും ചെയ്തു കൂടാ (കാനന ....)
എന്നു തുടങ്ങുന്ന ഗാനം മലയാളികളുടെ മനസ്സില്‍ മായാതെ നില്‍ക്കുകയാണ്. സംഗീതത്തെ ജീവിത ദര്‍ശനമാക്കിയ അനശ്വര ഗായകന്‍ ശ്രീ കെ. പി. ഉദയഭാനു പാലക്കാട് ജില്ലയില്‍ തരൂരില്‍ 1936 ജൂണ്‍ 6ന് ജനിച്ചു . `` നായരു പിടിച്ച പുലിവാല് '' എന്ന സിനിമയില്‍ `എന്തിനിത്ര പഞ്ചസാര ' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചുകൊണ്ടാണ് ചലച്ചിത്ര രംഗത്തേക്ക് പ്രവേശിക്കുന്നത്. അതിനുശേഷം നിരവധി സിനിമകളില്‍ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ആകാശവാണിയില്‍ സംഗീത സംവിധായകനായിരുന്ന അദ്ദേഹം ശാസ്ത്രീയ സംഗീതത്തില്‍ അവഗാഹമായ അറിവുള്ള ഗായകനായിരുന്നു.
2009ല്‍ പത്മശ്രീ ബഹുമതി നല്‍കി ഭാരത സര്‍ക്കാര്‍ ശ്രീ കെ. പി. ഉദയഭാനുവിനെ ആദരിച്ചു. 2004ലെ സംഗീത നാടക അക്കാഡമി ഫെല്ലൊഷിപ്പ്, 2003ലെ അംബേദ്കര്‍ അക്കാഡമി അവാര്‍ഡ് , 1995ലെ നാഷണല്‍ അവാര്‍ഡ് ,1987ലെ സംഗീത നാടക അക്കാഡമി അവാര്‍ഡ് ,1982ലെ സംഗീത സംവിധായകനുള്ള അവാര്‍ഡ് തുടങ്ങി ചെറുതും വലുതുമായ നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട് . 2014 ജനുവരി 5ന് അദ്ദേഹം അന്തരിച്ചു . ശ്രീ കെ.പി. ഉദയഭാനു എന്ന അനശ്വര ഗായകന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ