.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2017, ജനുവരി 1, ഞായറാഴ്‌ച

ജനുവരി 2. സിനിമ നടി ശ്രീമതി ഫിലോമിന

' ഗോഡ് ഫാദര്‍ ' എന്ന സിനിമയില്‍ ശ്രീമതി ഫിലോമിനയുടെ`ആനപ്പാറ അച്ചാമ്മ ' എന്ന കഥാപാത്രം ആനയെകൊണ്ട് പനിനീര് തെളിയിക്കുന്ന രംഗം ഒരു മലയാളിക്കും മറക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ചിരിച്ച് ചിരിച്ച് നമ്മള്‍ സകലതും മറന്ന് സിനിമയില്‍ മുഴുകിപ്പോകും ആ രംഗം കണ്ടാല്‍. അഭിനയ സാമ്രാട്ടായ ശ്രീ എന്‍. എന്‍. പിള്ളയുടെ `അഞ്ഞൂറാന്‍ ' എന്ന കഥാപാത്രത്തെ വെല്ലുവിളിക്കുന്ന `ആനപ്പാറ അച്ചാമ്മ'യെ ആര്‍ക്കാണ് മറക്കാന്‍ കഴിയുക?. 750ല്‍ പരം സിനിമകളില്‍ അഭിനയിച്ചുകൊണ്ട് മലയാളിയുടെ മനസ്സില്‍ മായാത്ത മുദ്ര പതിച്ച ശ്രീമതി ഫിലോമിന തൃശൂര്‍ ജില്ലയിലെ മുള്ളൂര്‍ക്കര പുതിയവീട്ടില്‍ ദേവസിയുടേയും മറിയയുടേയും മകളായി 1926ല്‍ ജനിച്ചു . ശ്രീ പി. ജെ. ആന്റണിയുടെ നാടകങ്ങളിലൂടെ അഭിനയ രംഗത്ത് എത്തിയ ശ്രീമതി ഫിലോമിന നൂറോളം നാടകങ്ങളില്‍ അഭിനയിച്ചിട്ടുണ്ട് . 1964ല്‍ `കുട്ടിക്കുപ്പായം ' എന്ന ചിത്രത്തിലൂടെയാണ് സിനിമ രംഗത്ത് എത്തിയത്. കൃത്രിമത്വമില്ലാത്ത അഭിനയമാണ് അവരുടെ മുഖമുദ്ര. നമുക്ക് ചുറ്റും കാണുന്ന കഥാപാത്രങ്ങളെ വളരെ തന്മയത്വമായി അവതരിപ്പിച്ച് പ്രേക്ഷക മനസ്സില്‍ ഇടം നേടിയ അവര്‍ക്ക് , ഹാസ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുവാനുള്ള കഴിവ് ഒന്നു വേറെ തന്നെയാണ്.

                                                        1970ല്‍ `തുറക്കാത്ത വാതില്‍' , ` ഓളവും തീരവും ' എന്നീ സിനിമകളിലെ അഭിനയത്തിന് സഹനടിക്കുള്ള കേരള സംസ്ഥാന അവാര്‍ഡ് നേടി. ` തനിയാവര്‍ത്തനം ' എന്ന സിനിമയിലെ അഭിനയത്തിന് 1987ല്‍ വീണ്ടും സഹനടിക്കുള്ള സംസ്ഥാന അവാര്‍ഡ്  നേടി. നിരവധി പുരസ്കാരങ്ങള്‍ വേറേയും ലഭിച്ചിട്ടുണ്ട് . 2006 ജനുവരി 2ന് ശ്രീമതി ഫിലോമിന അന്തരിച്ചു . ആ അതുല്ല്യ കലാകാരിയുടെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ