.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2017, ജനുവരി 8, ഞായറാഴ്‌ച

ജനുവരി 13. മുന്‍ മുഖ്യമന്ത്രി ശ്രീ സി. അച്ച്യുതമേനോന്‍

ലാളിത്യമുള്ള ജീവിത ശൈലികൊണ്ട് മലയാളികളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന ഒരു കമ്യൂണിസ്റ്റ് നേതാവായിരുന്നു ശ്രീ സി. അച്ച്യുതമേനോന്‍. തൃശൂര്‍ ജില്ലയില്‍ പുതുക്കാട് രാപ്പാള്‍ എന്ന സ്ഥലത്ത് 1913 ജനുവരി 13ന് അദ്ദേഹം ജനിച്ചു . തൃശൂര്‍ സി.എം. എസ്. ഹൈസ്കൂളിലും സെന്റ് തോമസ് കോളേജിലുമായി വിദ്യാഭ്യാസം ചെയ്തതിനു ശേഷം മദ്രാസ് സര്‍വ്വകലാശാലയില്‍നിന്നും ബി. എ. പാസ്സായി . തിരുവനന്തപുരം ലോകോളേജില്‍ നിന്ന് ബി. എല്‍. പരീക്ഷ പാസ്സായി. തൃശൂര്‍ കോടതിയില്‍ പ്രാക്ടീസ് ചെയ്യുമ്പോള്‍ സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു . 1942ല്‍ സി.പി. എെ യില്‍ അംഗമായി . കൊച്ചി പ്രജാമണ്ഡലത്തിലും, സി.പി. എെയുടെ കേന്ദ്ര കമ്മിറ്റിയിലും, കേന്ദ്ര സെക്രട്ടറിയേറ്റിലും അംഗമായിരുന്നു. പല തവണ ഒളിവില്‍ കഴിയുകയും ജയില്‍ വാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട് . 1952ല്‍ തിരു - കൊച്ചി നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു . 1957ലും, 1960ലും, 1970ലും നിയമസഭാംഗമായി . ഇ. എം. എസ്. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നിലവില്‍ വന്ന ആദ്യത്തെ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ ധനകാരൃ മന്ത്രിയായിരുന്നു . 1968ല്‍ രാജ്യസഭയില്‍ അംഗമായി . 1969ല്‍ എെക്യമുന്നണി മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ മുഖ്യമന്ത്രിയായി . 1977വരെ ശ്രീ അച്ച്യുതമേനോന്‍ തന്നെയായിരുന്നു മുഖ്യമന്ത്രി.

                                                      കഴിവുറ്റ ഒരു സാഹിത്യകാരന്‍ കൂടിയായിരുന്നു ശ്രീ അച്ച്യുതമേനോന്‍ . നിരവധി ലേഖനങ്ങളും ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട് അദ്ദേഹം . 1978ല്‍ കേരള സാഹിത്യ അക്കാഡമി അവാര്‍ഡും സോവിയറ്റ് ലാന്റ് നെഹ്റു അവാര്‍ഡും അദ്ദേഹം രചിച്ച ` എന്റെ ബാല്യ കാല സ്മരണകള്‍ ' എന്ന കൃതിക്ക് ലഭിക്കുകയുണ്ടായി. അതുകൂടാതെ , നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് . 1991ആഗസ്റ്റ് 11ന് അദ്ദേഹം അന്തരിച്ചു . സംശുദ്ധ രാഷ്ട്രീയത്തിന്റെ പ്രതീകമായിരുന്ന അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ