`` ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍
ആതിര വരും പോകുമല്ലേ സഖീ ...
ഞാനീ ജനലഴി പിടിച്ചൊട്ടു നില്‍ക്കട്ടെ
നീയെന്നണിയത്തു തന്നെ നില്‍ക്കൂ ''
എന്‍. എന്‍. കക്കാട് എന്നറിയപ്പെടുന്ന ശ്രീ നാരായണന്‍ നമ്പൂതിരി കക്കാട് എഴുതിയ ` സഫലമീ യാത്ര ' എന്ന കവിതാ സമാഹാരത്തിലെ ഒരു കവിതയുടെ ആദ്യ വരികളാണ് മേല്‍ കുറിച്ചത്. രോഗ ശയ്യയില്‍ കിടന്ന കാലത്ത് പുറത്തിറങ്ങിയ ഈ കവിത എഴുതുമ്പോള്‍ , ആതിര നിലാവിനെ വരവേല്‍ക്കുന്ന ഓര്‍മ്മകളില്‍ തന്നിലെ നീറുന്ന വേദനകള്‍ അലിഞ്ഞു പോകുന്നതായി കവി സങ്കല്‍പ്പിച്ചിരിക്കാം. ആധുനിക കവികളില്‍ പ്രമുഖനായ ശ്രീ എന്‍. എന്‍. കക്കാട് 1927 ജൂലൈ 14ന് കോഴിക്കോട് ജില്ലയിലെ അവിടനല്ലൂര്‍ ഗ്രാമത്തില്‍ ജനിച്ചു .വിദ്യാഭ്യാസത്തിനു ശേഷം അദ്ധ്യാപകനായി ജോലി ആരംഭിച്ച അദ്ദേഹം പിന്നീട് , ആകാശവാണിയില്‍ ജോലിയില്‍ പ്രവേശിച്ചു . അദ്ധ്യാപകന്‍, കവി , ഗ്രന്ഥകാരന്‍ , പരിഭാഷകന്‍ തുടങ്ങിയ നിലകളില്‍ തിളങ്ങിയ അദ്ദേഹം നിരവധി കൃതികളുടെ രചയിതാവാണ് . 1957ല്‍ പ്രസിദ്ധീകരിച്ച ` ശലഭഗീതം' ആണ് ആദ്യ കവിത . അദ്ദേഹത്തിന്റെ പ്രശസ്തമായ ` സഫലമീ യാത്ര ' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് , വയലാര്‍ അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട് . ഇവ കൂടാതെ ആശാന്‍ പുരസ്കാരം , ഓടക്കുഴല്‍ അവാര്‍ഡ് തുടങ്ങിയ അവാര്‍ഡുകള്‍ അദ്ദേഹം കരസ്ഥമാക്കിയിട്ടുണ്ട് . പ്രതികരണ ശേഷി നഷ്ടപ്പെട്ട ജനത , തങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളോട് പ്രതികരണത്തിന്റേയോ പ്രതിഷേധത്തിന്റേയോ ഒരു ചെറുവിരല്‍ പോലും അനക്കാതെ അലസതയില്‍ കഴിയുമ്പോള്‍ സാമൂഹ്യ പ്രശ്നങ്ങളോട് പ്രതികരിക്കാന്‍ , സാംസ്കാരിക പ്രക്ഷോഭത്തിന് തന്റെ കവിതകളെ ആയുധമാക്കുന്നതായി അദ്ദേഹത്തിന്റെ കവിതകളില്‍ നമുക്ക് കാണാം. 1987 ജനുവരി 6ന് ശ്രീ എന്‍. എന്‍. കക്കാട് അന്തരിച്ചു . അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ