.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, നവംബർ 30, ബുധനാഴ്‌ച

തിരുമുടിക്കുന്നിന്റെ കലാകാരി കുമാരി ഇസബെല്‍ വര്‍ഗ്ഗീസ് .




തിരുമുടിക്കുന്ന് ഗ്രാമത്തിലെ വളര്‍ന്നു വരുന്ന കലാകാരിയാണ് കുമാരി ഇസബെല്‍ വര്‍ഗ്ഗീസ് . ശാസ്ത്രീയ സംഗീതം , വയലിന്‍, ഗസല്‍ തുടങ്ങിയവയില്‍ പ്രാവീണ്യം നേടിയിട്ടുണ്ട് ഇസബെല്‍. നിരവധി ശാസ്ത്രീയ സംഗീത കച്ചേരി നടത്തിക്കൊണ്ടിരിക്കുന്ന കുമാരി ഇസബെല്‍ വര്‍ഗ്ഗീസ്  നെല്ലിശ്ശേരി ശ്രീ. വർഗ്ഗീസിന്റേയും ശ്രീമതി.അമലയുടേയും രണ്ടാമത്തെ മകളാണ്. അഞ്ചാം വയസ്സിൽ, ശ്രീ. തുമ്പൂർ സുബൃഹ്മണ്ണ്യം മാസ്റ്ററുടെ കീഴിൽ സംഗീത പഠനം ആരംഭിച്ചു. തുടർന്ന് ആകാശവാണി സീനിയർ ആർട്ടിസ്റ്റ് ശ്രീമതി രജലക്ഷ്മി ടീച്ചറിന്റെ കീഴിൽ പെരുമ്പാവൂരിലും,  ചന്ദ്രമന ശ്രീ. നാരായണൻ നമ്പൂതിരിയുടെ സാറിന്റെ കീഴിലും സംഗീതം അഭ്യസിച്ചു. ഇപ്പോൾ പെരുമ്പാവൂർ ശ്രീ. നെടുംകുന്നം വാസുദേവൻ സാറിന്റെ ശിഷ്യയായി സംഗീത പഠനം തുടരുന്നു. കാലടി സംസ്കൃത സർവ്വകലാശാലയിലെ വിസിറ്റിംങ് ലക്ചററർ ശ്രീ. സുരേഷ് മാസ്റ്ററുടെ കീഴിൽ വയലിൻ അഭ്യസിച്ചുകൊണ്ടിരിക്കുന്നു. സ്കൂൾ കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.  തൃശ്ശൂരിൽ വച്ച് നടന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതം ഹൈസ്കൂൾ വിഭാഗത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനത്തെത്തി. 2014 ൽ തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാനതല ബൈബിൾ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനം നേടി. പ്രൊഫസർ. ശ്രീ മാത്യൂ ഉലകംതറ രചിച്ച 7 കൃസ്ത്യൻ ഭക്തി ഗാനങ്ങൾക്ക് സംഗീതം നൽകി  "നമാമ്യഹം" എന്ന പേരിൽ ഒരു കൃസ്ത്യൻ ഭക്തിഗാന ആൽബം, പ്രശസ്ത ഗായകൻ കെസ്റ്ററോടൊപ്പം  ആലപിച്ച് റിലീസ് ചെയ്തിട്ടുണ്ട്. മലയാളത്തിന്റെ ഭാവഗായകൻ ശ്രീ. ജയചന്ദ്രനും, ഇസബെല്ലും ചേർന്ന് ആലപിച്ച്, “യൂട്യൂബിൽ” ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന “മാഞ്ഞുപോയ വസന്തരാഗം”   ( https://youtu.be/DUwb-b3ijBM ) എന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ഇസബെൽ ആണ്. ഈ ഗാനം രചിച്ചതാകട്ടെ തിരുമുടിക്കുന്നിന്റെ അഭിമാനമായിരുന്ന,  നമ്മൾ സ്നേഹത്തോടെ “മലയാളമാഷ്” എന്ന് വിളിച്ചിരുന്ന, ശ്രീ. വർഗ്ഗീസ് ജെ മാളിയേക്കലിന്റെ മകൾ, ശ്രീമതി. മൃദുലയും .നേരത്തെ പഠിച്ചിരുന്ന നൈപുണ്ണ്യ പബ്ലിക് സ്കൂളിലും, ഇപ്പോൾ പഠിക്കുന്ന ചാലക്കുടി കാർമ്മൽ ഹയർ സെക്കൻഡറി സ്കൂളിലും വിവിധ പരിപാടികൾക്കായി നിരവധികച്ചേരി  ഗാനങ്ങൾക്ക് ഈണം നൽകിയിട്ടുണ്ട്. കാര്‍മ്മല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ഓര്‍ക്കെസ്ട്രായില്‍ വയലിന്‍ വായിക്കുന്നുണ്ട് ഈ കലാകാരി. ഭാവിയിലും, സംഗീതത്തെ ഗൗരവമായി കണ്ടുകൊണ്ട് കലോപാസന നടത്തി കലയെ ജീവിതസാഹചര്യങ്ങളോട് ചേർത്തുനിർത്തുക എന്ന ലക്ഷ്യത്തോടെ ഇപ്പോൾ ക്ഷേത്രങ്ങളിലും, പള്ളികളിലും സംഗീത കച്ചേരികൾ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ് . തിരുമുടിക്കുന്ന് ചെറുപുഷ്പ ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് ഇസബെല്‍ വര്‍ഗ്ഗീസ് നടത്തിയ ശാസ്ത്രീയ സംഗീത കച്ചേരി പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി. ഭാവിയിലും ഒരു നല്ല കലാകാരിയായി വളര്‍ന്നു വരട്ടെയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു , അതിനായി പ്രാര്‍ത്ഥിക്കുന്നു . ആശംസകള്‍ നേരുന്നു .                                                                                                        
 തിരുമുടിക്കുന്ന് തിരുനാളിനോടനുബന്ധിച്ച്  ഇസബെല്‍ വര്‍ഗ്ഗീസ് നടത്തിയ ശാസ്ത്രീയ സംഗീത കച്ചേരിയുടെ ചില ദൃശ്യങ്ങള്‍ .

Visit to Florida

ഫ്ളോറിഡായിലെ കാഴ്ചകളിലെ ഒരു പ്രധാന കാഴ്ചയാണ് വാള്‍ട്ട് ഡിസ്നി കമ്പനിയുടെ Indoor Interactive Theme Parkകള്‍. Disney Questലെ കാഴ്ചകള്‍ വളരെ മനോഹരമാണ്.

ഡിസംബര്‍ 1. കാര്‍ട്ടൂണിസ്റ്റ് ശ്രീ അബു ( അബു എബ്രാഹം ).

കാലാകാലങ്ങളില്‍ നടക്കുന്ന സംഭവങ്ങളെ വിമര്‍ശനാത്മകമായി ,ഹാസ്യാത്മകമായി വരകളിലൂടെ വിവരിക്കുന്നതിനെയാണല്ലോ കാര്‍ട്ടൂണ്‍ എന്ന് പറയുക. രാഷ്ട്രീയ ,സാമൂഹ്യ സംഭവങ്ങളുടെ കാണുന്ന ചിത്രീകരണം എന്നും കാര്‍ട്ടൂണുകളെ വിശേഷിപ്പിക്കാം. അത്തരത്തില്‍ , രാഷ്ട്രീയ കറപ്ഷനെതിരെ ശക്തമായി തന്റെ കാര്‍ട്ടൂണുകളിലൂടെ പ്രതികരിച്ച ഒരു ബഹുമുഖ പ്രതിഭയായിരുന്നു ശ്രീ അബു എബ്രാഹം . കാര്‍ട്ടൂണിസ്റ്റ് , എഴുത്തുകാരന്‍, പത്രപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്ന ശ്രീ അബു എബ്രാഹം 1924ജൂണ്‍ 11ന് മാവേലിക്കരയില്‍ ജനിച്ചു . അബു എന്ന തൂലികാനാമത്തിലാണ് അദ്ദേഹം അറിയപ്പെടുന്നത് . ഒരു യുക്തിവാദിയും നിരീശ്വരവാദിയുമായിരുന്ന അദ്ദേഹം , തന്റെ കാര്‍ട്ടൂണ്‍ രചനകളിലൂടെ, രാഷ്ട്രീയത്തില്‍ മതത്തിന്റെ ഇടപെടല്‍ ശക്തമായി എതിര്‍ത്തിരുന്നു. ബോംബെ ക്രോണിക്കിള്‍, ശങ്കേഴ്സ് വീക്കിലി, ബ്ളിറ്റ്സ്, ട്രൈബൂണ്‍ , ദ ഒബ്സര്‍വര്‍, ദ ഗാര്‍ഡിയന്‍, ദ ഇന്ത്യന്‍ എക്സ്പ്രസ്സ് തുടങ്ങിയ പത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് . ` Abu on Bangaladesh ', `Games of Emergency', `Arrivals and Departures' ` Private View' തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവാണ് . ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അവാര്‍ഡ് 1970ല്‍ നേടിയ ` No Arks ' എന്ന ആനിമേഷന്‍ സിനിമയുടെ നിര്‍മ്മാതാവായിരുന്നു ശ്രി അബു. 2002 ഡിസംബര്‍ 1ന് ശ്രീ അബു അന്തരിച്ചു . അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

2016, നവംബർ 29, ചൊവ്വാഴ്ച

നവംബര്‍ 30. ഇന്ത്യയുടെ മുന്‍ പ്രധാന മന്ത്രി ശ്രീ എെ. കെ. ഗുജ്റാള്‍ .

ഇന്ത്യയുടെ പ്രധാന മന്ത്രിയായിരുന്ന ഇന്ദര്‍കുമാര്‍ ഗുജ്റാള്‍ എന്ന ശ്രീ എെ. കെ. ഗുജ്റാള്‍ സ്വാതന്ത്രൃത്തിന് മുന്‍പുള്ള ഇന്ത്യയിലെ പഞ്ചാബില്‍ (ഇന്ന് പാകിസ്ഥാനില്‍ ) 1919ഡിസംബര്‍ 4ന് ജനിച്ചു . കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയിലൂടെ രാഷ്ട്രീയത്തില്‍ വന്ന അദ്ദേഹം  ഇന്ത്യ- പാകിസ്ഥാന്‍ യുദ്ധത്തിനുശേഷം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു . അടിയന്തിരാവസ്ഥക്കാലത്ത് 1975ല്‍ ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയില്‍ അംഗമായി . വാര്‍ത്താവിതരണ വകുപ്പ് മന്ത്രിയായിരുന്നു . 1958ല്‍ അദ്ദേഹം ന്യൂഡല്‍ഹി മുനിസിപ്പല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ആയിരുന്നിട്ടുണ്ട്. 1976മുതല്‍ 1980 വരെ USSR അംബാസിഡര്‍ ആയിരുന്നു . 1980ല്‍ കോണ്‍ഗ്രസ് വിട്ട് `ജനതാദള്‍ ' പാര്‍ട്ടിയില്‍ ചേര്‍ന്നു . വി. പി. സിംഗ് മന്ത്രിസഭയില്‍ വിദേശ കാരൃ മന്ത്രിയായും ദേവഗൗഡ മന്ത്രിസഭയില്‍ വീണ്ടും വിദേശ കാര്യ മന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട് . 1997മുതല്‍ 1998 വരെ ശ്രീ എെ. കെ. ഗുജ്റാള്‍ ഇന്ത്യയുടെ പ്രധാന മന്ത്രിയായിരുന്നു .

                                                           മികവുറ്റ ഒരു രാഷ്ട്രീയക്കാരന്‍ എന്നതിനോടൊപ്പം ശ്രീ എെ. കെ ഗുജ്റാള്‍ ഒരു കവി കൂടിയായിരുന്നു . ഉറുദു ഭാഷയില്‍ നല്ല പ്രാവീണ്യമുള്ള ആളായിരുന്നു . നിരവധി രചനകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. ` The Foreign Policies of India ' എന്ന അദ്ദേഹത്തിന്റെ പുസ്തകം വളരെ പ്രശസ്തമാണ്. ` An Autobiography ' എന്നതാണ് അദ്ദേഹത്തിന്റെ ആത്മകഥ . 2012 നവംബര്‍ 30ന് ശ്രീ എെ. കെ. ഗുജ്റാള്‍ അന്തരിച്ചു . അദ്ദേഹത്തിന്റെ സ്മരണകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

2016, നവംബർ 28, തിങ്കളാഴ്‌ച

നവംബര്‍ 29. മഹാകവി ശ്രീ കട്ടക്കയം ചെറിയാന്‍ മാപ്പിള.

` ശ്രീയേശു വിജയം ' എന്ന പ്രശസ്തമായ മഹാകാവ്യത്തിന്റെ രചയിതാവായ ശ്രീ കട്ടക്കയം ചെറിയാന്‍ മാപ്പിള `ക്രൈസ്തവ കാളിദാസന്‍ 'എന്ന് അറിയപ്പെടുന്നു .മലയാളിയേയും മലയാള സാഹിത്യത്തേയും പുതിയൊരു ആഖ്യായന ശൈലിയിലൂടെ ബൈബിളിനെ പരിചയപ്പെടുത്തിയ ആളാണ് അദ്ദേഹം . അദ്ദേഹത്തിന്റെ സാഹിത്യ താല്പരൃത്തെ പരിഗണിച്ച് മാര്‍പ്പാപ്പ അദ്ദേഹത്തിന് ` മിഷനറി അപ്പസ്തോലിക് ' എന്ന ബഹുമതി സമ്മാനിച്ചിട്ടുണ്ട്. മഹാകാവ്യത്തിന് പുറമെ , നിരവധി സാഹിത്യ കൃതികളുടെ രചയിതാവാണ് അദ്ദേഹം . ` വിജ്ഞാന രത്നാകരം ' , ` സാറാ വിവാഹം ' തുടങ്ങിയവ അദ്ദേഹത്തിന്റെ നാടകങ്ങള്‍ ആണ്. ` ഒളിവര്‍ വിജയം ' എന്ന ആട്ടക്കഥ അദ്ദേഹത്തിന്റേതായിട്ടുണ്ട് . കോട്ടയം ജില്ലയില്‍ പാലായില്‍ കട്ടക്കയം എന്ന കൈസ്തവ കുടുംബത്തില്‍ 1859 ഫെബ്രുവരി 24ന് അദ്ദേഹം ജനിച്ചു . 1936 നവംബര്‍ 29ന് അന്തരിച്ചു . `കേരള കാളിദാസന്‍ ' എന്നറിയപ്പെടുന്ന പ്രശസ്തനായ മഹാ കവി ശ്രീ കട്ടക്കയം ചെറിയാന്‍ മാപ്പിളയുടെ സ്മരണകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

2016, നവംബർ 27, ഞായറാഴ്‌ച

The Season of Advent in the Catholic Church (ആഗമന കാലം , മംഗള വാര്‍ത്താ കാലം )

                                                                  ഇരുപത്തിയഞ്ച് നോമ്പ് ആചരണം .

ക്രിസ്തുമസ്സിന് മുന്നോടിയായി രക്ഷകനായ യേശുക്രിസ്തുവിനെ എതിരേല്‍ക്കാന്‍ മിക്കവാറും എല്ലാ ക്രിസ്തുമത വിഭാഗങ്ങളും ഒരുങ്ങാറുണ്ട്. കത്തോലിക്കര്‍ ഡിസംബര്‍ 1മുതല്‍ ക്രിസ്തു ജനിച്ച ദിവസം എന്ന് വിശ്വസിക്കപ്പെടുന്ന ഡിസംബര്‍ 25 വരെ 25 ദിവസം നോമ്പ് നോക്കിയാണ് ക്രിസ്തുമസ്സിനായി ഒരുങ്ങുന്നത്. കത്തോലിക്കാ വിശ്വാസികളുടെ ആരാധനാ ക്രമത്തില്‍ ' ആഗമന കാലം' ( Advent Season) എന്നാണ് ഈ കാലഘട്ടം അറിയപ്പെടുന്നത്. കത്തോലിക്കാ സഭയിലെ സീറോമലബാര്‍ റീത്തില്‍ ഈ കാലഘട്ടത്തെ ' മംഗള വാര്‍ത്താ കാലം ' എന്ന് പറയുന്നു . പിതാവായ ദൈവം മനുഷ്യവര്‍ഗ്ഗത്തോടുള്ള അനന്ത സ്നേഹത്തിന്റെ അടയാളമായി മനുഷ്യരെ രക്ഷിക്കുന്നതിന് വേണ്ടി തന്റെ ഏകജാതനായ യേശുവിനെ ഈ ലോകത്തിലേക്ക് അയച്ചുവെന്ന് ക്രൈസ്തവര്‍ വിശ്വസിക്കുന്നു. യേശുക്രിസ്തു നല്‍കുന്ന രക്ഷ പാപത്തില്‍ നിന്നുള്ള രക്ഷയാണ്. വിശ്വാസം കൊണ്ട് മാത്രം ആരും രക്ഷപ്പെടുകയില്ല. പ്രവര്‍ത്തിയില്ലാത്ത വിശ്വാസം വിശ്വാസമല്ല. വിശ്വാസവും സ്നേഹപൂര്‍ണ്ണമായ പ്രവര്‍ത്തനവും സമന്വയിപ്പിക്കുമ്പോളാണ് രക്ഷയുടെ സദ് വാര്‍ത്ത അര്‍ത്ഥപൂര്‍ണ്ണമാകുന്നത്.

                                                                   രക്ഷകനായ യേശുവിനെ പ്രതീക്ഷിച്ചുകൊണ്ടുള്ള ഈ കാലഘട്ടത്തില്‍ ( ഇരുപത്തിയഞ്ച് നോമ്പ് ) ഉപവാസം , ഇഷ്ട വസ്തുക്കള്‍ വര്‍ജ്ജിക്കല്‍ , മാംസം വര്‍ജ്ജിക്കല്‍, ആശയടക്കം, ദാനധര്‍മ്മം ചെയ്യല്‍ തുടങ്ങിയവ ചെയ്തുകൊണ്ട് ക്രൈസ്തവര്‍ ക്രിസ്തുവിന്റെ വരവിനായി ഒരുങ്ങുന്നു. ആത്മപരിശോധനക്കുള്ള അവസരമായിട്ടാണ് ക്രൈസ്തവര്‍ ഈ അവസരം ഉപയോഗിക്കുന്നത്.

                                                                സീറോമലബാര്‍ റീത്തില്‍ ആരാധനാക്രമം ആരംഭിക്കുന്നത് മംഗള വാര്‍ത്താക്കാലത്തോടുകൂടിയാണ്. യേശുവിന്റെ രക്ഷാകര ചരിത്രത്തിലെ സംഭവങ്ങളെ കേന്ദ്രീകരിച്ചാണ് കത്തോലിക്കാ സഭയിലെ സീറോമലബാര്‍ റീത്തില്‍ ആരാധനാക്രമം ക്രമീകരിച്ചിട്ടുള്ളത്. ഇരുപത്തിയഞ്ച് നോമ്പിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും പ്രാര്‍ത്ഥനാശംസകള്‍ നേരുന്നു . ജീവിത വിശുദ്ധീകരണത്തിലൂടെ യേശുനാഥനെ നമുക്ക് എതിരേല്‍ക്കാം.

നവംബര്‍ 28. മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍

നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡില്‍ മേജര്‍ ആയിരുന്ന ശ്രീ സന്ദീപ് ഉണ്ണികൃഷ്ണന്‍ ധീരതക്കുള്ള പരമോന്നത ബഹുമതിയായ ` അശോക ചക്ര ' മരണാനന്തര ബഹുമതിയായി നേടിയ ധീരനായ ഒരു മലയാളിയാണ്. മുംബെയിലെ താജ് ഹോട്ടലില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. 2008 നവംബറില്‍ ഉണ്ടായ ഭീകരാക്രമണം രാജ്യത്തെ ഞെട്ടിച്ച ഒരു സംഭവമാണ്. കോഴിക്കോട് ചെറുവണ്ണൂര്‍ സ്വദേശിയായ ശ്രീ സന്ദീപ് ഉണ്ണികൃഷ്ണന്‍ 1977മാര്‍ച്ച് 15 നാണ് ജനിച്ചത് . വെറും മുപ്പത്തിയൊന്ന് വയസ്സ് മാത്രം പൂര്‍ത്തിയായ അദ്ദേഹം നമ്മുടെ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചു. 2008 നവംബര്‍ 28ന് ആണ് അദ്ദേഹം മരിച്ചത്. (നവംബര്‍ 27ന് വൈകിട്ട് എന്നും ചിലര്‍ രേഖപ്പെടുത്തിയതായി കാണുന്നു ). രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്ത അദ്ദേഹത്തിന്റെ സ്മരണകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

2016, നവംബർ 26, ശനിയാഴ്‌ച

നവംബര്‍ 27. മുന്‍ പ്രധാന മന്ത്രി ശ്രീ വി. പി. സിംഗ് .

മതേതരത്വത്തിന് വേണ്ടി നിലകൊള്ളുകയും , ഇന്ത്യയിലെ പിന്നോക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്ത പ്രധാന മന്ത്രിയെന്ന ഖ്യാതിയുള്ള ശ്രീ വിശ്വപ്രതാപ് സിംഗ് എന്ന വി.പി. സിംഗ് ഉത്തര്‍പ്രദേശ് സംസ്ഥാനത്ത് അലഹബാദില്‍ 1931 ജൂണ്‍ 25ന് ജനിച്ചു . ഡെറാഡൂണിലെ കേണല്‍ ബ്രൗണ്‍ കേംബ്രിഡ്ജ് സ്കൂള്‍ , അലഹബാദ് , പൂന സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളില്‍ ആയിരുന്നു വിദ്യാഭ്യാസം . ബി.എ.,എല്‍.എല്‍.ബി, ബി.എസ്സി. എന്നീ ബിരുദങ്ങള്‍ നേടിയിട്ടുണ്ട്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അംഗമായിരിക്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രിയായിരുന്നു. 1984ല്‍ ശ്രീ രാജീവ്ഗാന്ധിയുടെ നേതൃത്വത്തിലുള്ള  കേന്ദ്ര മന്ത്രിസഭയില്‍ പ്രതിരോധ വകുപ്പ്, സാമ്പത്തിക വകുപ്പ് എന്നിവയുടെ മന്ത്രിയായിരുന്നു . കോണ്‍ഗ്രസ്സില്‍ നിന്ന് രാജിവെച്ച് ജനമോര്‍ച്ച എന്ന പാര്‍ട്ടിയുണ്ടാക്കി. പിന്നീട് ജനതാപാര്‍ട്ടി രൂപീകരിക്കപ്പെട്ടപ്പോള്‍ ശ്രീ വി.പി. സിംഗ് അതിന്റെ പ്രസിഡന്റ് ആയി. കോണ്‍ഗ്രസ് പാര്‍ട്ടിക്കെതിരെ രൂപംകൊണ്ട നാഷണല്‍ ഫ്രണ്ട് എന്ന ദേശീയ മുന്നണിയുടെ കണ്‍വീനറായി തിരഞ്ഞെടുക്കപ്പെട്ടു . 1989 ഡിസംബര്‍ 2 മുതല്‍ 1990 നവംബര്‍ 10 വരെ അദ്ദേഹം ഇന്ത്യയുടെ പ്രധാന മന്ത്രിയായിരുന്നു . പിന്നോക്ക വിഭാഗക്കാര്‍ക്ക് സര്‍ക്കാര്‍ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും സംവരണം ഉറപ്പാക്കുന്ന മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അദ്ദേഹം നടപ്പിലാക്കി. 2008 നവംബര്‍ 27ന് ശ്രീ വി. പി. സിംഗ് അന്തരിച്ചു . അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

2016, നവംബർ 25, വെള്ളിയാഴ്‌ച

സീനിയര്‍ അഗസ്റ്റിന്‍ വല്ലൂരാന്‍ അച്ചന്റെ പൗരോഹിത്യത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷം .

നവംബര്‍ 26. National Law Day or National Constitution Day.

                                                         ദേശീയ ഭരണഘടന ദിനം .

1949 നവംബര്‍ 26ന് ആണ് ഇന്ത്യന്‍ ഭരണഘടന അംഗീകരിക്കപ്പെട്ടത്. അതിന്റെ ഓര്‍മ്മക്കായിട്ടാണ് നവംബര്‍ 26 ദേശീയ ഭരണഘടന ദിനമായി ആചരിക്കുന്നത് . 1947 ആഗസ്റ്റ് 29ന് ചേര്‍ന്ന ഭരണഘടന സമിതി , ഭരണഘടനയുടെ കരടു രേഖ തയ്യാറാക്കാന്‍ ഡോ. ബി. ആര്‍. അംബേദ്ക്കറുടെ നേതൃത്വത്തില്‍ ഒരു സമിതിയെ ചുമതലപ്പെടുത്തി. അവര്‍  സമ്പൂര്‍ണ്ണ ഭരണഘടന തയ്യാറാക്കി സമര്‍പ്പിക്കുകയും അത് 1949 നവംബര്‍ 26ന് അംഗീകരിക്കപ്പെടുകയും ചെയ്തു . 1950ജനുവരി 26ന് ഭരണഘടന നിലവില്‍ വന്നു. അതോടെയാണ് ഇന്ത്യ ഒരു സ്വതന്ത്ര പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക് ആയി മാറിയത്.

                                                                                    ദേശീയ നിയമ ദിനമായി ആചരിച്ചിരുന്ന നവംബര്‍ 26 ഇപ്പോള്‍ ദേശീയ ഭരണഘടന ദിനമായി അറിയപ്പെടുന്നു .

2016, നവംബർ 24, വ്യാഴാഴ്‌ച

Thanks giving day and Black Friday

നവംബര്‍ മാസത്തിലെ നാലാമത്തെ വ്യാഴാഴ്ച അമേരിക്കയില്‍ Thanks giving day ആയി ആഘോഷിക്കുന്നു. അന്ന് അവിടത്തെ അവധി ദിവസമാണ്. ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ചതിലുള്ള നന്ദി സൂചകമായി വിളവെടുപ്പ് കാലത്തിന്റെ അവസാനത്തില്‍ , പരമ്പരാഗതമായി ആഘോഷിക്കുന്ന ഒരു അവധി ദിനമാണ് Thanks giving day.അത് സാധാരണയായി Black Friday യുടെ തൊട്ടു മുന്‍പുള്ള ദിവസമായിരിക്കും. അന്നും മിക്കവാറും ഓഫീസുകളും അവധിയായിരിക്കും. തൊട്ടടുത്ത് വരുന്ന ശനി, ഞായര്‍ അവധി. അങ്ങനെ നാലു ദിവസങ്ങള്‍ തുടര്‍ച്ചയായി അവധി ദിവസങ്ങള്‍. Thanks giving day യില്‍ കുടുംബാംഗങ്ങളും കൂട്ടുകാരും ഒരുമിച്ച് കൂടി ഭക്ഷണം കഴിക്കുന്ന പതിവുണ്ട്. ഈ ദിവസം അമേരിക്കയില്‍ തിരക്കുള്ള ദിവസമാണ്. ജനങ്ങള്‍ വിനോദ സഞ്ചാരത്തിനും മറ്റുമായിട്ട് യാത്ര ചെയ്യുന്ന ദിവസം കൂടിയാണ് അന്ന്. 1863 മുതല്‍ ആണ് Thanks giving day അമേരിക്കയില്‍ ആഘോഷിച്ചു തുടങ്ങിയത്. American Indian Heritage day ആയും ഈ സമയം ആഘോഷിക്കുന്നു.

                                                                                   Black Friday അമേരിക്കയില്‍ ഏറ്റവും തിരക്കുള്ള ദിവസങ്ങളില്‍ ഒന്നാണ്. അന്ന് മിക്കവാറും എല്ലാ വ്യാപാര സ്ഥാപനങ്ങളിലും നിന്ന് വളരെ വിലക്കുറവില്‍ സാധനങ്ങള്‍ കിട്ടും . വളരെ വലിയ offer ആയിരിക്കും ഓരോ കടക്കാരും നല്‍കുക. തങ്ങള്‍ക്കു ലഭിച്ചിട്ടുള്ള ലാഭത്തിന്റെ ഒരു വിഹിതം ജനങ്ങള്‍ക്കു നല്‍കുന്നു എന്നാണ് പറയുന്നത്. തങ്ങള്‍ക്കു കിട്ടിയ ലാഭം കറുത്ത മഷിയില്‍ വരച്ചിടുകയും അത് Black Friday ദിവസം ജനങ്ങള്‍ക്കു നല്‍കുകയും ചെയ്യുന്നു .

                                                                                 അമേരിക്കയില്‍ ആഘോഷത്തിന്റെ ദിവസങ്ങളാണ് Thanks giving dayയും Black Friday യും തുടര്‍ന്ന് വരുന്ന അവധിദിവസങ്ങളും. എല്ലാവര്‍ക്കും ഈ ആഘോഷ ദിനങ്ങളുടെ ആശംസകള്‍ നേരുന്നു .

നവംബര്‍ 25. സാഹിത്യകാരന്‍ ശ്രീ ടി. വി. കൊച്ചുബാവ

സമൂഹത്തില്‍ തന്റെ ചുറ്റും കാണുന്നവരുടെ വേദനകള്‍ തന്റേതുതന്നെയാണ് എന്ന് കരുതിക്കൊണ്ട് , അവയെ തന്റെ കഥകളിലൂടേയും നോവലുകളിലൂടേയും വായനക്കാരിലെത്തിച്ച സാഹിത്യകാരനാണ് ശ്രീ ടി. വി. കൊച്ചുബാവ. സമൂഹത്തിലെ കൊള്ളരുതായ്മകള്‍ക്കെതിരെ നിരന്തരം പ്രതികരിച്ചിരുന്നു അദ്ദേഹം തന്റെ രചനകളിലൂടെ.
                                                                1996ല്‍ കേരള സാഹിത്യ അക്കാഡമിയുടെ അവാര്‍ഡിനര്‍ഹമായ ശ്രീ ടി.വി. കൊച്ചുബാവയുടെ ` വൃദ്ധസദനം ' എന്ന നോവല്‍ അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസ് ആണെന്ന് പറയാം. സമൂഹത്തിലെ വൃദ്ധര്‍ക്കെതിരെയുള്ള മുഖം തിരിക്കലിനെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ നോവല്‍. യുവത്വം നഷ്ടമാകുന്നതോടെ നര വീഴുന്ന ശരീരം ഒരു ഭാരമായിതീരുന്നു എന്ന തോന്നല്‍ മിക്കവാറും വൃദ്ധരില്‍ കാണുന്ന ഒരു പൊതു സ്വഭാവമാണ്. അങ്ങനെയുള്ളവര്‍ക്ക് സാന്ത്വനം ആകേണ്ടതിനു പകരം , നിഷ്കരുണം അവരെ ഒഴിവാക്കുന്നവര്‍ക്കെതിരെയുള്ള ശക്തമായ താക്കീതാണ് ഈ നോവല്‍. ഇതുകൂടാതെ, ഇരുപതിലധികം രചനകള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട് . സാഹിത്യ അക്കാഡമി അവാര്‍ഡ് കൂടാതെ , അങ്കണം അവാര്‍ഡ് , എസ്.ബി.ടി. അവാര്‍ഡ് , ചെറുകാട് അവാര്‍ഡ് , തോപ്പില്‍ രവി അവാര്‍ഡ് , ശിവകുമാര്‍ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട് .
                                                               തൃശൂര്‍ ജില്ലയിലെ കാട്ടൂരില്‍ 1955ല്‍ ജനിച്ച ശ്രീ ടി.വി. കൊച്ചുബാവ 1999 നവംബര്‍ 25ന് അകാല ചരമമടഞ്ഞു. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

2016, നവംബർ 23, ബുധനാഴ്‌ച

Orlando - Sea World - Sea Lion കാഴ്ചകള്‍ - തുടര്‍ച്ച.

ഫ്ളോറിഡായിലെ Orlando യിലുള്ള Sea World Marine Zoological Park ലെ Sea Lion Show വളരെ കൗതുകം ഉള്ളതാണ്. സമുദ്രത്തിലെ ഹിംസ്ര ജീവികളെകൊണ്ട്  എത്ര അനായാസകരമായാണ് ജീവനക്കാര്‍ ഓരോ കാരൃങ്ങള്‍ ചെയ്യിക്കുന്നത്?. മനസ്സിന്റെ ഏകാഗ്രതയും സൂക്ഷ്മതയും ഒന്നു തെറ്റിയാല്‍ ജീവന്‍ തന്നെ അപകടത്തില്‍ ആകുന്ന Show ആണിത്.

നവംബര്‍ 24. സാഹിത്യകാരന്‍ ശ്രീ പൊന്‍കുന്നം ദാമോദരന്‍

`` പച്ചപ്പനം തത്തെ ......പുന്നാര പൂമുത്തേ
   പുന്നെല്ലിന്‍ പൂങ്കരളെ
   ഉച്ചക്കു നീയെന്റെ കൊച്ചു വാഴത്തോപ്പില്‍
   ഒന്നു വാ പൊന്നഴകേ .....''

2005ലെ ഏറ്റവും നല്ല ഗാന രചയിതാവിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ഈ മനോഹരമായ ഗാനം രചിച്ചത് പ്രശസ്ത സാഹിത്യകാരന്‍ ശ്രീ പൊന്‍കുന്നം ദാമോദരനാണ്. (സിനിമ - `നോട്ടം ' ). സാഹിത്യത്തിന്റെ വിവിധ മേഖലകളില്‍ ,അതായത്  നാടകം , ഗാന രചന , സാഹിത്യ നിരൂപണം , നോവല്‍ , കവിത തുടങ്ങിയ മേഖലകളില്‍ തന്റേതായ സംഭാവനകള്‍ നല്‍കാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടുണ്ട്. പൊന്‍കുന്നം ഗ്രാമത്തില്‍ 1915നവംബര്‍ 25ന് ജനിച്ച ശ്രീ പൊന്‍കുന്നം ദാമോദരന്‍ സംസ്കൃതത്തിലും മലയാളത്തിലും വിദ്വാന്‍ പരീക്ഷയും ആയുര്‍വേദത്തില്‍ ശാസ്ത്രി പരീക്ഷയും പാസ്സായിട്ടുണ്ട്. അദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം പുരോഗമന സാഹിത്യ പ്രസ്ഥാനത്തില്‍ സജീവമായിരുന്നു. ഒരു ഇടതുപക്ഷ സഹയാത്രികനായിരുന്ന അദ്ദേഹത്തിന്റെ രചനകള്‍ യാഥാസ്ഥിതികത്വത്തിനും സമൂഹത്തിലെ അസമത്വങ്ങള്‍ക്കും അനീതികള്‍ക്കുമെതിരെ വിരല്‍ ചൂണ്ടുന്നവയാണ് . ` വഴിവിളക്കുകള്‍ ', വിശക്കുന്ന ദൈവങ്ങള്‍ തുടങ്ങിയ നാടകങ്ങള്‍, `നീരാളി ' , ` അനാഥ പെണ്ണ് ' തുടങ്ങിയ നോവലുകള്‍, ` പ്രഭാത ഭേരി' , ` രക്ത രേഖകള്‍ ' തുടങ്ങിയ കവിതകള്‍ , ` ചെമ്മീനിലെ തകഴി ' എന്ന സാഹിത്യ നിരൂപണം തുടങ്ങി നിരവധി രചനകള്‍ ശ്രീ പൊന്‍കുന്നം ദാമോദരന്റേതായിട്ടുണ്ട് .

                                                                                   1994 നവംബര്‍ 24ന് ശ്രീ പൊന്‍കുന്നം ദാമോദരന്‍ അന്തരിച്ചു . ആ ബഹുമുഖ പ്രതിഭയുടെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

2016, നവംബർ 22, ചൊവ്വാഴ്ച

നവംബര്‍ 23. ശാസ്ത്രജ്ഞന്‍ ജഗദീഷ് ചന്ദ്രബോസ്.

ജെ. സി. ബോസ് എന്നറിയപ്പെടുന്ന ജഗദീഷ് ചന്ദ്രബോസ് സസ്യങ്ങള്‍ക്ക് ജീവനുണ്ടെന്ന് തെളിയിച്ച ഒരു ശാസ്ത്രജ്ഞന്‍ ആയിരുന്നു . റേഡിയോ ശാസ്ത്രത്തിന്റെ പിതാവായി അദ്ദേഹം അറിയപ്പെടുന്നു . ` ക്രെസ്മോഗ്രാഫ് ' എന്ന , സസ്യങ്ങളുടെ അനുദിന വളര്‍ച്ച മനസ്സിലാക്കാനുള്ള ഉപകരണം കണ്ടുപിടിച്ചത് ജഗദീഷ് ചന്ദ്രബോസ് ആയിരുന്നു . ഭാരതത്തിലെ ആദ്യത്തെ ആധുനിക ശാസ്ത്രജ്ഞന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇദ്ദേഹം ജനിച്ചത് അവിഭക്ത ഭാരതത്തിലെ ഇന്നത്തെ ബംഗ്ലാദേശില്‍ ആയിരുന്നു .1858നവംബര്‍ 30ന് ആണ് ജനിച്ചത് . 1879ല്‍ ബി.എസ്സി. ബിരുദം നേടിയതിനുശേഷം ഇംഗ്ലണ്ടില്‍ പോയി വൈദ്യശാസ്ത്രം പഠിച്ചു .അതിനുശേഷം കേംബ്രിഡ്ജില്‍ സയന്‍സ് പഠിച്ചു . കല്‍ക്കത്തായിലെ ` ബോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ' സ്ഥാപിച്ചത് ഇദ്ദേഹമാണ്. 1916ല്‍ ` സര്‍ ' സ്ഥാനം ലഭിച്ച ഇദ്ദേഹം 1920ല്‍ റോയല്‍ സൊസൈറ്റിയില്‍ ` ഫെല്ലൊ ' ആയി. 1937നവംബര്‍ 23ന് അന്തരിച്ചു . ജഗദീഷ് ചന്ദ്രബോസ് എന്ന മഹാനായ ശാസ്ത്രജ്ഞന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

2016, നവംബർ 21, തിങ്കളാഴ്‌ച

നവംബര്‍ 22 . ശ്രീ പി. എ. ബക്കര്‍

സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുടേയും ,ജീവിതത്തിന്റെ ഓരങ്ങളിലേക്ക് തള്ളപ്പെടുന്നവരുടേയും പ്രശ്നങ്ങള്‍ പ്രമേയങ്ങളാക്കി സിനിമയെടുത്തിരുന്ന ഒരു കലാകാരനായിരുന്നു ശ്രീ പി. എ. ബക്കര്‍.  സംവിധാനം , നിര്‍മ്മാണം, കഥ, തിരക്കഥ, സംഭാഷണം എന്നിവയില്‍ തന്റേതായ ശൈലിയില്‍ സിനിമയില്‍ പ്രവര്‍ത്തിച്ച അദ്ദേഹം തൃശൂര്‍ ജില്ലയില്‍ കാണിപ്പയ്യൂരില്‍ 1940 ല്‍ ജനിച്ചു . ശ്രീ അഹമ്മദ് മുസ്സലിയാരും ശ്രീമതി ഫാത്തിമയുമായിരുന്നു മാതാപിതാക്കള്‍ .തൃശൂരിന്റെ സാമൂഹ്യ , രാഷ്ട്രീയ ,സാംസ്കാരിക മണ്ഡലങ്ങളില്‍ നിറഞ്ഞുനിന്ന അദ്ദേഹം രാമു കരൃാട്ടിന്റെ ` നീലക്കുയില്‍ ' എന്ന സിനിമയില്‍ പ്രൊഡക്ഷന്‍ എക്സിക്കൂട്ടീവ് ആയി ആണ് സിനിമാരംഗത്ത് വന്നത് . രാമു കരൃാട്ട് സംവിധാനം ചെയ്ത ` മിന്നാമിനുങ്ങ് ', ` മുടിയനായ പുത്രന്‍ ' എന്നീ സിനിമകളുടെ സഹസംവിധായകന്‍ ആയിരുന്നു . 1969ല്‍ ശ്രീ പി. എം. മേനോന്‍ സംവിധാനം ചെയ്ത ` ഓളവും തീരവും ' നിര്‍മ്മിച്ചത് ശ്രീ പി. എ. ബക്കര്‍ ആയിരുന്നു .

                                                                                            നിലവിലുള്ള സിനിമാ സങ്കല്‍പങ്ങളെ മാറ്റി മറിച്ച ഒരാളായിരുന്നു ശ്രീ പി. എ. ബക്കര്‍ . ` കബനീ നദി ചുവന്നപ്പോള്‍ ' എന്ന സിനിമയിലൂടെയാണ് സംവിധായകനാകുന്നത്. 1976 ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ് ഈ ചിത്രം കരസ്ഥമാക്കി. അദ്ദേഹം തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ` മണിമുഴക്കം ' ആയിരുന്നു അടുത്ത ചിത്രം . ഈ ചിത്രവും ഒട്ടേറെ പുരസ്കാരങ്ങള്‍ നേടി. തുടര്‍ന്ന് , ` ചുവന്ന വിത്തുകള്‍ ' തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു . 1993 നവംബര്‍ 22ന് പ്രതിഭാധനനായ ശ്രീ പി. എ. ബക്കര്‍ അന്തരിച്ചു . അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .

2016, നവംബർ 20, ഞായറാഴ്‌ച

തിരുമുടിക്കുന്ന് ചെറുപുഷ്പ ദേവാലയം

തിരുമുടിക്കുന്ന് ചെറുപുഷ്പ ദേവാലയത്തിന്റെ ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം. `ഗുഡ്നെസ്സ് 'ടി.വി.യുടെ വീഡിയോയില്‍ നിന്ന് .




നവംബര്‍ 21. വൈദ്യഭൂഷണം രാഘവന്‍ തിരുമുല്‍പ്പാട്

ചാലക്കുടിയുടെ സാംസ്കാരിക ,സാമൂഹിക മണ്ഡലങ്ങളില്‍ നിറസാന്നിദ്ധ്യമായി തിളങ്ങിനിന്നിരുന്ന ആയുര്‍വേദ ആചാര്യനും, ചികിത്സകനും, പ്രബന്ധകാരനും പണ്ഡിതനുമായിരുന്നു ശ്രീ വൈദ്യരത്നം രാഘവന്‍ തിരുമുല്‍പ്പാട്. അദ്ദേഹം തൃശൂര്‍ ജില്ലയില്‍ ,ചാലക്കുടിയില്‍ , സ്രാമ്പിക്കല്‍ മഠത്തില്‍ നാരായണയ്യരുടേയും ലക്ഷ്മിക്കുട്ടി നമ്പിഷ്ഠാരിയുടേയും മകനായി 1920ല്‍ ജനിച്ചു . വിദ്യാഭ്യാസകാലത്തുതന്നെ സംസ്കൃതവ്യാകരണം, തര്‍ക്കം, ജ്യോതിഷം തുടങ്ങിയവ പഠിച്ചു . റെയില്‍വേയില്‍ ക്ലര്‍ക്കായി ജോലി നോക്കിയകാലത്ത് ആയുര്‍വേദത്തില്‍ താല്പരൃം തോന്നുകയും ` വൈദ്യഭൂഷണം ' പരീക്ഷ പാസ്സാവുകയും ചെയ്തു . ആയുര്‍വേദ ചികിത്സാ രംഗത്ത് പ്രഗത്ഭനായ അദ്ദേഹം നിരവധി പുസ്തകങ്ങളുടെ രചയിതാവാണ് . ഭാരൃ- വിശാലാക്ഷിതമ്പുരാട്ടി. അഞ്ച് മക്കള്‍ . 
                                                                           ലളിതജീവിതത്തിന്റെ ഉത്തമ മാതൃകയായിരുന്നു ശ്രീ രാഘവന്‍ തിരുമുല്‍പ്പാട് . ആയുര്‍വേദ ഭീഷ്മാചാരൃ , ദേശീയ ആയുര്‍വേദ അക്കാഡമി ഫെല്ലൊഷിപ്പ് , കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് , അക്ഷയ പുരസ്കാരം , ശാസ്ത്ര സാഹിത്യ അവാര്‍ഡ് , തപസ്യ പുരസ്കാരം , വിദ്യാവാചാസ്പതി , ഭിഷഗ് പരമാചാരൃ,  എസ്. ടി. ഇ.സി. പുരസ്കാരം തുടങ്ങി നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട് . 2010 നവംബര്‍ 21ന് വൈദ്യരത്നം ശ്രീ രാഘവന്‍ തിരുമുല്‍പ്പാട് അന്തരിച്ചു .മരണാനന്തര ബഹുമതിയായി ` പത്മഭൂഷണ്‍ ' ബഹുമതി നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട് .  ആ ബഹുമുഖ പ്രതിഭയുടെ ഓര്‍മ്മകള്‍ക്കു മുന്‍പില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു .