.

My Gallary

തിരുമുടിക്കുന്ന് എന്ന നമ്മുടെ ഗ്രാമത്തെ ഇഷ്ടപ്പെടുന്ന നാമെല്ലാവരും ,വര്‍ത്തമാനകാലത്തില്‍ എവിടെ ആയിരുന്നാലും,ഭൂതകാലത്തിലെ സുഖമുള്ളതുംവേദനിക്കുന്നതുമായഓര്‍മ്മകളോടൊപ്പം,ഭാവിയെക്കുറിച്ചുള്ള സ്വപ്നങ്ങളും,നമുക്ക് പങ്കുവയ്ക്കാം.

2016, നവംബർ 30, ബുധനാഴ്‌ച

തിരുമുടിക്കുന്നിന്റെ കലാകാരി കുമാരി ഇസബെല്‍ വര്‍ഗ്ഗീസ് .




തിരുമുടിക്കുന്ന് ഗ്രാമത്തിലെ വളര്‍ന്നു വരുന്ന കലാകാരിയാണ് കുമാരി ഇസബെല്‍ വര്‍ഗ്ഗീസ് . ശാസ്ത്രീയ സംഗീതം , വയലിന്‍, ഗസല്‍ തുടങ്ങിയവയില്‍ പ്രാവീണ്യം നേടിയിട്ടുണ്ട് ഇസബെല്‍. നിരവധി ശാസ്ത്രീയ സംഗീത കച്ചേരി നടത്തിക്കൊണ്ടിരിക്കുന്ന കുമാരി ഇസബെല്‍ വര്‍ഗ്ഗീസ്  നെല്ലിശ്ശേരി ശ്രീ. വർഗ്ഗീസിന്റേയും ശ്രീമതി.അമലയുടേയും രണ്ടാമത്തെ മകളാണ്. അഞ്ചാം വയസ്സിൽ, ശ്രീ. തുമ്പൂർ സുബൃഹ്മണ്ണ്യം മാസ്റ്ററുടെ കീഴിൽ സംഗീത പഠനം ആരംഭിച്ചു. തുടർന്ന് ആകാശവാണി സീനിയർ ആർട്ടിസ്റ്റ് ശ്രീമതി രജലക്ഷ്മി ടീച്ചറിന്റെ കീഴിൽ പെരുമ്പാവൂരിലും,  ചന്ദ്രമന ശ്രീ. നാരായണൻ നമ്പൂതിരിയുടെ സാറിന്റെ കീഴിലും സംഗീതം അഭ്യസിച്ചു. ഇപ്പോൾ പെരുമ്പാവൂർ ശ്രീ. നെടുംകുന്നം വാസുദേവൻ സാറിന്റെ ശിഷ്യയായി സംഗീത പഠനം തുടരുന്നു. കാലടി സംസ്കൃത സർവ്വകലാശാലയിലെ വിസിറ്റിംങ് ലക്ചററർ ശ്രീ. സുരേഷ് മാസ്റ്ററുടെ കീഴിൽ വയലിൻ അഭ്യസിച്ചുകൊണ്ടിരിക്കുന്നു. സ്കൂൾ കലോത്സവങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.  തൃശ്ശൂരിൽ വച്ച് നടന്ന ജില്ലാ സ്കൂൾ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതം ഹൈസ്കൂൾ വിഭാഗത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനത്തെത്തി. 2014 ൽ തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാനതല ബൈബിൾ കലോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിൽ ഒന്നാം സ്ഥാനം നേടി. പ്രൊഫസർ. ശ്രീ മാത്യൂ ഉലകംതറ രചിച്ച 7 കൃസ്ത്യൻ ഭക്തി ഗാനങ്ങൾക്ക് സംഗീതം നൽകി  "നമാമ്യഹം" എന്ന പേരിൽ ഒരു കൃസ്ത്യൻ ഭക്തിഗാന ആൽബം, പ്രശസ്ത ഗായകൻ കെസ്റ്ററോടൊപ്പം  ആലപിച്ച് റിലീസ് ചെയ്തിട്ടുണ്ട്. മലയാളത്തിന്റെ ഭാവഗായകൻ ശ്രീ. ജയചന്ദ്രനും, ഇസബെല്ലും ചേർന്ന് ആലപിച്ച്, “യൂട്യൂബിൽ” ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്ന “മാഞ്ഞുപോയ വസന്തരാഗം”   ( https://youtu.be/DUwb-b3ijBM ) എന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് ഇസബെൽ ആണ്. ഈ ഗാനം രചിച്ചതാകട്ടെ തിരുമുടിക്കുന്നിന്റെ അഭിമാനമായിരുന്ന,  നമ്മൾ സ്നേഹത്തോടെ “മലയാളമാഷ്” എന്ന് വിളിച്ചിരുന്ന, ശ്രീ. വർഗ്ഗീസ് ജെ മാളിയേക്കലിന്റെ മകൾ, ശ്രീമതി. മൃദുലയും .നേരത്തെ പഠിച്ചിരുന്ന നൈപുണ്ണ്യ പബ്ലിക് സ്കൂളിലും, ഇപ്പോൾ പഠിക്കുന്ന ചാലക്കുടി കാർമ്മൽ ഹയർ സെക്കൻഡറി സ്കൂളിലും വിവിധ പരിപാടികൾക്കായി നിരവധികച്ചേരി  ഗാനങ്ങൾക്ക് ഈണം നൽകിയിട്ടുണ്ട്. കാര്‍മ്മല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ ഓര്‍ക്കെസ്ട്രായില്‍ വയലിന്‍ വായിക്കുന്നുണ്ട് ഈ കലാകാരി. ഭാവിയിലും, സംഗീതത്തെ ഗൗരവമായി കണ്ടുകൊണ്ട് കലോപാസന നടത്തി കലയെ ജീവിതസാഹചര്യങ്ങളോട് ചേർത്തുനിർത്തുക എന്ന ലക്ഷ്യത്തോടെ ഇപ്പോൾ ക്ഷേത്രങ്ങളിലും, പള്ളികളിലും സംഗീത കച്ചേരികൾ അവതരിപ്പിച്ചുകൊണ്ടിരിക്കുകയാണ് . തിരുമുടിക്കുന്ന് ചെറുപുഷ്പ ദേവാലയത്തിലെ തിരുനാളിനോടനുബന്ധിച്ച് ഇസബെല്‍ വര്‍ഗ്ഗീസ് നടത്തിയ ശാസ്ത്രീയ സംഗീത കച്ചേരി പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസ പിടിച്ചുപറ്റി. ഭാവിയിലും ഒരു നല്ല കലാകാരിയായി വളര്‍ന്നു വരട്ടെയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു , അതിനായി പ്രാര്‍ത്ഥിക്കുന്നു . ആശംസകള്‍ നേരുന്നു .                                                                                                        
 തിരുമുടിക്കുന്ന് തിരുനാളിനോടനുബന്ധിച്ച്  ഇസബെല്‍ വര്‍ഗ്ഗീസ് നടത്തിയ ശാസ്ത്രീയ സംഗീത കച്ചേരിയുടെ ചില ദൃശ്യങ്ങള്‍ .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ